MAP

യേശുവിന്റെ തിരുഹൃദയ ചിത്രം യേശുവിന്റെ തിരുഹൃദയ ചിത്രം  

തിരുമുറിവുകൾ യേശുവിന്റെ ഹൃദയത്തിലേക്കുള്ള പ്രവേശനകവാടങ്ങളാണ്

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 109 മുതൽ 113 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രചാരത്തെക്കുറിച്ചാണ് ഈ ഖണ്ഡികകൾ പ്രതിപാദിക്കുന്നത്
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ത്രിത്വയ്ക ദൈവത്തിലെ രണ്ടാമത്തെ ആളായ പുത്രൻ എപ്രകാരമാണ് മനുഷ്യൻ ആയി ഭൂമിയിൽ അവതരിച്ചതെന്ന  മഹാരഹസ്യം മനസ്സിലാക്കാൻ നമുക്ക് വലിയ ബുദ്ധിമുട്ടാണ് . ഇത് നമ്മുടെ വിശ്വാസത്തിന്റെ മുഖ്യരഹസ്യമാണ്. അത്യുന്നതനായ ദൈവം, അവർണ്ണനീയനായവൻ, മാലാഖമാർ ആരാധിക്കുന്ന ദൈവം ഒരു മനുഷ്യനായി. അവൻ നമ്മുടെ ബലഹീനതകളും ചാപല്യങ്ങളും ഉൾക്കൊണ്ടു. അവൻ നമ്മളിൽ ഒരുവനെപ്പോലെ നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നത്തെ അപ്പം നേടി. അവൻ സ്നേഹിക്കുകയും കരയുകയും ആശ്വസിപ്പിക്കുകയും സഹിക്കുകയും ചെയ്തു.

ഇവിടെ ഒന്ന് മാത്രമാണ് വ്യക്തമാകുന്നത്, ദൈവത്തിനു നമ്മെ ഒത്തിരി ഇഷ്ടമാണ്. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറാം തിരുവചനം പറയുന്നതുപോലെ, തന്റെ ഏകജാതനെ ഈ ലോകത്തിനു നൽകുവാൻ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രയധികം സ്നേഹിച്ചു." വേണമെങ്കിൽ സുവിശേഷകർത്താവിനു വളരെ ലളിതമായി 'സ്നേഹിച്ചു' എന്ന വാക്കിൽ ഒതുക്കി നിർത്താമായിരുന്നു. പക്ഷെ 'അത്രയധികം' എന്ന് പറയുന്നതിലൂടെ  പരിധികളില്ലാത്തതും, വ്യവസ്ഥകളില്ലാത്തതുമായ ഒരു സ്നേഹത്തെയാണ് ഇവിടെ അർത്ഥമാക്കുന്നത്. നമ്മുടെ മാനുഷികമായ ബലഹീനതകൾക്കും, ന്യൂനതകൾക്കുമെല്ലാം ഉപരിയായി നമ്മെ സ്നേഹിക്കുന്ന യേശുവിന്റെ അനന്തമായ സ്നേഹം. ഇതാണ് യേശുവിന്റെ ഹൃദയം നമുക്ക് വ്യക്തമാക്കുന്നത്.

തിരുഹൃദയത്തിൽ ദൈവത്വവും മനുഷ്യത്വവും ഒന്നിച്ച ഒരു ഹൃദയം നാം കാണുന്നു. മാംസളമായ ഒരു ഹൃദയം. ക്രിസ്തു നമ്മുടെ മനുഷ്യത്വത്തിന്റെ ഒരു അംശം മാത്രമല്ല സ്വീകരിച്ചത്. മറിച്ച്, നമ്മുടെ മനുഷ്യത്വം മുഴുവനുമാണ്. ഇതു നമ്മളെ നിരന്തരം ആശ്വസിപ്പിക്കേണ്ട യാഥാർത്ഥ്യമാണ്. “നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്‌; പിന്നെയോ, ഒരിക്കലും പാപം ചെയ്‌തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ്‌ അവന്‍ (ഹെബ്രാ. 4:15).

ഈശോയുടെ തിരുഹൃദയം സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയമാണ്. മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയം.  ഓരോരുത്തരെയും വ്യക്തിപരമായി അവൻ സ്നേഹിക്കുന്നു. ഈശോ എനിക്കുവേണ്ടി  രക്ഷണീയകർമ്മം നിർവ്വഹിച്ചു എന്നതിലാണ് ഈശോയുടെ സ്നേഹം നമ്മൾ അറിയുന്നത്.

നമ്മുടെ ബലഹീനതകളുടെയും പരാജയങ്ങളുടെയും നിമിഷങ്ങളിൽ നിരുത്സരരാകാനും പ്രതീക്ഷ നഷ്ടപ്പെടാനും എളുപ്പമാണ്. ജീവിതത്തിന്റെ പരിത്യക്താവസരങ്ങളിൽ ദൈവത്തോട് നമ്മൾ പരിതപിക്കുന്നു. ഈ അവസരങ്ങളിൽ നമ്മളെ സ്നേഹാർദ്രതയോടെ മാത്രം വീക്ഷിക്കുന്ന ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് നമ്മുടെ കണ്ണുകളും ഹൃദയങ്ങളും ഉയർത്താൻ നമ്മൾ വൈമനസ്യം കാണിക്കരുത്.

ക്രിസ്തുവിന് നമ്മുടെ വേദനയോട് അനുരൂപപ്പെടാൻ സാധിക്കില്ല എന്ന് ഒരു നിമിഷം പോലും ചിന്തിക്കരുത്. മുറിവേറ്റ, കുത്തിത്തുറക്കപ്പെട്ട തിരുഹൃദയം നമ്മുടെ വേദനകളിൽ കൂടെ സഹിക്കുകയും, സൗഖ്യം നൽകുകയും ചെയ്യുന്നു. മുറിവേറ്റവർക്ക്  സൗഖ്യം നൽകുന്ന ഹൃദയമാണ് ഈശോയുടെ തിരുഹൃദയം. “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിയ്ക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു”

ദിലെക്സിത് നോസ് ചാക്രികലേഖനത്തിലൂടെ ഫ്രാൻസിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നത് യേശുവിന്റെ ഈ തിരുഹൃദയത്തിന്റെ ആഴത്തിലേക്ക് നമ്മെ തന്നെ ചേർത്ത് വയ്ക്കുവാനാണ്. 

യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചാരത്തിലാകുന്നത് കഴിഞ്ഞ നൂറ്റാണ്ടുകളിൽ ആണെങ്കിലും, തന്റെ ഹൃദയത്തിന്റെ ആർദ്രത മനുഷ്യന്റെ ക്ഷണികമായ ജീവിതങ്ങളിലേക്ക് ചേർത്തു വയ്ക്കുന്നത്, കുരിശിന്റെ ചുവട്ടിലാണ്. തന്റെ അമ്മയ്ക്ക് മകനായി മനുഷ്യവർഗത്തിന്റെ പ്രതീകമായി യോഹന്നാനെയും, മനുഷ്യകുലത്തിനു ഒരു അമ്മയുടെ കരുതൽ ലഭിക്കുന്നതിനായി പരിശുദ്ധ അമ്മയെയും യേശു നൽകുന്നത് വേദനയുടെയും, സഹനത്തിന്റെയും നിമിഷങ്ങളിൽ കുരിശിൽ നിന്നുമാണ്. തുടർന്ന്, തന്റെ ആത്മാവിനെ പിതാവിന് സമർപ്പിക്കുന്നതും, മനുഷ്യവർഗത്തിന് രക്ഷ നൽകുവാൻ പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നതിനാണ്. ഇപ്രകാരം മനുഷ്യന്റെ ബലഹീനതകൾക്ക് മുൻപിൽ തന്റെ തുറക്കപ്പെട്ട വിലാവിൽ നിന്നും ഹൃദയത്തിന്റെ സ്നേഹമാണ് യേശു മനുഷ്യനിലേക്ക് ചൊരിയുന്നത്. മുറിവേറ്റ ഹൃദയങ്ങളിൽ സൗഖ്യത്തിന്റെ തൈലം പൂശുന്നതാണ് യേശുവിന്റെ തിരുഹൃദയ സ്നേഹം.

യേശുവിന്റെ തിരുഹൃദയത്തെ പറ്റി വിശുദ്ധ ഗ്രന്ഥം കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും, പരിശുദ്ധാത്മാവിന്റെ കൃപകൾ നമ്മിലേക്ക്‌ ചൊരിയപ്പെടുന്നത് യേശുവിന്റെ തിരുഹൃദയത്തിൽ നിന്നുമൊഴുകിയ ജലത്തിന്റെയും, രക്തത്തിന്റെയും അടയാളങ്ങൾ നമ്മെ സൂചിപ്പിക്കുന്നു. ജലം നമ്മുടെ ജ്ഞാനസ്നാനത്തെ സൂചിപ്പിക്കുന്നു. നമ്മിലുള്ള പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിക്കുവാനും, പാപത്തിൽ  മരിച്ചു  യേശുവിനോടൊപ്പം നിത്യജീവനിൽ ഉയിർക്കുവാനും സഭ വഴിയായി യേശു നൽകിയ മാമ്മോദീസ എന്ന കൂദാശ, യേശു തന്റെ ഹൃദയത്തിൽ നിന്നും സ്നേഹം വഴിയായി നമുക്ക് നൽകിയതാണ്.

രക്തം തന്റെ ആത്മീയ പോഷണം നമുക്ക് നൽകുന്ന വിശുദ്ധ കുർബാനയെ സൂചിപ്പിക്കുന്നു. ഇത് എന്റെ ശരീരവും, ഇത് എന്റെ രക്തവും എന്ന് യേശു പറഞ്ഞത് തന്റെ അധരങ്ങൾ കൊണ്ടായിരുന്നില്ല, മറിച്ച് തന്റെ ഹൃദയം കൊണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ഈ സ്നേഹം അനുഭവിക്കുവാൻ കോടികണക്കിന് ആളുകൾ വിശുദ്ധ ബലിക്കായി അണയുന്നത്.

അതിനാൽ ദിലേക്സിത് നോസ് നമ്മെ പഠിപ്പിക്കുന്നത്, യേശുവിന്റെ ഹൃദയത്തിന്റെ കൗദാശികഭാവമാണ്.

കൂദാശകൾ സ്വീകരിക്കുമ്പോൾ നാം യേശുവിന്റെ തിരുഹൃദയത്തോട്  ഒന്നായിത്തീരുകയും ആ സ്നേഹം അനുഭവിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ഒരു പക്ഷെ നമ്മുടെ ജീവിതത്തിലും ഈ ഒരു അനുഭവം ഉണ്ടായിട്ടില്ലേ?. വിശുദ്ധ കുർബാനയിൽ  പങ്കു കൊള്ളുന്ന അവസരത്തിൽ  യേശുവിന്റ സ്നേഹത്തിന്റെ  പാരമ്യതയിലേക്ക് കടന്നു ചെല്ലുവാൻ നമുക്ക് സാധിക്കാറില്ലേ? എന്നാൽ ആ അനുഭവം നീണ്ടു നിൽക്കാറുണ്ടോ എന്ന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം.  വിശുദ്ധ കുർബാനയ്ക്കും, മറ്റു കൂദാശ സ്വീകരണങ്ങൾക്കും ശേഷം  യേശുവിന്റെ തിരുഹൃദയത്തിനു അനുരൂപമായ പ്രവൃത്തികളാണോ ഞാൻ ചെയ്യുന്നത് എന്ന്  നാം ജീവിതത്തിൽ പരിശോധിക്കണം.

ഈ ഒരു ക്ഷണം പാപ്പാ നൽകിക്കൊണ്ടാണ് വിവിധ ആളുകളുടെ ഉദാഹരണങ്ങൾ ലേഖനത്തിൽ വിവരിക്കുന്നത്. വിശുദ്ധ ലുട്ട്ഗാർഡ്,  വിശുദ്ധ മാറ്റിൽഡ, വിശുദ്ധ ആഞ്ചല, നോർവിച്ചിലെ ജൂലിയൻ , വിശുദ്ധ ജെർട്രൂഡ് എന്നിങ്ങനെ വിവിധ സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ച  ഏറ്റവും വലിയ സന്തോഷത്തിന്റെ നിമിഷം യേശുവിന്റെ ഹൃദയത്തിലേക്ക് തലചായ്ച്ച് അവന്റെ സ്പന്ദനത്തിൽ തന്റെ പ്രാർത്ഥനകൾ സമർപ്പിച്ച നിമിഷമാണ്. ഹൃദയമിടിപ്പുകളുടെ മാധുര്യം നുകർന്ന നിമിഷങ്ങൾ എന്നാണ് ഇവയെ വിശുദ്ധ ജെർട്രൂഡ് വിവരിക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പുതിയ സന്ദേശം മനസ്സിലാക്കുവാൻ ഈ തിരുഹൃദയത്തോട് ചേർന്ന ജീവിതം നയിക്കുവാനും ഈ വിശുദ്ധർ നമ്മെ ക്ഷണിക്കുന്നു.

പതിനാലാം നൂറ്റാണ്ടിലെ  ജർമ്മൻ റോമൻ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായിരുന്ന ലുഡോൾഫസ് ഡി സാക്സോണിയ യേശുക്രിസ്തുവുമായുള്ള തങ്ങളുടെ ബന്ധത്തെ, വാത്സല്യവും അടുപ്പവും കൊണ്ട് നിറയ്ക്കുന്നതിനുള്ള ഒരു മാർഗമായി, തിരുഹൃദയഭക്തിയെ ചൂണ്ടികാണിക്കുന്നുണ്ട്. തുടർന്ന് സിയന്നയിലെ വിശുദ്ധ കാതറിൻ പറയുന്ന വചനങ്ങളും പാപ്പാ ലേഖനത്തിൽ കുറിക്കുന്നുണ്ട്, " അവന്റെ ഹൃദയത്തിന്റെ മുറിവിലൂടെ പ്രവേശിക്കുന്ന ഏതൊരാളും വാത്സല്യത്താൽ ജ്വലിക്കുന്നു. കർത്താവ് സഹിച്ച കഷ്ടപ്പാടുകൾ നമുക്ക് കാണാൻ കഴിയുന്ന ഒന്നല്ല, മറിച്ച് ക്രിസ്തുവിന്റെ തുറന്ന ഹൃദയം, നമുക്ക്  സ്നേഹത്തോടുകൂടിയ യഥാർത്ഥവും വ്യക്തിപരവുമായ ഒരു കണ്ടുമുട്ടലിന്റെ സാധ്യത പകർന്നു നൽകുന്നു.

യേശുവിന്റെ തിരുഹൃദയത്തിലേക്ക് സാധാരണക്കാരായ നമുക്ക് കടന്നുചെല്ലുവാൻ, ആ മാർഗം പോലും ഒരു മുറിവിലൂടെ യേശു തുറന്നു തന്നിരിക്കുന്നു. ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിൽ, യേശുവിന്റെ സ്നേഹത്തെക്കുറിച്ച് ബോധപൂർവ്വം നമുക്ക് ചിന്തിക്കുവാൻ സാധിച്ചെന്നു വരില്ല. അങ്ങനെ വിഷമത്തോടെ ആയിരിക്കുന്നവർക്കും, യേശുവിന്റെ വിലാവിലെ മുറിപ്പാട് ഒരു അടയാളമാണ്. "തങ്ങൾ കുത്തിനോവിച്ചവനെ അവർ നോക്കി നിന്നു" എന്ന് വചനം പറയുന്നതുപോലെ,  നമ്മുടെ പാപങ്ങളുടെ ഫലമായി മുറിയപ്പെട്ട തന്റെ വിലാവു പോലും, കർത്താവ് തന്റെ ഹൃദയത്തിലേക്ക് നോക്കുവാനും, ആ കൃപകൾ സ്വീകരിക്കുവാനും നമുക്കായി വിട്ടുതന്നിരിക്കുന്നു.

ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ഈ യേശുവിന്റെ തിരുഹൃദയ ഭക്തി എത്തുന്നതിനു ഇതുപോലെ സാധാരണക്കാരായ ആളുകളുടെ ജീവിതസാക്ഷ്യങ്ങൾ തന്നെയാണ് കാരണം. വിവിധ രൂപതകളിൽ തങ്ങളുടെ പ്രേഷിതദൗത്യത്തിനായി, അവർ തിരഞ്ഞെടുത്ത ഭക്തി മാർഗം യേശുവിന്റെ തിരുഹൃദയത്തിന്റേതാണ്.

ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനം നമ്മെ ക്ഷണിക്കുന്നതും ഈ തിരുഹൃദയ ഭക്തിയുടെ പ്രചാകരാകുവാനാണ്. എന്നാൽ വാക്കുകളാൽ അല്ല, ജീവിതം കൊണ്ട് ഈ തിരുഹൃദയ സ്നേഹത്തിന്റെ സാക്ഷികളാകുവാൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഓഗസ്റ്റ് 2025, 15:10