MAP

പുരോഹിതനും ലേവായനും നല്ല സമരിയക്കാരനും കവർച്ചക്കാരുടെ കയ്യിലകപ്പെട്ട മനുഷ്യനും പുരോഹിതനും ലേവായനും നല്ല സമരിയക്കാരനും കവർച്ചക്കാരുടെ കയ്യിലകപ്പെട്ട മനുഷ്യനും 

നല്ല അയൽക്കാരനാകുക; നിത്യജീവൻ അവകാശമാക്കുക

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പതിനഞ്ചാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: ലൂക്ക 10, 25-37
ശബ്ദരേഖ - നല്ല അയൽക്കാരനാകുക; നിത്യജീവൻ അവകാശമാക്കുക

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നിത്യജീവൻ അവകാശമാക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യവുമായി ക്രിസ്തുവിനെ പരീക്ഷിക്കാനെത്തിയ ഒരു നിയമജ്ഞനോട്, സ്നേഹത്തിന്റെ പ്രവൃത്തികളാണ് സ്വർഗ്ഗരാജ്യത്തിലേക്കുള്ള കുറുക്കുവഴിയെന്ന് പറഞ്ഞുകൊടുക്കുന്ന യേശുവിനെക്കുറിച്ചാണ് വിശുദ്ധ ലൂക്കയുടെ സുവിശേഷം പത്താം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത്തിയേഴുവരെയുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നത്.

നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം? ഈ ഒരു ചോദ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെയും മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകണം. നല്ല മനുഷ്യരായി അറിയപ്പെടാൻ ആഗ്രഹിക്കാത്തവർ നമ്മിൽ ആരുമുണ്ടാകില്ല. എല്ലാവരുടെയും സ്നേഹപാത്രമായി, എല്ലാവരാലും ഇഷ്ടപ്പെടുന്നവരാകാൻ തക്കവിധം നല്ല വ്യക്തിത്വമുള്ള ഒരു ജീവിതം നയിക്കുവാൻ ആഗ്രഹിക്കുക എന്നത് മനോഹരമായ, പലപ്പോഴും വിശുദ്ധമായ ഒരു ആഗ്രഹമാണെന്ന് നമുക്ക് പറയാൻ സാധിക്കും. എന്നാൽ, ഇന്ന് സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന വെല്ലുവിളി ഇതാണ്. ദൈവത്തിനും മറ്റുള്ളവർക്കും മുന്നിൽ നല്ലവനായിത്തീരാൻ എങ്ങനെ സാധിക്കും? എങ്ങനെ ആത്മാർഥമായി മറ്റുള്ളവർക്ക് സ്നേഹം നൽകാനാകും? എങ്ങനെ മറ്റുള്ളവരെ വിലമതിക്കാനും പരിഗണിക്കാനും സാധിക്കും? യേശുവിന്റെ ചോദ്യത്തിനുള്ള നിയമജ്ഞന്റെ ഇത്തരത്തിൽ ഇതിനുള്ള മറുപടി നമുക്ക് കാണാനാകും. "നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണഹൃദയത്തോടും, പൂർണാത്മാവോടും പൂർണ ശക്തിയോടും, പൂർണമനസ്സോടും കൂടെ സ്നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും" (വാ. 27). എപ്പോഴാണോ നിങ്ങളും ഞാനുമൊക്കെ, നിബന്ധനകൾക്കും, നിർബന്ധങ്ങൾക്കും, നിയമത്തിനുമപ്പുറം ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാൻ ആരംഭിക്കുന്നത്, അപ്പോൾ സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായി, നിത്യജീവന്റെ അവകാശികളായി നമുക്കും മാറാൻ സാധിക്കുമെന്ന് വചനം പഠിപ്പിക്കുന്നു.

നിയമവ്യവസ്ഥയ്ക്കുപോലും മുകളിലാണ് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥാനമെന്നാണ് നല്ല സമരിയക്കാരന്റെ ഉപമയിലൂടെ യേശു നിയമജ്ഞന് പറഞ്ഞുകൊടുക്കുന്നത്. ചട്ടവട്ടങ്ങളുടെയും പാരമ്പര്യങ്ങളുടെയും, കീഴ്വഴക്കങ്ങളുടെയും ഒക്കെ നിയമത്തേക്കാൾ പ്രധാനപ്പെട്ടത് സ്നേഹത്തിന്റെ നിയമമാണ്. ഈയൊരു സ്നേഹത്തിന്റെ നിയമത്തെപ്പറ്റി ലൂക്കയുടെ തന്നെ സുവിശേഷം ആറാം അധ്യായത്തിന്റെ ഇരുപത്തിയേഴു മുതൽ മുപ്പത്തിയാറു വരെയുള്ള തിരുവചനങ്ങളിൽ യേശു നമുക്ക് വ്യക്തമായി പറഞ്ഞുതരുന്നുണ്ട്. "ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ", "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്ക, 6, 27-36). ക്രിസ്തുവിനെ അനുഗമിക്കുന്നവർ, ലോകത്തിന്റേതായ ന്യായവും, നിയമവും മാത്രം അനുസരിച്ച് മുന്നോട്ടു പോകുന്നതിൽനിന്ന് ഉയർന്ന്, ദൈവമക്കൾക്ക് അടുത്ത സ്നേഹവും കാരുണ്യവും പരിശീലിക്കാൻ യേശു ആഹ്വാനം ചെയ്യുന്നു.

ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനുള്ള യേശുവിന്റെ ഉപദേശത്തിന് മുന്നിൽ, തന്റെ അയൽക്കാരൻ ആരാണെന്ന് നിയമജ്ഞൻ യേശുവിനോട് ചോദിക്കുന്നു. യഹൂദരുമായി നല്ല ബന്ധം ഇല്ലാതിരുന്ന ഒരു ജനതയിലെ ഒരാളെ ഒരു സമരിയക്കാനെയാണ് എപ്രകാരമുള്ളവനായിരിക്കണം ഒരു അയൽക്കാരൻ എന്നതിന് ഉദാഹരണമായി യേശു എടുത്തുകാണിക്കുന്നത്. യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിന്റെ ഒൻപതാം വാക്യത്തിൽ കിണറിന്റെ കരയിൽ വെള്ളത്തിനായി നിൽക്കുന്ന യേശുവും, സമരിയക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിൽ യഹൂദരും സമരിയക്കാരുമായുള്ള ഈ അകൽച്ച നാം വ്യക്തമായി കാണുന്നുണ്ട്. (യോഹ. 4,7). യേശു ജെറുസലേമിലേക്കുള്ള യാത്രയിൽ സമരിയക്കാരുടെ ഒരു ഗ്രാമത്തിൽ പ്രവേശിക്കുവാൻ ചെല്ലുമ്പോൾ, "അവൻ ജെറുസലേമിലേക്ക് പോവുകയായിരുന്നതുകൊണ്ട് അവർ അവനെ സ്വീകരിച്ചില്ല" (ലൂക്ക 9,52) എന്ന് ലൂക്കാസുവിശേഷകൻ എഴുതുന്നിടത്തും യഹൂദരും സമരിയക്കാരും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധത്തെക്കുറിച്ച് നാം കാണുന്നുണ്ട്. അങ്ങനെ, സമ്പർക്കത്തിന് കൊള്ളില്ലെന്ന് യഹൂദർ കരുതിയിരുന്ന, യഹൂദരുമായി ശത്രുതയുണ്ടായിരുന്ന ഒരു ജനവിഭാഗത്തിലെ ഒരു മനുഷ്യനെയാണ്, അയൽക്കാരനായി യേശു ഇന്നത്തെ സുവിശേഷത്തിൽ നിയമജ്ഞന് കാണിച്ചുകൊടുക്കുന്നത്.

പ്രിയപ്പെട്ടവരേ, ജെറുസലേമിൽനിന്ന് ജെറീക്കോയിലേക്ക് പോകവേ കൊള്ളയടിക്കപ്പെട്ട് വഴിയരികിൽ കിടക്കുന്ന ആ മനുഷ്യന് അയൽക്കാരനായ നല്ല സമരിയക്കാരന്റെ കഥ നമുക്ക് വ്യക്തമാണ്. എന്നാൽ, ഈ കഥ നൽകുന്ന സന്ദേശം നാം ഒരിക്കലും മറന്നു പോകരുത്. പുരോഹിതനും ലെവായനും അകലെമാറി കടന്നുപോയിടത്താണ് സമരിയക്കാരൻ, വഴിയരികിൽ കിടക്കുന്ന അജ്ഞാതനായ ഒരു മനുഷ്യന്റെ അരികിലേക്ക് അടുത്തുവരുന്നത്. ദൈവവിശ്വാസത്തിന്റെയും നന്മയുടെയും പ്രതിനിധികൾ ആകേണ്ടിയിരുന്ന, നല്ല അയൽക്കാർ ആകേണ്ടിയിരുന്ന വ്യക്തികളാണ്, അകലെ മാറി കടന്നു പോകുന്നത്.

സകലരുടെയും നാഥനായ ദൈവത്തിന്റെ പുത്രരായ, ഈ ലോകത്തിലെ സഹനമനുഭവിക്കുന്ന ഓരോ മനുഷ്യരുടെയും അടുത്തുനിന്ന് അകലെ മാറി കടന്നു പോകുന്ന നമുക്കുള്ള ഒരു സന്ദേശമാണ് ഇന്നത്തെ സുവിശേഷഭാഗം. ദൈവം സ്നേഹിക്കുന്ന മനുഷ്യരെ ഒഴിവാക്കി, അകലെ മാറി നമ്മൾ പോകുമ്പോൾ, നിത്യജീവന്റെ സാധ്യതകളിൽനിന്നാണ് നാം അകന്നു പോകുന്നത് എന്ന് തിരിച്ചറിയാനുള്ള ഒരു വിളി കൂടിയാണ് ഇവിടെയുള്ളത്. മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, അന്ത്യവിധിയെക്കുറിച്ച് യേശു പറയുന്ന വാക്കുകളെ ഈയൊരു സാഹചര്യത്തിൽ ചേർത്തുവായിച്ചാൽ, യേശു പറയുന്ന ഈ കഥയുടെ സാരാംശം നമുക്ക് കൂടുതൽ വ്യക്തവും സ്വീകാര്യവുമാകും. യേശു പറയുന്നു: "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തു തന്നത്" (യോഹ. 25,40).

ഇന്നത്തെ സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ, പ്രിയ സഹോദരീ സഹോദരന്മാരെ, നിത്യജീവൻ അവകാശമാക്കാൻ തക്ക, നല്ല അയൽക്കാരന്റേതിന് തുല്യമായ ജീവിതമാണോ നമ്മുടേതെന്ന ഒരു ചോദ്യമാണ് സുവിശേഷം നമുക്ക് മുന്നിൽ ഉയർത്തുന്നത്. സ്നേഹമായി കടന്നുവന്ന യേശുവിന്റെ സ്നേഹത്തിന്റെ നിയമം അനുസരിച്ച് ജീവിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ട്. പാപികളും ബലഹീനരുമായ നമുക്ക് വേണ്ടി തന്റെ ജീവൻ കുരിശിൽ ബലിയായി അർപ്പിച്ച സ്നേഹമാണ് ക്രിസ്തു. അവൻ നമുക്ക് നൽകിയ നിയമം അളവുകളോ പരിധികളോ വേർതിരിവുകളോ ഇല്ലാത്ത സ്നേഹത്തിന്റെ നിയമമമാണ്. ക്രിസ്ത്യാനി ക്രിസ്തുവിനെ അനുഗമിക്കുന്നവൻ മാത്രമാകരുത്, അനുകരിക്കുകയും മറ്റൊരു ക്രിസ്തുവായി ജീവിക്കുകയും ചെയ്യുന്നവനാകണം.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അത്യാഗ്രഹത്തിന്റെയും അധികാരത്തിന്റെയും ഒക്കെപ്പേരിൽ സംഘർഷങ്ങളും യുദ്ധങ്ങളും അരങ്ങേറുന്ന, സാധാരണജനജീവിതം ദുരിതപൂർണ്ണമാകുന്ന നമ്മുടെ ഈ ലോകത്ത്, നല്ല സമരിയക്കാരനെപ്പോലെ, ഏവർക്കും നല്ല അയൽക്കാരാകാൻ നമുക്കും പരിശ്രമിക്കാം. പ്രതിഫലം പ്രതീക്ഷിച്ചും, മറ്റുള്ളവരുടെ മുന്നിൽ നല്ല പേരിനുവേണ്ടിയും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നതിന് പകരം, ദൈവസന്നിധിയിൽ സ്വീകാര്യരും വിലയുള്ളവരുമാകാൻ സാധിക്കുന്ന വിധത്തിൽ ജീവിക്കാം. മുറിവേറ്റ മനുഷ്യരിലേക്ക് കരുണയുടെയും സാന്ത്വനത്തിന്റെയും സ്നേഹവും ശുശ്രൂഷയുമായി കടന്നുചെല്ലാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂലൈ 2025, 12:27