MAP

മ്യന്മാറിലെ സംഘർഷങ്ങളുടെ ഒരു ദൃശ്യം മ്യന്മാറിലെ സംഘർഷങ്ങളുടെ ഒരു ദൃശ്യം  (AFP or licensors)

മ്യന്മാറിൽ ക്ലേശിത ജനതയ്ക്ക് സാന്ത്വനവുമായി പ്രാദേശിക മെത്രാന്മാർ!

മ്യിത്ത്ക്യയിന, ബന്മാവ്, ലാഷിയൊ രൂപതകളുടെ മെത്രാന്മാർ യുദ്ധ-ഭൂകമ്പദുരിതബാധിതർക്ക് സംയുക്ത സമാശ്വാസ സന്ദേശമേകി. "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിലും എന്നിലും വിശ്വസിക്കുവിൻ" എന്ന ക്രിസ്തുവചനത്തിൽ ഊന്നിയതാണ് ഈ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മ്യന്മാറിൽ നാലുവർഷമായി തുടരുന്ന രക്തരൂഷിത ആഭ്യന്തരകലാപവും ഭൂകമ്പദുരന്തവും ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ജനങ്ങളെ അന്നാട്ടിലെ മ്യിത്ത്ക്യയിന, ബന്മാവ്, ലാഷിയൊ രൂപതകളുടെ മെത്രാന്മാർ ആശ്വസിപ്പിക്കുന്നു.

യഥാക്രമം ജോൺ മുംഗ് ൻഗാൻ ല സാം, റെയ്മണ്ട് സുംലുത്ത് ഗം, ലൂക്കാസ് ദവു ത്സെ ജെയ്പൗംഗ് എന്നീ മെത്രാന്മാർ സംയുക്തസന്ദേശത്തിലൂടെയാണ് ക്രിസ്തുവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് സാന്ത്വനമേകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിലും എന്നിലും വിശ്വസിക്കുവിൻ എന്ന യേശുവിൻറെ വാക്കുകൾ മെത്രാന്മാർ ആവർത്തിക്കുന്നു.

കഴിഞ്ഞ 4 വർഷമായി തുടരുന്ന കലാപം അനേകരുടെ ജീവനപഹരിച്ചതും കുടുംബംങ്ങളും പ്രദേശങ്ങളും നശിപ്പിച്ചതും ആയിരക്കണക്കിനാളുകൾ അഭയാർത്ഥികളായിത്തീർന്നതും അനുസ്മരിക്കുന്ന മെത്രാന്മാർ ജനങ്ങൾ അവരുടെ സുരക്ഷിതത്വത്തെയും മക്കളെയുംകുറിച്ച് ആശങ്കാകുലരാണെന്ന് വെളിപ്പെടുത്തുന്നു.

നമ്മുടെ അവസ്ഥ എന്തുതന്നെയായാലും ദൈവത്തോടും വിശ്വാസത്തോടും സ്നേഹത്തോടും കൂടെ പ്രാർത്ഥിക്കാൻ മെത്രാന്മാർ പ്രചോദനം പകരുന്നു. സമാധാനത്തിനായി പ്രാർത്ഥിക്കാൻ സഭാദ്ധ്യക്ഷന്മാർ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂലൈ 2025, 12:01