MAP

ആഫ്രിക്കൻ ജൂബിലി ആഘോഷവേളയിൽ ജനതയ്ക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ ആഫ്രിക്കൻ ജൂബിലി ആഘോഷവേളയിൽ ജനതയ്ക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ 

ദക്ഷിണാഫ്രിക്കൻ യുവജനത ജൂബിലിക്കായി റോമിലേക്ക്

ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റോമിൽ നടക്കുന്ന യുവജന ജൂബിലിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്ക, ബോട്സ്വാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നൂറു കണക്കിന് യുവതി യുവാക്കൾ തയാറെടുപ്പുകൾ തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തതിനാൽ ചില രൂപതകളിൽ നിന്നും യുവജനങ്ങൾക്ക് പങ്കെടുക്കുവാൻ സാധിക്കുന്നില്ലായെന്ന സങ്കടവും അംഗങ്ങൾ പങ്കുവക്കുന്നു

ഇസബെല്ല എച്ച് ദേ കർവല്ലോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജനസംഖ്യയുടെ പകുതിയിലധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്നും, യുവജന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ നിരവധി യുവാക്കൾ തയ്യാറെടുക്കുന്നു. ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ റോമിൽ വച്ചാണ് വിശ്വാസത്തിന്റെ ആഘോഷങ്ങൾ നടക്കുന്നത്. പരിശുദ്ധ പിതാവിനോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കാനും, വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങളിൽ പ്രാർത്ഥിക്കാനും, പ്രത്യാശയുടെ  വിശുദ്ധ വാതിലുകളിലേക്ക്  തീർത്ഥാടനം നടത്താനും ഏവരും ഒരുങ്ങിയിരിക്കുകയാണെന്നു യുവജനങ്ങൾ പറഞ്ഞു. പ്രിട്ടോറിയ അതിരൂപതയിൽ നിന്നുള്ള 35 വയസ്സുള്ള യൂത്ത് കമ്മീഷൻ ചെയർപേഴ്‌സൺ, മഷുംബുക ലോബിനയുടെ ആവേശം, ദക്ഷിണാഫ്രിക്കൻ യുവജനതയുടെ വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, ക്രൈസ്തവ സ്നേഹത്തിന്റെയും പ്രകടനമാണ്.

സബ്-സഹാറൻ ആഫ്രിക്കക്കാരിൽ 70% പേരും 30 വയസ്സിന് താഴെയുള്ളവരാണെങ്കിലും , ആഫ്രിക്കയെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനസംഖ്യയുള്ള ഭൂഖണ്ഡമാക്കി മാറ്റിയിട്ടും, റോമിലേക്കുള്ള തീർത്ഥാടനത്തിന് പണം സ്വരൂപിക്കാൻ നിരവധി യുവാക്കൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വന്നു. നിരവധി യുവാക്കൾ രാപകൽ അധ്വാനിച്ചാണ് പണം സ്വരൂപിച്ചത്. ജൂബിലി വർഷത്തിന്റെ തുടക്കത്തിൽ സംഘടിപ്പിച്ച  ഒരു പ്രാദേശിക യുവജന തീർത്ഥാടനത്തിൽ 2000 നും 3000 നും ഇടയിൽ യുവാക്കളാണ് പങ്കെടുത്തത്.

'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന വിഷയത്തിന്റെ വീക്ഷണകോണിൽ നിന്ന് വ്യത്യസ്ത ചിന്തകളായ ലിംഗാധിഷ്ഠിത അക്രമം, സ്ത്രീഹത്യ തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനശിബിരങ്ങളും ഈ കഴിഞ്ഞ കാലയളവുകളിൽ വിവിധ രൂപതകളിൽ സംഘടിപ്പിച്ചിട്ടുണ്ട്. യുവാക്കൾ സഭയ്ക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുന്നത് വളരെ നവോന്മേഷദായകമാണെന്ന് , മഷുംബുക പങ്കുവച്ചു.

ഈ ജൂബിലി തീർത്ഥാടനം, കേവലമൊരു ആഘോഷം മാത്രമല്ല, മറിച്ച് പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും, മാനസാന്തരത്തിന്റെയും സമയം  കൂടിയാണ്.  നിരവധി മാസങ്ങൾക്കു മുൻപ് തന്നെ ഇടവകകളിൽ യുവജനങ്ങൾ ഒത്തുകൂടി നൊവേന പ്രാർത്ഥനകളും, ജപമാലയും ചൊല്ലുകയും,  വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടും, ആരാധന നടത്തിയും തങ്ങളെ തന്നെ ആത്മീയമായി ഒരുക്കുക്കിയിരുന്നു. റോമിലേക്ക് പോകാൻ കഴിയാത്തവർക്ക് ജൂബിലിയുടെ അനുഭവം പ്രാദേശികമായി അനുഭവിക്കാൻ സഹായിക്കുന്നതിനുള്ള ഒരു മാർഗം കൂടിയായിരുന്നു ഈ നിമിഷങ്ങൾ. റോമിലെത്തുന്ന തീർത്ഥാടകർ വിവിധ ഇടങ്ങളിലാണ് തങ്ങുന്നത്.

പ്രിട്ടോറിയ അതിരൂപതയിൽ നിന്നുമെത്തുന്ന ഒരു കൂട്ടം യുവാക്കളെ, എം ഡി ആർ സഭയുടെ ഫ്രത്തോക്കിയയിലുള്ള  സാൻ ജൂസെപ്പെ സെമിനാരിയിലാണ് സ്വീകരിക്കുന്നത്.  താമസ സൗകര്യങ്ങൾക്കും മറ്റുമായി വിപുലമായ ക്രമീകരണങ്ങളാണ്, സഭയുടെ ജനറൽ ഫാ. ഹെലിബർത്തോ, സെമിനാരി റെക്ടർ ഫാ. മനോജ്, വൈസ് റെക്ടർ ഫാ. വിക്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സെമിനാരി വിദ്യാർത്ഥികൾ ഒരുക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ജൂലൈ 2025, 09:39