ഹൈറ്റി: സഹായസമഗ്രികളുമായെത്തിയ ട്രക്ക് ലക്ഷ്യസ്ഥാനത്തെത്തിയത് രണ്ടു വർഷങ്ങൾക്കുശേഷം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗുരുതരമായ മാനവികപ്രതിസന്ധിയും സായുധസംഘർഷങ്ങളും നിലനിൽക്കുന്ന ഹൈറ്റിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് ശേഷം, സഹായസാധനസാമഗ്രികൾ നിറച്ച ഒരു ട്രക്ക് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൈറ്റി തലസ്ഥാനമായ പോർട്ട് ഓ പ്രൻസിലുള്ള കമിലിയൻ ആശുപത്രിയിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു ഇറ്റലിയിൽനിന്ന് സാമൂഹ്യസംഘടനകൾ അയച്ച വസ്തുക്കൾ നിറച്ച ഈ ട്രക്ക്.
തലസ്ഥാനത്തും സമീപ്രദേശങ്ങളിലും അക്രമിസംഘങ്ങൾ നിയന്ത്രണം നടത്തുന്നതിനാലാണ് കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് മുൻപ് ഇവിടെയെത്തിയ സാധനസാമഗ്രികൾ 290 കിലോമീറ്ററുകൾ മാത്രം അകലെയുള്ള ജെറെമീ പട്ടണത്തിലെത്തിക്കാൻ സാധിക്കാതിരുന്നതെന്ന്, അവിടെ നിത്യസഹായമാതാവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ വികാരികൂടിയായ ഫാ. മാസ്സിമോ മിറാല്യോ ഫീദെസ് ഏജൻസിയോട് പറഞ്ഞു.
പോർട്ട് ഓ പ്രൻസിലുള്ള കമിലിയൻ ആശുപത്രിയിൽനിന്ന് ഓഗസ്റ്റ് 15-ന് പുറപ്പെട്ട ട്രക്ക് യാത്രയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ മൂലം, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 18-നാണ് ലക്ഷ്യസ്ഥാനത്തെത്തിക്കാനായത്.
ഹൈറ്റിയെ അനുസ്മരിച്ച് പാപ്പാ
ഓഗസ്റ്റ് 10 ഞായറാഴ്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ, ഹൈറ്റിയിലെ ജനങ്ങൾ കടന്നുപോകുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമർശിക്കുകയും അവിടെയുള്ള ഒരു അനാഥാലയത്തിൽനിന്ന് ഓഗസ്റ്റ് 3-ആം തീയതി തട്ടിക്കൊണ്ടുപോകപ്പെട്ട ഒൻപത് പേരെ അനുസ്മരിക്കുകയും ചെയ്തിരുന്നു. ഹൈറ്റിയിലെ ജനജീവിതം കൂടുതൽ നിരാശാജനകമാണെന്ന് പ്രസ്താവിച്ച പാപ്പാ, നിരവധി കൊലപാതകങ്ങളുടെയും, എല്ലാത്തരത്തിലുമുള്ള അക്രമങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും നിർബന്ധിത കുടിയൊഴിപ്പിക്കലിന്റെയും വാർത്തകളാണ് അവിടെനിന്ന് എത്തുന്നതെന്ന് പറഞ്ഞിരുന്നു.
തടവിലാക്കപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനായി അഭ്യർത്ഥന നടത്തിയ പാപ്പാ, ഹൈറ്റിയിലെ ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ജീവിതം സാധ്യമാകുന്ന വിധത്തിൽ സാമൂഹ്യ-സംഘടനാ വ്യവസ്ഥിതികൾ മാറ്റിയെടുക്കേണ്ടതിനായി അന്താരാഷ്ട്രസമൂഹത്തിന്റേതുൾപ്പെടെയുള്ള സഹായം പാപ്പാ ആവശ്യപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: