MAP

വിശുദ്ധ വാതിലിലേക്ക് നടക്കുന്ന തീർത്ഥാടകർ വിശുദ്ധ വാതിലിലേക്ക് നടക്കുന്ന തീർത്ഥാടകർ  (© Emilia Jankovics)

ജൂബിലി: വിശുദ്ധ വാതിലിലേക്ക് പ്രതേക പാതകളൊരുക്കി റോം മുനിസിപ്പാലിറ്റി

ഭിന്നശേഷിക്കാരും ശാരീരികബുദ്ധിമുട്ടുകൾ നേരിടുന്നവരുമായ ആളുകൾക്ക് കൂടി ജൂബിലി വർഷത്തിൽ വിശുദ്ധ വാതിലിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാൻ മൂന്ന് പ്രത്യേക പാതകൾ ഒരുക്കി റോം മുനിസിപ്പാലിറ്റി. ജൂലൈ 1 ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് തീർത്ഥാടകർക്കായി നഗരമൊരുക്കിയ സൗകര്യങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി ഓഫീസ് വ്യക്തമാക്കിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഭിന്നശേഷിക്കാർക്കും ശാരീരികബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും, ഭാഷാപരവും ബുദ്ധിപരവുമായ പരിമിതികൾ ഉള്ളവർക്കും സാധാരണക്കാർക്കൊപ്പം വിശുദ്ധവാതിലിലേക്കുള്ള പ്രവേശനം എളുപ്പമാക്കി റോം മുനിസിപ്പാലിറ്റി. പ്രത്യേക അടയാളങ്ങളുടെയും ഉപാധികളുടെയും സഹായത്തോടെ, മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകൾക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കും, അവിടെനിന്ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ വാതിലിലേക്കും എത്തിച്ചേരാൻ സഹായിക്കുന്ന പുതിയ സംവിധാനം റോം മുനിസിപ്പാലിറ്റി ജൂലൈ ഒന്നാം തീയതി ചൊവ്വാഴ്‌ച രാവിലെ തുറന്നുനൽകി.

റോമിൽ വത്തിക്കാനടുത്തുള്ള റിസോർജിമെന്തോ ചത്വരം, പിയ ചത്വരം സാന്ത് ഉഫീച്ച്യോ ചത്വരം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് എത്താൻ സഹായിക്കുന്ന വിവിധ ഭാഷകളിലുള്ള വഴികാട്ടികൾ, ഓഡിയോ വീഡിയോ സന്ദേശങ്ങൾ ലഭ്യമാക്കുന്ന സംവിധാനം തുടങ്ങി വിവിധ പദ്ധതികളാണ് നഗരം ഒരുക്കിയിരിക്കുന്നത്. വിശ്രമകേന്ദ്രങ്ങൾ, ടോയ്‌ലെറ്റ് സംവിധാനങ്ങൾ, കുടിവെള്ള ജലധാരകൾ, മറ്റ് പ്രത്യേക സഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകൾക്ക് പുറമെ, ആംഗ്യഭാഷയിലുള്ള അടയാളങ്ങളും ക്യുആർ കോഡ് ഉപഗയോഗിച്ചുള്ള ആശയവിനിമയവും, കാഴ്ചക്കുറവ്, വർണ്ണാന്ധത തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്നവർക്കായി ബ്രെയ്‌ലി ഭാഷ, ദൃശ്യതീവ്രത കൂടിയ ചിത്രങ്ങൾ, പ്രത്യേക അക്ഷരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മാപ്പുകളും തീർത്ഥാടകർക്കായി ഒരുക്കിയ പുതിയ സൗകര്യങ്ങളിൽപ്പെടും.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കുള്ള ഈ മൂന്ന് പാതകളിൽ, അഞ്ച് മീറ്റർ ഇടവിട്ട് സ്പർശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന പ്രത്യേകതരം കാൽപ്പാടുകളുടെ അടയാളവും സ്ഥാപിച്ചിട്ടുണ്ട്.

എല്ലാ സന്ദർശകർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ “എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള" ഒരു പദ്ധതിയാണ് തങ്ങൾ ആരംഭിക്കുന്നതെന്ന് റോം മേയർ റൊബേർത്തോ ഗ്വാൽത്തിയേരി (Roberto Gualtieri) ഇതുമായി ബന്ധപ്പെട്ട് പ്രസ്താവിച്ചു. ആഗോളമൂല്യങ്ങളുടെയും പ്രത്യാശയുടെ ജൂബിലിയുടെ ചൈതന്യത്തിന്റെയും ആശയങ്ങളോട് ചേർന്നുപോകുന്ന എല്ലാവർക്കും വേണ്ടിയുള്ള ഒരു പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കത്തോലിക്കാസഭയുടെ ജൂബിലി ആഘോഷത്തിനായി സൃഷ്ടിക്കപ്പെട്ട ഗവണ്മെന്റ്റിന്റെ പ്രത്യേക കമ്മീഷൻ, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി, തലസ്ഥാന പൗരസംരക്ഷണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ജൂബിലി തീർത്ഥാടകർക്കും വത്തിക്കാൻ സന്ദർശകർക്കും ഉപകാരപ്രദമാകുന്ന പുതിയ ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂലൈ 2025, 16:42