തിരുഹൃദയഭക്തി ത്രിയേക ദൈവബന്ധത്തിൽ നമ്മെ ഊട്ടിയുറപ്പിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രതിബിംബമാണ് ക്രിസ്തുവിന്‍റെ ദിവ്യഹൃദയം. സ്നേഹത്തിന്‍റെ സദ്വാര്‍ത്തയോതിയ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം മനുഷ്യാവതാരത്തിന്‍റെയും രക്ഷാകര രഹസ്യങ്ങളുടെയും രത്നച്ചുരുക്കമാണ്. ദൈവസ്നേഹത്തിന്‍റെ അനന്തമായ ചക്രവാളത്തില്‍നിന്നും മനുഷ്യചരിത്രത്തിന്‍റെയും മാനുഷ്യാസ്തിത്വത്തിന്‍റെയും പരിമിതികളിലേയ്ക്ക് ദൈവം കടന്നു വന്നതിന്‍റെ പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. അങ്ങിനെ മനുഷ്യന്‍റെ പരിമിതികളില്‍ ദൈവത്തിന്‍റെ അനന്തതയെ ധ്യാനിക്കാനും അനുഭവിക്കാനും തിരുഹൃദയത്തിലൂടെ നമുക്കു സാധിക്കുന്നു.
മാംസം ധരിച്ച് ഭൂമിയില്‍ വസിച്ച നസ്രായനായ യേശുവിന്‍റെ ദൈവികതയെ നമ്മുടെ എളിയ ജീവിതത്തിന്‍റെ പരിമിതികളില്‍ എത്തിക്കുകയും, നമ്മുടെ മനോനേത്രങ്ങള്‍ക്ക് ദൃശ്യമാക്കുകയും ചെയ്യുന്നതാണ് തിരുഹൃദയം. ക്രിസ്തുവിന്‍റെ ദിവ്യസ്നേഹത്തിന്‍റെ ഉറവ ഭൂമിയില്‍ ഉത്ഭവിക്കുന്നത് കുത്തിത്തുറക്കപ്പെട്ട അവിടുത്തെ തിരുവിലാവില്‍നിന്നാണ്. അതുകൊണ്ട് ക്രിസ്തുവിന്‍റെ തിരുഹൃദയത്തില്‍നിന്ന് എല്ലാറ്റിനും തുടക്കമിടുന്നത് മംഗളകരമാണ്. യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രത്യേകത, അത് ഒരു കണ്ണാടി പോലെ നമ്മുടെ ജീവിതത്തെ കാണുന്നതിനും, ജീവിതത്തിന്റെ പരിവർത്തനത്തിലേക്കുള്ള നമ്മുടെ യാത്ര തുടങ്ങുന്നതിനും നമ്മെ സഹായിക്കുന്നു എന്നുള്ളതാണ്. യാതൊരു വേർതിരിവുകളും ഇല്ലാതെ എല്ലാവരെയും തന്റെ സ്നേഹത്തിലേക്ക് ആകർഷിക്കുന്നതാണ് യേശുവിന്റെ തിരുഹൃദയം.
യേശുവിന്റെ തിരുഹൃദയത്തിന്റെ ആർദ്രത ഏറ്റവും കൂടുതൽ അനുഭവവേദ്യമാകുന്നത്, അന്ത്യ അത്താഴ വേളയിലാണ്. അപ്പവും വീഞ്ഞും ഉയർത്തിക്കൊണ്ട് ഇത് എന്റെ ശരീരവും രക്തവും ആണെന്നു പറഞ്ഞുകൊണ്ട് അത് തന്റെ ശിഷ്യന്മാർക്കായി പങ്കുവച്ചപ്പോൾ, യേശുവിന്റെ അധരത്തിൽ നിന്നുമായിരുന്നില്ല ആ വാക്കുകൾ ഉച്ചരിക്കപ്പെട്ടത്, മറിച്ച് അത് ഹൃദയത്തിന്റെ സ്നേഹബഹിർസ്ഫുരണമായിരുന്നു.
