മാനവികസഹായം ആവശ്യവും ജീവന്മരണ പ്രശ്നവും, പാത്രിയാർക്കീസ് പിത്സബാല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഗാസയിലെ ജനങ്ങൾക്ക് മാനവികസഹായം നിഷേധിക്കുന്നത് ഒരു കാലവിളംബമല്ല പ്രത്യുത ശിഷയാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല കുറ്റപ്പെടുത്തുന്നു.
ഗാസയിൽ ജറുസലേമിലെ ഓർത്തൊഡോക്സ് പാത്രിയാർക്കീസ് തെയോഫിലിസ് ത്രതീയനുമൊത്ത് സന്ദർശനം നടത്തി തരിച്ചെത്തിയ അദ്ദേഹം ഒരു പത്രസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്.
നുറുങ്ങിയ ഹൃദയവുമായിട്ടാണ് തങ്ങൾ ഗാസയിൽ നിന്നു മടങ്ങിയെത്തിയതെന്ന് പാത്രിയാർക്കീസ് പിത്സബാല്ല വെളിപ്പെടുത്തി. നാശാവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കവെ തങ്ങൾ കണ്ട ദുരിതപൂർണ്ണമായ കാര്യങ്ങളെപ്പറ്റി സൂചിപ്പിച്ച അദ്ദേഹം ബോബുകളുടെ ഗർജ്ജനവും മറ്റും കേട്ടു പരിചയിച്ച കുട്ടികൾ കളിക്കുന്നതു കാണുകയും അവരുടെ സംസാരം കേൾക്കുകയും ചെയ്തുവെന്നും അവിടെ കണ്ട കണ്ടകാഴ്ചകൾക്കു നടുവിൽ നാശത്തേക്കാൾ ആഴമേറിയ ഒന്നു തങ്ങൾ കണ്ടുവെന്നും അത് അണയാൻ വിസമ്മതിക്കുന്ന മനുഷ്യാത്മാവിൻറെ അന്തസ്സ് ആണെന്നും പറഞ്ഞു.
ഗാസയിൽ മുറിവേറ്റവരിലും നാശാവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെട്ടവരിലും ക്രൂശിക്കപ്പെട്ടിട്ടും ക്രിസ്തു സന്നിഹിതനാണെന്നും, എല്ലാ കാരുണ്യ പ്രവൃത്തികളിലും, ഇരുട്ടിൽ തെളിയുന്ന ഓരോ മെഴുകുതിരിയിലും, കഷ്ടപ്പെടുന്നവർക്കായി നീട്ടപ്പെടുന്ന ഓരോ കരത്തിലും യേശു ഉണ്ടെന്നും പാത്രിയാർക്കിസ് കർദ്ദിനാൾ പിത്സബാല്ല പ്രസ്താവിച്ചു.
രാഷ്ട്രീയക്കാരോ നയതന്ത്രജ്ഞരോ ആയിട്ടല്ല, മറിച്ച് ഇടയന്മാരായിട്ടാണ് തങ്ങൾ ഗാസ സന്ദർശിച്ചതെന്നും ആകമാന സഭയും ക്രൈസ്തവ സമൂഹവും ആ ജനതയെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പേകി. ആ ജനതയ്ക്ക് മാനവിക സഹായം ആവശ്യമാണെന്നും അത് ജീവിതത്തിൻറെയും മരണത്തിൻറെയും കാര്യമാണെന്നും ഭക്ഷണം, വെള്ളം, മരുന്ന്, പാർപ്പിടം എന്നിവയില്ലാത്ത ഓരോ മണിക്കൂറും വലിയ ദോഷമാണ് വരുത്തുകയെന്നും പാത്രിയാർക്കീസ് പിത്സബാല്ല പറഞ്ഞു. ആകയാൽ മാനവ നാശത്തിൻറെ ഈ സമുദ്രത്തിൽ ജീവൻ പകരാൻ എല്ലാം പണയപ്പെടുത്തുന്ന സകല പ്രാദേശിക, അന്തർദേശീയ, ക്രിസ്ത്യൻ, മുസ്ലീം, മത, മതേതര പ്രവർത്തകരുടെയും പ്രവർത്തനങ്ങൾക്ക് ഇരു പാത്രീയാർക്കീസുമാരും പിന്തുണയേകുന്നു.
പലസ്തീൻകാരെ തുറുങ്കിലിൽ അടയ്ക്കുതിലൊ, അവരെ നാടുകടത്തുന്നതിലോസ പ്രതികാരനടപടിയലോ അധിഷ്ഠിതമായി ഒരു ഭാവി കെട്ടിപ്പടുക്കാൻ ആവില്ലയെന്ന് വ്യക്തമാക്കുന്ന പാത്രിയാർക്കീസ് പിത്സബാല്ല ജീവിതവും അന്തസ്സും നഷ്ടപ്പെട്ട സകല മാനവികതയും വീണ്ടെടുത്തുനല്കുന്ന ഒരു മാർഗ്ഗം ഉണ്ടാകേണ്ടതുണ്ടെന്ന് പ്രാദേശിക നേതാക്കളോടും ലോകനേതാക്കളോടും പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: