അധികാരത്തിന്റെ ജീവിതമല്ല മറിച്ച് ശുശ്രൂഷയുടെ ജീവിതമാണ് യഥാർത്ഥ വിശുദ്ധി
ഫാ. ബെനഡിക്ട് വാരുവിള, പാറശാല രൂപത
ആധുനിക ലോകത്തിലും സമൂഹത്തിലും വിശുദ്ധരുടെ പ്രാധാന്യം വർദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശുദ്ധർ, ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിൽ ചിന്തക്കതീതമായ വെല്ലുവിളികളിലൂടെ കടന്നുപോയി, ദൈവീക പുണ്യങ്ങളിലും ദൈവവുമായിട്ടുള്ള ബന്ധത്തിലും ആഴപ്പെട്ട്, സമൂഹത്തിനും കൂട്ടായ്മയ്ക്കും ആത്മീയ വളർച്ചയ്ക്കു ക്രിസ്തു സാക്ഷിയായി മാതൃകയും വഴിയും കാണിച്ചവരാണ്. അതുകൊണ്ടുതന്നെ വിശുദ്ധരുടെ ജീവിതം ആധുനിക ലോകത്തിന് ശക്തമായ മാതൃകയും പ്രചോദനവുമാണ്.
നമ്മുടെ കുടുംബത്തിലെ ഒരംഗംപോലെ, തിരുസഭയാകുന്ന കുടുംബത്തിൽ ദൈവത്തോടടുത്ത് പരിശുദ്ധിയിൽ ജീവിക്കുന്നവരാണ് വിശുദ്ധർ. സമര സഭയിൽ ദൈവത്തെ അടുത്തനുകരിച്ച് പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസം, പ്രത്യാശ, സ്നേഹം എന്ന ദൈവീക പുണ്യങ്ങളുടെ ആൾരൂപമായിമാറി വിജയ സഭയിലേയ്ക്ക് പ്രവേശിച്ചവരാണ് വിശുദ്ധർ.
വിശുദ്ധരുടെ പ്രാധാന്യം എന്ത്?
വിശുദ്ധർ ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് മാതൃകയും പ്രചോദനവുമാണ്. പാപങ്ങളേയും പാപസാഹചര്യങ്ങളെയും ബലഹീനതകളേയും പ്രതികൂല സാഹചര്യങ്ങളേയും വിശുദ്ധർ എങ്ങനെ അതിജീവിച്ചുവെന്നത് നമുക്കൊരു മാതൃകയും പാഠവുമാണ്. അവരുടെ ആത്മകഥകളും ജീവിതവും ചരിത്രവും വായിക്കുന്നതും പങ്കുവയ്ക്കുന്നതും നമ്മിലെ വിശ്വാസം വർദ്ധിക്കാനും ആത്മീയമായി വളരാനും നമ്മെ സഹായിക്കുന്നു.
തിരുസഭ പഠിപ്പിക്കുന്നത് ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ വഴിയും സത്യവും ജീവനുമായ ദൈവത്തിൽ സഞ്ചരിച്ച്, ദൈവത്തിൽ ജീവിച്ച വിശുദ്ധർ ഈ ഭൗമീകജീവിതത്തിനു ശേഷം ദൈവത്തോടൊപ്പമായിരിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ തിരുസഭ വിശുദ്ധരുടെ കൂട്ടായ്മ എന്നു വിളിക്കപെടുന്നു.
ഭൂമിയിൽ ജീവിക്കുന്നവരും ഈ ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിൽ ദൈവസന്നിധിയിലേക്ക്കടന്നുപോയവരും തമ്മിൽ ഒരു ആത്മബന്ധം ഉള്ളതു കൊണ്ടു തന്നെ നമുക്ക് മുന്നേ പാപങ്ങളെ വിശുദ്ധികൊണ്ട് തോൽപ്പിച്ച നമ്മുടെ ജ്യേഷ്ഠസഹോദരങ്ങളോട് നമുക്ക് സഹായവും മാധ്യസ്ഥവും അപേക്ഷിക്കാം.
വിശുദ്ധർ നയിച്ചത് അധികാരത്തിന്റെ ജീവിതമല്ല മറിച്ച് ശുശ്രൂഷയുടെ ജീവിതമാണ്. ദൈവകരുണയിൽ ആഴത്തിൽ ജീവിച്ച് ലോകസമ്പന്നതയുടെ നടുവിൽ ദാരിദ്ര്യവും അനുസരണക്കേടിന്റെ ലോകത്തിൽ അനുസരണവും ധാർമിക അപജയത്തിന്റെ ചുറ്റുപാടിൽ ഉയർന്ന ധർമ്മികതയും ധാരാളിത്തതിന്റെ ലോകത്തിൽ ലാളിത്യവും അധികാരത്തിനായി കിടപിടിക്കുന്ന ലോകത്തിൽ ശുശ്രൂഷകരായും ജീവിച്ച ദൈവീക കരുണയുടെ മുഖങ്ങളാണ് വിശുദ്ധർ.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ദൈവീക പരിശുദ്ധിയിൽപങ്കാളികളായ വിശുദ്ധരെ മാതൃകയാക്കാനും അവരുടെ ജീവിതത്തെ ദൈവത്തിൽ വളരാൻ അടുത്തനുകരിക്കാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു..ഫ്രാൻസിസ് മാർപ്പാപ്പ ഓർമിപ്പിക്കുന്നതുപോലെ വിശുദ്ധർ അത്ഭുതമനുഷ്യ ജന്മങ്ങളല്ല മറിച്ച് അനുദിന ജീവിതത്തിൽ ദൈവീക സ്നേഹത്തിൽ നിറഞ്ഞ് സാധാരണ ജീവിതത്തെ, നിമിഷങ്ങളെ അസാധാരണമായ ദൈവസ്നേഹത്തിന്റെ നിമിഷങ്ങളാക്കിയവരാണ് വിശുദ്ധർ. പ്രാർത്ഥനാ ജീവിതത്തിലും ഓരോനിമിഷവും ദൈവസ്നേഹത്തിൽ എങ്ങനെ ജീവിക്കണമെന്നതിന് മാതൃകയാണവർ.
കത്തോലിക്കർ വിശുദ്ധരെ ആരാധിക്കുന്നുണ്ടോ ?
ഇല്ല എന്നതാണ് ഉത്തരം. ആരാധന ദൈവത്തിന് മാത്രമുള്ളതാണ്. കത്തോലിക്ക സഭയുടെ പഠിപ്പീരുകളിലോ പ്രാർത്ഥനകളിലോ വിശുദ്ധരെ ആരാധിക്കാൻ പഠിപ്പിക്കുന്നില്ല. തിരുസഭ പഠിപ്പിക്കുന്നത് വിശുദ്ധരെ വണങ്ങാനാണ്. സൃഷ്ടിയായ മനുഷ്യൻ സൃഷ്ടാവായ ദൈവത്തെ പിൻചെല്ലുന്നതിലൂടെ അവർ സ്വായത്തമാക്കിയ വിശുദ്ധിയെ മനസ്സിലാക്കി അവരെ പ്രത്യേക വിധം ബഹുമാനിക്കുന്നതിനെയാണ് വണക്കം എന്ന് പറയുന്നത്.
ക്രിസ്തുവിനെ ഏറ്റവും അടുത്ത് അതായത് വളരെ അടുത്ത് അനുകരിച്ച് ഈ ലോക ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹവും ജീവിതവും പിന്തുടർന്ന് ക്രിസ്തു സാക്ഷിയായി സ്വർഗത്തിലേക്ക് കടന്നുപോയ വരെയാണ് കത്തോലിക്കർ വിശുദ്ധരായി വണങ്ങുന്നത്. ദൈവകൃപയിലൂടെയാണ് വിശുദ്ധർ പരിശുദ്ധിയുടെ ആഴങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഭൗമീക ജീവിതത്തിൽ വിശുദ്ധിയിൽ ജീവിച്ച് സ്വർഗ്ഗത്തിൽ ദൈവീക മഹത്വത്തിൽ പങ്കാളികളായ വിശുദ്ധർ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ദൈവവുമായി അഭേദ്യമായി ബന്ധത്തിൽ ആയിരുന്നവരാണ്.
എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്.
ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്‌ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്‌ധനാണ്. (ലേവ്യര്‍ 19 : 2)
ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്‌ധീകരിക്കുകയും പരിശുദ്‌ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്‌ധനാകുന്നു. ഭൂമിയിലെ ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ മലിനരാകരുത്. (ലേവ്യര്‍ 11 : 44)
നിങ്ങളുടെ ദൈവമായിരിക്കേണ്ട തിന് ഈജിപ്‌തില്‍നിന്നു നിങ്ങളെ ആനയി ച്ചകര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്‌ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്‌ധനാണ്. (ലേവ്യര്‍ 11 : 45)
മറിച്ച്, നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍. (1 പത്രോസ് 1 : 15)
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍. (1 പത്രോസ് 1 : 16)
എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്‌ക്കുക. (1 തിമോത്തേയോസ് 6 : 11)
വിശുദ്ധർ ദൈവമഹത്വത്തിൽ പങ്കുകാരായി ദൈവത്തോടൊപ്പമായിരിക്കുന്നു എന്നാണ് നമ്മുടെ വിശ്വാസം. വചനം പറയുന്നതു പോലെ നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു (മത്തായി 27 : 52).
എന്നാല്‍, അത്യുന്നതന്റെ പരിശുദ്‌ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്‌തു (ദാനിയേല്‍ 7 : 18).
ഈ വചനങ്ങളാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം.
മനുഷ്യർക്ക് അഗ്രാഹ്യമായ സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമായിരിക്കുന്നവരാണ് വിശുദ്ധർ.
നമ്മുടെ മനുഷ്യ സങ്കൽപ്പങ്ങളിൽ സ്വർഗ്ഗത്തെ വ്യാഖ്യാനിക്കാനോ നിർവ്വചിക്കാനോ കഴിയില്ല. മൂന്നാം സ്വർഗ്ഗംവരെ ഉയർത്തപ്പെട്ട അനുഭവത്തെ വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്‌തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. (1 കോറിന്തോസ് 13 : 12)
പൗലോസ് ശ്ലീഹാ തന്റെയനുഭവത്തെ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്‌ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല. (1 കോറിന്തോസ് 2 : 9)
എന്തുകൊണ്ട് തിരുസഭ വിശുദ്ധരെ വണങ്ങുന്നു..
വിശുദ്ധരെ വണങ്ങാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും നാലു കാര്യങ്ങളാണുള്ളത്.
1. വിശുദ്ധരെ വണങ്ങുന്നതിലൂടെ പരിശുദ്ധിയുടെ ഉറവിടമായ ദൈവത്തിന് നന്ദി പറയുകയാണ് ചെയ്യുന്നത് കാരണം ദൈവം സാധാരണ മനുഷ്യരെ ദൈവകൃപയാൽ അസാധാരണമായ കാര്യങ്ങൾ ചെയ്യാനും ദൈവത്തെ പിഞ്ച് ഇല്ലാനും പ്രത്യേക അനുഗ്രഹം നൽകുന്നു.ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല (യോഹന്നാന്‍ 15 : 5). വിശുദ്ധരുടെ വിശുദ്ധ ജീവിതം ദൈവത്തിന്റെ വലിയ സമ്മാനമാണ് ആ സമ്മാനത്തിന് തിരുസഭ ദൈവത്തിന് നന്ദി പറയുന്നു.
2. വിശുദ്ധരെ വണങ്ങുന്നതിലൂടെ വിശുദ്ധ ജീവിതം നയിക്കാനും ദൈവത്തെ അടുത്തനുകരിക്കാനും സാഹചര്യമൊരുക്കിയ ക്രിസ്തുവിന്റെ മണവാട്ടിയും മൗതീക ശരീരവുമായ തിരുസഭയെതന്നെ ആഘോഷിക്കുകയാണ് നാം ചെയ്യുന്നത്. അതായത് വിശുദ്ധ ജീവിതങ്ങൾ വണങ്ങപ്പെടുമ്പോൾ തിരുസഭ എന്താണെന്ന് വീണ്ടും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയാണെന്നും അവൾ എപ്പോഴും ക്രിസ്തുവിനോട് വിശ്വസ്തതയുള്ളവളാണെന്നും നാം മനസ്സിലാക്കുന്നു.
3. വിശുദ്ധരെ വണങ്ങുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം അവർ ദൈവകൃപയിൽ അസാധാരണമാംവിധം പങ്കാളികളായി പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും സ്വായത്തമാക്കി ഈ ഭൂമിയിൽ ജീവിച്ചു എന്നതുകൊണ്ടാണ്. സാധാരണ ജീവിതത്തിലെ പാപപ്രലോഭനങ്ങളെ അവർ ദൈവകൃപയാൽ മറികടക്കുകയും അനുകൂല സാഹചര്യത്തിലും പ്രതികൂല സാഹചര്യത്തിലും വിശുദ്ധി കൈവിടാതെ ദൈവത്തിൽ ജീവിക്കുകയും ചെയ്തു.
4. വിശുദ്ധരെ വണങ്ങുന്നതിനുള്ള മറ്റൊരു കാരണം അവരുടെ ധീരോചിതമായ ജീവിതമാണ്. ദൈവത്തെ അടുത്തനുകരിക്കാനും വിശുദ്ധിയിൽ ജീവിക്കാനും അവർ മറ്റുള്ളവർക്ക് മാതൃകയാകുന്നു. നമ്മെപ്പോലെ സാധാരണ ജീവിതം നയിച്ച വ്യക്തികൾക്ക് വിശുദ്ധരായി ജീവിക്കാൻ കഴിഞ്ഞു എങ്കിൽ അത് എല്ലാ വ്യക്തികളുടെയും മുമ്പിൽ തെളിയുന്ന ഒരു സാധ്യതയാണ്. വചനം നമ്മെ പഠിപ്പിക്കുന്നതു പോലെ നിങ്ങളോടു ദൈവവചനം പ്രസംഗി ച്ചനിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ (ഹെബ്രായര്‍ 13 : 7).
വിശുദ്ധരെ വണങ്ങുമ്പോൾ അവരെ മാത്രമല്ല അവരുടെ ജീവിത പുണ്യങ്ങളെയും നമ്മൾ ഓർക്കുന്നു അങ്ങനെ ദൈവത്തെ പിൻചെല്ലാനും അവരെ അനുകരിക്കാനും നമുക്ക് കഴിയുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ കൂട്ടായ്മയെ പഠിപ്പിച്ചത് ഇങ്ങനെയാണ് "ഞാന്‍ ക്രിസ്‌തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍" (1 കോറിന്തോസ് 11 : 1). വിശുദ്ധരെ അനുകരിക്കുന്നത് വിശുദ്ധിയിൽ വളരാനുള്ള എളുപ്പവഴിയാണ്
മാമോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും ദൈവസ്നേഹത്തിൽ ജീവിച്ച് വിശുദ്ധിയിൽ വളരാനും വിശുദ്ധരാകാനും വിളിക്കപ്പെട്ടവരാണ്. വിശുദ്ധർ എന്നോ ജീവിച്ച് കടന്നു പോയവരല്ല മറിച്ച് എന്നും തിരുസഭയുടെ കൂട്ടായ്മയിൽ ദൈവത്തിനടുത്ത് നമുക്കായി മാധ്യസ്ഥംവഹിക്കുന്നവരാണ്. വിശുദ്ധർക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സെപ്റ്റംബർ ഏഴാം തീയതി വിശുദ്ധ പദവിയിലേയ്ക്ക് ഉയിർത്തപ്പെടുന്ന കാർലോ അക്കുത്തിസിന്റെ ജീവിതം.
ഇന്റർനെറ്റിൽ വിശുദ്ധിയുടെ വഴികൾ കണ്ടെത്തി പരിശുദ്ധ കുർബ്ബാനയുടെ അത്ഭുതങ്ങളെ ലോകം മുഴുവൻ എത്തിക്കാൻ പരിശ്രമിച്ച് സ്വർഗ്ഗത്തിലെത്താനുള്ള ഹൈവേയാണ് പരിശുദ്ധ കുർബ്ബാനയെന്നു വിളിച്ചു പറഞ്ഞ് അതിനനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്തി യൗവനത്തിൽ തന്നെ ദൈവസന്നിധിയിൽ നമുക്കായി മാധ്യസ്ഥം വഹിക്കുന്ന ആധുനിക ലോകത്തിലെ വിശുദ്ധരിൽ ഒരാൾ..വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള വിശുദ്ധരുടെ ജീവിതചരിത്രം വായിച്ച് ചിന്തിച്ചതു പോലെ അവനും അവൾക്കും വിശുദ്ധരാകാമെങ്കിൽ ദൈവീക പുണ്യത്തിൽ വളരാമെങ്കിൽ എന്തുകൊണ്ട് എനിക്കൊരു വിശുദ്ധനായിക്കൂടാ.. ആ ചിന്തകൾ പ്രവർത്തികളായി അദ്ദേഹമൊരു വിശുദ്ധനായി.. നമുക്കും വിശുദ്ധ ഇഗ്‌നേഷ്യസിനെ പോലെ ചിന്തിക്കാം വിശുദ്ധിയിൽ ജീവിക്കാം വിശുദ്ധരാകാം. അതിനു വേണ്ടിയാണ് നമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്.. ആധുനിക കാലത്ത് വിശുദ്ധരുടെ പ്രസക്തി കുറയുകയല്ല, മറിച്ച് കൂടുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: