ദൈവദാസൻ ലികാരിയോൺ മായ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാരിസ്റ്റ് സന്ന്യസ്ത സഹോദരസമൂഹാംഗമായിരുന്ന ലികാരിയോൺ മായ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
ജൂലൈ 12-ന് ശനിയാഴ്ച സ്പെയിനിലെ ബർസെലോണയിൽ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിൻറെ നാമത്തിലുള്ള ഇടവകയായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനതിരുക്കർമ്മ വേദി. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേയാണ് സന്ന്യസ്തസഹോദരൻ ലികാരിയോൺ മായ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.
“ദുരന്ത വാരം” എന്നറിയപ്പെടുന്ന, 1909 ജൂലൈ 26 – ആഗസ്റ്റ് 2 വരെ ബർസെലോണയിലും സ്പെയിനിലെ ഇതരനഗരങ്ങളിലുമുണ്ടായ അക്രമപരമ്പരയുടെ ഇരയാണ് നവവാഴ്ത്തപ്പെട്ട ലികാരിയോൺ.
സ്വിറ്റ്സർലണ്ടിലെ ബാഞ്ഞെ (Bagnes) എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം. ഫ്രാൻസ്വ ബെഞ്ചമിൻ എന്നായിരുന്ന മാമ്മോദീസാനാമം. കത്തോലിക്കാവിശ്വാസത്തിൽ വളർന്ന നവവാഴ്ത്തപ്പെട്ട ലികാരിയോൺ പതിനെട്ടാമത്തെ വയസ്സിൽ മാരിസ്റ്റ് സന്ന്യസ്തസഹോദര സമൂഹത്തിൽ ചേർന്നു. 1888 ആഗസ്റ്റ് 15-ന് സന്ന്യാസ വസ്ത്ര സ്വീകരണാന്തരമാണ് ലികാരിയോൺ മായ് എന്ന പേരു അദ്ദേഹം സ്വീകരിച്ചത്. 1893 ആഗസ്റ്റ് 15-നായിരുന്നു അദ്ദേഹത്തിൻറെ നിത്യവ്രതവാഗ്ദാനം. സ്പെയിനിലേക്കയക്കപ്പെട്ട ലികാരിയോൺ പിന്നീട് ബർസെലോണയിൽ ഒരു വിദ്യാലായം തുടങ്ങാനും അതിൻറെ ചുക്കാൻ പിടിക്കാനും നിയുക്തനായി. എന്നാൽ ആയിടെ ആ പ്രദേശത്തുതന്നെ മതവിരുദ്ധാശയങ്ങളാൽ മുദ്രിതമായ ഒരു വിദ്യാലയവും സ്ഥാപിതമായി. ഒരു മതവിരുദ്ധ സംഘടനയും അവിടെ പ്രവർത്തനിരതമായിരുന്നു. ഇവ രണ്ടും ലികാരിയോൺ നയിക്കുന്ന വിദ്യാലയത്തിന് എതിരായി നിലകൊണ്ടു.
അതിനിടെ, സാമൂഹ്യ ഞെരുക്കങ്ങളുടെ ഫലമായി അവിടെ ജനകീയ പ്രക്ഷോഭണം പൊട്ടിപുറപ്പെട്ടു. സർക്കാരിൻറെ നിർബന്ധിത സൈനികസേവന ഉത്തരവിനെ ജനങ്ങൾ എതിർത്തു. അരാജകവാദികൾ, കമ്മ്യൂണിസ്റ്റുകൾ, റിപ്പബ്ലിക്കന്മാർ എന്നിവരുടെ പിന്തുണയോടെ, കലാപം തുറന്ന ഏറ്റുമുട്ടലുകളായി പരിണമിച്ചു. ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും, കത്തോലിക്കാ വിദ്യാലയങ്ങളും കൊള്ളയടിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. 1909 ജൂലൈ 26-നും 27-നും ഇടയ്ക്കുള്ള രാത്രിയിൽ, മാരിസ്റ്റ് സഹോദരങ്ങളുടെ വിദ്യാലയത്തിന് കൊള്ളിവയ്ക്കപ്പെട്ടു. ജൂലൈ 27-നു രാവിലെ, ഒരു വ്യാജ അറിയിപ്പുണ്ടായതിനെ തുടർന്ന് ആശ്രമവാസികൾ പുറത്തേക്കിറങ്ങിയ ഉടനെ അവർക്കു നേരെ വെടവെയ്പ്പുണ്ടായി. മുന്നിലായിരുന്ന സഹോദൻ ലികാരിയോൺ വെടിയേറ്റു വീണു. തുടർന്ന് അക്രമികൾ കല്ലുകളും വടിവാളുകളും ഉപയോഗിച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: