MAP

ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും മെത്രാൻസംഘമായ "സേക്കാം"'-ൻറെ ഇരുപതാം സമ്പൂർണ്ണ സമ്മേളനം റുവാണ്ടയിലെ കിഗലിയിൽ ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും മെത്രാൻസംഘമായ "സേക്കാം"'-ൻറെ ഇരുപതാം സമ്പൂർണ്ണ സമ്മേളനം റുവാണ്ടയിലെ കിഗലിയിൽ 

സഭ സമഗ്രമാനവപുരോഗതിക്കായുള്ള യത്നത്തിൽ പ്രതിജ്ഞാബദ്ധയാണ്, കർദ്ദിനാൾ ചേർണി!

റുവാണ്ടയിലെ കിഗലിയിൽ സേക്കാമിൻറെ ഇരുപതാം സമ്പൂർണ്ണ സമ്മേളനം . സമഗ്രമാനവവികസനത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ അഥവാ, ഡിക്കാസ്റ്ററിയുടെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകല ജനത്തിനും ക്രിസ്തുവിൻറെ പ്രത്യാശയും അനുരഞ്ജനവും സമാധാനവും എത്തിച്ചുകൊടുക്കുന്നതിന് പ്രാദേശിക സഭയ്ക്ക് എന്നും തുണയായി സമഗ്രമാനവവികസനത്തിനായുള്ള റോമൻകൂരിയാ വിഭാഗം, അഥവാ, ഡിക്കാസ്റ്ററി ഉണ്ടെന്ന് അതിൻറെ മേധാവി കർദ്ദിനാൾ മൈക്കിൾ ചേർണി ആഫ്രിക്കയിലെയും മഡഗാസ്ക്കറിലെയും മെത്രാൻസംഘത്തിന് – സേക്കാമിന് (SECAM-Symposium of Episcopal Conferences of Africa and Madagascar) ഉറപ്പുനല്കി.

റുവാണ്ടയിലെ കിഗലിയിൽ സേക്കാമിൻറെ ഇരുപതാം സമ്പൂർണ്ണ സമ്മേളനത്തിൻറെ ഉദ്ഘാടനയോഗത്തെ ജൂലൈ 31-ന് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമ്മേളനം ആഗസ്റ്റ് 4-ന് സമാപിക്കും.

2000 മുതൽ 2010 വരെ അന്നാട്ടിൽ താൻ സേവനമനുഷ്ഠിച്ചിട്ടുള്ളതും കർദ്ദിനാൾ ചേർണി അനുസ്മരിച്ചു. 2017-ൽ ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച സമഗ്ര മനുഷ്യവികസനത്തിനായുള്ള വിഭാഗം സമഗ്രമാനവപുരോഗതിയുടെ എല്ലാ മാനങ്ങളോടുമുള്ള സഭയുടെ നവീകൃത പ്രതിബദ്ധതയുടെ ആവിഷകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ദരിദ്രരുടെ സഭയും ദരിദ്രർക്ക് മുൻഗണന നൽകുന്ന സഭയുമായിരിക്കുകയെന്ന സുവിശേഷ പ്രതിബദ്ധതയാണ് ഈ വിഭാഗത്തിന് പ്രചോദനമെന്നും ഈ സുവിശേഷ പ്രതിബദ്ധത സഭയെ ആശങ്കാജനകങ്ങളായ വിവിധ മേഖലകളിലേക്ക് കൊണ്ടുപോകുന്നുവെന്നും കർദ്ദിനാൾ ചേർണി കൂട്ടിച്ചേർത്തു.

മാനവാന്തസ്സിൻറെയും മനുഷ്യാവകാശങ്ങളുടെയും ലംഘനങ്ങൾ, സാമ്പത്തികവും സാമൂഹികവുമായ അനീതി, അരക്ഷിതാവസ്ഥ, അക്രമം, തൊഴിലില്ലായ്മ, ചൂഷണം, പരിസ്ഥിതിത്തകർച്ച, കുടിയിറക്കപ്പെടൽ, മാനവിക അടിയന്തരാവസ്ഥകൾ, കുറ്റകൃത്യങ്ങൾ ജനാധിപത്യത്തിനെതിരായ ഭീഷണികൾ, മനുഷ്യക്കടത്ത്, രോഗം, മയക്കുമരുന്ന്, ആയുധങ്ങൾ തുടങ്ങിയവ ഈ ആശങ്കകൾക്ക് ഉദാഹരണങ്ങളായി അദ്ദേഹം നിരത്തി.

ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് സമഗ്രമാനവവികസന വിഭാഗം - ഡികാസ്റ്ററി-, എല്ലായിടത്തും മാനവസമൂഹത്തെ സുവിശേഷവൽക്കരിക്കുകയെന്ന ദൗത്യ നിർവ്വഹണത്തിന് പാപ്പായ്ക്കും മെത്രാന്മാർക്കും തുണയേകുന്നുവെന്ന് കർദ്ദിനാൾ ചേർണി പറഞ്ഞു.

സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം നിർമ്മിത ബുദ്ധിയുടെ ഗുണദോഷങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയും ജനങ്ങളുടെ ഭൗതിക ക്ഷേമം  മാത്രമല്ല, ബൗദ്ധികവും ആത്മീയവുമായ സുസ്ഥിതിയും  കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്നും ഇതിനർത്ഥം ഓരോ മനുഷ്യവ്യക്തിയുടെയും അലംഘനീയ അന്തസ്സ് സംരക്ഷിക്കുകയും ലോകജനതയുടെ സാംസ്കാരികവും ആത്മീയവുമായ സമ്പത്തും വൈവിധ്യവും ആദരിക്കുകയും ചെയ്യുക എന്നാണെന്നും വിശദീകരിച്ചു.

നിർമ്മിതബുദ്ധിയുടെ ഗുണദോഷങ്ങളെ ധാർമ്മികവും സാമൂഹികവും ആത്മീയവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യമായി  വിലയിരുത്തേണ്ടതിൻറെ ആവശ്യകത കർദ്ദിനാൾ ചേർണി ചൂണ്ടിക്കാട്ടി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഓഗസ്റ്റ് 2025, 11:56