തിരുഹൃദയസ്നേഹത്തിനു മുൻപിൽ നമുക്ക് നിസ്സംഗത പാലിക്കുക അസാധ്യം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സ്നേഹം ഏറെ ആവശ്യമുള്ള ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. അക്രമം, ഭയം, നിരാശ, പ്രതിസന്ധി, നിരുത്സാഹം എന്നിവ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, മനുഷ്യത്വം, അത് കൊണ്ടുവരുന്ന എല്ലാ സൗന്ദര്യത്തോടും, അതിന്റെ എല്ലാ വികസനങ്ങളോടും നേട്ടങ്ങളോടും കൂടി,അനുഭവിക്കണമെങ്കിൽ ഉന്നതങ്ങളിൽ നിന്നും നമ്മെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഹൃദയം ആവശ്യമാണ്. മൂല്യങ്ങൾ മറക്കുന്ന, ക്ഷണികമായതിൽ സംതൃപ്തരായ, ഉപരിപ്ലവമായതിൽ സ്ഥിരതാമസമാക്കുന്ന, അസ്തിത്വത്തിന്റെ അർത്ഥം കണ്ടെത്താൻ കഴിയാത്ത ഒരു സമൂഹത്തിൽ മനുഷ്യൻ തളർന്നു പോകുന്ന അവസ്ഥയിൽ, മനുഷ്യഹൃദയത്തിനു ആശ്വാസം പകരുന്ന ഒന്നാണ് യേശുവിന്റെ തിരുഹൃദയം. മറ്റുള്ളവരെ ശത്രുക്കളായും ഭീഷണികളായും അപകടങ്ങളായും കണ്ട് ജീവിക്കാൻ നാമെല്ലാവരും വിധിക്കപ്പെട്ടിരിക്കുന്നതിനാൽ യഥാർത്ഥ സ്നേഹം എന്താണെന്നു തിരിച്ചറിയുവാൻ പോലും കഴിയാത്ത ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഹൃദയപൂർവ്വമായ സ്നേഹം ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ സ്നേഹം എവിടെ നിന്ന് സ്വീകരിക്കുവാൻ സാധിക്കും എന്നതിൽ സംശയത്തോടെ മനുഷ്യൻ ആയിരിക്കുന്നതും ഇന്നിന്റെ യാഥാർഥ്യമാണ്.
യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രത്യേകത അത് ആശയങ്ങളിലൂടെയും വാക്കുകളിലൂടെയും രൂപപ്പെടുത്താത്ത ഒരു ഉത്തരം നമുക്ക് നൽകുന്നതാണ്. ദൈവം ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത്, അവന്റെ ഭാഷ മനസ്സിലാക്കാൻ കഴിയുന്നതല്ല, മറിച്ച് അസ്തിത്വപരമായതാണ്. വാത്സല്യം, കരുണ, അനുകമ്പ, നന്മ, എന്നിങ്ങനെ വാക്കുകൾക്ക് നിർവചിക്കാൻ കഴിയാത്തതും എന്നാൽ ഹൃദയം കൊണ്ട് മാത്രം അനുഭവിക്കുവാൻ സാധിക്കുന്നതുമായ അനുഭവത്തിലേക്കാണ് യേശുവിന്റെ തിരുഹൃദയം നമ്മെ ക്ഷണിക്കുന്നത്. ആയതിനാൽ കർത്താവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന സ്നേഹത്തിന്റെ പാത നമ്മുടെ ജീവിതത്തിലും സ്വീകരിക്കാൻ നാം സമ്മതിച്ചാൽ മാത്രമേ, മനുഷ്യവർഗം മുഴുവനും യഥാർത്ഥ സന്തോഷത്തിലേക്ക് നയിക്കുന്ന പാത കണ്ടെത്തുകയുള്ളൂ.
ദൈവത്തിന്റെ നിരന്തരമായ അന്വേഷണമാണ് സ്നേഹം, അവൻ എപ്പോഴും അവന്റെ സാന്നിധ്യം, സഹായം, പരിചരണം എന്നിവ ആവശ്യമുള്ളവരെ അന്വേഷിക്കുന്നു. ദൈവത്തിന്റെ സ്നേഹം ഒരു ഇടയനു തന്റെ ആടുകളോടുള്ള ആർദ്രതയ്ക്ക് സമാനമാണ്, അവൻ അവരുടെ നന്മ തേടി ജീവിക്കുന്നു, അവർക്ക് സുരക്ഷിതത്വവും ക്ഷേമവും നൽകുന്നത് ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇത് നിരുപാധികമായ ഒരു സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നു.
യേശുവിന്റെ സ്നേഹം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈ തിരുഹൃദയം നമ്മെ ഓർമ്മപ്പെടുത്തുന്നത്, സ്നേഹത്തിന്റെ ഈ രഹസ്യത്തിന് മുന്നിൽ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല എന്നാണ്. കർത്താവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയിലൂടെ ഈ സ്നേഹം അറിഞ്ഞ നമ്മൾ ഈ ദാനത്തിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ശുശ്രൂഷയും സേവനവും വഴിയായി ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും ഭാവിയിലേക്ക് നോക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്നതാണ് യേശുവിന്റെ തിരുഹൃദയ ഭക്തി നല്കുന്ന ദൗത്യം.
യേശുവിന്റെ തിരുഹൃദയ ഭക്തി ക്രൈസ്തവ ജീവിത ആത്മീയതയുടെ ഭാഗമായി മാറിയതിനെ പറ്റി ഫ്രാൻസിസ് പാപ്പാ എടുത്തു പറയുന്നുണ്ട്. കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ മാറു കുന്തത്താൽ പിളർക്കപ്പെട്ടപ്പോൾ ആരും കരുതിക്കാണില്ല, ആ ഹൃദയത്തിൽ നിന്നും ഒഴുകിയ രക്തവും വെള്ളവും ഈ മനുഷ്യരാശിയെ മുഴുവൻ ഉത്ഥാനത്തിന്റെ പ്രത്യാശയിലേക്ക് നയിക്കുവാൻ മാത്രം ശക്‌തിയുണ്ടായിരിക്കുമെന്ന്. ബൈബിളിലും സഭയുടെ ആദ്യ നൂറ്റാണ്ടുകളിലും, കൃപയുടെ ഉറവിടമായി യേശുവിന്റെ പിളർക്കപെട്ട മാറിനെയായിരുന്നു ആത്മീയതയിൽ ഉൾക്കൊണ്ടിരുന്നത്. സമീപ നൂറ്റാണ്ടുകളിൽ, ഈ ആത്മീയത കർത്താവിന്റെ ഹൃദയത്തോടുള്ള യഥാർത്ഥ ഭക്തിയുടെ രൂപം സ്വീകരിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്.
തുടർന്ന് ഫ്രാൻസിസ് പാപ്പാ തന്റെ മുൻഗാമികൾ ഈ ഭക്തിയെ എപ്രകാരം സഭയുടെ ജീവിതത്തിൽ കൊണ്ടുവന്നുവെന്നും, ലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ലിയോ പതിമൂന്നാമൻ പാപ്പാ, തിരുഹൃദയത്തിനു നമ്മുടെ വ്യക്തി ജീവിതങ്ങളെ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞിട്ടുണ്ട്. ലൗകീകമായി അധഃപതിച്ച ഒരു സമൂഹത്തെ തിരികെ കൊണ്ടുവരുവാനും, ആത്മാർത്ഥമായ സ്നേഹം വീണ്ടെടുക്കുവാനും, യേശുവിന്റെ ദിവ്യഹൃദയത്തോടുള്ള ഭക്തി ജീവിതത്തിൽ ഊട്ടിയുറപ്പിക്കണമെന്നും ലിയോ പതിമൂന്നാമൻ പാപ്പാ പ്രസിദ്ധീകരിച്ച ആന്നും സാക്‌റൂം (Annum sacrum ) എന്ന ചാക്രികലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. ക്രിസ്തുവുമായുള്ള ഐക്യത്തിലേക്കുള്ള ക്ഷണവും അവന്റെ അനന്തമായ സ്നേഹത്തിന്റെ മഹത്വത്തെ നമ്മുടെ അനുദിനജീവിതത്തിൽ ആരാധിക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ അടിവരയിട്ടു.
തുടർന്ന് പന്ത്രണ്ടാം പീയൂസ് പാപ്പായും, തിരുഹൃദയഭക്തി യേശുവിനോടുള്ള നമ്മുടെ ഭക്തിയെ പ്രകടിപ്പിക്കുന്ന ഏറ്റവും മഹത്തായ മാർഗ്ഗമാണെന്നു അടിവരയിട്ടുപറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും, കർത്താവിന്റെ കാരുണ്യത്തെ മറന്ന, എന്നാൽ അതേ സമയം ദൈവമില്ലാതെ സ്വയം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു ലോകത്തിന് മുന്നിൽ തിരുഹൃദയ ഭക്തി ജീവിതത്തിൽ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി.
മനുഷ്യൻ മോഹത്താൽ ദുഷിപ്പിക്കപ്പെടുന്നുവെന്നും അതിനാൽ തിന്മ ചെയ്യാൻ വിധിക്കപ്പെട്ടവനാണെന്നുമുള്ള ജാൻസെനിസ സിദ്ധാന്തകഠിനതയ്ക്ക് എതിരെയുളളതായിരുന്നു വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച തിരുഹൃദയ ദർശനവും, ഭക്തിയും. സ്നേഹത്തിന്റെ നാഗരികത കെട്ടിപ്പടുക്കാൻ യേശുവിന്റെ തിരുഹൃദയത്തിനു മാത്രമേ സാധിക്കുകയുള്ളൂവെന്നതാണ് ഈ ഭക്തിമാർഗം നമുക്ക് കാട്ടിത്തരുന്നത്.
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏറെ അടുപ്പമുള്ള, ദൈനംദിനമുള്ള സാന്നിധ്യമായി യേശുവിന്റെ തിരുഹൃദയത്തെ തിരിച്ചറിയണം എന്നുള്ള ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെയും ക്ലേശങ്ങളെയും നേരിടുന്നതിന് ജീവിതത്തിലോരോ വ്യക്തിയും തങ്ങളുടെ കേന്ദ്രസ്ഥാനത്ത് യേശുവിന്റെ തിരുഹൃദയം പ്രതിഷ്ഠിക്കണം. നമ്മൾ ഓരോരുത്തരും, നിശബ്ദരാക്കപ്പെടുന്ന അവസരത്തിൽ പോലും യേശുവിന്റെ ദിവ്യഹൃദയത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയണം എന്നുള്ളതാണ് പാപ്പാ തന്റെ മുൻഗാമികളുടെ പഠനങ്ങളുടെ വെളിച്ചത്തിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: