MAP

സഹായമായി ലഭിച്ച വസ്തുക്കളുമായി എതാനും പലസ്തീനാക്കാർ സഹായമായി ലഭിച്ച വസ്തുക്കളുമായി എതാനും പലസ്തീനാക്കാർ 

ഗാസയ്ക്ക് ദുരിതാശ്വാസ സഹായപദ്ധതിയുമായി കാരിത്താസ് ഇറ്റലി!

ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ഇറ്റലിയിലെ കാരിത്താസ് സംഘടന 2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയുടെ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇസ്രായേലിൻറെ ആക്രമണം തുടരുന്ന ഗാസയിൽ സംജാതമായിരിക്കുന്ന ദുരിതത്തിൽ നിന്ന് ജനങ്ങളെ കരകയറ്റുന്നതിന് ഒരു മാനവികസഹായ പദ്ധതി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ ഇറ്റാലിയൻ ഘടകം – “കാരിത്താസ് ഇത്തലിയാന” (CARITAS ITALIANA) ആവിഷ്കരിച്ചിരിക്കുന്നു.

2 ലക്ഷത്തി 60000 യൂറോ – ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 2 കോടി 62 ലക്ഷത്തിൽപ്പരം ഇന്ത്യൻ രൂപയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ലിയൊ പതിനാലാമൻ പാപ്പായും വിവിധ സംഘടനകളും ഗാസയിലെ യുദ്ധദുരന്തബാധിതർക്കായി നടത്തിയ അഭ്യർത്ഥനയുടെ വെളിച്ചത്തിലാണ് ഈ സഹായ പദ്ധതിയുമായി ഈ സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.

ഗാസയിലും ജോർദ്ദാൻറെ പശ്ചിമതീരത്തും അടിയന്തിര മാനവികസഹായം എത്തിക്കുക, തൊഴിൽ നഷ്ടപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തിക പുനരധിവാസം, സ്ഥായിയായ സമാധാനം ലക്ഷ്യം വച്ചുകൊണ്ട് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണത്തിനു വഴിയൊരുക്കുക എന്നിവയാണ് ഇറ്റാലിയൻ കാരിത്താസ് സംഘടന വിഭാവനം ചെയ്തിരിക്കുന്നത്.

അതിൻറെ സാക്ഷാത്കാരത്തിൻറെ ആദ്യ ഘട്ടം പശ്ചിമതീരത്തെ കുടുംബങ്ങളുടെയും വ്യക്തികളുടെയും സാമൂഹ്യ-സാമ്പത്തിക ശാക്തീകരണമാണ്. രണ്ടാം ഘട്ടം ഗാസയിലെ ഇടവകയ്ക്കുള്ള അടിയന്തിര സഹായമാണ്. മൂന്നാമത്തേത് സർവ്വകലാശാലകളിൽ ഇസ്രായേൽ-പലസ്തീൻ സംഭാഷണത്തിനും സാമധാനത്തിനും വേണ്ടിയുള്ള പരിശീലനപരിപാടികൾ തുടരുകയെന്നതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജൂലൈ 2025, 11:23