ഇന്ന് നമ്മുടെ സഭയുടെ പിതാവും തലവനുമായ ലിയോ പതിനാലാമൻ പാപ്പാ, തന്റെ ഈ പേര് സ്വീകരിക്കുന്നതിനുള്ള വിവിധ കാരണങ്ങൾ വിവരിക്കുകയുണ്ടായി. ലിയോ പതിമൂന്നാമൻ പാപ്പാ ഈ സഭയ്ക്കും സമൂഹത്തിനും നൽകിയ അതുല്യസംഭാവനകൾ, തന്റെ ജീവിതം വഴിയായും മറ്റുള്ളവർക്ക് സമർപ്പിക്കണം എന്ന ആഗ്രഹമാണ് പാപ്പാ പ്രകടിപ്പിച്ചത്. ഇത്തരുണത്തിൽ, യേശുവിന്റെ ദിവ്യഹൃദയഭക്തി ഈ ലോകത്തിൽ പ്രചരിപ്പിക്കുന്നതിന് ലിയോ പതിമൂന്നാമൻ പാപ്പാ, പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ആന്നും സാക്‌റൂം (Annum sacrum ). ഈ ലേഖനത്തിലൂടെ എല്ലാവരെയും യേശുവിന്റെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ ലിയോ പതിമൂന്നാമൻ പാപ്പാ ക്ഷണിച്ചു. ലൗകീകമായി അധഃപതിച്ച ഒരു സമൂഹത്തെ തിരികെ കൊണ്ടുവരുവാനും, ആത്മാർത്ഥമായ സ്നേഹം വീണ്ടെടുക്കുവാനും, യേശുവിന്റെ ദിവ്യഹൃദയത്തോടുള്ള ഭക്തി ജീവിതത്തിൽ ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ അഭ്യർത്ഥിക്കുന്നു. ഇതിൽ നിന്നും വിഭിന്നമല്ല ആധുനിക കാലഘട്ടവും. മനുഷ്യനും മനുഷ്യനും തമ്മിൽ മത്സരിക്കുന്ന, പരസ്പര ബന്ധമില്ലാത്ത കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന, മായാലോകത്തിൽ യൗവനം അണയുന്ന ഒരു സമയത്താണ് ഈ തിരുഹൃദയ ഭക്തിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നതും, അതുപോലെ ലിയോ പതിനാലാമൻ പാപ്പാ, തന്റെ പത്രോസിനടുത്ത ശുശ്രൂഷയിൽ ഈ ഭക്തി തുടരുന്നതും.
ദിലെക്സിത്ത് നോസ് എന്ന ചാക്രിക ലേഖനത്തിന്റെ 70 മുതൽ 77 വരെയുള്ള ഖണ്ഡികകളിൽ ഫ്രാൻസിസ് പാപ്പാ വിവിധ വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ എപ്രകാരം ഈ ഭക്തി നമ്മുടെ ജീവിതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് കാട്ടിത്തരുന്നു.
ക്രിസ്തുവുമായുള്ള ബന്ധം
യേശുവിന്റെ തിരുഹൃദയത്തിന്റെ ഒരു ത്രിത്വയ്‌ക മാനമാണ് ഈ ഖണ്ഡികകളിൽ എടുത്തു കാണിക്കുന്നത്. ഇതിൽ പ്രധാനമായും ക്രിസ്തവോന്മുഖമായ ഒരു ജീവിതത്തെയാണ് പ്രഥമമായി ഇവിടെ പാപ്പാ അടിവരയിടുന്നത്. യേശുവിനെ ധ്യാനിക്കുന്നതിനും, അവന്റെ കൂട്ടായ്മയിൽ ഒന്നാകുന്നതിനും തിരുഹൃദയ ഭക്തി നമ്മെ ക്ഷണിക്കുന്നു. ഇതിനു പാപ്പാ അവലംബിക്കുന്നത് ഹെബ്രായർക്ക് എഴുതപെട്ട ലേഖനത്തിലെ വചനമാണ്, " നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ". നമ്മുടെ ജീവിതത്തിൽ ധൃതി പിടിച്ചുകൊണ്ട് നാം ഓടുമ്പോൾ, യഥാർത്ഥ വഴി യേശുവാണെന്നുള്ള കാര്യം നാം മറന്നുപോകരുതെന്നു പാപ്പാ ഓർമ്മപ്പെടുത്തുന്നു. യേശുവിലൂടെ മാത്രമേ നമുക്ക് പിതാവായ ദൈവത്തിലേക്ക് കടന്നെത്തുന്നതിനും, അവന്റെ ഹൃദയത്തിൽ ഇടം കണ്ടെത്തുന്നതിനും സാധിക്കുകയുള്ളൂ,. അതിനാൽ തിരുഹൃദയഭക്തി പ്രഥമമായി യേശുവുമായുള്ള ബന്ധത്തിലാണ് അടിസ്ഥാനമിട്ടിരിക്കുന്നത്, തുടർന്ന് അത് പിതാവിലേക്കുള്ള നമ്മുടെ യാത്ര തുടരുന്നതിനു നമ്മെ സഹായിക്കുന്നു.
പിതാവുമായുള്ള ബന്ധം
തുടർന്ന്, ഫ്രാൻസിസ് പാപ്പാ, പിതാവിനോടുള്ള നമ്മുടെ ബന്ധത്തെയും ആരാധനയെയും എടുത്തുകാണിക്കുന്നു. പൗലോസ് ശ്ലീഹ എഫെസൊസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നതുപോലെ, "സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെ മുൻപിൽ ഞാൻ മുട്ടുകൾ മടക്കുന്നു..... സകലത്തിലുമുപരിയും സകലത്തിലൂടെയും സകലത്തിലും വർത്തിക്കുന്നവനും,നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവൻ മാത്രം..." ഈ വചനങ്ങൾ ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടതും, മറ്റുളവർക്ക് സാക്ഷ്യമായി നൽകേണ്ടതുമാണെന്നു ഈ ചാക്രികലേഖനം നമ്മെ പഠിപ്പിക്കുന്നു. പിതാവായ ദൈവത്തിന്റെ ഭവനത്തിലേക്കുള്ള വലിയ ഒരു തീർത്ഥാടനമാണ് ക്രൈസ്തവ ജീവിതമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളും പാപ്പാ എടുത്തുകാണിക്കുന്നു.
പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനമാണല്ലോ പുത്രനായ യേശുക്രിസ്തു. പുത്രൻ മനുഷ്യനായിത്തീർന്നപ്പോൾ, അവന്റെ മനുഷ്യഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും അഭിലാഷങ്ങളും പിതാവിലേക്ക് തിരിഞ്ഞുവെന്നാണ് ലേഖനം ചൂണ്ടിക്കാണിക്കുന്നത്. അതായതു തിരുഹൃദയത്തിലേക്കുള്ള നമ്മുടെ ഭക്തി നമ്മെ നയിക്കുന്നത് പിതാവായ ദൈവത്തിങ്കലേക്കു തന്നെയാണ്. അതിനാൽ യേശു തന്റെ ഹൃദയത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നത്, തന്റെ പ്രഭ കാണിക്കുന്നതിന് അല്ല, മറിച്ച് പിതാവായ ദൈവത്തിന്റെ അതിരറ്റ സ്നേഹം നാം ഏവരും അനുഭവിക്കണം എന്നതിനാലാണ്. യേശു തന്റെ പിതാവിനെ അഭിസംബോധന ചെയ്ത അരമായ പദം "അബ്ബാ" എന്നതാണ്. ഇത് അഗാധമായ ഒരു അർത്ഥം ഉൾക്കൊള്ളുന്നതാണ്. യേശുവിന്റെ ജീവിതത്തിന്റെ വേദന നിറഞ്ഞ നിമിഷങ്ങളിലെല്ലാം ഈ ഒരു പദമാണ് പിതാവുമായുള്ള ബന്ധത്തിൽ ഉപയോഗിക്കുന്നത്. യേശുവിന്റെ ഈ സംബോധനയ്ക്കു പിതാവ് നൽകുന്ന മറുപടിയും ഏറെ പ്രധാനപ്പെട്ടതാണ്. "നീ എന്റെ പ്രിയപുത്രനാണ്; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (മർക്കോസ് 1:11) എന്ന് പിതാവ് തന്നോട് പറയുന്നത് കേട്ടപ്പോൾ യേശു തന്റെ മനുഷ്യഹൃദയത്തിൽ ആനന്ദഭരിതനായി എന്നാണ് പാപ്പാ ലേഖനത്തിൽ വിവരിക്കുന്നത്. അതിനാൽ തിരുഹൃദയഭക്തി പിതാവായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു.
പരിശുദ്ധാത്മാവുമായുള്ള ബന്ധം
മൂന്നാമതായി തിരുഹൃദയഭക്തി പരിശുദ്ധാത്മാവുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ തീക്ഷ്ണതയുള്ളതാക്കുന്നു. "ക്രിസ്തുവിന്റെ ഹൃദയം പരിശുദ്ധാത്മാവിന്റെ ഏറ്റവും മികച്ച കലാസൃഷ്ടി" എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ പാപ്പാ എടുത്തു പറയുന്നു. യേശുവിന്റെ വർത്തമാനകാല പ്രവൃത്തികളെല്ലാം ആത്മനിവേശിതമായിരുന്നുവെന്നതിനു തെല്ലും സംശയമില്ല. സഭയുടെ തുടക്കം പോലും പരിശുദ്ധാത്മാവിനാലാണ് നയിക്കപ്പെടുന്നത്. അതിനാൽ ക്രിസ്തു ഹൃദയത്തിലെ ആന്തരിക മനുഷ്യന്റെ പൂർണ്ണത നമ്മിലേക്ക് എത്തിക്കുന്നതും, ആ പൂർണ്ണതയിൽ നമ്മെ ഭാഗഭാക്കാക്കുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്. അതിനാൽ പിതാവിനെ അപ്പാ എന്ന് വിളിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവ് ആണെന്നുള്ളതാണ് പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നത്. “നാം ദൈവത്തിന്റെ മക്കളാണെന്ന് ആത്മാവുതന്നെ നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം വഹിക്കുന്നു" (റോമാ 8, 16 )
അതിനാൽ തിരുഹൃദയ ഭക്തി നമ്മെ ത്രിത്വത്തോടുള്ളബന്ധത്തിൽ ഉറപ്പിക്കുകയും, നമ്മുടെ ജീവിതത്തിന്റെ പൂർണ്ണത കൈവരിക്കുവാനും അർത്ഥം ഉൾക്കൊള്ളുവാനും നമ്മെ സഹായിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: