സത്യം ശ്രവിക്കപ്പെടുന്നതിനുള്ള ശ്രമം തുടരും, സുഡാനിലെ മെത്രാൻ കുസ്സാല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘർഷങ്ങൾക്ക് ഇരകളായവർക്കും അതിൽ മുറിവേറ്റവർക്കുമൊപ്പമുള്ള യാത്ര മെത്രാൻ എന്ന നിലയിൽ താൻ തുടരുകയും സത്യം ശ്രവിക്കപ്പെടുന്നതുവരെ സ്വരമുയർത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ സുഡാനിലെ തൊംബൂറൊ യാംബിയൊ രൂപതയുടെ മെത്രാൻ ബറാനി എദ്വാർദൊ ഹീബൊറൊ കുസ്സാല.
2023-ൽ ദക്ഷിണ സുഡാനിലെ സൈന്യവും അർദ്ധസൈനികവിഭാഗം ആർ എസ് എഫും തമ്മിൽ നടന്ന പോരാട്ടത്തിന് ഇരകളായവരെ അനുസ്മരിക്കുന്ന രക്തസാക്ഷിദിനം ജൂലൈ 30-ന് ആചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമാധാനത്തിനുവേണ്ടിയുള്ള മതാന്തരസമിതിയുടെ അദ്ധ്യക്ഷൻകൂടിയായ അദ്ദേഹം ഫീദെസ് പ്രേഷിത വാർത്താ ഏജൻസിയോട് ഇപ്രകാരം പറഞ്ഞത്.
വേദനയുള്ളിടത്ത് സമാധാനവും മരണം വാഴുന്നിടത്ത് ജീവനും എത്തിച്ചുകൊണ്ട് ഈ രക്തസാക്ഷികൾക്ക് ആദരവർപ്പിക്കാൻ ക്ഷണിച്ച ബിഷപ്പ് ബറാനി എദ്വാർദൊ, സഭയെ അനുരഞ്ജനത്തിനും സംഭാഷണത്തിനുമുള്ള ഇടമാക്കുന്നതിനും സമാധാനത്തിനായി അവിരാമം പ്രാർത്ഥിക്കാനുമുള്ള ശ്രമം താൻ തുടരുമെന്നും ഒരിക്കലും മൗനമവലംബിക്കില്ലെന്നും സമാധാനം പ്രബലപ്പെടുന്നതുവരെ കീഴടങ്ങാതെ ജനത്തിനൊപ്പം ഉണ്ടാകുമെന്നും ഉറപ്പുനല്കി.
രക്തച്ചൊരിച്ചിലുകൾ നടന്നിട്ടും വീടുകൾ അഗ്നിക്കിരയക്കാപ്പെട്ടിട്ടും കുടുംബങ്ങൾ തകർന്നന്നിട്ടും സ്വപ്നങ്ങൾ കുഴിച്ചുമൂടപ്പെട്ടിട്ടും വർഷങ്ങൾ പിന്നിട്ടതിനു ശേഷം ഇപ്പോഴും ജനങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകൾക്കടിയിൽ ജീവിക്കുകയും അവർക്ക് കുടിക്കാൻ ശുദ്ധജലം ലഭിക്കാതിരിക്കുകയും അവർ ഭയത്തോടെ നടക്കേണ്ടിവരികയും ചെയ്യുന്ന ദുരവസ്ഥയാണുള്ളതെന്ന് വേദനയോടും ധാർമ്മികരോഷത്തോടുംകൂടെ അനുസ്മരിച്ച അദ്ദേഹം ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല പ്രത്യുത, മാനവിക ദുരന്തവും ധാർമ്മിക പരാജയവുമാണെന്ന് കുറ്റപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: