മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള അഞ്ചാം ലോകദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള അഞ്ചാം ലോകദിനം ആഗോളസഭാതലത്തിൽ ജൂലൈ 27-ന് ഞായറാഴ്ച ആചരിക്കപ്പെടുന്നു.
പരിശുദ്ധകന്യകാമറിയത്തിൻറെ മാതാപിതാക്കളായ വിശുദ്ധ യൊവാക്കിമിൻറെയും വിശുദ്ധ അന്നയുടേയും തിരുനാൾ അനുവർഷം ജൂലൈ 26-ന് ആചരിക്കപ്പെടുന്നതിനോടടുത്തുവരുന്ന ഞായറാഴ്ച, കൃത്യമായിപ്പറഞ്ഞാൽ ജൂലൈമാസത്തിലെ അവസാന ഞായറാഴ്ച, ആണ് മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള ഈ ദിനാചരണം
ഈ ദിനാചരണത്തോടനുബന്ധിച്ച് ഒരു സന്ദേശം ലിയൊ പതിനാലാമൻ പാപ്പാ ജൂൺ 26-ന് ഒപ്പുവച്ച് ജൂലൈ 10-ന് വ്യാഴാഴ്ച നല്കിയിരുന്നു. “പ്രത്യാശ കൈവെടിയാത്തവർ ഭാഗ്യവാന്മാർ” എന്ന വേദപുസ്തക വാക്യമാണ് ഈ ദിനാചരണത്തിൻറെ വിചിന്തനപ്രമേയമായി പാപ്പാ സ്വീകരിച്ചിരിക്കുന്നത്. പ്രഭാഷകൻറെ പുസ്തകം പതിനാലാം അദ്ധ്യായത്തിലെ രണ്ടാം വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് ഈ വാക്കുകൾ.
ഫ്രാൻസീസ് പാപ്പായാണ് മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യംചെന്നവർക്കും വേണ്ടിയുള്ള ഈ ലോകദിനാചരണം ഏർപ്പെടുത്തിയത്. 2021 ജനുവരി 31-ന്, മദ്ധ്യാഹ്നപ്രാർത്ഥനാവേളയിലാണ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: