MAP

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല  

ഗാസ, ഇസ്രായേലിൻറെ നയത്തിന് നീതികരണമില്ല, പാത്രിയാർക്കീസ് പിത്സബാല്ല!

ഗാസയിലെ ജനങ്ങളെ മറക്കില്ലെന്നും ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കുമെന്നും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പീയെർ ബത്തീസ്ത പിത്സബാല്ല പറയുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഗാസയെ സംബന്ധിച്ച് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ വിമർശനം ഉന്നയിക്കുക ഒരു ധാർമ്മിക കടമയാണെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല.

ഇസ്രായേൽ ജൂലൈ പതിനേഴിന് ഗാസയിലെ തിരുക്കുടുബദേവാലയം ആക്രമിച്ചതിനെ തുടർന്ന് അവിടം സന്ദർശിച്ച അദ്ദേഹം വത്തിക്കാൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

തങ്ങൾ ഒരിക്കലും ഇസ്രായേൽ സമൂഹത്തിനോ യഹൂദ മതത്തിനോ എതിരല്ലെന്നും എന്നാൽ ഗാസയുടെ കാര്യത്തിലുള്ള ഇസ്രായേലിൻറെ നയത്തെ വ്യക്തതയോടും സത്യന്ധതയോടും കൂടി വിമർശിക്കേണ്ട ധാർമ്മിക ചുമതല തങ്ങൾക്കുണ്ടെന്നും പാത്രിയാർക്കീസ് പിത്സബാല്ല വിശദീകരിച്ചു. ഗാസയിലെ ജനങ്ങളെ മറക്കില്ലെന്നും സഭമുഴുവൻറെയും സകലക്രൈസ്തവരുടെയും ഹൃദയത്തിൽ അവരുണ്ടെന്നും ബുദ്ധിശൂന്യമായ ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് താൻ സർവ്വാത്മന പരിശ്രമിക്കുമെന്നും അദ്ദേഹം അവർക്ക് ഉറപ്പുനല്കി.

പത്തുലക്ഷത്തിലേറെപ്പേർ പാർപ്പിടരഹിതരായി താല്കാലിക കൂടാരങ്ങളിലും മറ്റുമായി നദിക്കരയിൽ കഴിയുന്ന അവസ്ഥയും പാത്രിയാർക്കീസ് പിത്സബാല്ല വേദനയോടെ അനുസ്മരിച്ചു. അതുപോലെതന്നെ ബോംബാക്രമണങ്ങാൽ മുറിവേറ്റ് അംഗവൈകല്യം സംഭവിച്ച് ആശുപത്രിയിലെത്തിയിരിക്കുന്ന കുഞ്ഞുങ്ങളുൾപ്പടെയുള്ളവരുടെ ഹൃദയഭേദകമായ അവസ്ഥയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജൂലൈ 2025, 11:40