കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടെ നിര്യാരണത്തിൽ അനുശോചനമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അർജന്റീനയിലെ ബൊയ്നസ് ഐറെസ് രൂപതയിൽ ജൂൺ 30 തിങ്കളാഴ്ച മരണമടഞ്ഞ കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടെ (Cardinale Luis Pascual Dri O.F.M. Cap) നിര്യാരണത്തിൽ അനുശോചനസന്ദേശമയച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ് ജൂലൈ രണ്ടാം തീയതി ബുധനാഴ്ച പാപ്പായുടെ പേരിൽ ബൊയ്നസ് ഐറെസ് അതിരൂപത ആർച്ബിഷപ്പ് അഭിവന്ദ്യ ഹോർഹെ ഇഞ്ഞാസിയോ ഗർസീയ ക്വെയെർവായ്ക്ക് (H.E. Mons. Jorge Ignacio García Cuerva) ടെലെഗ്രാം സന്ദേശമയച്ചത്.
കർദ്ദിനാൾ പാസ്ക്വാൽ ദ്രിയുടെ വേർപാടിൽ ദുഃഖിക്കുന്ന, അദ്ദേഹവും അംഗമായിരുന്ന കപ്പൂച്ചിൻ സമൂഹത്തിനും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും, അതിരൂപതയിലെ വൈദികർക്കും, സന്ന്യസ്തസമൂഹങ്ങൾക്കും അതിരൂപതയിലെ വിശ്വാസികൾക്കും പാപ്പായുടെ അനുശോചനങ്ങൾ കർദ്ദിനാൾ പരൊളീൻ നേർന്നു.
ഫ്രാൻസിസ് പാപ്പാ ഏറെ വിലമതിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടേതെന്ന് അനുസ്മരിച്ച കർദ്ദിനാൾ പരൊളീൻ, ദീർഘനാളുകൾ കുമ്പസാരക്കാരനും അദ്ധ്യാത്മികപിതാവുമായി സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹത്തിന് നിത്യശ്വാസം ലഭിക്കട്ടെയെന്നും, കർത്താവായ യേശു അദ്ദേഹത്തിന് മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നല്കട്ടെയെന്നും ലിയോ പാപ്പാ ആശംസിക്കുന്നുവെന്ന് എഴുതി.
ബൊയ്നസ് ഐറെസ് അതിരൂപതയിലെ പോംപെ മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടനദേവാലയത്തിൽ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്തിരുന്ന കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയെ 2023-ലാണ് ഫ്രാൻസിസ് പാപ്പാ കർദ്ദിനാളായി ഉയർത്തിയത്. മരണമടയുമ്പോൾ കർദ്ദിനാൾ പാസ്ക്വാൽ ദ്രിയ്ക്ക് തൊണ്ണൂറ്റിയെട്ട് വയസ്സുണ്ടായിരുന്നു.
കർദ്ദിനാൾ ലൂയിസ് പാസ്ക്വാൽ ദ്രിയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിന്റെ എണ്ണം 250 ആയി. ഇവരിൽ 132 പേർ വോട്ടവകാശമുള്ളവരും 118 പേർ വോട്ടവകാശമില്ലാത്തവരുമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: