MAP

ക്രൈസ്തവവിരുദ്ധാക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി ക്രൈസ്തവവിരുദ്ധാക്രമണങ്ങൾക്കെതിരെ പ്രതിഷേധവുമായി  (ANSA)

ഒഡീഷയിലെ ക്രിസ്തീയവിരുദ്ധാക്രമണത്തെ അപലപിച്ച് ഭാരതസഭ.

ആഗസ്റ്റ് 6-ന് ബുധനാഴ്ച ജലേശ്വറിലെ വിശുദ്ധ തോമാശ്ലീഹായുടെ ഇടവകദേവാലയ വികാരി ലിജൊ നിരപ്പേൽ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വൈദികൻ ജോജൊ, എലീസ ചെറിയാൻ, മോളി ലൂയിസ് എന്നീ കന്യാസ്ത്രികൾ, ദുര്യാധൻ എന്ന മതബോധകൻ എന്നിവർക്കു നേരെ എഴുപതോളം പേരടങ്ങിയ ജനക്കൂട്ടത്തിൻറെ ആക്രമണം ഉണ്ടായി. ഈ ക്രിസ്തീയ വിരുദ്ധതയെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാർ അപലപിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒഡീഷയിലെ ജലേശ്വറിൽ വൈദികരും കന്യാസ്ത്രികളും മതബോധകനുമുൾപ്പടെ അഞ്ചു കത്തോലിക്കർക്കു നേരെ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണങ്ങളെ ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘം, സിബിസിഐ ശക്തമായി അപലപിക്കുന്നു.

ആഗസ്റ്റ് 6-ന് ബുധനാഴ്ചയാണ് ജലേശ്വറിലെ വിശുദ്ധ തോമാശ്ലീഹായുടെ ഇടവകദേവാലയ വികാരി ലിജൊ നിരപ്പേൽ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വൈദികൻ ജോജൊ, എലീസ ചെറിയാൻ, മോളി ലൂയിസ് എന്നീ കന്യാസ്ത്രികൾ, ദുര്യാധൻ എന്ന മതബോധകൻ എന്നിവർക്കു നേരെ എഴുപതോളം പേരടങ്ങിയ ജനക്കൂട്ടത്തിൻറെ ആക്രമണം ഉണ്ടായത്.

ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവ ന്യൂനപക്ഷത്തിനു നേരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണിതെന്നും ന്യുനപക്ഷങ്ങളുടെ ഭരണഘടനാവകാശങ്ങളുടെയും മാനവാന്തസ്സിൻറെയും നഗ്നമായ ധ്വംസനമാണെന്നും മെത്രാൻസംഘം കുറ്റപ്പെടുത്തുന്നു.

ന്യൂനപക്ഷങ്ങൾക്കുനേരെ വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടാക്രമണങ്ങൾ സമാധാനപരമായ സഹജീവനത്തിന് ഭീഷണിയാണെന്ന് ആശങ്കപ്രകടിപ്പിക്കുന്ന ഭാരതകത്തോലിക്കാമെത്രാൻ സംഘം കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അതിനുചിതമായ സത്വര നടപടികൾ സ്വീകരിക്കാനും ഒഡീഷ സർക്കാരിനോട് ആവശ്യപ്പെടുന്നു.ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകതയും മെത്രാന്മാർ ചൂണ്ടിക്കാട്ടുന്നു.

ഈ ആക്രമണത്തിനുത്തരവാദികളായവരുടെമേൽ ഉടനടി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ സഭയുടെ കത്തോലിക്കാ കോൺഗ്രസ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഓഗസ്റ്റ് 2025, 12:31