നൈജീരിയയിൽ മുന്നു വൈദികവിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോകപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജീരിയയിലെ ഔച്ചി രൂപതയുടെ ചെറിയ സെമിനാരിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോകപ്പെട്ടു.
ജൂലൈ 10-ന്, വ്യാഴാഴ്ച തോക്കുധാരികൾ ഏദൊ സംസ്ഥാനത്തിലെ ഇവ്ഹ്യനോക്പൊടി എന്ന സ്ഥലത്ത് സ്ഥിതചെയ്യുന്ന അമലോത്ഭവനാഥയുടെ നാമത്തിലുള്ള സെമിനാരിക്കുള്ളിലേക്കു ഇരച്ചുകയറി വെടിയുതിർക്കുകയും കവർച്ച നടത്തുകയും വൈദികാർത്ഥികളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റഫർ അവ്വെനെഗിയേമെ വെടിയേറ്റു മരിച്ചു. ഔച്ചി രൂപതയുടെ മെത്രാൻ ഗബ്രിയേൽ ദുനിയ ഈ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. ബന്ദികർത്താക്കളുടെ ഹൃദയമനസ്സുകളെ പ്രബുദ്ധമാക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നതിനായി യേശുവിൻറെ ഏറ്റം വിലിയേറിയ തിരുരക്തത്തിനു സമർപ്പിതമായ ദിവ്യബലി ഈ ദിനങ്ങളിൽ എല്ലാ ഇടവകകളിലും അർപ്പിക്കണമെന്ന് ബിഷപ്പ് ദുനിയ അഭ്യർത്ഥിച്ചിട്ടുണ്ട്. ബന്ദികർത്താക്കളുമായി ബന്ധപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് രൂപതാവൃത്തങ്ങൾ വെളിപ്പെടുത്തി.
നൈജീരിയായിൽ ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് ഈ സെമിനാരിക്കു നേരെ ആക്രമണം നടക്കുന്നത്. 2024 ഒക്ടോബറിൽ അക്രമികൾ സെമിനാരിക്കപ്പേളയിൽ അതിക്രമിച്ചുകടന്ന് സെമിനാരി റെക്ടറായ വൈദികൻ തോമസ് ഒയോടെയെ തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹം 11 ദിവസത്തിനു ശേഷം നവമ്പർ 7 -നാണ് മോചിതനായത്.
നൈജീരിയായിൽ കത്തോലിക്കസഭയ്ക്കു നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭീതിതമാം വിധം വർദ്ധിച്ചുവരികയാണെന്ന് കണക്കുകൾ കാണിക്കുന്നു. വൈദികരും വൈദികാർത്ഥികളും സമർപ്പിതരുമാണ് ഈ ആക്രമണങ്ങൾക്ക് ഇരകളാകുന്നത്. 2015-നും 2025-നും ഇടയ്ക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെ മാത്രം എണ്ണം 145 വരുമെന്നും ഇവരിൽ 11 പേർ വധിക്കപ്പെട്ടുവെന്നും കണക്കുകൾ കാണിക്കുന്നു.
ഫീദെസ് വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: