ആണവായുധ രഹിത ലോകത്തിനായുള്ള പൊതുപ്രയാണം ആരംഭിക്കാം, മെത്രാൻ ഷിരഹാമ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
8 പതിറ്റാണ്ടുമുമ്പ് ഉണ്ടായിരുന്നതിൻറെ പതിന്മടങ്ങാണ് ഇന്ന് അണുവായുധങ്ങളുടെ സംഹാരശക്തിയെന്ന് ലോകത്തിൽ ആദ്യമായി അണുബോംബാക്രമണത്തിന് ഇരയായ ജപ്പാൻ നഗരമായ ഹിരോഷിമയിലെ കത്തോലിക്കാ മെത്രാൻ അലേക്സിസ് മിത്സുറു ഷിരഹാമ.
ഹിരോഷിമയിൽ അണുബോംബാക്രമണം നടന്നതിൻറെ എൺപതാ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ വാർത്തയ്ക്ക് വരമൊഴിയായി നല്കിയ പ്രസ്താവനയിലാണ് അദ്ദേഹത്തിൻറെ ഈ പ്രതികരണമുള്ളത്.
1945 ആഗസ്റ്റ് 6-ന് രാവിലെ 8.15-നാണ് അമേരിക്കൻ ഐക്യനാടുകളുടെ “ലിറ്റിൽ ബോയ്” എന്ന അണുബോംബ് ഹിരോഷിമാ നഗരത്തെ ദഹിപ്പിച്ചത്.
ഈ ആക്രമണത്തെ അതിജീവിച്ചവരും പ്രായംചെന്നവരുമായവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ശബ്ദമുയർത്തുകയും അവരുടെ അഭിലാഷപൂർത്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്യുകയെന്ന കടമ ആ നഗരത്തിലെ കത്തോലിക്കാസഭയ്ക്കുണ്ടെന്ന് ബിഷപ്പ് ഷിരഹാമ പറയുന്നു.
അണുബോംബ് ഒരെണ്ണം മാത്രമാണെങ്കിൽ പോലും നരകുലത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച് അതിൻറെ വിനാശകരമായ ശക്തി അചിന്തനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഭീമമായ തുകയാണ് ആണവശക്തികൾ അതിനായി നീക്കിവയ്ക്കുന്നതെന്ന് ബിഷപ്പ് ഷിരഹാമ അണുവായുധ നിർമ്മാർജ്ജന അന്താരാഷ്ട്രപരിപാടിയെ ഉദ്ധരിച്ചുകൊണ്ട് വെളിപ്പെടുത്തുന്നു. ഈ തുക കഴിഞ്ഞ വർഷം പതിനായിരം കോടി ഡോളർ കടന്നുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: