MAP

ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം കർദ്ദിനാൾ സൂപ്പി - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം കർദ്ദിനാൾ സൂപ്പി - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

സമാധാനത്തിനും നീതിക്കും വേണ്ടി ഉപവസിക്കാനും പ്രാർത്ഥിക്കാനുമുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ

ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഓഗസ്റ്റ് 22-ആം തീയതി ഉപവാസവും പ്രാർത്ഥനയും നടത്താനുള്ള ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം സ്വീകരിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ. ബൊളോഞ്ഞ അതിരൂപതാധ്യക്ഷനും ഇറ്റലിയിലെ മെത്രാൻസമിതിയുടെ പ്രസിഡന്റുമായ കർദ്ദിനാൾ സൂപ്പിയാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധ നാട്ടിലും ഉക്രൈനിലും നടക്കുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം മുറിവേറ്റ നമ്മുടെ ഭൂമിക്കായി അനുരഞ്ജനം തേടി, ഉപവാസവും പ്രാർത്ഥനയും നടത്താൻ ലിയോ പതിനാലാമൻ പാപ്പാ മുന്നോട്ടുവച്ച ആഹ്വാനം സ്വീകരിച്ച് ഇറ്റലിയിലെ മെത്രാൻസമിതി. ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ, സമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താമെന്ന് ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ്, ഇതിനെ അനുകൂലിച്ച് ബൊളോഞ്ഞ അതിരൂപതാധ്യക്ഷനും ഇറ്റലിയിലെ മെത്രാൻസമിതിയുടെ പ്രസിഡന്റുമായ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി പ്രസ്ഥാവന നടത്തിയത്.

വിശുദ്ധ നാട്ടിലും ഉക്രൈനിലും ഉൾപ്പെടെ നടക്കുന്ന യുദ്ധങ്ങളുടെയും സായുധസംഘർഷങ്ങളുടെയും മുന്നിലാണ്, പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രത്യേകമായി ഉപവാസവും പ്രാർത്ഥനയും നടത്താൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടത്. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ, എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗ്ഗം കണ്ടെത്തുന്നതിനായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ഓഗസ്റ്റ് 20 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം ലിയോ പതിനാലാമൻ പാപ്പാ ആശംസിച്ചിരുന്നു.

ഇപ്പോഴും തുടരുന്ന അക്രമങ്ങളുടെയും വെറുപ്പിന്റെയും മരണത്തിന്റെയും അവസ്ഥകൾ, നിരായുധീകരിക്കുന്നതും ആയുധരഹിതവുമായ ഒരു സമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥനകൾ ശക്തിപ്പെടുത്താൻ ആവശ്യപ്പെടുന്നുണ്ടെന്ന് കർദ്ദിനാൾ സൂപ്പി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ ജനതകളിൽനിന്നും യുദ്ധമെന്ന ഭീകരത അകറ്റാനും, രാഷ്ട്രീയ, നയതന്ത്ര ചുമതലയുള്ളവരുടെ മനസ്സുകളെ പ്രകാശിപ്പിക്കാനും പരിശുദ്ധ 'അമ്മ സഹായിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാനമെന്നത് ആദ്ധ്യാത്മികമായ വെറുമൊരു സങ്കല്പം മാത്രമല്ലെന്നും, അത് അനുദിനജീവിതത്തിലെ ക്ഷമയും ധൈര്യവും നിറഞ്ഞതും, മറ്റുള്ളവരെ ശ്രവിക്കുന്നതും, അതനുസരിച്ച് പ്രവർത്തിക്കുന്നതുമായ എളിമയുടേതായ ഒരു വഴിയാണെന്നും ബൊളോഞ്ഞ അതിരൂപതാധ്യക്ഷൻ ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഓഗസ്റ്റ് 2025, 14:52