ദൈവസ്നേഹം നമ്മെ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നാം കൈത്താകാലത്തിന്റെ രണ്ടാം ഞായറാഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. സഭയുടെ വിശ്വസ്ത സന്താനങ്ങളായ ശ്ളീഹന്മാരുടെയും രക്തസാക്ഷികളുടെയും ഓര്‍മ്മ ഈ കാലത്തിന്റെ പ്രത്യേകതയാണ്. അവരുടെ ജീവിതചര്യ അനുകരിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന വസ്തുതയും ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു. യഥാര്‍ത്ഥവളര്‍ച്ച ആന്തരികനവീകരണത്തില്‍ അടങ്ങിയിരിക്കുന്നു. നിയമാനുഷ്ഠാനത്തിലൂടെ മനസ്സിന്റെയും ഹൃദയത്തിന്റെയും നവീകരണം വഴി ഒരു സമൂലപരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു എന്ന് ഈ കാലം ഓര്‍മ്മിപ്പിക്കുന്നു. ഇപ്രകാരം മാനസാന്തരത്തിന്റെ വഴിയിലൂടെ, നമ്മെ കാത്തിരിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹം തിരിച്ചറിയുന്നതിനും, നമ്മുടെ ജീവിതത്തിൽ നാം ആരാണെന്നു മനസിലാക്കുന്നതിനും നമ്മെ സഹായിക്കുന്ന വായനകളാണ് നാം വായിച്ചുകേട്ടത്. ധൂർത്തപുത്രന്റെ ഉപമ വഴിയായി നമ്മുടെ ജീവിതത്തിൽ നാം ഏത് അവസ്ഥയിലാണ് എന്ന് ചിന്തിക്കുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. എന്നാൽ ഈ സുവിശേഷഭാഗത്തിലേക്ക് നമ്മെ ഒരുക്കുന്നതാണ് മറ്റു വായനകൾ.
ഇസ്രായേൽ ജനതയോട് കാണിച്ച കർത്താവിന്റെ ശാശ്വതമായ സ്നേഹത്തെ ഓർമ്മപ്പെടുത്തുന്നതാണ് നിയമാവർത്തന പുസ്തകത്തിൽ നിന്നുമുള്ള ആദ്യ വായന. ഈജിപ്തിന്റെ അടിമത്തത്തിൽ ആയിരുന്ന കാലത്തു ഇസ്രായേൽ ജനതയുടെ അടിമത്തത്തിന്റെ വിലാപം ദൈവം ശ്രവിക്കുകയും, മോശ വഴിയായി അവരെ കാനാൻ ദേശത്തേക്കു നയിക്കുകയും ചെയ്തു. മരുഭൂമിയിലൂടെയുള്ള യാത്രയിൽ, ജനത പലപ്പോഴും കർത്താവിനെതിരെ മറുതലിച്ചപ്പോഴും, ഒരു അപ്പന്റെ കരുതല് പോലെ അവർക്കാവശ്യമായതെല്ലാം നൽകുന്ന ദൈവത്തിന്റെ സ്നേഹം നമുക്ക് വിസ്മരിക്കുവാനാവില്ല. "നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രക ടനം, ഭയാനകപ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ?" എന്ന നിയമാവർത്തന പുസ്തകത്തിലെ ചോദ്യം ഒരു പക്ഷെ നൈമിഷികമായ കാര്യങ്ങൾക്കു വേണ്ടി ദൈവത്തിന്റെ അനന്തമായ സ്നേഹത്തെയും കാരുണ്യത്തെയും വിസ്മരിക്കുന്ന നമ്മോടുള്ള ഒരു ചോദ്യമാണ്. നമ്മുടെ ജീവിതത്തിന്റെ ആരംഭം മുതൽ ദൈവം നൽകിയ അനുഗ്രഹങ്ങളെ വിസ്മരിച്ചുകൊണ്ട്, ലോകം നൽകുന്ന സുഖങ്ങൾക്ക് പുറമെ പോയി കർത്താവിനെ മറുതലിക്കുമ്പോഴും, അവന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ലെന്നും, മറിച്ച് നമ്മുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരിക്കുന്ന ദൈവമാണ് നമുക്കുള്ളതെന്നും ഈ ഒന്നാം വായന നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാൽ വ്യക്തിപരമായ ഒരു തിരിച്ചറിവിന് ഈ വായന നമ്മെ ക്ഷണിക്കുന്നു: ദൈവം എന്റെ ജീവിതത്തിൽ ആരാണെന്നു മനസിലാക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ?
ഒന്നാം വായനയുടെ തുടർച്ചയാണ് രണ്ടാം വായനയിലൂടെ ഏശയ്യാ പ്രവാചകൻ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അത് രക്ഷയുടെ വാഗ്ദാനമാണ്. നിയമാവർത്തന പുസ്തകത്തിൽ നാം വായിച്ചുകേട്ട ഭാഗം അവസാനിക്കുന്നത് ഇപ്രകാരമാണ്: "ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്‍മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനും വേണ്ടി കര്‍ത്താവിന്‍െറ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു." ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള രണ്ടാം വായന ആരംഭിക്കുന്നത്, "അന്നു കര്‍ത്താവ് വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും" എന്ന് പറഞ്ഞുകൊണ്ടാണ്. ഇത് രക്ഷയുടെ ഒരു ഉറപ്പാണ്. അതായത് മാനസാന്തരപ്പെട്ട് ദൈവത്തിന്റെ പ്രമാണങ്ങൾ ജീവിതത്തിൽ അനുസരിച്ചുകൊണ്ട് ജീവിക്കുകയാണെങ്കിൽ രക്ഷയെകുറിച്ചുള്ള സംശയം ജീവിതത്തിൽ വേണ്ടായെന്നു ഏശയ്യാ പ്രവാചകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.
എന്താണ് കർത്താവിന്റെ പ്രമാണവും ചട്ടവും എന്നുള്ളതാണ് മൂന്നാമത്തെ വായനയിലൂടെ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നത്. നാം ജീവിതത്തിൽ ദൈവഹിതത്തിനനുസരിച്ചു ജീവിക്കുവാൻ തീരുമാനിക്കുകയാണെങ്കിൽ, യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്താൽ നമുക്ക് രക്ഷ കൈവരുമെന്നും, ഇത് ആത്മാവിൽ സ്നേഹത്തിന്റെ പുതിയ ഉടമ്പടിയാണെന്നും ശ്ലീഹ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു. വാക്മയചിത്രങ്ങളുടെ നിയമനിറക്കൂട്ടുകളല്ല നമ്മുടെ രക്ഷയ്ക്ക് ആധാരം മറിച്ച്, ആത്മാവിന്റെ ശുദ്ധതയ്ക്ക് നമ്മുടെ ജീവിതം സമർപ്പിക്കുന്നതാണെന്നു ഈ വായന ഓർമ്മപ്പെടുത്തുന്നു. അതിനാൽ ആത്മാവിൽ ദൈവത്തിന്റെ സ്നേഹം നാം തിരിച്ചറിയണമെന്നും, ആ സ്നേഹത്തിലേക്ക് മാനസാന്തരത്തിന്റെ വഴിയിലൂടെ നടക്കണമെന്നും അപ്രകാരം രക്ഷ ജീവിതത്തിൽ അനുഭവിക്കണമെന്നുമുള്ള ക്ഷണമാണ് മൂന്നാം വായന.
ഈ വായനകളുടെയെല്ലാം സത്തയാണ് സുവിശേഷത്തിൽ യേശു നമുക്ക് നൽകുന്ന ധൂർത്ത പുത്രന്റെ ഉപമ. ഒരു അപ്പനും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബത്തെയാണ് യേശു പരിചയപ്പെടുത്തുന്നത്. അനന്തരാവകാശത്തിന്റെ പങ്ക് ചോദിക്കുന്ന ഇളയമകൻ, അത് പിതാവിൽ നിന്നും വാങ്ങിയ ശേഷം ദൂരെദേശത്തേക്കു യാത്രയായി എല്ലാം നശിപ്പിക്കുന്നു. ദാരിദ്ര്യത്താൽ വലയപ്പെട്ട അവൻ തല കുനിച്ചു തന്റെ അവസ്ഥയെപ്പറ്റിയും, പിതാവിന്റെ സ്നേഹത്തെയും പറ്റി ചിന്തിക്കുന്നു, എഴുന്നേൽക്കുന്നു , തിരികെ നടക്കുന്നു. പിതാവ് സന്തോഷത്തോടെ അവനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അതേസമയം മറുപുറത്ത് പിതാവിന്റെ കാരുണ്യത്തിൽ മൂത്ത സഹോദരൻ അസ്വസ്ഥനാകുന്നു. മാനസാന്തരത്തിന്റെ നന്മയെ തിരിച്ചറിയാതെ അപരനെ വെറുക്കുന്ന ഒരാളായി അവൻ മാറ്റപ്പെടുന്നു. ഈ ഉപമയുടെ ഇതിവൃത്തം ലളിതമായി തോന്നാമെങ്കിലും, അവയിൽ അടങ്ങിയിരിക്കുന്ന പ്രത്യേകതകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നവയാണ്. നമ്മുടെ അസ്തിത്വത്തിന്റെ യാഥാർഥ്യത്തെ ഉപേക്ഷിക്കാനുള്ള പ്രലോഭനമാണ് ആദ്യമായി ഉപമ നമുക്ക് നൽകുന്നത്. ആധുനിക ഭാഷയിൽ പറഞ്ഞാൽ, ജീവിതത്തിലുണ്ടാകുന്ന മടുപ്പ്, നമ്മുടെ വലിയ പ്രലോഭനമാണ്. ദൈവം നമുക്ക് നൽകിയ അനന്തമായ കൃപകൾ തിരിച്ചറിയാതെ, അവയെ ഉപേക്ഷിച്ചുകൊണ്ട് ലോകത്തിന്റെ നൈമിഷികതകളിലേക്ക് പോകുവാനുള്ള ത്വര ഇന്നത്തെ ലോകത്തിൽ ഏറെ പ്രകടമാണ്. രണ്ടാമതായി വിദൂര ദേശത്തിന്റെ ആകർഷണം ഈ ഉപമ നമ്മുടെ മുൻപിൽ വയ്ക്കുന്നു. 'അക്കരെ പച്ച' എന്ന് നാം വിളിക്കുന്ന വലിയ ഒരു പ്രലോഭനത്തെയാണ് യേശു ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
വിദൂരദേശം എന്നതുകൊണ്ട് വിശുദ്ധ ഗ്രന്ഥം അർത്ഥമാക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നുമുള്ള മനുഷ്യന്റെ ഒളിച്ചോട്ടമാണ്. ബുദ്ധിമുട്ടുകളില്ലാത്ത ജീവിതത്തിന്റെ മിഥ്യാധാരണയാണ് മനുഷ്യനെ പലപ്പോഴും പ്രലോഭനങ്ങളിലേക്ക് നയിക്കുന്നു. മൂത്തസഹോദരന്റെ പ്രതികരണവും നമ്മുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. വിശപ്പുകൊണ്ട് മടങ്ങിവരുന്ന സഹോദരനിൽ സാഹോദര്യത്തിന്റെ ഊഷ്മളത അനുഭവിക്കുവാൻ ഇഷ്ടപ്പെടാത്ത മൂത്ത സഹോദരൻ, നമ്മുടെ ജീവിതത്തിലെ വലിയ ഒരു വില്ലനായി, ക്രൈസ്തവ ജീവിതത്തിൽ നിൽക്കാറുണ്ട്. സഹോദരനെപ്പോലെയല്ലാതെ ഒരു ദാസനായി അപരൻ തുടരണമെന്ന് ആഗ്രഹിക്കുന്ന ജീവിതത്തിന്റെ ക്രൂരതയും ഇവിടെ വെളിപ്പെടുത്തുന്നു. അപരന്റെ മാനസാന്തരത്തിൽ സന്തോഷിക്കാതെ, മുൻ വിധികളോടെ അപരനെ വിധിക്കുന്ന ഒരു സാഹചര്യം ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ക്രൈസ്തവൻ ഏറ്റെടുക്കേണ്ടത്, പിതാവിനെ പോലെ ആലിംഗനം ചെയ്യുന്ന സാഹചര്യമാണ്. മാനുഷികമായ ബലഹീനതകളിലൂടെ സൃഷ്ടിക്കപ്പെട്ട വിടവിലേക്കാണ്, പിതാവിന്റെ സ്നേഹം ചൊരിഞ്ഞുകൊണ്ട് കൂട്ടായ്മയിലേക്ക് തന്റെ മകനെ ചേർത്തുവയ്ക്കുന്നത്. പിതാവിന്റെ ഈ ക്ഷമിക്കുന്ന സ്നേഹം മാനസാന്തരത്തിനുമപ്പുറം മകനെ പ്രതീക്ഷയിലേക്കും, ജീവിതത്തിന്റെ പ്രചോദനത്തിലേക്കും വഴിനടത്തുന്നു.
ബുദ്ധിമുട്ടുകൾ നേരിടുന്ന ഏതൊരാൾക്കും പ്രത്യാശയും വിശ്വാസവും നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന വലിയ പാഠവും ഈ ഉപമ നമുക്ക് നൽകുന്നു. അതിനാൽ ജീവിതത്തിൽ ഒന്നും അവസാനിച്ചിട്ടില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും നമ്മുടെ ജീവിതത്തിൽ തന്നെ അത് തിരിച്ചറിയുവാനും, അപ്രകാരം ദൈവത്തിന്റെ കാത്തിരിക്കുന്ന സ്നേഹത്തിലേക്ക് തിരിച്ചുനടക്കുവാനും ഈ വചന ഭാഗം നമ്മെ ക്ഷണിക്കുന്നു. " ദൈവത്തിന്റെ വാക്കുകളിൽ, ദൈവത്തിന്റെ ഹൃദയത്തെ അറിയാൻ പഠിക്കുക" എന്നാണ് മഹാനായ ഗ്രിഗറി ഒന്നാമൻ പാപ്പാ തന്റെ ഒരു സുഹൃത്തിനയച്ച കത്തിൽ എടുത്തു പറഞ്ഞിരിക്കുന്നത്. ഈ ഉപമ കേവലം ഒരു മാനസാന്തരത്തിന്റെ കഥ പറയുന്നതല്ല, മറിച്ച് ഇത് ദൈവത്തിന്റെ ഹൃദയ വിശാലതയെ വർണ്ണിക്കുന്നതാണ്. അവൻ പാപം മറക്കുക മാത്രമല്ല, മനുഷ്യന് ഒരു പുതിയ ഹൃദയം നൽകുകയും ചെയ്യുന്നു. ഒരു സാഹചര്യവും പരിഹരിക്കാനാവാത്തവിധം നഷ്ടപ്പെടുത്താതെ പുനരാരംഭിക്കുവാൻ സാധിക്കുമെന്നും ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ജീവിതത്തിന്റെ പരാജയങ്ങളിൽ മനസു മടുത്തു പോകുന്നതും, ജീവിതം അവസാനിപ്പിക്കുന്നതും ദൈനംദിന സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ധൂർത്തപുത്രൻ തന്റെ തെറ്റുകൾ മനസിലാക്കി തിരികെ വരുവാൻ തീരുമാനമെടുക്കുമ്പോൾ, ആദ്യം അവന്റെ പശ്ചാത്താപത്തിലേക്ക് നയിക്കുന്നത് പിതാവിന്റെ ക്ഷമയിലുള്ള അവന്റെ വിശ്വാസമാണ്. എന്നാൽ പശ്ചാത്താപത്തിൽ നിന്നും, ജീവിതത്തിലേക്കുള്ള മാറ്റത്തിലേക്ക് അവനെ പ്രേരിപ്പിക്കുന്നത്, പിതാവിന്റെ സ്നേഹമാണ്. തുടർന്ന് മാറ്റത്തിലേക്ക് അവനെ നയിക്കുന്നത് പ്രത്യാശയാണ്. മകൻ ക്ഷമാപണം നടത്തുമ്പോൾ, ആ പിതാവിന്റെ ഹൃദയം പഴയതെല്ലാം വിസ്മരിച്ചുകൊണ്ട് പുനരുത്ഥാനത്തിന്റെ അനുഭവത്തിലേക്ക് മകനെ കൂട്ടിക്കൊണ്ടു പോകുന്നു. പക്ഷെ അപരന്റെ മാനസാന്തരം നമ്മെ അലോസരപ്പെടുത്തുന്ന സാഹചര്യങ്ങൾ ഉണ്ടോ എന്ന് നാം ചിന്തിച്ചുനോക്കണം. മറ്റുള്ളവരുടെ തിന്മ നാം ആഗ്രഹിക്കാറുണ്ടോ? മറ്റുള്ളവർ മരിച്ചുപോകട്ടെയെന്നു ശപിച്ചിട്ടുണ്ടോ? പിതാവായ ദൈവത്തിന്റെ നന്മയും കാരുണ്യവും തിരിച്ചറിയുവാൻ സാധിക്കാത്തിടത്തോളം മാനവകൂട്ടായ്മയ്ക്ക് സംഭാവന നൽകുവാൻ നമുക്ക് സാധിക്കുകയില്ല. എന്നാൽ പിതാവിന്റെ സ്നേഹം മനസിലാക്കുവാൻ നമുക് സാധിക്കുമ്പോൾ, അപരന്റെ മനസാന്തരത്തിനായി നാം പ്രാർത്ഥിച്ചുതുടങ്ങും. രക്തസാക്ഷികളുടെ ജീവിതം ഇതാണ് നമ്മെ പഠിപ്പിക്കുന്നത്. ഈ ജൂബിലി വർഷത്തിൽ, പ്രത്യേകമായി പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ നമ്മെ ക്ഷണിക്കുന്ന ഈ കാലത്ത്, പ്രത്യാശയിൽ ജീവിക്കുവാനും, പ്രത്യാശയിലേക്ക് മറ്റുള്ളവരെ നയിക്കുവാനും, ദൈവ സ്നേഹം തിരിച്ചറിയുവാനും നമുക്ക് സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: