MAP

യേശു പഠിപ്പിക്കുന്നു യേശു പഠിപ്പിക്കുന്നു  

ദൈവീകപദ്ധതിയെ മനുഷ്യബുദ്ധിയാൽ മനസിലാക്കുക അസാധ്യം

ലത്തീൻ സഭ ആരാധനാക്രമം ആണ്ടുവട്ടക്കാലം പത്തൊൻപതാം ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ വിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായംമുപ്പത്തിരണ്ട് മുതൽ നാല്പത്തിയെട്ടുവരെയുള്ള തിരുവചനങ്ങളാണ് വചനഭാഗം
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിൽ ഏറ്റവും പ്രിയപ്പെട്ടവരേ

ആരാധനാക്രമത്തിലെ ആണ്ടുവട്ടക്കാലം പത്തൊൻപതാം ഞായറാഴ്‌ചയിലേക്കാണ് നാം കടന്നിരിക്കുന്നത്. ദൈവം നമുക്ക് നൽകിയ വാഗ്ദാനങ്ങളിൽ അവന്റെ വിശ്വസ്തത ഒരിക്കൽ കൂടി നമ്മുടെ ജീവിതത്തിൽ അരക്കിട്ടുറപ്പിക്കുവാനും, വിശ്വാസത്തിൽ വളരുവാനും, യേശുവിനു വേണ്ടി ജാഗരൂകതയോടെ കാത്തിരിക്കുവാനുമുള്ള സന്ദേശങ്ങളാണ് ഇന്നത്തെ വായനകൾ നമുക്ക് നൽകുന്നത്. വിശുദ്ധ ലൂക്കയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം മുപ്പത്തിരണ്ടു മുതലുള്ള തിരുവചനങ്ങൾ അടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗത്തിലേക്ക് നമ്മെ ഒരുക്കുന്നതാണ് ആദ്യ രണ്ടുവായനകൾ. ക്രിസ്തുവിന്റെ വചനങ്ങൾ ഒരു കാലഘട്ടത്തിൽ കണ്ടുപിടിക്കപ്പെട്ട വാക്മയ ചിത്രങ്ങളല്ല, മറിച്ച് അത് പഴയ നിയമ വചനങ്ങളുടെ പൂർത്തീകരണവും, സ്നേഹത്തിന്റെ ആവിഷ്കാരവുമാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഇന്നത്തെ ആദ്യ വായനകൾ.

ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുമുള്ള ആദ്യവായന, ഇസ്രായേൽ ജനതയെ ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും രക്ഷിച്ച, കടന്നുപോകലിന്റെ ദൈവത്തിന്റെ പെസഹായേയും, സംരക്ഷണയെയും ഓർമ്മിപ്പിക്കുന്നു.  നീതിമാന്മാരുടെ രക്ഷയ്ക്കുവേണ്ടി ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ വാഗ്ദാനം അവരുടെ മോചനമായിരുന്നു. ജനതയുടെ നിലവിളികൾ ദൈവത്തിന്റെ കാതിൽ അലയടിച്ചപ്പോൾ, അവരെ മോചിപ്പിക്കുവാൻ തനിക്കുവേണ്ടി മോശയെ തിരഞ്ഞെടുത്തു ഈജിപ്തിലേക്ക് അയക്കുന്നു. ഈ വചനഭാഗത്തിന്റെ ആദ്യ ഭാഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെ പറയുന്നത്: "തങ്ങൾ വിശ്വസിച്ച വാഗ്ദാനത്തിന്റെ പൂർണ്ണജ്ഞാനത്തിൽ ആനന്ദിക്കുവാൻ ഞങ്ങളുടെ പിതാക്കന്മാർക്ക് ആ രാത്രിയെക്കുറിച്ച് അങ്ങ് മുന്നറിയിപ്പ് നൽകി" എന്നാണ്. ദൈവം നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കുവാൻ മാനുഷികമായ ബുദ്ധി അശക്തമാണെന്നുള്ള മുന്നറിയിപ്പാണ് വചനം നമുക്ക് നൽകുന്നത്.

ഒരുപക്ഷെ ഇന്നത്ത ആധുനികയുഗത്തിൽ, ദൈവത്തിന്റെ വാഗ്ദാനങ്ങളെ പുച്ഛിച്ചു തള്ളുകയും, ലൗകീകമായ നൈമിഷിക വാഗ്ദാനങ്ങളിൽ ജീവിതം ഉറപ്പിക്കുകയും ചെയ്യുന്നതിന് പ്രധാന കാരണം, ഈ ദൈവീക വാഗ്ദാനങ്ങളെ മാനുഷിക പരിമിതികൾ നിറഞ്ഞ ബുദ്ധിയാൽ മനസിലാക്കുവാൻ പരിശ്രമിക്കുന്നതാണ്. ഇപ്രകാരം, ദൈവീക വാഗ്ദാനങ്ങളെ ജ്ഞാനം വഴിയായി വിശ്വസിച്ചതുകൊണ്ടാണ്, ഇസ്രായേൽ ജനം വേദനകൾക്ക് നടുവിലും രക്ഷകനെ പ്രതീക്ഷിച്ചു  കാത്തിരിക്കുന്നത്. ഈ സഹനവും, ക്ഷമയുമാണ് ആ ജനതയെ തന്റെ സ്വന്തമാക്കി, മഹത്വപ്പെടുത്തുവാൻ യഹോവയെ മനസാക്കിയത്. തുടർന്ന് ദൈവംമഹത്വപ്പെടുത്തിയ ജനം എപ്രകാരമാണ് ദൈവത്തെ സ്തുതിച്ചതെന്നും വചനം പറയുന്നുണ്ട്, “അവർ ദൈവീക നിയമങ്ങൾ അനുസരിക്കുകയും, പിതാക്കന്മാരുടെ കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തു.” വചനവും, പാരമ്പര്യങ്ങളും നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഒന്നാം വായന നമ്മുടെ മുൻപിൽ വയ്ക്കുന്നത്.

പഴയനിയമത്തിൽ ഇസ്രായേൽ ജനം തങ്ങളുടെ പരിമിതികൾക്കുള്ളിൽ എന്തുതരം വിശ്വാസസാക്ഷ്യമാണ് നമുക്ക് നല്കുന്നതെന്നാണ് രണ്ടാമത്തെ വായന നമുക്ക് പറഞ്ഞു തരുന്നത്. ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനം, പതിനൊന്നാം അധ്യായം, വിശ്വാസത്തെക്കുറിച്ചുള്ള ക്രൈസ്തവ നിർവചനമാണ് നമുക്ക് എടുത്തു കാണിക്കുന്നത്. വിശ്വാസത്തെക്കുറിച്ചുള്ള ഒരു ദൈവശാസ്ത്ര ഗ്രന്ഥത്തിന്റെ ആവിർഭാവത്തോടെയാണ് ഇത് ആരംഭിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളുടെ വെല്ലുവിളികൾക്കിടയിലും വിശ്വാസത്തിൽ ഉറച്ചുനിന്ന ഇസ്രായേൽ ജനതയുടെ ചരിത്രത്തിലുടനീളം അവർ നൽകുന്ന പ്രായോഗികമായ ഉദാഹരണങ്ങളിലൂടെയാണ് ഈ അധ്യായം നമ്മെ ഉദ്ബോധിപ്പിക്കുന്നത്.  ഭാവിയിലേക്ക്, യേശുക്രിസ്തുവിൽ സാക്ഷാത്കരിക്കപ്പെട്ട ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനായി ഉറ്റുനോക്കുവാനും ഈ വചനങ്ങൾ നമ്മെ ക്ഷണിക്കുന്നു. വിശ്വാസമെന്നത് രണ്ടു ശക്തമായ പദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ വിശേഷിപ്പിക്കുന്നത്. "വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌.

ഉറപ്പും, ബോധ്യവും; ഈ രണ്ടു പദങ്ങൾ, ക്രൈസ്തവ ജീവിതത്തിൽ വിശ്വാസവുംപ്രത്യാശയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എടുത്തു കാണിക്കുന്നു.  അടിസ്ഥാനം , ഉറപ്പ് എന്നർത്ഥമുള്ള ഹൈപ്പോസ്റ്റാസിസ് ὑ϶όστᾱσις എന്നതാണ്  ആദ്യപദത്തിന്റെ വിശദീകരണം. ഉടമസ്ഥാവകാശം അല്ലെങ്കിൽ കൈവശാവകാശം എന്ന അർത്ഥത്തിൽ ഈ ഗ്രീക്ക് പദം പല രേഖകളിലും  കാണപ്പെടുന്നുണ്ട്.  ദൈവീക വാഗ്ദാനങ്ങളുടെ ഉടമസ്ഥാവകാശവും, കൈവശാവകാശവും നമ്മിലാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. ഇത് നമ്മുടെ വിശ്വാസവും പ്രത്യാശയും വഴിയായി നമ്മിൽ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ബോധ്യം എന്നതിനുള്ള ഗ്രീക്ക് പദം എൽഎൻഗോസ് എന്നതാണ് ἔλεγχος ഔപചാരിക യുക്തി എന്നൊക്കെ ഈ പദത്തെ നമുക്ക് വിശദീകരിക്കാം.

ഈ പദങ്ങൾ വിശ്വാസത്തിന്റെ ഉറപ്പും സ്ഥിരതയും സൂചിപ്പിക്കുന്നു. വിശ്വാസം പ്രതീക്ഷിക്കുന്നതിന്റെ അടിത്തറയാണ്. തുടർന്ന് പഴയനിയമത്തിൽ നമ്മുടെ പൂർവ്വികർ എപ്രകാരമാണ് ഈ വിശ്വാസത്തിലൂടെ ദൈവഹിതത്തിനു ചേർന്ന് ജീവിച്ചതെന്നും വചനം പറഞ്ഞുതരുന്നുണ്ട്. നമ്മുടെ പിതാക്കന്മാർ, നമ്മുടെ പൂർവ്വികർ, ആശ്രയിച്ചത് വിശ്വാസത്തിന്റെ ഈ ഉറപ്പിലാണ്, വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവർ ദൈവത്തിന്റെ അംഗീകാരം നേടി. അബ്രഹാമിന്റെ വിശ്വാസ യാത്ര ആരംഭിക്കുന്നത് ഒരു "പുറപ്പെടലോടെയാണ്", അയാൾക്ക് അറിയാത്ത ഒരു ഭാവിയിലേക്ക് നീങ്ങാൻ സുരക്ഷിതമായ ഒരു സാഹചര്യം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം പ്രചോദിപ്പിക്കുന്നു. ഇതാണ് ആദ്യവായനയിൽ നാം കേട്ട ജ്ഞാനത്തെക്കുറിച്ചുള്ള വചനങ്ങൾ. ദൈവത്തിൽ നാം അർപ്പിക്കുന്ന വിശ്വാസത്തിന്റെയും ശരണത്തിന്റെയും മറ്റൊരു പേരാണ് ജ്ഞാനം എന്നുള്ളത്.  ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കുന്ന ഒരു കൂടാരത്തിൽ, ഒരു അനിശ്ചിതമായ സാഹചര്യത്തിൽ, ഒരു അന്യദേശത്ത് വസിക്കുക എന്നത് മാനുഷിക ബുദ്ധിയിൽ മൂഢമായി തോന്നാമെങ്കിലും, ദൈവീക ജ്ഞാനത്തിൽ അതിന്റെ വലിയ അർത്ഥം നമുക്ക് മനസിലാക്കാൻ  കഴിയും എന്നതാണ് രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നത്.

അതിനാൽ നമ്മുടെ വിശ്വാസവും പ്രത്യാശയും  കാത്തുസൂക്ഷിച്ചുകൊണ്ട് യേശുവിനായി ജീവിതത്തിൽ കാത്തിരിക്കണം എന്നുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. നമ്മുടെ  പൂർവികർ എപ്രകാരം തങ്ങളുടെ ജീവിതത്തിൽ അഭംഗുരം ഈ ദൈവീക പുണ്യങ്ങൾ കാത്തുസൂക്ഷിച്ചുവോ, അവരുടെ മാതൃകയിൽ, ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കും, വേദനകൾക്കും മദ്ധ്യേ ദൈവത്തോട് ചേർന്ന് നിൽക്കുവാനും ഈ വചനഭാഗം നമ്മെ ക്ഷണിക്കുന്നു.

വചനഭാഗത്തിന്റെ ആദ്യവരിയിൽ നമുക്കുള്ള വലിയ പ്രോത്സാഹനം നമുക്ക് കാണാവുന്നതാണ്. മാനുഷികമായ ബലഹീനതകളോടും, ന്യൂനതകളോടും നമ്മെ തന്റെ ചാരത്തേക്ക് ക്ഷണിക്കുന്ന കർത്താവ് പറയുന്നത് ഇപ്രകാരമാണ്: "ചെറിയ അജഗണമേ ഭയപ്പെടേണ്ട." ഭൂമിയിലെ സൃഷ്ടജാലങ്ങളെ പരിപാലിക്കുന്ന കർത്താവിന്റെ കരുണയെ കുറിച്ചാണ് മുൻപുള്ള വചനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഇതിന്റെ ഉപസംഹാരമെന്നോണമാണ്, യേശു പറയുന്നത്; നിങ്ങൾ എത്ര ചെറുതാണെങ്കിലും, നിങ്ങളെ  കരുതുകയും, കാക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കാര്യങ്ങൾ വലുതും ശക്തവും ആണെന്നും, അതിനാൽ ഭയപ്പെടേണ്ട എന്നും.

ആട്ടിൻകൂട്ടം പ്രധാനമായും ഇസ്രായേൽ ജനതയെയാണ് സൂചിപ്പിക്കുന്നത്. തുടക്കം മുതൽ തന്നെ ഈ ജനതയുടെ ഇടയനും വഴികാട്ടിയുമായിരിക്കാൻ കർത്താവ് സ്വയം തീരുമാനിച്ചുവെന്നതും നമുക്ക് ബോധ്യം ഉള്ളതാണ്. എന്നാൽ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു വാക്ക്, ചെറുത് എന്നുള്ളതാണ്. ഇത് പരിമിതമായ യാഥാർഥ്യങ്ങളെ സൂചിപ്പിക്കുന്നു. ദൈവരാജ്യം ശിശുക്കളെ  പോലെ ആയിത്തീരുന്നവർക്ക് ഉള്ളതാണെന്നുള്ള കർത്താവിന്റെ വചനവും ഇവിടെ ഓർമ്മിക്കേണ്ടതാണ്. ചെറിയ അജഗണം നമ്മുടെ പരിമിതികൾ ആയിരിക്കാം, ഒരു പക്ഷെ എളിമയാർന്ന ജീവിതത്തിലേക്കുള്ള ഒരു ക്ഷണവും ആയിരിക്കാം. ഇപ്രകാരം ശിശുക്കളെ പോലെ ആയിത്തീർന്നുകൊണ്ട്, ദൈവരാജ്യത്തിൽ പ്രവേശിക്കുന്ന, ‘പ്രത്യാശ’യോടെ ജീവിക്കുവാനാണ് ഈ വചനങ്ങൾ നമ്മെ ക്ഷണിക്കുന്നത്. നിലനിൽക്കുന്ന സമ്പത്ത് ഉണ്ടായിരിക്കാൻ എന്താണ് വേണ്ടതെന്ന് ഇവിടെ നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മെക്കുറിച്ച് മാത്രം ചിന്തിക്കുകയാണെങ്കിൽ സ്വർഗത്തിൽ നിധി നേടുവാൻ നമുക്ക് കഴിയുകയില്ല എന്ന് വളരെ സ്പഷ്ടമായി യേശു ഇവിടെ പറയുന്നു.

ഈ നിധി നേടുവാനുള്ള അധ്വാനം എന്ന് മുതൽ ആരംഭിക്കണം എന്നുള്ളതാണ് തുടർന്നുള്ള വചനങ്ങൾ നമ്മെ ഓർമ്മപെടുത്തുന്നതാണ്. ഭൂമിയിൽ ചെയ്യുന്ന നല്ല പ്രവൃത്തികൾ ദൈവത്തിൽ നിക്ഷേപിക്കുന്ന മൂലധനമാണെന്നുള്ളതാണ് യേശു പഠിപ്പിക്കുന്നത്. തുടർന്ന് സ്വർഗ്ഗരാജ്യത്തെപ്പറ്റിയുള്ള ചിന്ത സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു പറയുന്നു. അതിനാൽ ജാഗരൂകതയോടെയുള്ള ഒരു ക്രൈസ്തവജീവിതത്തിനാണ് കർത്താവ് നമ്മെ ക്ഷണിക്കുന്നത്.

എന്നാൽ ഈ കാത്തിരിപ്പ് എപ്രകാരം ആയിരിക്കണം എന്നുള്ളതും കർത്താവ് എടുത്തു പറയുന്നുണ്ട്. “നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍. തങ്ങളുടെയജമാനന്‍ കല്യാണവിരുന്നു കഴിഞ്ഞ്‌ മടങ്ങിവന്നു മുട്ടുന്ന ഉടനെ തുറന്നു കൊടുക്കുവാന്‍ അവന്റെ വരവും കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കുവിന്‍.” (ലൂക്ക 12, 35-36 ).  ക്രിസ്തുവിന്റെ മടങ്ങിവരവിനായി സേവന മനോഭാവത്തോടെ തയ്യാറായിരിക്കാൻ ശിഷ്യന്മാരെ കർത്താവ് ഇവിടെ ക്ഷണിക്കുന്നു.

അവൻ വാതിലിൽ മുട്ടുമ്പോൾ തന്നെ സ്നേഹത്തോടും കരുതലോടും കൂടി അവനെ സ്വാഗതം ചെയ്യുവാൻ തക്കവണ്ണം ഇരുന്നാൽ മാത്രമേ അവൻ നമുക്ക് ചൊരിയുന്ന അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇതാണ് ക്രൈസ്തവനെന്ന നിലയിൽ നമ്മുടെ ഭാഗ്യമെന്നും വചനം നമുക്ക് പറഞ്ഞു തരുന്നു.  വളരെയധികം ഏൽപ്പിക്കപ്പെട്ടവനിൽ നിന്നും , വളരെയധികം ആവശ്യപ്പെടും. ഈ വചനവും നമ്മുടെ ഉത്തരവാദിത്വങ്ങളുടെ വിശ്വസ്തത നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത് സാക്ഷ്യം നൽകുന്നതിനുള്ള ഒരു വിളി കൂടിയാണ്.

ദൈവം വളരെ അകലെയാണെന്നും, അദൃശ്യനാണെന്നും, മനസ്സിൽ വിചാരിച്ചുകൊണ്ട്, ദൈവചിന്തയില്ലാതെ ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. അതിനാൽ ഈ ദിവസം നമ്മുടെ വ്യക്തിപരമായ ജീവിതങ്ങളെ പറ്റി ധ്യാനിക്കാം. കർത്താവിനെ സ്വീകരിക്കുവാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണോ? എന്റെ ജീവിതത്തിന്റെ യഥാർത്ഥ ധനം സ്വർഗ്ഗത്തിലാണോ അതോ ലൗകീകമായതിനു വേണ്ടി മാത്രമാണോ ഞാൻ അധ്വാനിക്കുന്നത്? ഈ ചോദ്യങ്ങൾ നമുക്ക് സ്വയം വിചിന്തനത്തിനു വിധേയമാക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഓഗസ്റ്റ് 2025, 13:30