MAP

ഹൈറ്റിയിലെ അരക്ഷിതാവസ്ഥ ഹൈറ്റിയിലെ അരക്ഷിതാവസ്ഥ  

ഹൈറ്റി രാഷ്ട്രത്തിന്റെ സമാധാനത്തിനു ആഹ്വാനം ചെയ്ത പാപ്പായ്ക്ക് മെത്രാൻ സമിതി നന്ദിയർപ്പിച്ചു

നിരവധി ആക്രമണങ്ങളാൽ ജീവിതം ദുസ്സഹമായ ഹൈറ്റിയിൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലിയോ പതിനാലാമൻ പാപ്പാ, ആഗസ്റ്റ് മാസം പത്താം തീയതി ഞായറാഴ്ച്ച, മധ്യാഹ്ന പ്രാർത്ഥനാവേളയിൽ ആഹ്വാനം നൽകിയിരുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

 ആഗസ്റ്റ് മാസം പത്താം തീയതി ഞായറാഴ്ച്ച, മധ്യാഹ്ന പ്രാർത്ഥനാവേളയിൽ, ഹൈറ്റിയിൽ നടക്കുന്ന ക്രൂരമായ മാനുഷിക അവകാശ ലംഘനങ്ങളെ  എടുത്തു പറഞ്ഞുകൊണ്ട്, സമാധാനത്തിനായി ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു കൊണ്ട്, ഹൈറ്റിയിലെ മെത്രാൻ സമിതിയ്ക്ക് വേണ്ടി പോർട്ട് -ഔ-പ്രിൻസിന്റെ ആർച്ചുബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ പ്രസ്താവന നടത്തി. അനീതിയുടെയും യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഇരകളോടുള്ള പരിശുദ്ധ പിതാവിന്റെ പ്രത്യേകമായ കരുതലാണ്, അഭ്യർത്ഥനയുടെ വാക്കുകളിൽ കാണുവാൻ സാധിച്ചതെന്നും മോൺസിഞ്ഞോർ കൂട്ടിച്ചേർത്തു. അക്രമം അവസാനിപ്പിക്കാനും, സമൂഹത്തിൽ സമാധാനത്തിനായുള്ള  അവബോധം സൃഷ്ടിക്കാനും സഭ നടത്തുന്ന പ്രവർത്തനങ്ങൾക്കും, അഭ്യർത്ഥനകൾക്കും പാപ്പായുടെ വാക്കുകൾ ഊർജ്ജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈറ്റിയിൽ നടക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ്, തലസ്ഥാനത്തിന്റെ തെക്കുകിഴക്കായി സ്ഥിതി  ചെയ്യുന്ന കെൻസ്കോഫിലുള്ള സെന്റ്-ഹെലീൻ അനാഥാലയത്തിൽനിന്നും  ഒരു ഐറിഷ് മിഷനറിയെയും, വൈകല്യമുള്ള ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പത് പേരെ തട്ടിക്കൊണ്ടുപോയ സംഭവം. ജീവിതത്തിന്റെ അർത്ഥവും, മാനുഷിക അന്തസ്സും നഷ്ടപ്പെടുത്തുന്ന ഒരു ഭരണകൂടത്തിന്റെയും, സമൂഹത്തിന്റെയും പരാജയത്തിന്റെ ലക്ഷണമാണ് ഈ അപരിഷ്കൃതമായ പ്രവൃത്തിയെന്നും മോൺസിഞ്ഞോർ എടുത്തു പറഞ്ഞു.

സമാധാനത്തിനായുള്ള പാപ്പായുടെ അഭ്യർത്ഥനകൾ, ഭരണകൂടം ഉത്തരവാദിത്വപൂർവ്വം സ്വീകരിച്ചുകൊണ്ട്, സത്വരമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും മോൺസിഞ്ഞോർ പറഞ്ഞു.

അഹിംസയിലും നീതിയിലും സംഭാഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു പൊതു പദ്ധതിയിലൂടെ രാജ്യത്തെ സംഘടിപ്പിക്കേണ്ടത്  ഏറെ ആവശ്യമെന്നും, സംഭാഷണത്തിൽ അടിസ്ഥാനപ്പെടുത്തിയ ഒരു ദേശീയകൂട്ടായ്മയ്ക്ക് അക്രമം ഉപേക്ഷിക്കണമെന്നും പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആർച്ചുബിഷപ്പ് മാക്സ് പറഞ്ഞു. പാപ്പായുമായുള്ള കൂട്ടായ്മയിൽ സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന ആഹ്വാനവും ആർച്ചുബിഷപ്പ് നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഓഗസ്റ്റ് 2025, 11:22