നൈജീരിയ: ബന്ദികളായ സെമിനാരിക്കാരെ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിലെ എദോ (Edo) സംസ്ഥാനത്തെ ഇവ്ഹ്യാനോക്പൊടിയിലുള്ള (Ivhianokpodi) അമലോത്ഭവനാഥാ മൈനർ സെമിനാരിയിൽനിന്ന് കഴിഞ്ഞ ദിവസം ഒരു സായുധ അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരിക്കാരെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഔചി (Auchi) രൂപതാ മെത്രാൻ ബിഷപ് ഗബ്രിയേൽ ഗിയാക്കോമോ ദുനിയ (Bishop Gabriel Ghieakhomo Dunia) അറിയിച്ചതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വൈദികവിദ്യാർത്ഥികൾ ഇപ്പോഴും അക്രമിസംഘത്തിന്റെ കയ്യിലാണെന്നും, കഴിഞ്ഞ ദിവസം അക്രമിസംഘം മോചനദ്രവ്യത്തിനായി രൂപതയുമായി ബന്ധപ്പെട്ടുവെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നുമാണ് ബിഷപ് ദുനിയ ഫീദെസിനോട് പറഞ്ഞത്.
സംസ്ഥാനസർക്കാരും, പ്രാദേശികസുരക്ഷാസംഘങ്ങളും അക്രമികളെ കണ്ടെത്താനും സെമിനാരിക്കാരെ സ്വാതന്ത്രരാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എന്നാൽ ഇതുവരെ ഇതിന് സാധിച്ചിട്ടില്ലെന്നും വിശദീകരിച്ചു അറിയിച്ച രൂപതാദ്ധ്യക്ഷൻ, സെമിനാരിക്കാർ നിലവിൽ സുരക്ഷിതരാണെന്നാണ് വ്യക്തമാകുന്നതെന്ന് അറിയിച്ചു. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.
സെമിനാരിയിലുണ്ടായിരുന്ന മറ്റു വൈദികർത്ഥികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഈ അധ്യയനവർഷാവസാന പരീക്ഷകൾ നടന്നുവരികയാണെന്നും ബിഷപ് ദുനിയ അറിയിച്ചു.
2024 ഒക്ടോബർ 27-നും ഇവ്ഹ്യാനോക്പൊടിയിലുള്ള ഈ സെമിനാരിക്ക് നേരെ അക്രമിസംഘങ്ങൾ ആക്രമണം നടത്തിയിരുന്നു. അന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോകാനൊരുങ്ങിയ രണ്ടു സെമിനാരിക്കാർക്ക് പകരമായി, സെമിനാരി റെക്ടർ ഫാ. തോമസ് ഒയോടെ (Fr. Thomas Oyode) അക്രമികൾക്ക് സ്വയം കീഴടങ്ങുകയും, പതിനൊന്ന് ദിവസങ്ങൾ ബന്ദിയായി കഴിഞ്ഞ ശേഷം സ്വാതന്ത്രനാക്കപ്പെടുകയും ചെയ്തിരുന്നു.
നൈജീരിയയിൽ മോചനദ്രവ്യം ലക്ഷ്യമാക്കി വൈദികരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത ആശങ്കാജനകമാണെന്നും, ഇത്തരം സംഭവങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കട്ടെയെന്നും 2024 ഫെബ്രുവരി 25-ന് ത്രികാലജപപ്രാർത്ഥന നയിച്ച വേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു.
രാജ്യത്ത് ഏതാനും വർഷങ്ങളായി വൈദികരും സമർപ്പിതരും വൈദികർത്ഥികളുമുൾപ്പെടെയുള്ളവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ മാത്രം 145 വൈദികരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരിൽ 11 പേരെ അക്രമികൾ കൊല ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: