തോക്കുകൊണ്ട് രാജ്യം കെട്ടിപ്പടുക്കാനാകില്ല, കോംഗൊയിലെ മെത്രാൻ സൊസ്തേനെ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സായുധ സംഘങ്ങളിൽ ചേരരുതെന്നും “കലഷ്നിക്കോവ്” തോക്കു കൊണ്ടല്ല ഒരു രാജ്യം പടുത്തുയർത്തുകയെന്നും കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ മഹജി നിയോക്ക രൂപതയുടെ മെത്രാൻ സ്വസ്തേനെ അയിക്കുലി ഉദ്ജുവാ.
അന്നാട്ടിലെ കൊമന്തയിൽ ജൂലൈ 26-ന് രാത്രി ഒരു ഇടവകദേവാലയത്തിൽ ഒരു സായുധ സംഘം നാല്പതിലേറെപ്പേരെ വെടിവെച്ചുകൊന്ന ദുരന്തത്തോടനുബന്ധിച്ച് അടുത്തയിടെ ഇത്തൂറിയിൽ ചതുർദിന സമാധാന-പ്രാർത്ഥനാ-പരിചിന്തന സമ്മേളനം ചേർന്ന യുവജനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതയെ പലപ്പോഴും ചൂഷണം ചെയ്യുന്നതായ ഈ സായുധസംഘങ്ങളുടെ വിളികൾ തള്ളിക്കളയാൻ ബിഷപ്പ് സൊസ്തേനെ യുവജനത്തിനു പ്രചോദനം പകർന്നു. ഭാവി കെട്ടിപ്പടുക്കുന്നതിന് പൊള്ളയായ വാക്കുകൾ പോരായെന്ന് ഭരാണാധികാരികളെ ഓർമ്മിപ്പിച്ച അദ്ദേഹം യുവജനത്തിന് അനുകൂലമായ സമൂർത്ത നടപടികൾ ആവശ്യമാണെന്ന് പ്രസ്താവിച്ചു.
യുവതയെ സായുധസംഘർഷങ്ങൾ ആകർഷിക്കുന്നതു തടയുന്നതിന് സമാധാനത്തിൻറെ സന്ദേശ സംവാഹകരായി വൈദികരും സന്ന്യാസീസന്ന്യാസിനികളുമുൾപ്പടെ സഭാംഗങ്ങൾ രംഗത്തുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: