MAP

യേശുവിന്റെ തിരുഹൃദയ ചിത്രം യേശുവിന്റെ തിരുഹൃദയ ചിത്രം  

യേശുവിന്റെ തിരുഹൃദയം ജീവന്റെ പുനരുത്ഥാനമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 119 മുതൽ 124 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആധുനിക ലോകത്തിന്റെ തിരക്കിനിടയിൽ, മനുഷ്യൻ പലപ്പോഴും ആത്മീയമായ കാര്യങ്ങളിൽ നിന്ന് അകന്നുപോകുന്നു. പലപ്പോഴും ലോകം നൽകുന്ന ചിന്താഗതികളിൽ, പാരമ്പര്യത്തിന്റെ ആത്മീയമഹനീയത മനസിലാക്കുവാൻ സാധിക്കാതെ പോകുന്നതുകൊണ്ടാകാം, ഇത്തരത്തിൽ ദൈവത്തിൽ നിന്നും പുതിയ തലമുറ അകന്നുപോകുന്നത്. ദൈവം മനുഷ്യനായി ഇറങ്ങിവന്നുവെന്നത്, ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോഴും, അടയാളങ്ങൾ അന്വേഷിക്കുക എന്നതും, ആ അടയാളങ്ങളിൽ വിശ്വാസം ആഴപ്പെടുത്തുക എന്നതും മനുഷ്യസഹജമാണ്. ഇപ്രകാരം ഇന്നത്തെ സമൂഹത്തിനു നല്കപ്പെട്ട വലിയ അടയാളമാണ് , യേശുവിന്റെ തിരുഹൃദയവും, തിരുഹൃദയ ഭക്തിയും.

യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി, ഈ ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ നമുക്ക് ശക്തിയും മാർഗ്ഗനിർദ്ദേശവും നൽകുന്നു. തിരുഹൃദയം എന്നത് ദൈവത്തിന്റെ നിരുപാധികമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. ഈ ഭക്തിയിലൂടെ, നാം യേശുവിന്റെ സ്നേഹത്തോട് കൂടുതൽ അടുക്കുന്നു എന്ന് മാത്രമല്ല, ഈ സ്നേഹം അനുഭവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ആ സ്നേഹം പ്രകടമാക്കുവാനും സാധിക്കുന്നു.

 സ്നേഹം, ക്ഷമ, പ്രത്യാശ എന്നിവയാണ് ഇന്നത്തെ ലോകത്തിന് യേശുവിന്റെ തിരുഹൃദയം നൽകുന്ന സന്ദേശം . പരസ്പരം സ്നേഹിക്കാനും, തെറ്റുകൾ ക്ഷമിക്കാനും, പ്രതിസന്ധികളിൽ പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകാനും തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു. ഇത് വ്യക്തിപരമായ ജീവിതത്തിൽ മാത്രമല്ല, സാമൂഹികവും ആഗോളവുമായ തലങ്ങളിലും സമാധാനവും ഐക്യവും വളർത്താൻ സഹായിക്കും. യുദ്ധങ്ങളും, പീഡനങ്ങളും അനുദിന സംഭവങ്ങളായി മാറിക്കഴിഞ്ഞ ഒരു കാലഘട്ടത്തിൽ, യേശു നൽകുന്ന ആഹ്വാനവും, തന്റെ തിരുഹൃദയത്തിലേക്ക് മടങ്ങിവരുവാനും, ആ സ്നേഹത്തിൽ ജീവിതങ്ങളെ സമർപ്പിക്കുവാനുമാണ്

തിരുഹൃദയ ഭക്തിയുടെ കാതൽ, യേശുവിന്റെ മനുഷ്യരാശിയോടുള്ള അളവറ്റ സ്നേഹത്തിൽ അധിഷ്ഠിതമാണ്. കുരിശിൽ നമുക്കുവേണ്ടി മരിച്ചതിലൂടെ യേശു പ്രകടിപ്പിച്ച ആ സ്നേഹത്തെയാണ് ഈ ഭക്തി അനുസ്മരിക്കുന്നത്. ഈ സ്നേഹം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്പർശിക്കുകയും, നമ്മുടെ കുറവുകളോടും പാപങ്ങളോടും കൂടി നമ്മെ സ്വീകരിക്കുന്നു എന്ന ഉറപ്പും നമുക്ക് നൽകുന്നു.

ആധുനിക ലോകത്ത്, സ്നേഹബന്ധങ്ങൾ പലപ്പോഴും താൽക്കാലികവും സ്വാർത്ഥവുമാകുമ്പോൾ, തിരുഹൃദയ ഭക്തി യഥാർത്ഥവും നിസ്വാർത്ഥവുമായ സ്നേഹം എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് കുടുംബങ്ങളിലും സമൂഹത്തിലും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായിക്കും.

ഈ ഭക്തി വെറും ഒരു ആചാരമായി ഒതുങ്ങുന്നില്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശുവിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ നിറയുമ്പോൾ, മറ്റുള്ളവരോട് കരുണയും ദയയും കാണിക്കാൻ നമുക്ക് പ്രചോദനം ലഭിക്കുന്നു. ഇത് ദാരിദ്ര്യം, അനീതി, അക്രമം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും, അവയ്ക്ക് പരിഹാരം കാണാൻ പരിശ്രമിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. ആധുനിക ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ, സ്നേഹത്തിന്റെ ശക്തിയാൽ നേരിടാൻ തിരുഹൃദയ ഭക്തി നമ്മെ സജ്ജരാക്കുന്നു. ഇതാണ് വിശുദ്ധ മാർഗ്ഗരീത്താ മരിയ  അലക്കോക്ക് വഴിയായി യേശു മനുഷ്യരാശിയെ, തിരുഹൃദയ ഭക്തിയിലേക്ക് ക്ഷണിക്കുന്നത്.

ദിലെക്സിത് നോസ് ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ വിവരിക്കുന്ന ഈ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം, ഇന്നത്തെ സമൂഹത്തിനു ഏറെ പ്രചോദനം നൽകുന്നതാണ്. ലേഖനത്തിന്റെ 119 മുതലുള്ള ഖണ്ഡികകളിൽ, വിശുദ്ധ മാർഗ്ഗരീത്താ മരിയ അലക്കോക്ക് വഴിയായി യേശു നൽകിയ തിരുഹൃദയ ഭക്തിയുടെ സന്ദേശമാണ് പാപ്പാ എടുത്തു പറയുന്നത്. 1673 ഡിസംബറിനും, 1675 ജൂണിനും ഇടയിലാണ് വിശുദ്ധയ്ക്ക്, യേശുവിന്റെ തിരുഹൃദയ ദർശനം ലഭിക്കുന്നത്. ഈ ദർശനങ്ങളെല്ലാം, സ്നേഹത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നാണ് പാപ്പാ പറയുന്നത്.

ആദ്യത്തെ വലിയ ദർശനത്തിൽ യേശു നൽകിയ സന്ദേശവും പാപ്പാ പ്രത്യേകം പറയുന്നുണ്ട്. "എന്റെ ദിവ്യഹൃദയം മനുഷ്യവർഗത്തോടും,  വിശേഷിച്ചും നിന്നോടുമുള്ള  സ്നേഹത്താൽ  വളരെ വികാരാധീനമാണ്. തീവ്രമായ ഈ സ്നേഹത്തിന്റെ ജ്വാലകൾ  ഉള്ളിൽ  ഉൾക്കൊള്ളുവാൻ കഴിയാത്തതിനാൽ, നീ വഴിയായി ആ സ്‌നേഹം വ്യാപിപ്പിക്കുവാനും, മാനവ സമൂഹത്തെ നിനക്ക് കാട്ടിത്തരുന്ന നിധികളാൽ സമ്പന്നമാക്കുന്നതിന്, മനുഷ്യർക്ക് വെളിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്."

ഈ വെളിപാടിന്റെ ഉള്ളടക്കം വളരെയധികം നിസാരമാണ്. കുരിശിന്റെ  ചുവട്ടിൽ പടയാളിക്ക് കാരുണ്യത്തിന്റെ വെള്ളവും, രക്തവും പ്രദാനം ചെയ്‌തുകൊണ്ട്, തന്റെ സ്നേഹം പ്രകടമാക്കിയതുപോലെ, ഇന്നത്തെ സമൂഹത്തിനു, കാരുണ്യവും സ്നേഹവും നൽകുവാൻ സ്വയം വെളിപ്പെടുത്തുന്നതാണ്, തിരുഹൃദയ ഭക്തി.

ഈ ദർശനത്തെ കുറിച്ച് വിശുദ്ധ മാർഗരീത്ത നൽകുന്ന വിശദീകരണവും, സ്നേഹത്തിന്റെ അതിശയകരമായ രഹസ്യാത്മകതയെ എടുത്തുകാണിക്കുന്നതാണ്. തന്റെ സംശയങ്ങളെയെല്ലാം ദൂരീകരിച്ചുകൊണ്ട്, തന്റെ തിരുഹൃദയം തനിക്കായി തുറന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുമ്പോൾ തന്നെ, നിർമ്മലമായ സ്നേഹത്തിന്റെ വിശദീകരിക്കാനാവാത്ത അത്ഭുതങ്ങൾ എന്ന് മാത്രമാണ് വിശുദ്ധ അതിനെ വിശേഷിപ്പിക്കുന്നത്. സ്നേഹത്തിനെ  വാക്കുകളാൽ പരിമിതപ്പെടുത്തുവാൻ സാധിക്കുകയില്ല എന്നതാണ് തിരുഹൃദയം നമുക്ക് വെളിപ്പെടുത്തുന്നത്. തിരുഹൃദയം കേവലം ഒരു മനുഷ്യാവയവം മാത്രമല്ല, മറിച്ച് മനുഷ്യനെ പൂർണ്ണമായി സ്നേഹിക്കുവാനുള്ള ദൈവത്തിന്റെ കാരണം കൂടിയാണ്.

തിരുഹൃദയ സ്നേഹത്തിന്റെ തീവ്രമായ ഈ അംഗീകാരം, യേശുവുമായുള്ള നമ്മുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമുള്ള ക്ഷണം കൂടിയാണ്. എന്നാൽ പാപ്പാ എടുത്തു പറയുന്ന മറ്റൊരു വസ്തുത, മാനുഷിക വിശദീകരണങ്ങളുടെ പരിമിതിയാണ്. വിശുദ്ധ മാർഗരീത്ത, ഈ തിരുഹൃദയ ദർശനത്തെ കുറിച്ച്  പറയുന്ന വാക്കുകൾ എപ്പോഴും,എല്ലാവർക്കും സ്വീകാര്യമാകണം എന്നില്ല. അപ്രകാരം സ്വീകരിക്കുവാൻ ആരും ബാധ്യസ്ഥരല്ലെന്നും പാപ്പാ പറയുന്നുണ്ട്. ആഗ്രഹങ്ങൾ, ആശങ്കകൾ, ആന്തരിക ബിംബങ്ങൾ എന്നിങ്ങനെയുള്ള മാനുഷിക ഘടകങ്ങൾ, ഈ വിശദീകരണങ്ങൾക്ക് വിവിധ മാനങ്ങൾ നല്കിയിട്ടുണ്ടെങ്കിലും, സുവിശേഷത്തിന്റെയും സഭയുടെ സമ്പന്നമായ ആത്മീയ പാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ ഇവയെ മനസിലാക്കുന്നത് ഉചിതമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

 മനുഷ്യനെ സ്നേഹിക്കുന്നതും, ആ സ്നേഹത്തിനു സാക്ഷ്യം വഹിക്കുവാൻ ക്ഷണിക്കുന്നതുമായ യേശുവിന്റെ തിരുഹൃദയം, എത്രയോ ആളുകളിൽ സ്വാധീനം ചെലുത്തിയെന്നത്, നമ്മുടെ ആത്‌മീയതയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നുണ്ട്. അതായത്, അകാരണമായി, ഈ തിരുഹൃദയഭക്തിയെ തള്ളിക്കളയുവാൻ ആർക്കും സാധിക്കുകയില്ല എന്നും, അപ്രകാരം ചെയ്യുന്നവർ അസത്യത്തെ കൂട്ടുപിടിച്ചുകൊണ്ട് മാത്രമാണ് അത് ചെയ്യുന്നതെന്നും പാപ്പാ പറയുന്നു.

അതിനാൽ തിരുഹൃദയം ഒരു കണ്ടുമുട്ടലിന്റെ ഇടമാണ്. അവന്റെ വാത്സല്യങ്ങൾ, ആഗ്രഹങ്ങൾ, ചിന്തകൾ എന്നിവ നമ്മുടേതാക്കി മാറ്റണമെങ്കിൽ, ആ തിരുഹൃദയത്തിൽ നാം ഒരു സ്ഥാനം കണ്ടെത്തണം. ഇനി ഞാൻ അല്ല ജീവിക്കുന്നത്, മറിച്ച് എന്നിൽ  വസിക്കുന്ന ക്രിസ്തുവാണെന്നു വിശുദ്ധ പൗലോസിനെ പോലെ പറയുകയും, ജീവിക്കുകയും ചെയ്യണമെങ്കിൽ ഈ തിരുഹൃദയത്തിന്റെ സ്നേഹം നുകരുവാൻ നമ്മെ തന്നെ വിട്ടുകൊടുക്കണം. വിശുദ്ധ മാർഗരീത്ത തന്റെ ആദ്യ അനുഭവം വിവരിക്കുന്നത് ഇപ്രകാരമാണ്: "അവൻ എന്നോട് എന്റെ ഹൃദയം ചോദിച്ചു. അത് എടുത്തുകൊള്ളുവാൻ ഞാൻ അപേക്ഷിച്ചു. അവന്റെ ആരാധ്യമായ ഹൃദയത്തോട് അത് ചേർത്തുവച്ചു. ആ തിരുഹൃദയത്തിന്റെ തീച്ചൂളയിൽ ദഹിക്കുന്ന ഒരു പരമാണു പോലെ എന്റെ ഹൃദയത്തെ ഞാൻ കണ്ടു." ഇതാണ് യേശുവിന്റെ ഹൃദയത്തിൽ നമ്മുടെ ഹൃദയം അലിഞ്ഞു, നാം  അവന്റെ സ്വന്തമായി എന്ന് പറയുന്നത്.

കുരിശിൽ സ്വയം അർപ്പിച്ചുകൊണ്ട് നമുക്കായി രക്തവും ജലവും നൽകിയവൻ, തുടർന്ന് നമ്മെ സ്നേഹത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു; അത് ഉത്ഥാനത്തിന്റെ നവമായ ജീവനാണ്. അതുകൊണ്ട്, യേശുവിന്റെ തിരുഹൃദയം മരണത്തിന്റെ വിറങ്ങലിച്ച അനുഭവമല്ല നമുക്ക് നൽകുന്നത്, മറിച്ച് ജീവന്റെ പുനരുത്ഥാനമാണ്. വേദനാജനകമായ മുറിവുകളല്ല, മറിച്ച് വേദനക്കുമപ്പുറം അവൻ നൽകുന്ന സന്തോഷമാണ്. യേശുവിന്റെ തിരുമുറിവുകൾ അഞ്ചു സൂര്യതേജസായി ജ്വലിച്ചുനിൽക്കുന്നു എന്നാണ് വിശുദ്ധ പറയുന്നത്. അതുകൊണ്ടാണ് യേശുവിന്റെ തിരുഹൃദയത്തിൽ ഒരു തീജ്വാലയുടെ അടയാളം അവൻ വെളിപ്പെടുത്തിയത്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന നമ്മുടെ ജീവിതങ്ങളെ അത് പ്രതിനിധീകരിക്കുന്നു.

ഇത്രയധികം സ്നേഹം മനുഷ്യന് നൽകിയിട്ടും, അവൻ തിരികെ നൽകിയ നിസ്സംഗതയും, തിരസ്കരണവും വേദന നൽകുന്നുവെങ്കിലും,  ഇപ്പോഴും യേശുവിന്റെ തിരുഹൃദയം നമ്മെ അളവില്ലാതെ സ്നേഹിക്കുന്നു എന്ന ഉറപ്പു അടിവരയിട്ടുകൊണ്ടാണ് ഈ ഖണ്ഡികകൾ അവസാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഓഗസ്റ്റ് 2025, 13:09