ഗാസയിൽ ദേവാലയം ആക്രമിക്കപ്പെട്ടതിൽ പിന്തുണയറിയിച്ച് ജറുസലേം പാത്രിയാർക്കീസുമാരും സഭാനേതാക്കളും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഗാസയിലെ തിരുക്കുടുംബ ദേവാലയത്തിനു നേരെ നടന്ന ആക്രമണത്തിൽ, ജറുസലേമിലെ വിവിധ പാത്രിയാർക്കീസുമാരും, സഭ നേതാക്കളും നടുക്കം രേഖപ്പെടുത്തുകയും, ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസിനോട് തങ്ങളുടെ സാമീപ്യം അറിയിക്കുകയും ചെയ്തു. ഇസ്രായേൽ - ഹാസ് സംഘർഷത്തിൽ ദുരിതമനുഭവിക്കുന നിരവധിയാളുകൾക്ക് അഭയം ഒരുക്കി വന്നിരുന്ന ഒരു ദേവാലയം കൂടിയായിരുന്നിത്. ആക്രമണത്തിൽ ഇടവക വികാരിയായ ഫാ. ഗബ്രിയേലേ റോമാനെല്ലിക്കും പരിക്കുകളേറ്റിരുന്നു. ജൂലൈ മാസം പതിനേഴാം തീയതി രാവിലെ നടന്ന അക്രമണത്തിലാണ് ദേവാലയം തകർക്കപ്പെട്ടത്. ഈ ആക്രമണം പള്ളി സമുച്ചയത്തിന് കേടുപാടുകൾ വരുത്തുക മാത്രമല്ല, മൂന്ന് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തിരുന്നു.
സംയുക്ത പ്രസ്താവനയിൽ ഈ കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നതായി സഭാനേതാക്കൾ അടിവരയിട്ടു പറഞ്ഞു. ആരാധനാലയങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട പുണ്യസ്ഥലങ്ങളാണ്. അന്താരാഷ്ട്ര നിയമപ്രകാരം അവ സംരക്ഷിക്കപ്പെടേണ്ടതാണ്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ ഉൾപ്പെടെ ഏകദേശം 600 അഭയാർത്ഥികളെ പാർപ്പിക്കുന്ന ഒരു പള്ളിയെ ലക്ഷ്യമിട്ട് ആക്രമിക്കുന്നത് ഈ നിയമങ്ങളുടെ ലംഘനമാണെന്നും, ഇത് മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്നതും, മനുഷ്യജീവിതത്തിന്റെ പവിത്രതയെ ചവിട്ടിമെതിക്കുന്നതും, ഒരു പുണ്യസ്ഥലത്തെ അപമാനിക്കുന്നതുമാണെന്നും പ്രസ്താവനയിൽ എടുത്തു പറഞ്ഞിരിക്കുന്നു.
ലോക നേതാക്കളോടും ഐക്യരാഷ്ട്രസഭയുടെ ഏജൻസികളോടും ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കാനും പ്രസ്‌താവനയിൽ ആഹ്വാനം ചെയ്തു. ഗാസയിലെ ജനങ്ങളുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്നും ജറുസലേം പാത്രിയാർക്കീസുമാരും സഭാനേതാക്കളും അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: