യേശുവിന്റെ തിരുഹൃദയം നമ്മുടെ ഹൃദയങ്ങളെ പരിവർത്തനപ്പെടുത്തുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ തിരുഹൃദയം, ഒരു അടയാളത്തേക്കാളുപരി, യഥാർത്ഥമായ ഒരു സാന്നിധ്യമാണ്. നസ്രത്തിലെ യേശു ഒരു മനുഷ്യനായി അഭിനയിക്കുകയായിരുന്നില്ല, മറിച്ച്, ദൈവം മനുഷ്യനായി ഭൂമിയിൽ മാംസം ധരിച്ചുകൊണ്ട് നമ്മിൽ ഒരുവനായി തീരുകയും, നമ്മെ രക്ഷിക്കുവാൻ തന്റെ ശരീരവും, രക്തവും ദാനമായി നൽകുകയും ചെയ്തു എന്ന ചരിത്ര സത്യത്തിനു ആത്മീയതയുടെ ധൈര്യം പകർന്നുനല്കുന്നതാണ്, യേശുവിന്റെ തിരുഹൃദയം. യേശുവിന്റെ ഹൃദയം പ്രകാശത്തിന്റെ ഉറവിടവും, ദൈവത്തിൽ നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്ന രഹസ്യത്തിന്റെ വെളിപ്പെടുത്തലുമാണ്.
ഒരുപക്ഷെ യേശുവിന്റെ തിരുഹൃദയത്തിന്റെ വെളിപ്പെടുത്തലിനെ, യേശുവിന്റെ മറ്റൊരു വചനവുമായി നമുക്ക് ബന്ധപ്പെടുത്തുവാൻ സാധിക്കും. പിതാവിങ്കലേക്കുള്ള വഴി കാണിച്ചുതരുന്ന യേശു പറയുന്നത് ഇപ്രകാരമാണ്: " ഞാനാണ് വഴിയും സത്യവും ജീവനും". ഈ വഴിയാണ്, യേശുവിന്റെ മുറിയപ്പെട്ട തിരുവിലാവും, നമുക്ക് നൽകപ്പെട്ട തിരുഹൃദയസ്‌നേഹവും. "യേശുവിന്റെ പരമപരിശുദ്ധ ഹൃദയത്തോടുള്ള ഭക്തി അടിസ്ഥാനപരമായി ദൈവത്തിന് യേശുവിൽ നമ്മോടുള്ള സ്നേഹത്തിന്റെ വെളിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല, അതേ സമയം അത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നമ്മുടെ സ്നേഹത്തിന്റെ പരിശീലനവുമാണ്" എന്നാണ് പന്ത്രണ്ടാം പീയൂസ് പാപ്പാ പറയുന്നത്. ‘ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുന്നു: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക... ഇതാണ് എന്റെ കൽപ്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക.’ യേശു അന്ത്യഅത്താഴ വേളയിൽ തന്റെ ശിഷ്യന്മാരോടായി പറഞ്ഞ ഈ വാക്കുകൾ, തുടർന്ന് കുരിശിൽ ഈ ലോകത്തിലുള്ള മാനവകുലത്തിന് മുഴുവനായി ചരിത്രത്തിലുടനീളം കാണിച്ചുകൊടുത്തതാണ് തിരുഹൃദയ വെളിപ്പെടുത്തലിന്റെ ഔന്നത്യം.
വാസ്തവത്തിൽ, ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന്, മനുഷ്യന്റെ ഹൃദയം തന്റെ ജീവിതത്തിന്റെയും വിധിയുടെയും യഥാർത്ഥവും ഏകവുമായ അർത്ഥം അറിയാൻ പഠിക്കുന്നു, ആധികാരികമായി ഒരു ക്രിസ്തീയ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കാൻ, മനുഷ്യഹൃദയത്തിന്റെ ചില വികലതകളിൽ നിന്ന് സംരക്ഷിക്കാൻ, ദൈവത്തോടുള്ള പുത്രസ്നേഹത്തെ അയൽക്കാരനോടുള്ള സ്നേഹവുമായി സംയോജിപ്പിക്കാൻ ഈ തിരുഹൃദയ ഭക്തി സഹായിക്കുന്നു എന്നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നത്. അതുകൊണ്ട്, തിരുഹൃദയ ഭക്തി ഈ കാലഘട്ടത്തിന്റെ വലിയ ഒരു ആവശ്യമാണ്.
ദിലെക്സിത്ത് നോസ് ചാക്രികലേഖനത്തിന്റെ , കഴിഞ്ഞ ഖണ്ഡികകളിൽ, ചരിത്രത്തിൽ ചില വിശുദ്ധർ എപ്രകാരമാണ്, യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി അവരുടെ ജീവിതത്തിൽ പ്രത്യേകമായി ഉൾക്കൊണ്ടതെന്നും, ഈ ഭക്തി മറ്റുളവരിലേക്ക് എങ്ങനെയാണ് പകർന്നതെന്നും നാം കണ്ടു. ഈ ലക്കത്തിൽ പ്രത്യേകമായി വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് പുണ്യവാൻ, ഈ തിരുഹൃദയ ഭക്തിയുടെ ആഴമേറിയ ജീവിതാനുഭവത്തെ വിവരിക്കുന്നതാണ് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്.
ആധുനികയുഗത്തിൽ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ ഈ ആഴമേറിയ ചിന്തകൾ, മനുഷ്യമനസ്സുകളെ ഏറെ സ്വാധീനിക്കുന്നതാണ്. യേശുവിന്റെ തുറക്കപ്പെട്ട വിലാവിനെ പറ്റി നിരവധി തവണ ആഴത്തിൽ ധ്യാനിച്ചിട്ടുള്ള വിശുദ്ധൻ, തന്റെ വ്യക്തിപരമായ ജീവിതത്തിൽ, നേടിയെടുത്ത വലിയ ഒരു ആത്മബന്ധമാണ് തിരുഹൃദയ ഭക്തി. ഈ ഭക്തിയിലാണ് തന്റെ ജീവിതത്തിന്റെ രഹസ്യാത്മകത മനസിലാക്കുവാൻ തനിക്കു സാധിക്കുന്നതെന്നുമുള്ള, വിശുദ്ധന്റെ വാക്കുകൾ, ഇന്ന് വളരെയധികം സങ്കീർണ്ണമായ നമ്മുടെ ജീവിതത്തിൽ, ദൈവത്തിന്റെ പദ്ധതി തിരിച്ചറിയുവാൻ, ഒരേ ഒരു മാർഗം യേശുവിന്റ തിരുഹൃദയത്തിൽ അഭയം തേടുക എന്നത് മാത്രമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്നാൽ ഉപരിപ്ലവമായ ഒരു വ്യക്തിബന്ധമല്ല തിരുഹൃദയം നമുക്ക് ഉറപ്പുനൽകുന്നത്, മറിച്ച് അവന്റെ കൃപയുടെ അദൃശ്യമായ ശക്തിയെ കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുക കൂടി ചെയ്യുന്നു. അതായത്, എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു പ്രശ്നത്തിലൂടെ കടന്നു പോകുന്ന നിമിഷങ്ങളിലും, മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുന്ന സമയങ്ങളിലും, യേശുവിന്റെ തിരുഹൃദയം എനിക്കുവേണ്ടി അദൃശ്യമായ ഒരു ശക്തിവലയം തീർക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഭക്തി ഒരു അന്ധവിശ്വാസമോ കൃപയുടെ അനാവശ്യമായ വസ്തുനിഷ്ഠീകരണമോ അല്ല മറിച്ച്, തിരുഹൃദയത്തിനു മുൻപിൽ നമ്മുടെ സ്വത്വം എന്താണെന്നു തിരിച്ചറിയുവാനും, നമ്മുടെ ജീവിതത്തിന്റെ യാഥാർഥ്യത്തിൽ നാം കർത്താവിനു അതുല്യരും, മഹനീയമായ സൃഷ്ടികളും ആണെന്ന ബോധ്യത്തിലേക്കു നയിക്കുന്നതാണെന്നാണ് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് പറയുന്നത്. ആ ഹൃദയത്തിൽ നമ്മുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന വാക്കുകളും, തിരുഹൃദയത്തിന്റെ ആർദ്രതയും, വാത്സല്യവും വെളിപ്പെടുത്തുന്നതാണ്. ഇതാണ് ജീവിതത്തിന്റെ വേദന നിറഞ്ഞ നിമിഷങ്ങളിൽ നമുക്ക് ആശ്വാസം പകർന്നു നൽകുന്നതും.
ഓരോ വ്യക്തിയോടുമുള്ള ക്രിസ്തുവിന്റെ സ്നേഹം എത്രത്തോളം യാഥാർഥ്യമെന്നു തിരിച്ചറിയുവാനുള്ള അടയാളമാണ് ഈ തിരുഹൃദയമെന്നും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. ഇവിടെ വിശുദ്ധ ഫ്രാൻസിസ് ഡി സെയില്സിന്റെ മനോഹരമായ ഒരു വചനം പാപ്പാ കുറിക്കുന്നുണ്ട്. "രക്ഷകൻ അതിൻ്റെ സൂര്യനായിത്തീർന്ന ഈ ആകാശം ഇപ്പോൾ എത്ര മനോഹരമാണ്, അവൻ്റെ ഹൃദയം സ്നേഹത്തിൻ്റെ ഉറവയാണ്, അതിൽ നിന്ന് അനുഗ്രഹീതർ തൃപ്തിയോടെ പാനം ചെയ്യുന്നു. ഓരോരുത്തരും അത് ധ്യാനിക്കാൻ പോകുന്നു, സ്നേഹത്തിന് മാത്രം വായിക്കാൻ കഴിയുന്നതും സ്നേഹം കൊത്തിയെടുത്തതുമായ അക്ഷരങ്ങളിൽ അവൻ്റെ സ്നേഹം ഉള്ളിൽ എഴുതിയിരിക്കുന്നത് കാണുന്നു. നമ്മുടെ പേരുകൾ അവിടെ ഉണ്ടാകില്ലേ? അതെ, സംശയമില്ല, കാരണം നമ്മുടെ ഹൃദയത്തിൽ സ്നേഹമില്ലെങ്കിലും, സ്നേഹത്തിനായുള്ള ആഗ്രഹവും സ്നേഹത്തിൻ്റെ തുടക്കവുമുണ്ട്."
ഒരു ആത്മീയ ജീവിതത്തിന് അടിസ്ഥാനപരമായ അനുഭവം നമുക്ക് പകരുന്നതാണ് യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി. നമ്മെ കുറിച്ച് ഏറെ ചിന്തയുള്ള കർത്താവിന്റെ ഹൃദയത്തിൽ നമ്മുടെ ജീവിതങ്ങളെ സമർപ്പിക്കുവാനുള്ള ഒരു ക്ഷണം കൂടിയാണ് യേശുവിന്റെ തിരുഹൃദയ ഭക്തി നമുക്ക് നൽകുന്നത്. വിശുദ്ധ യോഹന്നാൻ, അന്ത്യ അത്താഴ വേളയിൽ യേശുവിന്റെ വക്ഷസിലേക്ക് ചാരികിടന്നുകൊണ്ട്, അവന്റെ സ്നേഹം ആവോളം നുകർന്നതുപോലെ, രക്ഷകന്റെ മേശയിൽ, നമുക്കായി അവൻ വിഭവങ്ങൾ പകർന്നു നൽകുമ്പോൾ, അവന്റെ ഹൃദയത്തിലേക്ക് നമ്മുടെ ശിരസ്സുകൾ ചേർത്തുവയ്ക്കുവാൻ വിശുദ്ധൻ നമ്മെ ക്ഷണിക്കുന്നു. ഇത് ഒരുപക്ഷെ കൗദാശിക ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, തിരുഹൃദയഭക്തിയിൽ എപ്രകാരം വളരാം എന്നതാണ് ഈ വാക്കുകൾ നമുക്ക് കാട്ടിത്തരുന്നത്.
ഈ തിരുഹൃദയഭക്തി എങ്ങനെയാണ് നമ്മുടെ സാധാരണ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും, പാപ്പാ, വിശുദ്ധ ഫ്രാൻസിസ് ഡി സെയില്സിന്റെ വാക്കുകളിൽ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാമതായി ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങൾ, കടമകൾ എന്നിവയിൽ തിരുഹൃദയത്തിന്റെ ആർദ്രത ഉൾച്ചേർക്കണം എന്നുള്ളതാണ് നമ്മെ പഠിപ്പിക്കുന്നത്. അതായത്, പറയുന്ന വാക്കുകളിലും, പ്രവൃത്തികളിലും പൊരുത്തം ഉണ്ടായിരിക്കുക എന്നതാണ് പ്രഥമമായ കാര്യം. വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ്, താൻ പഠിപ്പിച്ച കാര്യങ്ങളെല്ലാം, തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നു എന്നത് എടുത്തു പറയുന്ന കാര്യമാണ്. ഇതാണ് ജീവിതത്തിന്റെ, വിശുദ്ധമായ ലാളിത്യത്തിനും, ദൈവത്തോടുള്ള പൂർണ്ണമായ പരിത്യാഗത്തിനും മനുഷ്യനെ നയിക്കുന്ന ശക്തിയും.
അതിനാൽ വിശുദ്ധൻ നമ്മെ എല്ലാവരെയും ക്ഷണിക്കുന്നത്, യേശുവിന്റെ തിരുഹൃദയത്തിന്റെ വാഹകരായി മാറുന്നതിനു വേണ്ടിയാണ്. പ്രാർത്ഥനയിലും, ലളിതമായ ജീവിതത്തിലും, സത്‌പ്രവൃത്തികളിലും, വിശ്വാസത്തിലും, പ്രത്യാശയിലും അടിയുറച്ചു വളരുന്നതിന് ഈ തിരുഹൃദയ ഭക്തി നമ്മുടെ ജീവിതത്തിൽ ഏറെ ആവശ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: