MAP

ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ പ്രഭാഷണം നടത്തുന്നു ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ പ്രഭാഷണം നടത്തുന്നു 

മലങ്കരസഭ നൽകുന്ന ശുശ്രൂഷകളുടെ പ്രാധാന്യം എടുത്തുകാട്ടി ആർച്ച്ബിഷപ് ഗാല്ലഗർ

മലങ്കര സഭയുടെ ധന്യമായ ചരിത്രവും, അപ്പസ്തോലികപാരമ്പര്യത്തിലൂന്നിയ ഈ സഭയുടെ ശുശ്രൂഷകളുടെ പ്രാധാന്യവും എടുത്തുപറഞ്ഞ് ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ ജൂലൈ 15-ആം തീയതി മലങ്കര ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട അവസരത്തിൽ നടത്തിയ പ്രഭാഷണമദ്ധ്യേയാണ്, ഈ സഭ നാളിതുവരെ ചെയ്തുപോന്നതും ഇനിയും തുടരേണ്ടതുമായ ശുശ്രൂഷകളുടെ പ്രാധാന്യം വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അപ്പസ്തോലികപാരമ്പര്യത്തിലൂന്നിയ മലങ്കരസഭ നൂറ്റാണ്ടുകളായി, വിദ്യാഭ്യാസ, ആധ്യാത്മിക, ശുശ്രൂഷാമേഖലകളിൽ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ചും, സമകാലീന, ഭാവി തലമുറകൾക്കായി ശുശ്രൂഷ തുടരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയും ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ മലങ്കര ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടുന്നതിനോടനുബന്ധിച്ച് ജൂലൈ 15 ചൊവ്വാഴ്ച നടത്തിയ പ്രഭാഷണമദ്ധ്യേ, പ്രാർത്ഥനയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ത്യാഗപ്രവർത്തങ്ങളിലൂടെയും നിങ്ങളുടെ പൂർവ്വികർ അനേകരുടെ ജീവിതത്തെയും സമൂഹങ്ങളെയും രൂപപ്പെടുത്തുന്ന ഇതുപോലെയുള്ള സ്ഥാപനങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്‌മരിച്ചു.

പൂർവ്വികർ അവശേഷിപ്പിച്ചുപോയ നല്ല കാര്യങ്ങളും സ്ഥാപനങ്ങളും ഏറ്റെടുക്കുക മാത്രമല്ല, അവരെപ്പോലെ ശുശ്രൂഷ തുടരുക കൂടി വേണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ, വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി കൂടിയായ ആർച്ച്ബിഷപ് ഗാല്ലഗർ ഓർമ്മിപ്പിച്ചു. മലങ്കര ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഈയൊരർത്ഥത്തിൽ വരും തലമുറകളോടുള്ള സഭയുടെ ഉത്തരവാദിത്വത്തിന്റെ പ്രകടമായ ഒരു പ്രഖ്യാപനമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ സ്ഥാപനം, വിശ്വാസവും ബുദ്ധിയും ഒരുമയോടെ പരിപോഷിപ്പിക്കപ്പെടുന്ന ഒരിടമായിരിക്കുമെന്നും, ആഴമേറിയ വിചിന്തനങ്ങൾക്കും പഠനങ്ങൾക്കും, ആധ്യാത്മികവളർച്ചയ്ക്കുമുള്ള ഒരു സങ്കേതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുദ്ധിമതികളും ഇടയന്മാരുമായി മാത്രമല്ല, കാരുണ്യമുള്ള നേതാക്കളും, പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയുന്നവരും, മാനവികതയുടെ ശുശ്രൂഷകരുമായി ആളുകളെ പരിശീലിപ്പിക്കാനുള്ള ഒരിടമാണിതെന്ന് ആർച്ച്ബിഷപ് ഗാല്ലഗർ പറഞ്ഞു. ക്രിസ്തുവിന്റെ പ്രകാശം പരത്തുന്ന പ്രത്യാശയുടെ ഒരു ദീപസ്തംഭമായിരിക്കും ഈ സ്ഥാപനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പശ്ചാത്തലങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും സ്വാഗതമരുളുന്ന ഒരു സ്ഥാപനമായിരിക്കണം ഇതെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. പാർശ്വവത്കരിക്കപ്പെട്ടവർക്കും തങ്ങളുടേതായ ഇടം കണ്ടെത്താൻ സാധിക്കുന്നതും, നീതിയും കരുണയും ഒരുമിച്ച് വാഴുന്നതും, ദൈവം തങ്ങൾക്ക് നൽകിയ കഴിവുകളെ വളർത്തിയെടുക്കാൻ ഏവർക്കും സാധിക്കുന്നതുമായ ഒരിടമായിരിക്കണം ഈ സ്ഥാപനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസത്തിന്റെ അഗ്നിയാൽ ഹൃദയങ്ങൾ ജ്വലിപ്പിക്കപ്പെടുന്നതും, നാളെയുടെ വെല്ലുവിളികളെ ഏറ്റെടുക്കാനായി ഹൃദയങ്ങളെ മൂർച്ചപ്പെടുത്തുന്നതുമായ ഒരിടമാകാൻ ഈ സ്ഥാപനത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഏവരും ഒരുമിച്ച് ഉത്തരവാദിത്വങ്ങൾ പങ്കിടേണ്ടതിനെക്കുറിച്ച് ഈ സ്ഥാപനശിലാസ്ഥാപനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പ്രസ്താവിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, വൈദികരും, അല്മയരും, അധ്യാപകരും വിദ്യാർത്ഥികളും ഉപകാരികളും ജോലിക്കാരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂലൈ 2025, 18:57