യേശുവേകിയ ജീവൻ സംവേദനം ചെയ്യുകയാണ് ക്രിസ്തീയ രൂപീകരണം, ബിഷപ്പ് മർത്തിനേല്ലി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിയമങ്ങളു കടമകളും പകർന്നു നല്കുന്നതിൽ ഒതുങ്ങി നില്ക്കുന്നതല്ല ക്രിസ്തീയ രൂപവത്ക്കരണമെന്നും അത്, സർവ്വോപരി, യേശു നമുക്കു പ്രദാനം ചെയ്ത ജീവൻ സംവേദനം ചെയ്യുകയാണെന്നും തെക്കെ അറേബ്യയിലെ അപ്പൊസ്തോലിക് വികാരിയായ മെത്രാൻ പാവൊളൊ മർത്തിനേല്ലി.
അടുത്തയിടെ മസ്ക്കറ്റിലെ ഗാലയിൽ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ഇടവകയുടെ പുതിയ അജപാലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ വിശ്വാസത്താൽ നയിക്കപ്പെട്ട് അനുദിനജീവിതത്തെ നേരിടുന്ന ക്രൈസ്തവരെ രൂപപ്പെടുത്തിയെടുക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് മർത്തിനേല്ലി തദ്ദവസരത്തിൽ പറഞ്ഞു.
പുതിയ അജപാലനകേന്ദ്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം ചരിത്രപരമായ ഒരു സംഭവമാണ് അതെന്ന് പ്രസ്താവിച്ചു. ഗാലയിലെയും ആ വികാരിയത്തിലെയും വിശ്വാസികളുടെ നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണെന്നും ഈ ചുമരുകൾക്കുള്ളിൽ വിശ്വാസത്തിൽ വളരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ബിഷപ്പ് മർത്തിനേല്ലി പറഞ്ഞു
അങ്ങനെ വിശ്വാസത്താൽ രൂപപ്പെടുത്തപ്പെട്ട ജീവിതംകൊണ്ട് സുവിശേഷത്തിന് സാക്ഷിമേകാൻ കഴിയുന്നവരായിത്തീരുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: