പ്രാർത്ഥന ദൈവവുമായുള്ള ഇടമുറിയാത്ത ബന്ധമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആണ്ടുവട്ടക്കാലം പതിനേഴാം ഞായറാഴ്ച്ചയിലെ വായനകൾ എന്ത് പ്രാർത്ഥിക്കണമെന്നും, എങ്ങനെ പ്രാർത്ഥിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെ മാതൃക എന്താണെന്നും ഇന്നത്തെ സുവിശേഷം നമുക്ക് കാണിച്ചു തരുന്നു. ഒരു പക്ഷെ ജീവിതകാലത്ത് നിരവധി തവണ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന നാം ഉരുവിട്ടിട്ടുണ്ടെങ്കിലും, അവയുടെ ആന്തരികാർത്ഥം ഉൾക്കൊണ്ടു കൊണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ, അവ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വർണ്ണിക്കുവാൻ ആവാത്തതാണ്.
യേശു പഠിപ്പിച്ച ഈ പ്രാർത്ഥന സ്വർഗ്ഗസ്ഥനായ പിതാവുമായി നാം കാത്തുസൂക്ഷിക്കേണ്ടുന്ന വ്യക്തിബന്ധത്തിലേക്കും വിരൽ ചൂണ്ടുന്നു. പുതിയ നിയമത്തിൽ പുത്രനായ ദൈവം നമുക്ക് നൽകിയ വലിയ രണ്ടു സമ്മാനങ്ങളാണ് സ്വർഗ്ഗസ്ഥനായ പിതാവിന്റെ പിതൃവാത്സല്യവും, പരിശുദ്ധാത്മാവിന്റെ ദാനങ്ങളും. പിതാവിന്റെ പക്കൽ നമുക്ക് എപ്പോഴും സ്ഥാനമുണ്ടെന്നതും ഈ വചനഭാഗം നമ്മെ ബോധ്യപ്പെടുത്തുന്നു.
ഉല്പത്തി പുസ്തകത്തിൽ നിന്ന് എടുത്ത ആദ്യ വായന, ദൈവവുമായുള്ള സംഭാഷണത്തിൽ അബ്രഹാം നടത്തിയ മധ്യസ്ഥ പ്രാർത്ഥനയുടെ മാതൃക നമുക്ക് നൽകുന്നു. അബ്രഹാം തന്റെ വൈദഗ്ധ്യമുള്ള വിലപേശലിലൂടെയും എളിമയുള്ളതും നിരന്തരവുമായ മധ്യസ്ഥതയിലൂടെയും, ദൈവത്തെ തന്റെ വരുതിക്കുള്ളിലേക്ക് കൊണ്ടുവരുന്നതായി നമുക്ക് തോന്നുമെങ്കിലും, മധ്യസ്ഥത വഹിക്കുന്ന അബ്രഹാമിന് ദൈവം വെളിപ്പെടുത്തി കൊടുക്കുന്നത്, തന്റെ അനന്തമായ കരുണയുടെ ഹൃദയമാണ്. "സൊദോമിനും ഗൊമോറയ്ക്കും എതിരായ നിലവിളി വളരെ വലുതാണ്, അവരുടെ പാപം വളരെ ഗുരുതരമാണ്." എന്നുള്ള ദൈവത്തിന്റെ വചനങ്ങൾക്ക് മുൻപിൽ, അബ്രഹാം അവരുടെ രക്ഷയ്ക്കായി കടന്നുചെല്ലുന്നത്, മധ്യസ്ഥപ്രാർത്ഥനയുടെ ഉദാത്തമായ ഉദാഹരണമാണ്. "നീ ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും തുടച്ചുനീക്കുമോ?" എന്ന അബ്രഹാമിന്റെ ചോദ്യം, ഒരിക്കലും പൂർണ്ണമായ ബോധ്യത്തിൽ നിന്നും ഉയർന്നതായിരുന്നില്ല. ഈ നഗരങ്ങളിൽ നീതിമാന്മാർ ഉണ്ടായിരുന്നോ എന്ന് പോലും അന്വേഷിക്കാതെ ഈ ചോദ്യം ഉന്നയിക്കുവാൻ അബ്രഹാമിനെ പ്രേരിപ്പിച്ചത്, യഥാർത്ഥ ദൈവവിശ്വാസിയുടെ അപരസ്നേഹമാണ്.
അബ്രഹാമും, ദൈവവും നടത്തുന്ന സംഭാഷണവും ഏറെ വ്യതിരിക്തമാണ്. ദൈവത്തോട് എത്രയോ സ്വാതന്ത്ര്യത്തോടുകൂടിയാണ് അബ്രഹാം സംസാരിക്കുന്നത്. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കോപിക്കുമോ എന്ന് നമ്മുടെ കൂട്ടുകാരോട് എത്രയോ തവണ നാം ആവർത്തിച്ചിരിക്കുന്നു. അതുപോലെ ഒരു ദിവ്യമായ സൗഹൃദമാണ് അബ്രഹാം തന്റെ മധ്യസ്ഥപ്രാർത്ഥനയിലൂടെ നമുക്ക് കാട്ടിത്തരുന്നത്. ഈ മധ്യസ്ഥപ്രാർത്ഥനയിലൂടെ ദൈവത്തിന്റെ കോപം പോലും ശമിപ്പിക്കുന്ന അബ്രഹാം നമുക്ക് വലിയ ഒരു മാതൃകയാണ്.
"കർത്താവേ, ഞാൻ സഹായത്തിനായി വിളിച്ച ദിവസം, നീ എനിക്ക് ഉത്തരം നൽകി" എന്ന പ്രതിവചന സങ്കീർത്തനം കർത്താവിലുള്ള പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഒരു സ്തുതിഗീതമാണ്, ദൈവം ഹൃദയത്തിൽ എളിമയുള്ളവർക്കും ആവശ്യത്തിൽ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും സമീപസ്ഥനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ സങ്കീർത്തനഭാഗം യഥാർത്ഥ പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്ന ഭാഗങ്ങളെയും എടുത്തു കാണിക്കുന്നു. യാചനയും, അപേക്ഷകളും മാത്രമല്ല ഒരു യാഥാർത്ഥപ്രാർത്ഥനയുടെ ഘടകങ്ങൾ, മറിച്ച് അത് ദൈവം നമുക്ക് ചൊരിഞ്ഞിട്ടുള്ള സ്‌നേഹത്തെയും, അവൻ നമ്മോട് കാട്ടിയ വിശ്വസ്‌തതയേയും സ്മരിക്കുന്നതും, ദൈവഹിതപ്രകാരം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുവാനുള്ള കൃപ കർത്താവിനോട് ചോദിക്കുന്നതുമാണ്. നിന്റെ സ്നേഹത്തിനും വിശ്വസ്തതയ്ക്കും ഞാൻ നിന്റെ നാമത്തിന് സ്തോത്രം ചെയ്യും; ഞാൻ വിളിച്ച ദിവസം നീ എനിക്ക് ഉത്തരമരുളി; എന്റെ ശക്തി നീ വർദ്ധിപ്പിച്ചു. ഈ വലിയ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും അടയാളമാണ് കാൽവരി ഗിരിശൃംഗത്തിൽ ഉയർത്തപ്പെട്ട കുരിശുമരം.
നമ്മുടെ പ്രാർത്ഥനകൾക്ക് കർത്താവ് നമുക്ക് നൽകുന്ന ഉറപ്പ് ഈ കുരിശു തന്നെയാണ്. അവൻ നമ്മുടെ എല്ലാ അതിക്രമങ്ങളും നമ്മോടു ക്ഷമിക്കുകയും നമുക്കെതിരെ എഴുതിയിരിക്കുന്ന രേഖയും അതിന്റെ നിബന്ധനകളും അതോടൊപ്പം ഇല്ലാതാക്കുകയും ചെയ്തു, എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ, നമ്മുടെ പ്രാർത്ഥനയിൽ നാം ദൈവവുമായി കാത്തുസൂക്ഷിക്കേണ്ട ബന്ധത്തെ ഓർമ്മപ്പെടുത്തുന്നു. അവന്റെ കുരിശിനോടൊപ്പം നമ്മുടെ പാപങ്ങളെയും, അകൃത്യങ്ങളെയും ചേർത്തു വയ്ക്കുമ്പോഴാണ്, അവന്റെ ശക്തിയിൽ നമുക്ക് ഉയിർത്തെഴുനേൽക്കുവാൻ സാധിക്കുന്നത്. ഈ ബന്ധമാണ് തുടർന്ന് സുവിശേഷത്തിൽ ദൈവത്തെ പിതാവേ എന്ന് വിളിക്കുവാൻ നമ്മെ ശക്തരാക്കുന്നത്. നാം പാപത്തിൽ മരിച്ചവരായിരുന്നിട്ടും, ദൈവം യേശുവിലൂടെ നമുക്ക് പുതിയ ജീവൻ നൽകുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തുവെന്ന് പൗലോസ് ശ്ലീഹാ നമുക്ക് ഉറപ്പുനൽകുന്നു .
സുവിശേഷ ഭാഗത്തിൽ, ഒരു മാതൃകാ പ്രാർത്ഥന പഠിപ്പിച്ചതിനുശേഷം, അബ്രഹാം പ്രകടിപ്പിച്ച അതേ ധൈര്യത്തോടെയും, അടുപ്പത്തോടെയും, ബോധ്യത്തോടെയും, സ്ഥിരോത്സാഹത്തോടെയും സ്വർഗ്ഗസ്ഥനായ ദൈവത്തോട് പ്രാർത്ഥിക്കാൻ യേശു ശിഷ്യന്മാരോട് നിർദ്ദേശിക്കുന്നു. വിശുദ്ധ മത്തായി ഈ ഭാഗം അവതരിപ്പിക്കുന്നത് യേശു എങ്ങനെ പ്രാർത്ഥിക്കണമെന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായി ഗിരിപ്രഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, എന്നാൽ, നമ്മുടെ കർത്താവ് പ്രാർത്ഥനയിലായിരുന്നതിന് തൊട്ടുപിന്നാലെയുള്ള ഒരു സന്ദർഭത്തിലാണ് ലൂക്ക സുവിശേഷകൻ ഈ ഭാഗം അവതരിപ്പിക്കുന്നത്. ഇതിൽ അഞ്ച് അപേക്ഷകളാണ് നമുക്ക് കാണാവുന്നത്. ആദ്യത്തെ രണ്ട് അപേക്ഷകൾ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമാണ്, അടുത്ത മൂന്ന് അപേക്ഷകൾ നമ്മുടെ ആവശ്യങ്ങളായ ദൈനംദിന അപ്പം, ക്ഷമ, ദുഷ്ടനിൽ നിന്നുള്ള സംരക്ഷണം എന്നിവ പിതാവായ ദൈവത്തോട് അവതരിപ്പിക്കുന്നു.
" സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയിൽ രണ്ട് ഭാഗങ്ങളുണ്ട്. ആദ്യ ഭാഗത്തിൽ, നാം ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും മനുഷ്യജീവിതത്തിൽ ദൈവത്തിന്റെ ഭരണത്തിനായുള്ള നമ്മുടെ തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു, അതുവഴി അവന്റെ ഇഷ്ടം ഏറ്റവും പൂർണ്ണമായ രീതിയിൽ ചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. രണ്ടാം ഭാഗത്തിൽ, പുത്രസ്നേഹത്തോടും വിശ്വാസത്തോടും കൂടി നമ്മുടെ ആവശ്യങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നു.
നമ്മുടെ വർത്തമാനകാലം ( ദൈനംദിന അപ്പം ), നമ്മുടെ ഭൂതകാലം ( പാപമോചനം ), നമ്മുടെ ഭാവി ( പ്രലോഭനങ്ങളിൽ നിന്നുള്ള സംരക്ഷണം ) എന്നിവ ദൈവമുമ്പാകെ നാം സമർപ്പിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ ത്രിത്വ ദൈവത്തെയും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. നമ്മെ വ്രണപ്പെടുത്തുന്നവരോട് ക്ഷമിക്കാൻ നമുക്ക് ശക്തരാകാൻ ശാരീരിക പോഷണം മാത്രമല്ല, ദൈനംദിന ആത്മീയ പോഷണവും ആവശ്യമാണ്. ദൈവം നമ്മോട് ക്ഷമിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നുവെങ്കിൽ, നാം പരസ്പരം ക്ഷമിക്കണം. ദുഷ്ടനിൽ നിന്നും, നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ തിന്മകളിൽ നിന്നും നമുക്ക് ദൈവത്തിന്റെ സംരക്ഷണം ആവശ്യമാണ്. നമുക്കായി, നമ്മുടെ പ്രിയപ്പെട്ടവർക്ക്, നമ്മുടെ സമൂഹത്തിന്, നമ്മുടെ രാഷ്ട്രത്തിന്, നമ്മുടെ ലോകത്തിന് തിന്മയിൽ നിന്ന് മോചനത്തിനായി നാം നിരന്തരം പ്രാർത്ഥിക്കണം.
ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാം ഭാഗത്തിൽ, സഹായം ആവശ്യമുള്ള ഒരു സുഹൃത്തിന്റെ ഉപമ അവതരിപ്പിച്ചുകൊണ്ട്, ദൈവത്തിലുള്ള നമ്മുടെ പൂർണ ആശ്രയത്വത്തെ അംഗീകരിച്ചുകൊണ്ട്, നിരന്തരമായതും സ്ഥിരവുമായ പ്രാർത്ഥനയുടെ ആവശ്യകതയെ യേശു ഊന്നിപ്പറയുന്നു. ദൈവത്തിലുള്ള നമ്മുടെ പൂർണ ആശ്രയത്വത്തിന്റെ പ്രകടനമായി പ്രാർത്ഥനയിൽ ഉറച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെ ഈ ആതിഥ്യം എടുത്തുപറയുന്ന വചനങ്ങളിലൂടെ കർത്താവ് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ എല്ലാ അപേക്ഷകളും നിറവേറ്റുന്നഒരു ഓട്ടോമാറ്റിക്ക് മെഷീൻ അല്ല ദൈവം മറിച്ച്, നമ്മുടെ ആവശ്യങ്ങൾക്കനുസരണം നമ്മുടെ കൂടെ നിൽക്കുന്നവനാണ് നമ്മുടെ ദൈവം. എന്ത് നൽകണം, എപ്പോൾ നൽകണം, എങ്ങനെ നൽകണം എന്ന് അറിയുന്ന നമ്മുടെ സ്നേഹനിധിയായ പിതാവാണ് ദൈവം . നമ്മുടെ ശാരീരിക വിശപ്പ് ശമിപ്പിക്കാൻ നമ്മുടെ ദൈനംദിന അപ്പം മാത്രമല്ല, നമ്മുടെ ആത്മീയ വിശപ്പ് ശമിപ്പിക്കാൻ ആത്മീയഭോജനവും കർത്താവ് നമുക്ക് നൽകുന്നു. ഇതാണ് വിശുദ്ധ കുർബാനയുടെ നമുക്ക് ലഭിക്കുന്ന ആത്മീയപോഷണം.
അതിനാൽ പ്രാർത്ഥന യേശുവിന്റെ മനസ് മാറ്റുന്നതിനല്ല മറിച്ച് എന്റെ മാനസാന്തരത്തിനു വേണ്ടിയുള്ളതാണെന്ന് ഇന്നത്തെ വചനം അടിവരയിട്ടു പറയുന്നു. നമുക്ക് ന്യായമായി ആഗ്രഹിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങൾക്കുമായി മാത്രമല്ല, അവ ഏത് ക്രമത്തിൽ ആഗ്രഹിക്കണമെന്നും ഈ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നുവെന്നാണ് വിശുദ്ധ തോമസ് അക്വിനാസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അതിനാൽ നമ്മുടെ ക്രൈസ്തവ ജീവിതത്തിൽ പ്രാർത്ഥന ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും, മറ്റുള്ളവരെ ദൈവത്തിന്റെ മക്കളായി അംഗീകരിക്കുകയും അതുവഴി സഹോദരീസഹോദരന്മാരായി അവരെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യുന്നതാണ് പ്രാർത്ഥനയുടെ മാനദണ്ഡമെന്നും, മനസ്സിലാക്കിക്കൊണ്ട് പ്രാർത്ഥനയുടെ ജീവിതം നയിക്കുവാൻ നമുക്ക് സാധിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: