റോമിൽ യുവജന ജൂബിലി – ഒരുക്കങ്ങൾ സമാപനഘട്ടത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ജൂബിലി വർഷത്തിലെ യുവജന ജൂബിലിയാചരണം ജൂലൈ 28 – മുതൽ ആഗസ്റ്റ് 3 വരെ റോമിൽ നടക്കും.
ഈ ആചരണത്തിൻറെ വിശദവിവരങ്ങൾ ഇരുപത്തിമൂന്നാം തീയതി (23/07/25) ബുധനാഴ്ച പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം ഒരു പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
സുവിശേഷവത്ക്കരണത്തിനായുള്ള വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് സാൽവത്തോരെ റീനൊ ഫിസിക്കേല്ല (Archbishop Salvatore Rino Fisichella) ഇറ്റലിയുടെ മന്ത്രിസഭയുടെ ഉപകാര്യദർശി അൽഫ്രേദൊ മന്തൊവാനൊ, റോം നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരി, ലാത്സിയൊ പ്രദേശത്തിൻറെ ഉപാദ്ധ്യക്ഷ ശ്രീമതി റൊബേർത്ത അഞ്ചെലീല്ലി, റോമിൻറെ പ്രീഫെക്ട് ലംബേർത്തൊ ജന്നീനി എന്നിവർ ഈ പത്രസമ്മേളനത്തിൽ സംസാരിച്ചു.
റോം ലോകത്തിനു മുഴുവൻ, സംഘർഷങ്ങളാൽ ദാരുണമായി മുറിവേറ്റ പ്രദേശങ്ങൾക്കും തുറന്നിടുന്നതും ഈ വിശുദ്ധ വർഷത്തിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഒരു വേളയാണ് ഈ യുവജന ജൂബിലിയെന്നും 146 രാജ്യങ്ങളിൽ നിന്നുള്ള യുവജന പ്രതിനിധികൾ ഇതിൽ പങ്കെടുക്കുമെന്നും ആർച്ചുബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു. ഓരോ യുവാവിനും യുവതിക്കും അവരുടെ സമപ്രായക്കാരുമായി ഇടപഴകുമ്പോൾ, "ഒരു ആശ്ലേഷം" അനുഭവിച്ചറിയാനും, 25 വർഷങ്ങൾക്ക് മുമ്പ് ജോൺ പോൾ രണ്ടാമൻ പാപ്പാ നലികിയ "പ്രഭാത കാവൽക്കാർ" ആകാനുള്ള ആഹ്വാനത്തോട് വിശ്വസ്തത പുലർത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യുവജന ജൂബിലിയുടെ ആരംഭദിനത്തിൽ അതായത്, ജൂലൈ 28-ന് 5 ലക്ഷത്തോളം തീർത്ഥാടകർ റോമിലെത്തുമെന്നും ഇവർക്ക് 270 ഇടവകകളിലും നാനൂറോളം വിദ്യാലയകെട്ടിടങ്ങളിലും വിവിധ കുടുംബങ്ങളിലും മറ്റിടങ്ങളിലുമായി ആതിഥ്യമരുളുമെന്നും ആർച്ചുബിഷപ്പ് ഫിസിക്കേല്ല വെളിപ്പെടുത്തി. 29 മുതൽ റോമിൻറെ വിവിധ ഭാഗങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. ആഗസ്റ്റ് 1-ന് ചിർക്കൊ മാസ്സിമൊ മൈതാനിയിൽ 200-ഓളം വൈദികർ കുമ്പസാരം കേൾക്കും. രണ്ടാം തീയതി റോമിൻറെ പ്രാന്തത്തിലുള്ള തോർ വെർഗാത്തയിൽ പാപ്പായുമൊത്തുള്ള ജാഗര പ്രാർത്ഥാന ശുശ്രൂഷയിൽ യുവതീയുവാക്കൾ പങ്കെടുക്കും. ആഗസ്റ്റ് 3-ന് ഞായറാഴ്ച രാവിലെ ലിയൊ പതിനാലാമൻ പാപ്പാ തോർ വെർഗാത്തയിൽ യുവജന ജൂബിലിയുടെ സമാപന ദിവ്യബലി അർപ്പിക്കും.
ഇറ്റലിയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഈ ജൂബിലിയാചരണത്തോടനുബന്ധിച്ച് ഒരുക്കുന്നതെന്ന് റോം നഗരാധിപൻ ഗ്വൽത്തിയേരി വെളിപ്പെടുത്തി. സന്നദ്ധസേവകർ, ക്രമസമാധാന സുരക്ഷാ പാലകർ, ആരോഗ്യസേവകർ തുടങ്ങിയവരുടെ സാന്നധ്യവും പ്രവർത്തനങ്ങളും സുഗമമായ ജൂബിലിയാചരണത്തിന് ഉറപ്പുവരുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: