ഭീഷണിത്തന്ത്രം സമാധനപരമായ സഹജീവനം സാധ്യമാക്കില്ല, കർദ്ദിനാൾ ബ്ലെയ്സ്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആണവാക്രമണപ്രതിരോധ തന്ത്രത്തിൻറെ സത്തയായ ഭീഷണികൾ ഒരിക്കലും ഐക്യദാർഢ്യം, യഥാർത്ഥ വികസനം, മനുഷ്യാവകാശങ്ങൾ എന്നിവയാൽ പ്രചോദിതമായ ഒരു ധാർമ്മികതയ്ക്ക് ഉളവാക്കാൻ കഴിയുന്ന സമാധാനപരമായ സഹവർത്തിത്വം കൊണ്ടുവരില്ലെന്ന് അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗൊ അതിരൂതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബ്ലെയ്സ് ജോസഫ് കുപിച്ച്.
ജപ്പാൻ നഗരമായ നാഗസാക്കി 1945 ആഗസ്റ്റ് 9-ന് അണുബോംബാക്രമണത്തിൽ കത്തിച്ചാമ്പലായതിൻറെ എൺപതാം വാർഷികത്തോടനുബന്ധിച്ച് ഏഴാം തീയതി വ്യാഴാഴ്‌ച (07/08/25) അദ്ദേഹം, ഈ ആക്രമണത്തിന് ഇരകളായവർക്കു വേണ്ടി പ്രസ്തുത നഗരത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഇതു പറഞ്ഞത്.
തൻറെ നാടായ അമേരിക്കൻ ഐക്യനാടുകൾ പോലുള്ള രാഷ്ട്രങ്ങൾ ആണവ സംഭരണത്തിലൂടെ സുരക്ഷ കണ്ടെത്താൻ ശ്രമിക്കുകയും അത് രാഷ്ട്രങ്ങൾ തമ്മിൽ സായുധതലത്തിലുള്ള ഒരു അകലം പാലിക്കുന്നതിലേക്കു നയിക്കുകയും ചെയ്തപ്പോൾ നമ്മൾ അതിനെ യഥാർത്ഥ സമാധാനമെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് കർദ്ദിനാൾ ബ്ലെയ്സ് വിശദീകരിച്ചു.
ആണവായുധ മത്സരത്തിന് അറുതിവരുത്താൻ നരകുലം പ്രതിജ്ഞാബദ്ധമാകണമെന്നും കാരണം അത് ആർക്കും യഥാർത്ഥത്തിൽ വിജയിക്കാൻ കഴിയാത്തതും എണ്ണമറ്റവിധത്തിൽ, ദശലക്ഷക്കണക്കിന് ആളുകളുടെ നഷ്ടം ഉണ്ടാക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിച്ച ഏക രാഷ്ട്രം എന്ന നിലയിലും, റഷ്യ ഒഴികെ മറ്റെല്ലാ നാടുകളെക്കാളും മികച്ച ആണവായുധശേഖരം ഉള്ള ഒരു രാഷ്ട്രം എന്ന നിലയിലും, അമേരിക്കൻ ഐക്യനാടുകൾക്ക് മാനവകുടുംബത്തെ വ്യത്യസ്തമായ ഒരു ദിശയിലേക്ക് നയിക്കാൻ അമേരിക്കയ്ക്ക് പ്രത്യേക ബാദ്ധ്യതയുണ്ടെന്ന തൻറെ ബോധ്യം കർദ്ദിനാൾ ബ്ലെയ്സ് പ്രകടിപ്പിച്ചു. ആണവരഹിത അടിത്തറയുള്ള ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കാൻ അമേരിക്കൻ ഐക്യനാടുകൾ ശ്രമിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: