MAP

യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

ദൈവപരിപാലനയും സ്വർഗ്ഗത്തിനായുള്ള അദ്ധ്വാനവും യഥാർത്ഥ ക്രൈസ്തവജീവിതവും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ശ്ളീഹാക്കാലം അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം: ലൂക്ക 12, 22-34
ശബ്ദരേഖ - ദൈവപരിപാലനയും സ്വർഗ്ഗത്തിനായുള്ള അദ്ധ്വാനവും യഥാർത്ഥ ക്രൈസ്തവജീവിതവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഈ ലോകത്തിലെ ധനസമ്പാദനത്തിന് ഏറെ സമയവും പ്രാധാന്യം കൊടുത്ത്, അതിൽ ജീവിതസാഫല്യം കണ്ടെത്താൻ പരിശ്രമിക്കുന്ന (ലൂക്ക 12, 13-21), ദൈവസന്നിധിയിൽ സമ്പന്നനാകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാത്ത  (ലൂക്ക 12, 21) മനുഷ്യരുടെ മുന്നിൽ, ഭൗതികസാമ്പത്തിനോട് ദൈവികവും സുവിശേഷാത്മകവുമായ അകൽച്ച കാത്തുസൂക്ഷിച്ച് എല്ലാമറിയുകയും നമ്മെ മക്കളായി കാണുകയും ചെയ്യുന്ന പിതാവായ ദൈവത്തിലുള്ള ആശ്രയബോധത്തിൽ വളരുന്നവരേണ്ടതിന്റെ പ്രാധാന്യം, ആരും എടുത്തുമാറ്റാത്ത, ഒരിക്കലും ഇല്ലാതാകാത്ത സമ്പാദ്യവും നിക്ഷേപവും സ്വർഗ്ഗത്തിൽ സംഭരിച്ചുവയ്ക്കേണ്ടതിന്റെ, ഹൃദയത്തിൽ എല്ലായ്പ്പോഴും ആ സ്വർഗ്ഗനാടിനെക്കുറിച്ചുള്ള ചിന്തകൾ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന യേശുവിനെക്കുറിച്ചാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ട് മുതൽ മുപ്പത്തിനാല് വരെയുളള വചനഭാഗത്ത് നാം കാണുന്നത്.

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കാൻ യേശു തന്റെ ശിഷ്യരെ ഉദ്ബോധിപ്പിക്കുന്നതിന് പശ്ചാത്തലമായി നിൽക്കുന്നത്, തന്റെ പിതൃസ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മനുഷ്യൻ യേശുവിന്റെ സഹായം ആവശ്യപ്പെടുന്ന ഒരു സംഭവമാണ് (ലൂക്ക 12, 13). ഇതിന് മറുപടിയായി ദൈവപുത്രൻ പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്നാമതായി, ഉത്പത്തിപുസ്തകത്തിൽ നാം വായിക്കുന്നതുപോലെ, പിതാവായ ദൈവം സൃഷ്ടിച്ച് ഉത്തരവാദിത്വപൂർവ്വം കൈകാര്യം ചെയ്യാനും സംരക്ഷിക്കാനുമായി തന്റെ സൃഷ്ടികളായ മനുഷ്യരെ ഏൽപ്പിച്ച ഈ ഭൂമിയെ അളന്നുതിരിച്ച് വീതം വയ്ക്കാനായല്ല താൻ അയക്കപ്പെട്ടിരിക്കുന്നത്. രണ്ടാമതായി യേശു പറയുന്നത്, നിന്റെ ആയുസ്സ് എത്ര നാൾ നീളുമെന്നറിയാത്ത ഈ ജീവിതത്തിൽ ആത്മാവിന്റെ വില മനസ്സിലാക്കാതെയും ദൈവസന്നിധിയിൽ സമ്പന്നനാകാൻ ശ്രമിക്കാതെയും ജീവിക്കുന്നത് ഭോഷത്തരമാണ് എന്നതാണ്. ഇതിനുശേഷമാണ് അവൻ ദൈവപരിപാലനയിൽ ആശ്രയം വയ്‌ക്കേണ്ടതിന്റെയും, ഈ ഭൂമിയിലെ ജീവിതം നൽകുന്ന അവസരങ്ങൾ ശരിയായി ഉപയോഗിച്ച് സ്വർഗ്ഗത്തിൽ സമ്പത്ത് നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്നത്തെ സുവിശേഷഭാഗത്ത് നാം കാണുന്ന മനോഹരമായ ഉദ്‌ബോധനം നടത്തുന്നത്. തങ്ങളുടെ സ്ഥാനമാനങ്ങളും അധികാരങ്ങളും നോക്കിയും, തങ്ങൾക്ക് സ്വന്തമായുള്ള വസ്തുക്കളുടെയും സ്വത്തുക്കളുടെയും അളവ് കണക്കുകൂട്ടിയും ദൈവസ്നേഹത്തെയും ദൈവപരിപാലനയെയും അളക്കുന്നവർക്ക് യഥാർത്ഥ ദൈവസ്നേഹമെന്തെന്ന്, അനന്തമായ കരുണയുടെ, കരുതലിന്റെ, ദൈവികപരിപാലന എന്തെന്ന് മനസ്സിലാക്കാൻ, എളുപ്പമല്ലെന്ന് സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്.

സമ്പത്തിന്റെ ശരിയായ അളവുകോൽ

“എന്തു ഭക്ഷിക്കും എന്ന് ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ട” (ലൂക്ക 12, 22) എന്ന ഇരുപത്തിരണ്ടാം തിരുവചനത്തിനും "നിങ്ങൾക്ക് ഇതെല്ലം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം" (ലൂക്ക 12, 30) എന്ന മുപ്പതാം തിരുവചനത്തിനുമിടയിൽ യേശു നമുക്ക് ഈ ഭൂമിയിലെ വസ്തുവകകളെക്കുറിച്ചും ജീവിതത്തിൽ എന്താണ് പ്രധാനപ്പെട്ടതെന്നതിനെക്കുറിച്ചുമുള്ള മനോഹരമായ ഒരു പാഠമാണ് നൽകുന്നത്. ദൈവസൃഷ്ടികളായ പക്ഷികളുടെയും, ലില്ലിച്ചെടിയുടെയും ഉദാഹരണം മുന്നിൽ വച്ചാണ് അവൻ ഇത് വ്യക്തമാക്കിത്തരുന്നത്. കലവറയോ കളപ്പുരയോ ഇല്ലാത്ത പക്ഷികളെ പോറ്റുന്ന, സോളമൻ തന്റെ സർവ്വമഹത്വത്തിന്റെ ഉച്ചകോടിയിൽ ആയിരുന്നതിനേക്കാൾ അലംകൃതമായി ലില്ലിച്ചെടികളുടെ പൂവുകളെ അലങ്കരിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നു. പക്ഷികളെക്കാളും, ഇന്നുള്ളതും നാളെ തീയിൽ എറിയപ്പെടുന്നതുമായ പുല്ലിനേക്കാളും വിലയേറിയ, തന്റെ ഛായയിലും സാദൃശ്യത്തിലും താൻ സൃഷ്‌ടിച്ച മനുഷ്യനെ ദൈവം എത്രയധികം വിലമതിക്കുന്നുവെന്ന്, എത്രയധികം അലങ്കരിക്കുമെന്ന്  ദൈവപുത്രൻ ചോദിക്കുന്നു. ദൈവാശ്രയബോധം ഇല്ലാത്തവരും നഷ്ടപ്പെട്ടവരുമായ ഈ ലോകത്തിന്റെ ജനതകളെപ്പോലെ നിങ്ങൾ ആകുലചിത്തരാകേണ്ടെന്ന്, ഭയപ്പെടേണ്ടന്ന് യേശു അവരെ ആശ്വസിപ്പിക്കുന്നു. എല്ലാമറിയുന്ന, തന്റെ മക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്ന ഒരു ദൈവപിതാവിനെക്കുറിച്ചാണ് യേശു തുടർന്ന് പഠിപ്പിക്കുക (ലൂക്കാ 12, 30).

ലോകത്തെയും അതിന്റെ സമ്പത്തിനെയും അത് നൽകുന്ന സുഖസൗകര്യങ്ങളെയും മനുഷ്യന്റെ ആഗ്രഹങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്ന ഒരു ദൈവപുത്രനെയല്ല, ജീവിതത്തിൽ നമ്മെയും നമുക്കുള്ളതിനേയും, ന്യായമായവയേയും അന്യായമായവയേയും ശരിയായ മൂല്യബോധത്തോടെ കാണാൻ പഠിപ്പിക്കുന്ന യേശുവിനെയാണ് നാം ഇവിടെ കാണുക. ഭക്ഷണത്തേക്കാളും വസ്ത്രത്തെക്കാളും ദൈവം നൽകിയ ജീവനെ വിലയേറിയതായി കാണാൻ പഠിക്കുക. ആടയാഭരണങ്ങളേക്കാൾ ദൈവം നൽകിയ ജീവിതത്തിന്റെ ഭംഗിയെ വിലമതിക്കാൻ, അവനിലുള്ള ആശ്രയബോധത്തെ വളർത്തിക്കൊണ്ടുവരാൻ പഠിക്കുക.

ഈ ഭൂമിയിലെ സ്വർഗ്ഗോന്മുഖമായ ജീവിതം

ദൈവവിശ്വാസമോ, ദൈവിക, ധാർമ്മിക, മാനവിക മൂല്യങ്ങളെക്കുറിച്ചുള്ള ശരിയയായ തിരിച്ചറിവോ, ജീവിതത്തെക്കുറിച്ചും സാമ്പത്തിനെക്കുറിച്ചുമുള്ള  ശരിയായ ബോധ്യങ്ങളോഇല്ലാത്ത ഈ ലോകത്തിന്റെ ജനതകളുടെ ജീവിതം പോലെയാകരുത്, ദൈവമക്കളായ നമ്മുടെ ജീവിതമെന്നാണ് ഈ സുവിശേഷഭാഗത്തിന്റെ രണ്ടാം പകുതിയിലും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെ യേശു പഠിപ്പിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങളറിയുന്ന ദൈവത്തിൽ ശരണപ്പെടുക, അവൻ നിങ്ങൾക്ക് എല്ലാം നൽകുമെന്ന, നിങ്ങളുടെ ജീവനെ സംരക്ഷിക്കുമെന്ന ബോധ്യത്തിൽ ജീവിക്കുക. എന്നാൽ ദൈവാശ്രയബോധത്തിൽ ജീവിക്കുന്ന ഒരുവന്റെ ഈ ലോകത്തിലെ ജീവിതം സുഖാലസ്യത്തിന്റേതായ, യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാത്ത, എല്ലാം തികഞ്ഞ ഒരു ജീവിതമാണെന്നല്ല യേശു പറയുക. ഈ ഭൂമിയിൽ ജീവിക്കുന്ന കാലമത്രയും ദൈവാശ്രയബോധത്തിൽ ജീവിക്കുന്നതിനൊപ്പം, നിങ്ങളുടെ സമ്പത്ത് വിറ്റ് ദാനം ചെയ്യാൻ, പഴകിപ്പോകാത്ത പണസഞ്ചികൾ കരുതിവയ്ക്കാൻ, സ്വർഗ്ഗത്തിൽ ഒടുങ്ങാത്ത നിക്ഷേപം സംഭരിച്ചുവയ്ക്കാൻ (ലൂക്കാ 12, 33) അവൻ ആവശ്യപ്പെടുന്നു. ഭൗമികമായ സമ്പത്ത് അതിന്റെ അവകാശികൾക്ക് നൽകി സ്വർഗ്ഗീയമായ സമ്പത്ത് സ്വന്തമാക്കാനുള്ള ഒരു വിളിയാണിത്. ഈ ലോകജീവിതത്തിന്റെ സമ്പത്തിനും മഹത്വത്തിനും മുന്നിൽ ദൈവസന്നിധിയിലുള്ള, സ്വർഗ്ഗീയജീവിതത്തിന്റെ അമൂല്യതയെ തിരിച്ചറിഞ്ഞ് ജീവിക്കുക.

നമ്മുടെ വിശ്വാസജീവിതം

മണ്ണിനും പണത്തിനും പ്രകൃതിവിഭവങ്ങൾക്കും അധികാരത്തിനും പേരിനും പ്രശസ്തിക്കും വേണ്ടി രാജ്യങ്ങൾ പോലും പരസ്പരം യുദ്ധങ്ങളിലും സായുധസംഘർഷങ്ങളിലും ഏർപ്പെടുന്ന, ലോകരാജ്യങ്ങൾ പരസ്പരം ചേരിതിരിയുന്ന, അധീനപ്രദേശങ്ങൾ ഏറി വരുന്ന ഒരു ലോകത്ത്, എന്തിന്, വീതം വയ്ക്കുന്നതിലെ ഏറ്റക്കുറച്ചിലുകളുടെ പേരിൽപ്പോലും സഹോദരങ്ങളെയും മാതാപിതാക്കളെയുമൊക്കെ കൊല്ലാൻ തയ്യാറാകുന്ന മക്കളുള്ള, കിട്ടിയതൊന്നും പോരെന്നും, തങ്ങളുടെ സഹോദരങ്ങൾക്കിടയിലും ഇടവകയിലും നാട്ടിലും ഏറ്റവും വലിയ ധനികരും പ്രശസ്തരും തങ്ങളാകണമെന്നും കരുതുന്ന ദൈവവിശ്വാസികളുള്ള ഇന്നത്തെ സാമൂഹ്യജീവിതത്തിന്റെ പശ്ചാത്തലത്തിൽ, മറ്റാർക്കും എടുത്തുമാറ്റാനാകാത്ത, നിത്യതയോളം നമുക്ക് സ്വന്തമാക്കാൻ കഴിയുന്ന ഒന്നാണ് സ്വർഗ്ഗീയമായ സമ്പാദ്യങ്ങളെന്ന് യേശു പറയുന്നത്, ഏറെ മനോഹരമായ ഒരു ചിന്തയാണ്. ഈ ലോകത്തെ സകല മനുഷ്യർക്കും ജീവജാലങ്ങൾക്കും വേണ്ടി ദൈവം നൽകുന്ന പ്രകൃതിവിഭവങ്ങളെ സ്വന്തം സ്വത്താക്കിയും, കച്ചവടച്ചരക്കാക്കിയും, പാവപ്പെട്ടവന് അന്നം നിഷേധിക്കുന്ന, അനീതി പ്രവർത്തിക്കുന്ന ഒരു ലോകമനഃസ്ഥിതിയുടെ മുന്നിലാണ് നാം ജീവിക്കുന്നതെന്ന് മറക്കാതിരിക്കാം.

ദൈവപരിപാലനയിലുള്ള ആശ്രയബോധത്തിൽ ജീവിക്കാൻ, സ്വന്തം കഴിവുകളെയും ധനത്തെയും കാൾ ദൈവകരങ്ങളിലും സ്വർഗ്ഗീയമായ മൂല്യങ്ങളിലും സമ്പത്തിലും ജീവിതത്തിലും പ്രതീക്ഷയും ശരണവുമർപ്പിച്ച് ജീവിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്ന ഈ സുവിശേഷഭാഗത്തുകൂടി കടന്നുപോകുമ്പോൾ, നമ്മുടെ ജീവിതങ്ങളെയും അൾത്താരയിൽ, ദൈവസാന്നിദ്ധ്യത്തിന് മുന്നിൽ ഒന്ന് വിശകലനം ചെയ്യാൻ നമുക്ക് സാധിക്കട്ടെ. എല്ലാം കാണുന്ന, എല്ലാമറിയുന്ന, നമ്മുടെ സൃഷ്ടാവും പിതാവുമായ ദൈവത്തിൽ ആശ്രയമർപ്പിച്ച്, കാനായിലെ കല്യാണവേദിയിൽ പരിശുദ്ധ അമ്മ പറയുന്നതുപോലെ ദൈവപുത്രനായ ക്രിസ്തുവിന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കാൻ (യോഹ. 2, 5) നമുക്ക് പരിശ്രമിക്കാം. ശരിയായ സമ്പത്തും ജീവനും ദൈവികമാണെന്ന തിരിച്ചറിവിൽ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ കരുതാം, സ്വർഗ്ഗോന്മുഖരായി, സഹോദര്യപൂർവ്വം ദൈവികമൂല്യങ്ങളോടെ ജീവിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂലൈ 2025, 13:49