രക്ഷ പ്രാപിക്കുവാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിൽ സ്നേഹം നിറഞ്ഞവരെ,
ജറുസലേമിലേക്ക് പീഡാസഹനത്തിനായും, മരണത്തിനായും അതിനു ശേഷം മഹത്വത്തിന്റെ ഉയിർപ്പിനുമായി കടന്നെത്തുന്ന യേശുവിന്റെ കാൽപ്പാടുകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒരു പക്ഷെ യേശുവിനെ മനുഷ്യരാൽ ശപിക്കപ്പെട്ടവനും ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവനുമായി മതിലുകൾക്ക് പുറത്ത് കുരിശിൽ മരിക്കുന്നവനായി മാത്രം ചിന്തിച്ചാൽ, പ്രത്യാശയുടെ ഉയിർത്തെഴുനേൽപ്പിലേക്ക് തീർത്ഥാടനം നടത്തുവാൻ നമുക്ക് സാധിക്കുകയില്ല. എന്നാൽ സ്നേഹത്തിന്റെയും സമ്പൂർണ്ണ ആത്മസമർപ്പണത്തിന്റെയും യാഗവേദി ഒരുക്കുന്ന ജറുസലേമിലേക്ക് നടന്നടുക്കുന്ന യേശു തന്റെ കൂടെ കൊണ്ടുപോകുന്നത്, മാനവകുലത്തിന്റെ മുഴുവൻ പാപഭാരമാണ്.
നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്റെ ശരീരത്തിൽ പീഡകളേൽക്കുവാൻ ആഗ്രഹത്തോടെ ജറുസലേമിലേക്ക് പോകുന്നതിനാൽ യേശു ശ്രേഷ്ഠനാണ്. യേശു തന്റെ ജീവിതത്തിന്റെ സഹന നിമിഷങ്ങളിലൂടെ നേടിത്തന്ന രക്ഷ നമ്മുടെ ജീവിതത്തിൽ സ്വന്തമാക്കുവാൻ നാം ജീവിതത്തിൽ അധ്വാനിക്കേണ്ടതുണ്ടോ? എന്നതാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് മുൻപിൽ വയ്ക്കുന്ന ചോദ്യം.
രക്ഷപ്രാപിക്കുക കൂട്ടായ്മയിലാണ്
കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? ഈ ചോദ്യം ഒരുപക്ഷെ വളരെ ലളിതമായി നമുക്ക് തോന്നാമെങ്കിലും അതിന്റെ ആഴം ഗ്രഹിക്കുവാൻ നമ്മുടെ വ്യക്തിപരമായ ജീവിതത്തെ യേശുവിന്റെ ജീവിതത്തോട് ചേർത്തുവച്ചുകൊണ്ട് ധ്യാനിക്കണം. ഭയം മാത്രം വെളിപ്പെടുത്തുകയും രക്ഷയുടെ നിലവിലില്ലാത്ത ഉറപ്പ് തേടുകയും ചെയ്യുന്ന വിലയില്ലാത്ത ഒരു ചോദ്യമായി ഇതിനെ നാം വിലയിരുത്തിയെന്നു വരാം. ജറുസലേമിൽ നിന്ന് സ്വയം അകന്നു നിന്ന് തന്റെ രക്ഷ മാത്രം ആഗ്രഹിക്കുന്നവന്റെ ഒരു ചോദ്യം. അല്ലെങ്കിൽ നമ്മെ സുഖപ്പെടുത്താൻ മാത്രം സഹായിക്കുന്ന മാനുഷിക ഗുണങ്ങളിലൂടെ നമ്മുടെ രക്ഷ കൈവരണമെന്നു ആഗ്രഹിച്ചു ചോദിക്കുന്ന ഒരു ചോദ്യം. അതുമല്ലെങ്കിൽ, നമ്മിൽ നിന്ന് തന്നെ, നമ്മെ രക്ഷിക്കാൻ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു ചോദ്യം. എന്നാൽ ഈ ചോദ്യത്തിൽ വിസ്മരിക്കപ്പെടുന്ന വലിയ സത്യം കർത്താവ് നമുക്ക് കാട്ടിത്തരുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും കൂട്ടായ്മ മാതൃകയാണ്. ഇവിടെയാണ് യേശു പറയുന്നത്: " ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല."
നല്ലവരാകണമെങ്കിൽ സ്നേഹത്തിന്റെ സാക്ഷികളാകണം
അതായത് രക്ഷ ജീവിതത്തിൽ അനുഭവവേദ്യമാകണമെങ്കിൽ, ജീവിതത്തിന്റെ സഹനവഴികളിലൂടെ തീർത്ഥാടനം നടത്തണം. എന്നാൽ ഈ സഹനവഴികളിൽ മറ്റുള്ളവന് താങ്ങായും തണലായും നാം നിൽക്കാതെ, സ്വന്തം താത്പര്യം മാത്രം നോക്കികൊണ്ട് മുമ്പോട്ടു യാത്ര ചെയ്യുമ്പോഴാണ്, യേശു നമ്മെ നോക്കി പറയുന്നത് "നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല" എന്ന്. അതിനാൽ രക്ഷയുടെ ഒരു അടിസ്ഥാനം എന്നുള്ളത് സഹനത്തിലൂടെ കടന്നു പോകുന്നതും, അതേസമയം സഹനത്തിലൂടെ മുൻപോട്ടുപോകുവാൻ മറ്റുള്ളവരെ സഹായിക്കുക എന്നതുമാണ്.
ദൈവത്തിന്, "നല്ലവർ" എന്നാൽ സ്നേഹത്താൽ വലയം ചെയ്യപ്പെടാൻ സ്വയം അനുവദിക്കുകയും മറ്റുള്ളവരെ സ്നേഹത്താൽ ആലിംഗനം ചെയ്യുകയും ചെയ്യുന്നവരാണ്. നല്ലവരുടെ ഈ കൂട്ടായ്മയിൽ പങ്കുപറ്റുന്നതാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള യോഗ്യതയും. മനുഷ്യൻ കാണുന്ന ബാഹ്യരൂപങ്ങളെയല്ല ദൈവം നോക്കുന്നത്. മറിച്ച് ദൈവം തന്റെ ദൃഷ്ടികൾ പതിപ്പിക്കുന്നത് നമ്മുടെ ഹൃദയ വിചാരങ്ങളെയും നമ്മുടെ ജീവിതത്തിന്റെ ലളിതമായ പ്രവൃത്തികളെയുമാണ്.
ഇടുങ്ങിയ വാതിൽ ദൈവജ്ഞാനത്തിന്റേതാണ്
ഇടുങ്ങിയ വാതിൽ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതിനെയും കാര്യങ്ങൾ നന്നായി ചെയ്യുന്നതിനെയും കുറിച്ചല്ല, മറിച്ച്, ദൈവഹൃത്തിനു നമ്മെത്തന്നെ അനുരൂപരാക്കുന്നതിനെകുറിച്ചാണ് പറയുന്നത്. അപ്രകാരം യേശുവിന്റെ ഹൃദയത്തിനു അനുരൂപരാകുമ്പോഴാണ് ജീവിതത്തിൽ അനീതിയുടെ പ്രവൃത്തികൾ ഒഴിവാക്കുവാൻ നമുക്ക് സാധിക്കുന്നത്. മനുഷ്യത്വത്തെ സ്നേഹിക്കാൻ യേശു കയറുന്ന കുരിശിലേക്കും, ബലിപീഠത്തിലേക്കും തുടർന്ന് സിംഹാസനത്തിലേക്കുമുള്ള പാതയാണ് ഇടുങ്ങിയ പാത. ഇത് ദൈവജ്ഞാനത്തിന്റെ പാതയാണ്.
ദൈവാരാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിൽ കൽപ്പനകൾ അനുസരിച്ചുള്ള ജീവിതമാണ്
ദൈവത്തിന്റെ ജ്ഞാനം മനുഷ്യർക്ക് നൽകപ്പെട്ട ദൃശ്യമായ അടയാളമാണ്, ഒന്നാം വായനയിൽ നാം ശ്രവിച്ച ദൈവീക ഉടമ്പടിയുടെ പത്തു കൽപ്പനകൾ. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളം കാലം എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവര്‍ അതു തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനും എന്‍െറ വാക്കുകള്‍ അവര്‍ കേള്‍ക്കട്ടെ. എന്നാണ് വചനം പറയുന്നത്. എന്നാൽ ഇത് ബാഹ്യമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നതിന് മാത്രമല്ല മറിച്ച്, ദൈവരാജ്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ നമ്മെ സഹായിക്കുന്നതിനും, അതുപോലെ നമ്മുടെ ജീവിത സാക്ഷ്യം വഴിയായി മറ്റുള്ളവരെ സഹായിക്കുന്നതിനുമാണ്. സുവിശേഷത്തിൽ പറുദീസയിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നു യേശു പഠിപ്പിക്കുമ്പോൾ, ഈ ഒന്നാം വായന, ഇടുങ്ങിയ വഴിയുടെ ഒരു മാതൃക കൽപ്പനകൾ അനുസരിച്ചുള്ള ജീവിതമാണെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
കർത്താവുമായും, സഹോദരങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കുന്നതാണ്, ഇടുങ്ങിയ വാതിൽ
രണ്ടാം വായനയും ഇതിനു സമാനമായി ദൈവഹിതത്തിനു അനുസരണം ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം വീടോടു വീടുചേര്‍ത്ത്, വയലോടു വയല്‍ചേര്‍ത്ത്, അതിന്‍െറ മധ്യത്തില്‍ തനിച്ചുവസിക്കുന്നവര്‍ക്കു ദുരിതം, എന്ന ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ, ഒരു പക്ഷെ നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക് അനുഭവവേദ്യമായിട്ടുള്ള കാര്യങ്ങളാണ്. നിസാരങ്ങളായ പ്രശ്നങ്ങൾക്കുവേണ്ടി ബന്ധങ്ങൾ അകന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വരാനിരിക്കുന്ന വലിയ ദൈവമഹത്വത്തെ പറ്റി തെല്ലും ചിന്തയില്ലാതെ, നൈമിഷികമായ സുഖങ്ങൾക്കുവേണ്ടി വിശാലമായ വഴികളിലൂടെ നാം യാത്ര ചെയ്യുമ്പോൾ അപരനെ മറന്നു പോകുന്ന അവസ്ഥയെക്കുറിച്ചാണ് പ്രവാചകൻ നമുക്ക് മുന്നറിയിപ്പ് നൽകുന്നത്. അതിനാൽ, രണ്ടാം വായനയിൽ ഇടുങ്ങിയ വാതിൽ നമ്മെ ക്ഷണിക്കുന്നത്, കര്‍ത്താവിന്‍െറ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുന്നതിനും, അവന്റെ കരവേലകളെ തിരിച്ചറിയുന്നതിനുമാണ്. എന്‍െറ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നു എന്ന വേദനയോടുകൂടിയ ദൈവത്തിന്റെ വാക്കുകൾ ചിലപ്പോൾ നമ്മുടെ ജീവിത അവസ്ഥകളെ നോക്കി അവൻ ഇന്നും പറയുന്നുണ്ടാവാം. അതിനാൽ കർത്താവുമായും, സഹോദരങ്ങളുമായുമുള്ള ബന്ധം സുദൃഢമാക്കുന്നതാണ്, ഇടുങ്ങിയ വാതിൽ എന്നതാണ് രണ്ടാം വായന നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
ജാഗരൂകതയോടെ ജീവിക്കുന്നതാണ് ഇടുങ്ങിയ വാതിൽ
പഴയനിയമത്തിലെ ഈ രണ്ടു വായനകളിൽ പ്രതിപാദിച്ചിരിക്കുന്ന ദൈവഹിതത്തിനു യോജിച്ച വിധമുള്ള പ്രവൃത്തികളും, സുവിശേഷത്തിലെ ഇടുങ്ങിയ വാതിലും തന്റെ ജീവിതത്തിലൂടെ മാതൃകയായി നൽകിയ വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ജീവിതമാണ് ലേഖന വായനയിൽ നാം ശ്രവിക്കുന്നത്. കോറിന്തോസിലെ സഭയോടൊത്ത് വസിക്കുന്നതിനും അവർക്ക് സുവിശേഷം പകർന്നു കൊടുക്കുന്നതിനും ആഗ്രഹിച്ചു കടന്നു വരുന്ന വിശുദ്ധ പൗലോസ് എല്ലാം ചെയ്യുന്നത്, ഒരു കടമ തീർക്കൽ മാത്രമായിട്ടല്ല, മറിച്ച് സ്നേഹത്തിന്റെ ജീവിത സാക്ഷ്യമായിട്ടാണ്. അവസാനം പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശം ഇപ്രകാരമാണ്: "നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിന്‍. നിങ്ങളുടെ സകല കാര്യങ്ങളും സ്നേഹത്തോടെ നിര്‍വഹിക്കുവിന്‍." ഈ വചനങ്ങളിലൂടെ ആദിമ സഭാസമൂഹത്തിനു ശ്ലീഹ കരുത്തു പകരുകയാണ്.
ദൈവരാജ്യപ്രവേശനത്തിനുള്ള പരിശ്രമം ഇന്ന് ആരംഭിക്കണം
അതിനാൽ പ്രിയ സഹോദരങ്ങളെ ദൈവരാജ്യത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നമുക്ക് ആരംഭിക്കാം. ഒരുപക്ഷെ നാളെയാവട്ടെ എന്ന് കരുതി ജീവിതം മുൻപോട്ടു നയിക്കുകയാണെങ്കിൽ, വിളക്കിൽ എണ്ണയെടുക്കാതെ മണവാളനെ സ്വീകരിക്കുവാൻ വന്ന മണവാട്ടിമാരെ പോലെ, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. അതിനാൽ ജീവിതത്തിന്റെ സഹനങ്ങളും, വേദനകളും കഷ്ടപ്പാടുകളുമെല്ലാം ഇടുങ്ങിയ വാതിൽ എന്നോണം കടന്നെത്തുമ്പോഴാണ് കണ്ണ് കണ്ടിട്ടില്ലാത്തതും, കാത്തു കേട്ടിട്ടില്ലാത്തതുമായ നിത്യരാജ്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്ക് സാധിക്കുക. അതിനായുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: