MAP

വത്തിക്കാനിൽ സംഘടിപ്പിച്ച വയോജന ദിനത്തിൽ നിന്നും (ഫയൽ ചിത്രം) വത്തിക്കാനിൽ സംഘടിപ്പിച്ച വയോജന ദിനത്തിൽ നിന്നും (ഫയൽ ചിത്രം)  (Vatican Media)

വയോജനങ്ങൾ പ്രത്യാശ സമൂഹത്തിൽ പകരുന്നു

ഇന്നത്തെ സമൂഹത്തിൽ വയോജനങ്ങൾ നൽകുന്ന ജീവിതപാഠങ്ങളെ കുറിച്ചുള്ള ചിന്തകൾ. “ഓർമ്മയില്ലാത്ത ഒരു ലോകത്തിൻറെ ഓർമ്മയാണ് മുത്തശ്ശീമുത്തച്ഛന്മാരെ”ന്നാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞിട്ടുള്ളത്. “പ്രത്യാശയുടെ അടയാളങ്ങളാണ് അവരെ”ന്നാണ് ലിയോ പതിനാലാമൻ പാപ്പാ വിശേഷിപ്പിക്കുന്നത്.
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

“വയോധികരുടെ സാക്ഷ്യം ജീവിതത്തിലെ തലമുറകളെ ഒന്നിപ്പിക്കുന്നു. ഭൂതം, വർത്തമാനം, ഭാവി എന്നീ കാലമാനങ്ങളെയും അത് കൂട്ടിയോജിപ്പിക്കുന്നു. ജീവിതത്തിലെ വിവിധ പ്രായ ഘട്ടങ്ങൾ പരസ്പരം മത്സരിക്കുന്ന വേറിട്ട ലോകങ്ങളല്ല. വൃദ്ധരുടെയും കുട്ടികളുടെയും സഖ്യം മാനവകുടുംബത്തെ രക്ഷിക്കും"2022 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി സമൂഹ മാധ്യമമായ  ട്വിറ്റർ  വഴിയായി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച സന്ദേശമാണിത്. ഒരുപക്ഷെ ഇന്നത്തെ ലോകം വളരെയധികം തിരക്കുകളിലൂടെയും, മത്സരങ്ങളിലൂടെയും കടന്നുപോകുന്ന അവസരത്തിൽ നാം മറന്നുപോകുന്ന വിജ്ഞാനത്തിന്റെ ഉറവിടങ്ങളാണ് നമ്മുടെ മുതിർന്നവരും, വയോധികരും. ചിന്താമലരുകളിൽ ഈ ഒരു വിഷയം ഉൾപ്പെടുത്തുന്നതിന് കാരണം കഴിഞ്ഞ ദിവസം ലിയോ പതിനാലാമൻ പാപ്പാ പ്രസിദ്ധീകരിച്ച മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ആഗോളദിനസന്ദേശം തന്നെയാണ്. ഒരിക്കൽ കൂടി നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരുടെ വിജ്ഞാനപ്രദമായ വാക്കുകൾക്ക് കാതോർക്കുവാനും ഈ ചിന്തകൾ നമ്മെ സഹായിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. പാരമ്പര്യങ്ങളുടെയും, സ്മരണകളുടെയും കലവറയായ ഇവരുടെ ജീവിതം ഏതു കാലത്തും സമൂഹത്തിന്റെ അടിത്തറയായി നിലകൊള്ളുന്നുവെന്നതാണ് സത്യം.

തലമുറകളെ ചേർത്തുവയ്ക്കുന്ന കണ്ണികൾ

തലമുറകൾക്കിടയിൽ ബന്ധങ്ങളെ കൂട്ടിച്ചേർക്കുകയും, അവയെ ഊഷ്മളമാക്കുകയും ചെയ്യുന്നതിൽ മുത്തശ്ശീമുത്തച്ഛന്മാർ വഹിക്കുന്ന പങ്കു അതുല്യമാണ്. മുൻകാല സംഭവങ്ങളെ ഓർത്തെടുത്തുകൊണ്ട്, തിന്മയിലേക്ക് ചായുവാനുള്ള പ്രലോഭനങ്ങളെ ചൂണ്ടികാണിച്ചുകൊണ്ട്  പുതിയ തലമുറയെ നന്മയിലേക്ക് നയിക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്കു വർണ്ണനാതീതമാണ്. ഒരു പക്ഷെ ലളിതമെങ്കിലും, അംഗങ്ങളെ ഒന്നിപ്പിക്കുന്ന അത്താഴമേശയിൽ തയ്യാറാക്കപ്പെടുന്ന പാചകവിഭവങ്ങളുടെ കുറിപ്പുകൾ പോലും ഇവരാണ് പുതുതലമുറയ്ക്ക് കൈമാറി നൽകുന്നത്. ഒരു പക്ഷെ ജീവിതത്തിന്റെ പിരിമുറുക്കങ്ങളും, മറ്റു താത്കാലികമായ കാരണങ്ങളും ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുമ്പോൾ, പുതുതലമുറയ്ക്ക് അതിന്റെ കാരണം കണ്ടെത്തി മുറിവുകൾ ഉണക്കുന്നതിലും മുത്തശ്ശീമുത്തച്ഛന്മാർ വഹിക്കുന്ന പങ്കു വളരെ വലുതാണ്. കുടുംബങ്ങളിൽ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും ഊഷ്മളമാക്കുന്നതിലും ഇവർ ഏറെ സഹായിക്കുന്നു.

മൂല്യങ്ങൾ കൈമാറുന്ന ബന്ധം

തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന അമൂല്യനിധിയാണ് മൂല്യങ്ങൾ എന്നത്. ഏതൊക്കെയാണ് മൂല്യങ്ങളെന്നത് പൊതുവായ ഒരു വിശകലനത്തിന് സാധ്യമല്ലെങ്കിലും, ഓരോ കുടുംബത്തിനും തനതായ ഒരു മൂല്യശൈലി ഉള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കിടയിൽ ഒരേ മൂല്യത്തെ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിലും വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ മാറ്റമില്ലാത്ത ഒരു കാര്യം ഇവ കൈമാറ്റം ചെയ്യപ്പെടുന്നത്, മുതിർന്ന തലമുറയിലുള്ളവർ വഴിയായിട്ടാണ് എന്നതാണ്. നമ്മുടെ കുടുംബങ്ങളിലെ മുതിർന്ന തലമുറയിലുള്ള ആളുകൾ അവരുടെ നിഷ്ക്കളങ്കമായ പെരുമാറ്റത്തിലൂടെയും, സംഭാഷണത്തിലൂടെയും ഈ മൂല്യങ്ങൾ നമുക്ക് പകർന്നു നൽകുമ്പോൾ നന്മ നിറഞ്ഞ  പൗരന്മാരായി ജീവിക്കുവാൻ അവർ നമ്മെ സഹായിക്കുകയാണ്.

കുടുംബം എന്നത് കേവലം ചില വ്യക്തികളുടെ ഒന്നിച്ചുചേരൽ മാത്രമല്ല മറിച്ച് അത് നന്മയുടെയും, പരസ്പര പൂർണ്ണതയുടെയും, വിശ്വാസത്തിന്റെയും, വിശ്വസ്തതയുടെയും സഹകരണത്തിന്റെയുമൊക്കെ മൂല്യങ്ങൾ സൃഷ്ടിക്കുന്ന കൂട്ടായ്മയാണ്. അതിനാൽ കുടുംബ ജീവിതത്തിന്റെ സൗന്ദര്യം ഊട്ടിയുറപ്പിക്കുന്നതിനു, മുതിർന്ന തലമുറ നമുക്ക് നൽകുന്ന ഗുണ പാഠങ്ങൾക്ക് നാം കാതോർക്കണം.

വിവിധങ്ങളായ പ്രശ്നങ്ങളിലൂടെയും, പ്രതിസന്ധികളിലൂടെയും ലോകം കടന്നു പോകുമ്പോൾ, മൂല്യങ്ങൾ നിറയുന്ന കുടുംബങ്ങളുടെ സൃഷ്ടി അനിവാര്യമാണ്. കുടുംബങ്ങളിൽ മുതിർന്ന തലമുറ പകർന്നു നൽകുന്ന മൂല്യങ്ങളിൽ പ്രധാനപ്പെട്ടവ സ്‌നേഹത്തിന്റെയും, പ്രാർത്ഥനയുടെയും, പരസ്പരബന്ധങ്ങളുടെയുമാണ്. ദൈവാശ്രയത്വം നമ്മുടെ വ്യക്തിബന്ധങ്ങളിൽ ഊട്ടിയുറപ്പിക്കേണ്ടതിന്റെ  ആവശ്യകത  മുതിർന്ന തലമുറ നമ്മോട് പലപ്പോഴും പറഞ്ഞു തരാറുണ്ട്. ഒരു പക്ഷെ അവരുടെ ജീവിതത്തിൽ, നിരവധി ക്ലേശങ്ങൾക്കിടയിൽ അവരെ താങ്ങിനിർത്തിയ ഒരേ ഒരു ശക്തി ഈ ദൈവാശ്രയത്വം മാത്രമാണ്. പ്രാർത്ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിലൂടെയും ദൈവവുമായുള്ള ബന്ധം അവർ ദൃഢമാക്കി.

മറ്റൊരു മൂല്യം മാതൃകാപരമായ ജീവിതം നയിക്കുക എന്നുള്ളതാണ്. മാതൃക നൽകുന്ന ജീവിതം നയിക്കുവാനുള്ള മുതിർന്നവരുടെ ഉപദേശം നമ്മുടെ ജീവിതത്തിനു വലിയൊരു മുതൽക്കൂട്ടാണ്. ഒരാളുടെ ജീവിതത്തിന്റെ സമ്പാദ്യം എന്നുള്ളത്, ഒരിക്കലും അയാൾ ജീവിതത്തിൽ സ്വന്തമാക്കിയ ഭൗതീക വസ്തുക്കളല്ല, മറിച്ച് ജീവിതത്തിൽ മറ്റുള്ളവർക്ക് നൽകിയ ചെറുതും വലുതുമായ മാതൃകകൾ ആണ്. കുടുംബത്തിൽ നാം പരസ്പരം നൽകുന്ന മാതൃകകൾ മറ്റു കുടുംബങ്ങൾക്ക് മാതൃകകളായി മാറുന്നുവെന്നതാണ് യാഥാർഥ്യം.

മറ്റൊരു മൂല്യം പരസ്പര സ്നേഹത്തിന്റെയും, ക്ഷമയുടെയും, ബഹുമാനത്തിന്റേയുമാണ്. സ്വന്തം കുറവുകള്‍ അംഗീകരിക്കുക, ക്ഷമാശീലം പാലിക്കുക. ഇവ രണ്ടും കുടുംബ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. നമ്മുടെ എല്ലാ കുറവുകളും വെളിപ്പെടുന്ന ഇടമാണ് കുടുംബം. നമ്മുടെ കുറവുകള്‍ അംഗീകരിക്കാന്‍ മടിക്കരുത്. ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച കാണിക്കാനും പഠിക്കണം.

സേവനമനോഭാവവും കുടുംബത്തിലെ മുതിർന്ന തലമുറ നമുക്ക് പകർന്നു നൽകുന്ന മൂല്യങ്ങളിൽ ഒന്നാണ്. തനിക്കുവേണ്ടി മാത്രമായി കാര്യങ്ങൾ കരുതിവയ്ക്കാതെ എല്ലാവരെയും പറ്റി ചിന്തിക്കുവാനും, അവർക്കായി നമ്മുടെ സമയവും ഊർജ്ജവും വ്യയം ചെയ്യുവാനും മുതിർന്നവർ നമ്മെ ഉപദേശിക്കുമ്പോൾ, അത് വെറും വാക്മയചിത്രങ്ങളുടെ അലങ്കാരമല്ല, മറിച്ച് ജീവിതത്തിന്റെ ഏടുകളിൽ അവർ അനുഭവിച്ച സേവനത്തിന്റെ സന്തോഷം തന്നെയാണ്.

ഫ്രാൻസിസ് പാപ്പാ കുടുംബങ്ങൾക്ക് നൽകുന്ന ഉപദേശങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നന്ദിയുള്ളവരായിരിക്കുക എന്നത്. ഇന്നത്തെ സമൂഹത്തിൽ നന്ദിയുടെ ഒരു കുറവ് ബന്ധങ്ങൾക്കിടയിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ട്. നന്ദിയുടെ ഈ പാഠങ്ങൾ മുതിർന്ന തലമുറ  നമുക്ക്   നൽകുന്ന വലിയ ഒരു ഉപദേശമാണ്. ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുക, ഒപ്പം പരസ്പരം നന്ദിയോടെ ജീവിക്കുക.

പ്രത്യാശയുടെ അടയാളങ്ങൾ

ലിയോ പതിനാലാമൻ പാപ്പാ മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനത്തിനും വേണ്ടിയുള്ള അഞ്ചാം ലോകദിനത്തിനുള്ള സന്ദേശത്തിൽ എടുത്തു പറയുന്ന ആശയം പ്രത്യാശയുടേതാണ്. “പ്രത്യാശ കൈവെടിയാത്തവർ ഭാഗ്യവാന്മാർ” എന്ന തിരുവചനത്തിലെ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ വയോജനങ്ങളുടെ അന്തരാത്മാവിലൂടെ അവർ അടുത്ത തലമുറയ്ക്ക് പകരുന്ന പ്രത്യാശയുടെ കിരണങ്ങളെ എടുത്തു പറയുന്നത്. വയോജനം പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യത്തിലെത്തിയവർക്കും പ്രത്യാശപുലർത്താൻ കഴിയുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിന്റെ പ്രവർത്തനശൈലി ഉൾക്കൊള്ളാനും മനസ്സിലാക്കാനും അംഗീകരിക്കാനും, സമയത്തെ അതിന്റെ പൂർണ്ണതയിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും എല്ലാം നൊടിയിടയിൽ നേടിയെടുക്കാനുള്ള ത്വരയുള്ള ഒരു യുവജനതയ്ക്ക്, വലിയ സ്വപ്‌നങ്ങളും യാഥാർഥ്യങ്ങളുമൊക്ക സാക്ഷാത്കരിക്കപ്പെടുന്നത് തുടർച്ചയായ ഒരു പ്രക്രിയയിലൂടെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കേണ്ടതുണ്ട്.

പതിയെ വളർന്ന് പക്വത പ്രാപിച്ചാണ് വലിയ സ്വപ്‌നങ്ങൾ യാഥാർഥ്യങ്ങളായി മാറുന്നത്. സമയത്തിന്റെ പൂർണ്ണതയും സങ്കീർണ്ണതയും മനസ്സിലാക്കുമ്പോഴേ അവയിൽ ദൈവത്തിന്റെ ഇടപെടൽ തിരിച്ചറിയാനും മനസ്സിലാക്കാനും നമുക്ക് സാധിക്കൂ. എന്നാൽ എല്ലാം ധൃതഗതിയിൽ നേടിയെടുക്കാനും, സ്വന്തം നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുന്നവർക്ക് ദൈവത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും മനസ്സിലാക്കാൻ സാധിക്കില്ല. ചരിത്രത്തിലൂടെ നീളുന്ന, പരസ്പരം എല്ലാത്തിനെയും ബന്ധിപ്പിച്ചു നിറുത്തുന്ന സ്നേഹത്തിന്റെ ഒരു പദ്ധതിയാണ് ദൈവത്തിന്റേതെന്ന് മുതിർന്ന തലമുറയിലെ ആളുകൾ അവരുടെ ജീവിതം വഴിയായി നമുക്ക് കാണിച്ചുതരുന്നു. 

പേരക്കുട്ടികൾക്ക് പ്രയോജനകരമായ വാർദ്ധക്യം

പലപ്പോഴും വാർദ്ധക്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാറുണ്ട്. ഒരു ഭാരമെന്ന നിലയിൽ അവരെ കണ്ടുകൊണ്ട്, അവരെ ഉപേക്ഷിക്കുന്ന തലമുറ, അവരുടെ മൂല്യം തിരിച്ചറിയുവാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. സാംസ്കാരിക പൈതൃകത്തെയും കുടുംബ ചരിത്രത്തെയും കുറിച്ചുള്ള ഒരു ബോധം കുട്ടികൾക്ക് നൽകിക്കൊണ്ട്  അവരുടെ അണുകുടുംബത്തേക്കാൾ, അവരെല്ലാവരും  വലിയ ഒരു കുടുംബത്തിന്റെ  ഭാഗമാണെന്ന ബോധം നൽകുന്നു. പേരക്കുട്ടികളുടെ ജീവിതത്തിൽ സ്ഥിരത സ്ഥാപിക്കുന്നതിന്, പ്രത്യേകിച്ച് മാതാപിതാക്കൾ വേർപിരിഞ്ഞിരിക്കുന്ന, ദാരിദ്ര്യത്തിൽ ജീവിക്കുന്ന, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള, അല്ലെങ്കിൽ ആസക്തികളാൽ കലുഷിതമായ ഒരു കുടുംബത്തിൽ കുട്ടികൾ പലപ്പോഴും സുരക്ഷിതത്വം അനുഭവിക്കുന്നത്, അവരുടെ മുത്തശീമുത്തച്ഛന്മാരോടൊപ്പമാണ്. ഇത് ഒരു പ്രേഷിത ദൗത്യവും, വിളിയുമാണ്.  വിശ്വാസത്തിന്റെ ഒരു പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ഇവർക്കാണ് പേരകുട്ടികളെ സഹായിക്കുവാനും അവരെ സ്വാധീനിക്കുവാനും സാധിക്കുക.

ആത്മീയ പിന്തുണ

പേരക്കുട്ടികൾക്ക് അവരുടെ മുത്തശ്ശീമുത്തച്ഛന്മാർ നൽകുന്ന വലിയ ജീവിത സമ്മാനം അവരുടെ ആത്മീയ പിന്തുണയാണ്. കുട്ടികൾക്കൊപ്പം പ്രാർത്ഥിച്ചുകൊണ്ടും, അവർക്കായി പ്രാർത്ഥിച്ചുകൊണ്ടും വിശ്വാസത്തിൽ വളരുവാൻ അവരെ സഹായിക്കുമ്പോൾ അവരുടെ ആത്മീയ ജീവിതത്തിൽ വലിയ ഒരു സ്വാധീനം ചെലുത്തുവാൻ  സാധിക്കുന്നു. കുട്ടികൾക്കൊപ്പം കുർബാനയിൽ പങ്കെടുക്കുകയും, അവരോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും ചെയ്യുന്ന മുത്തശ്ശീമുത്തച്ഛന്മാർ ഭാവിയിലേക്ക് പ്രത്യാശ നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ പേരക്കുട്ടികളെ സഹായിക്കുന്നു. ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നത്  ജീവിതം കൊണ്ട് പഠിപ്പിക്കുന്ന ഇവർ നൽകുന്ന ആത്മീയ പിന്തുണ പിന്നീട് ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിൽ നമ്മെ താങ്ങിനിർത്തുന്നു. 

പ്രായമായവരെ സംരക്ഷിക്കുക നമ്മുടെ കടമയാണ്.

“നമ്മൾ ഒരിക്കലും പ്രായമായവരെ കൈവിടരുത്. കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ സാന്നിധ്യം വിലപ്പെട്ടതാണ്, കാരണം നമ്മൾ ഒരേ പൈതൃകത്തിൽ പങ്കുപറ്റുന്നവരാണെന്നും നമ്മുടെ വേരുകൾ കാത്തുപരിപാലിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ജനതയുടെ ഭാഗമാണെന്നും അവർ നമ്മെ ഓർമ്മിപ്പിക്കുന്നു." ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിൽ നമ്മുടെ ജീവിതത്തിൽ ഒരു ദൗത്യമെന്നോണം ഏറ്റെടുത്തുകൊണ്ട്, അവരെ ചേർത്തുനിർത്തണം. ഏകാന്തതയനുഭവിക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരെയും വയോധികരെയും സന്ദർശിക്കുന്നതും ജീവിതത്തിന്റെ ഭാഗമായി നാം ഏറ്റെടുക്കണം. “ഓർമ്മയില്ലാത്ത ഒരു ലോകത്തിൻറെ ഓർമ്മയാണ് മുത്തശ്ശീമുത്തച്ഛന്മാർ. അവരെ പാർശ്വവത്ക്കരിക്കുന്നത് വാർദ്ധക്യത്തെ മാത്രമല്ല, ജീവിതത്തിൻറെ എല്ലാ ഋതുക്കളെയും ദുഷിപ്പിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട.” മുത്തശ്ശീമുത്തച്ഛന്മാരുടെ ശക്തമായ സ്നേഹത്തിൽ നിന്നും വാക്കുകൾ കൂടാതെ പഠിപ്പിക്കാൻ കഴിയുന്ന ആധികാരികപ്രബോധനമായ അവരുടെ ദുർബ്ബലതയിൽ നിന്നും അറിവാർജ്ജിക്കാൻ നമുക്കു സാധിച്ചാൽ, ഹൃദയ കാഠിന്യത്തിനെതിരായ ഒരു യഥാർത്ഥ മറുമരുന്നായി നമുക്ക് പ്രയോജനപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജൂലൈ 2025, 14:17