MAP

ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ഉക്രൈനിലെ അപ്പസ്തോലിക പ്രതിനിധി ഭവനത്തിനും യുദ്ധത്തിൽ കേടുപാടുകൾ

ജൂലൈ മാസം 9,10 തീയതികളിൽ രാത്രി നടന്ന റഷ്യൻ ആക്രമണത്തിൽ ഉക്രൈനിലെ അപ്പസ്തോലിക പ്രതിനിധി (Apostolic Nuncio) ഭവനത്തിനും കേടുപാടുകൾ സംഭവിച്ചതായി നുൺഷ്യോ ആർച്ചുബിഷപ്പ് വിശ്വൽദാസ് കുൽബൊക്കാസ് വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച കൂടിക്കാഴ്ചയിൽ പറഞ്ഞു

സ്വിറ്റ്‌ലാന ദുക്കോവിച്ച്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റഷ്യ- ഉക്രൈൻ യുദ്ധം ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ ഭീകരതയ്ക്ക് അയവു വന്നിട്ടില്ലെന്ന് ഉക്രൈനിലെ അപ്പസ്തോലിക പ്രതിനിധി (Apostolic Nuncio)  ആർച്ചുബിഷപ്പ് വിശ്വൽദാസ് കുൽബൊക്കാസ് വത്തിക്കാൻ മാധ്യമത്തിന് അനുവദിച്ച കൂടിക്കാഴ്ചയിൽ ഹൃദയവേദനയോടെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നടന്ന ഡ്രോൺ ആക്രമണങ്ങളിലും മിസൈൽ വർഷങ്ങളിലും കീവ് നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കീവിൽ സ്ഥിതി ചെയ്യുന്ന അപ്പസ്തോലിക ന്യൂൺഷ്യോയുടെ ഭവനത്തിനു നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. എങ്കിലും ആളപായങ്ങളോ, മറ്റും ഉണ്ടായില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം നടന്ന സ്ഥലത്തു വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇരകളാകുന്ന സഹോദരങ്ങൾക്ക് വേണ്ടിയാണ് ദിവസവും പ്രഭാതത്തിൽ ബലിയർപ്പിക്കുന്നതെന്നും ആർച്ചുബിഷപ്പ്  എടുത്തു പറഞ്ഞു. എന്നാൽ തുടരെയുള്ള ഡ്രോൺ ആക്രമണങ്ങൾ  മൂലം ആളുകൾക്ക് കൃത്യമായി ജോലികൾ ചെയ്യുവാൻ കഴിയാത്തതും ഏറെ വിഷമകരമാണ്. അതുപോലെ തന്നെ തകർന്ന റോഡുകൾ യാത്രാതടസം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിസൈലുകളുടെയും ഡ്രോണുകളുടെയും ഇന്ധനത്തിന്റെ വിഷവസ്തുക്കൾ നഗരം മുഴുവൻ  വ്യാപിക്കുന്നതിനാൽ വായു മലിനീകരിക്കപ്പെടുകയും, നിരവധിയാളുകൾക്ക് അത് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും മോൺസിഞ്ഞോർ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ആക്രമണങ്ങളുടെ തീവ്രത വർധിച്ചത് ആശങ്കയുണർത്തുന്നുവെന്നും ആർച്ചുബിഷപ്പ് പങ്കുവച്ചു. ഈ ഒരു വിഷമ ഘട്ടത്തിൽ ഏവരുടെയും പ്രാർത്ഥനകളും ആർച്ചുബിഷപ്പ്  അഭ്യർത്ഥിച്ചു. ഈ ജൂബിലി വർഷത്തിൽ കർത്താവിന്റെ കാരുണ്യം പ്രത്യേകം യാചിച്ചുകൊണ്ട് സമാധാനം പുലരുമെന്ന പ്രത്യാശയിൽ വളരുവാൻ സാധിക്കട്ടെയെന്ന ആശംസയും ആർച്ചുബിഷപ്പ് നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജൂലൈ 2025, 11:01