MAP

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല, സ്വർഗ്ഗാരോപിത നാഥയുടെ തിരുന്നാൾക്കുർബ്ബാന അബു ഗോഷിൽ, 15/08/25 ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല, സ്വർഗ്ഗാരോപിത നാഥയുടെ തിരുന്നാൾക്കുർബ്ബാന അബു ഗോഷിൽ, 15/08/25 

കർദ്ദിനാൾ പത്സബാല്ല: ക്രൈസ്തവർ ജീവൻ വിതയ്ക്കാൻ വിളക്കപ്പെട്ടവർ.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല.സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾദിനമായിരുന്ന ആഗസ്റ്റ് 15-ന് ഇസ്രായേലിലെ അബു ഗോഷിലുള്ള ബെനഡിക്ടയിൻ ആശ്രമത്തിൽ ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാത്താനിക ശക്തി പ്രവർത്തനനിരതമായിരിക്കുന്ന ലോകത്തിൽ ക്രൈസ്തവരുടെ ദൗത്യം ജീവൻ വിതയ്ക്കുന്നത് തുടരുകയാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല.

സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾദിനമായിരുന്ന ആഗസ്റ്റ് 15-ന് വെള്ളിയാഴ്ച ഇസ്രായേലിലെ അബു ഗോഷിലുള്ള ബെനഡിക്ടയിൻ ആശ്രമത്തിൽ അർപ്പിച്ച തിരുന്നാൾക്കുർബ്ബാന മദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നിരപരാധികളുടെ രക്തം ചിന്തപ്പെടുന്ന ദുരന്തത്തിന് അടുത്തെങ്ങും ഒരു അന്ത്യം ഉണ്ടാകില്ല എന്ന രീതിയിൽ കാര്യങ്ങൾ നീങ്ങുന്ന വസ്തുനിഷ്ഠമായ അവസ്ഥയെക്കുറിച്ച് പരാമർശിച്ച കർദ്ദിനാൾ പിത്സബാല്ല സാത്താൻറെ ഭീകരമായ ശക്തിയെ തോൽപ്പിക്കാൻ നമ്മുടെ മാനുഷികമായ കരുത്തിന് തനിച്ച് ആകില്ലെന്ന് പറഞ്ഞു.

സാത്താൻറെ  ശക്തി, ലോകത്തിൻറെ ശക്തി, ഇന്ന് വിശുദ്ധ നാട്ടിൽ പ്രബലപ്പെട്ടിരിക്കയാണെന്നും യുദ്ധം അവസാനിച്ചാൽ തന്നെയും ശത്രുതയ്ക്കും യുദ്ധം ഏല്പിച്ച വേദനകൾക്കും അന്ത്യമാകില്ലെന്നും പറഞ്ഞ അദ്ദേഹം ദൈവിക സംരക്ഷണയിലുള്ള ഒരു അഭയസങ്കേതത്തിൽ നാം എത്തേണ്ടതുണ്ടെന്നും ജീവൻറെ വിത്ത് അതിൻറെ എല്ലാ രൂപങ്ങളിലും കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ അഭയസങ്കേതമായി നാം മാറണമെന്നും ഉദ്ബോധിപ്പിച്ചു. മരണത്തിൻറെയും നാശത്തിൻറെയും മുന്നിൽ നമ്മൾ, നന്മവിതയ്ക്കാൻ ആഗ്രഹിക്കുകയും അതു ചെയ്യുകയും ചെയ്യുന്നവരുമായി സഖ്യം ഉറപ്പിക്കേണ്ടത് ആവശ്യമാണെന്നും ക്രിസ്തീയ ജീവിതം ലോകത്തിൻറെ മാനദണ്ഡങ്ങളെ കീഴ്മേൽ മറിക്കുന്നുവെന്നും കർദ്ദിനാൾ പിത്സബാല്ല പറഞ്ഞു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഓഗസ്റ്റ് 2025, 12:08