MAP

യേശുവിന്റെ തിരുഹൃദയം യേശുവിന്റെ തിരുഹൃദയം   (@TaminoPetelinšek )

പഴയനിയമവാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് യേശുവിന്റെ തിരുഹൃദയം

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 92 മുതൽ 101 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. തന്റെ ഹൃദയത്തിൽ നിന്നും മനുഷ്യരാശിയിലേക്ക് ചൊരിഞ്ഞ കാരുണ്യത്തിന്റെ നീരുറവയാണ് ഈ കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി കത്തോലിക്കാസഭയെ താങ്ങിനിർത്തുന്നത്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജീവൻ നിലനിർത്തുന്നതിനായി വായുവിനോടൊപ്പം അവശ്യഘടകമായ ഒന്നാണ് ജലം. ദൈനം ദിന ജീവിതത്തിൽ  ജലം ഒഴിച്ചുനിർത്തിയുള്ള സമയത്തെ പറ്റി ചിന്തിക്കുക പോലും അസാധ്യമാണ്. ഇപ്രകാരം സമൂഹ ജീവിതത്തിൽ ജലത്തിന് നൽകുന്ന അമൂല്യത, വിശുദ്ധ ഗ്രന്ഥത്തിന്റെ പല ഏടുകളിലും നമുക്ക് കാണുവാൻ സാധിക്കും. തന്റെ ഹൃദയത്തിൽ നിന്നും മനുഷ്യരാശിയിലേക്ക് ചൊരിഞ്ഞ കാരുണ്യത്തിന്റെ നീരുറവയാണ് ഈ കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി കത്തോലിക്കാസഭയെ താങ്ങിനിർത്തുന്നത്. ഉല്പത്തി പുസ്തകത്തിൽ, ദൈവം ലോകത്തെ സൃഷ്ടിക്കുമ്പോൾ, "വെള്ളത്തിനുമീതെ ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നു" എന്ന് പറയുന്നു (ഉല്പത്തി 1:2). ഇത് സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ജലത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു. ബൈബിളിൽ ജലം ശുദ്ധീകരണത്തിന്റെ പ്രതീകമായി പലപ്പോഴും ഉപയോഗിക്കുന്നു. പഴയനിയമത്തിൽ, പാപങ്ങളിൽ നിന്നും അശുദ്ധിയിൽ നിന്നും ശുദ്ധീകരിക്കാൻ പലപ്പോഴും ജലം ഉപയോഗിച്ചിരുന്നുവെന്നതിനു ലേവ്യരുടെ പുസ്തകം സാക്ഷ്യം നൽകുന്നുണ്ട്. പുതിയനിയമത്തിൽ, ജലത്തിലുള്ള സ്നാനം പാപങ്ങളിൽ നിന്നുള്ള മാനസാന്തരത്തെയും ക്രിസ്തുവുമായുള്ള ഐക്യത്തെയും സൂചിപ്പിക്കുന്നു. സ്നാപക യോഹന്നാൻ  ജലം ഉപയോഗിച്ചുകൊണ്ടാണ് ജോർദാൻ നദിക്കരയിൽ സ്നാനം നല്കിയിരുന്നതെന്നു വചനം പറയുന്നു. അതുപോലെ ജലം ഉപയോഗിച്ച് യേശു തന്റെ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയത് താഴ്മയുടെയും ശുദ്ധീകരണത്തിന്റെയും അടയാളമായിട്ടാണ്.

ബൈബിളിൽ ജലം ജീവന്റെ പ്രതീകമാണ്. സമരിയാക്കാരി സ്ത്രീക്ക് ജീവന്റെ ജലം വാഗ്ദാനം ചെയ്തുകൊണ്ട്, അത് കുടിക്കുന്നവർക്ക് പിന്നെ ദാഹിക്കുകയില്ലെന്നും നിത്യജീവനുവേണ്ടിയുള്ള നീരുറവയായി അത് മാറുമെന്നും യേശു പറയുന്നു. സങ്കീർത്തനങ്ങളിൽ, ദാവീദ് ദൈവത്തെ "ജീവജലത്തിന്റെ ഉറവ" എന്നാണ്  വിശേഷിപ്പിക്കുന്നത്. "ആരെങ്കിലും എന്നിൽ വിശ്വസിച്ചാൽ, തിരുവെഴുത്ത് പറയുന്നതുപോലെ, അവന്റെ ഉള്ളിൽ നിന്ന് ജീവജലത്തിന്റെ നദികൾ ഒഴുകും" എന്നാണ് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തുകൊണ്ട് യേശു പറയുന്നത്. അവസാനം തന്റെ വിലാപ്പുറത്തു കുത്തിയ പടയാളിക്കും തന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്നും നിത്യജീവന്റെയും രക്ഷയുടെയും ജലം പ്രദാനം ചെയ്തുകൊണ്ടാണ് യേശു അത്ഭുതം  പ്രവർത്തിക്കുന്നത്. ജലം ബൈബിളിൽ ഒരു ഭൗതിക വസ്തു എന്നതിലുപരി, ആത്മീയവും പ്രതീകാത്മകവുമായ പ്രാധാന്യമുള്ള ഒന്നാണ്. ഇത് ദൈവത്തിന്റെ ശക്തിയെയും സ്നേഹത്തെയും നീതിയെയും മനുഷ്യവർഗ്ഗത്തോടുള്ള ഇടപെടലുകളെയും ഓർമ്മിപ്പിക്കുന്നു.

ഇങ്ങനെ യേശുവിന്റെ സ്നേഹത്തിന്റെ പ്രതീകമായി ജലത്തെ വിശുദ്ധ ഗ്രന്ഥം എടുത്തു പറയുന്നതാണ്, ദിലെക്സിത്ത് നോസിന്റെ ഈ ഖണ്ഡികകളിലൂടെ ഫ്രാൻസിസ് പാപ്പാ നമ്മെ പഠിപ്പിക്കുന്നത്.

തൊണ്ണൂറ്റിരണ്ടാം ഖണ്ഡിക മുതൽ ജലത്തിന്റെ ആത്മീയപ്രതീകാത്മകതയെയാണ് പാപ്പാ എടുത്തു പറയുന്നത്. ‘പാനീയം പ്രദാനം ചെയ്യുന്ന സ്നേഹം’, എന്നുള്ളതാണ് ഈ ഖണ്ഡികകളുടെ ശീർഷകം. സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യത്തോടെ വചനം ഓർമ്മപ്പെടുത്തുന്നതാണ് ദൈവകൃപയുടെ നീർച്ചാലുകൾ നമ്മിലേക്ക് ഒഴുക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം. അതുകൊണ്ടാണ് ജീവിതത്തിന്റെ വേദന നിറഞ്ഞ നിമിഷങ്ങളിൽ വചനവായന നടത്തേണ്ടത് ഏറെ ആവശ്യമെന്നും, അതുവഴിയായി ദൈവകൃപയിൽ നിറയണമെന്നും സഭ, മക്കളെ പഠിപ്പിക്കുന്നതും.

പഴയനിയമത്തിൽ ഇസ്രായേൽ ജനത മരുഭൂമിയിലൂടെ കാനാൻ  ദേശത്തേക്കു യാത്ര ചെയ്യുമ്പോൾ അവർക്കു ദാഹിക്കുന്നതായി വചനം പറയുന്നുണ്ട്. മരുഭൂമിയിലൂടെ നടന്ന് വിമോചനത്തിനായി കാത്തിരുന്ന ആളുകൾക്ക് ജീവദായകമായ ജലത്തിന്റെ സമൃദ്ധി വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ മുഖമാണ് നമുക്ക് അവിടെ ദർശിക്കുവാൻ സാധിക്കുക.  "നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവകളിൽ നിന്ന് വെള്ളം കോരും" എന്നുള്ള ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നമ്മുടെ ജീവിതത്തിലും , രക്ഷ കൊണ്ടുവരുന്നത് ദൈവം ദാനമായി നൽകുന്ന ജീവന്റെ ഉറവകൾ വഴിയാണെന്ന് പഠിപ്പിക്കുന്നു. അതുപോലെ തന്നെ ശുദ്ധീകരണത്തിനും ജലം തന്നെയാണ് പ്രതീകമായി പഴയ നിയമത്തിൽ ഉപയോഗിച്ചിരുന്നത്. "ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും, നിങ്ങൾ ശുദ്ധരാകും. [...] ഞാൻ നിങ്ങളുടെ ഉള്ളിൽ ഒരു പുതിയ ആത്മാവിനെ സ്ഥാപിക്കും" എന്നുള്ള എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ തിരുവചനങ്ങളും പാപ്പാ ഉദ്ധരിക്കുന്നുണ്ട്. ജനങ്ങളെ പൂർണ്ണമായ നിലനിൽപ്പിലേക്ക് പുനഃസ്ഥാപിക്കുന്നത് ജലമാണെന്നതും വചനം പറയുന്നുണ്ട്. "അരുവി പോകുന്നിടത്തെല്ലാം നീങ്ങുന്ന എല്ലാ ജീവജാലങ്ങളും ജീവിക്കും [...], കാരണം വെള്ളം പോകുന്നിടത്തെല്ലാം അവ സുഖപ്പെടും, അരുവി പോകുന്നിടത്തെല്ലാം എല്ലാം ജീവിക്കും" എന്നാണ് എസെക്കിയേൽ പ്രവാചകന്റെ വചനങ്ങൾ എടുത്തു കാണിക്കുന്നത്.

മരുഭൂമിയിലെ നാൽപ്പത് വർഷത്തെ ഓർമ്മയ്ക്കായി യഹൂദന്മാരുടെ  കൂടാരപ്പെരുന്നാളിന്റെ പ്രതീകവും ജലം തന്നെ ആയിരുന്നു. പഴയനിയമത്തിലെ ദൈവാനുഗ്രഹത്തിന്റെ പ്രതീകമായ ഈ ജലം പുതിയ നിയമത്തിൽ യേശുവെന്ന നിത്യജീവന്റെ ഉറവയെ എടുത്തു കാണിക്കുന്നു.

പഴയനിയമത്തിൽ ദൈവം ഇസ്രായേൽ ജനതയ്ക്കു നൽകിയ വാഗ്ദാനങ്ങളുടെയെല്ലാം പൂർത്തീകരണമാണ് പുതിയ നിയമത്തിൽ ക്രിസ്തുവിലൂടെ നൽകപ്പെട്ട നിത്യരക്ഷ. ഈ ലോകത്തിന്റെ മുഴുവൻ രാജാവായ ക്രിസ്തു മരക്കുരിശിൽ തന്റെ ജീവൻ വെടിഞ്ഞശേഷവും, അവന്റെ ഹൃദയം മനുഷ്യർക്കായി തുടിച്ചിരുന്നുവെന്നതിന്റെ തെളിവാണ് പാർശ്വത്തിൽ നിന്നും ഒഴുകിയ രക്തവും വെള്ളവും. "പടയാളികളിൽ ഒരാൾ കുന്തം കൊണ്ട് അവന്റെ പാർശ്വത്തിൽ കുത്തി, ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു" എന്നുള്ള വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വചനത്തിനുശേഷം, കൂട്ടിച്ചേർത്തിരിക്കുന്നത് ഇപ്രകാരമാണ്: "തങ്ങൾ കുത്തിമുറിവേൽപ്പിച്ചവനെ അവർ നോക്കിനിൽക്കും." ഇത് പഴയനിയമത്തിലെ സഖറിയാ പ്രവാചകന്റെ പുസ്തകം പന്ത്രണ്ടാം അധ്യായം പത്താം തിരുവചനത്തിന്റെ പൂർത്തീകരണമാണ്. പഴയനിയമത്തിലെ ദൈവവചനം, ക്രിസ്തുവെന്ന ദൈവപുത്രനിലൂടെ മനുജർക്ക് സംലഭ്യമായിരിക്കുന്നു. " ഞാന്‍ ദാവീദ്‌ ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും." ഫ്രാൻസിസ് പാപ്പാ യേശുവിന്റെ തിരുഹൃദയത്തിന്റെ ഭക്തി ഇന്ന് നമ്മുടെ ജീവിതത്തിൽ ഊട്ടിയുറപ്പിക്കണം എന്ന് പറയുന്നത്, വചനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിലൂടെ നമുക്ക് മനസിലാകും. തന്റെ തിരുവിലാവ് തുറന്ന് നമ്മുടെ ജീവിതത്തിലേക്ക് കരുണയുടെയും, സ്നേഹത്തിന്റെയും, ആശ്വാസത്തിന്റെയും ജലകണങ്ങൾ ഒഴുക്കുന്നതിനാലാണ്, യേശു തന്നെ ഇപ്രകാരം പറഞ്ഞത്: "ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ, അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ […] അവന്റെ ഹൃദയത്തിൽ നിന്ന് ജീവജലത്തിന്റെ നദികൾ ഒഴുകും" (യോഹന്നാൻ 7:37-38). ഈ  വചനങ്ങൾ പൂർത്തിയായതും, ആ കുരിശിന്റെ ചുവട്ടിലാണ്. എന്നാൽ ഇത്  കാലത്തിന്റെ ഒരു നിമിഷത്തേക്ക് മാത്രമായി സംഭവിച്ച ഒന്നല്ല, മറിച്ച് ഇന്നും കർത്താവ് തന്റെ ഹൃദയം തുറന്നു നമ്മിലേക്ക് തന്റെ കൃപ ഒഴുക്കുന്നു. അതിനു പരിശുദ്ധ പിതാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്, വെളിപാട് പുസ്തകത്തിലെ വചനം ഉദ്ധരിച്ചുകൊണ്ടാണ്: "ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍." (വെളിപാട്‌ 1 : 7)

ദൈവം തന്റെ ജനത്തോട് നിരവധി തവണ വ്യത്യസ്ത വാക്കുകളിൽ പ്രഖ്യാപിച്ച സ്നേഹം, ഇന്നും ഈ തിരുഹൃദയത്തിലൂടെ മനുഷ്യജീവിതത്തിലേക്ക് ഒഴുക്കപ്പെടുന്നു. പഴയനിയമത്തിലെ പ്രവാചകഗ്രന്ഥങ്ങളിലെ വിവിധ ഉദ്ധരണികൾ പാപ്പാ നമ്മുടെ വായനയ്ക്കും, ധ്യാനത്തിനുമായി ലേഖനത്തിൽ നൽകിയിട്ടുണ്ട്.

ഈ വചനങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുക്കുന്നതും വായനയെ സഹായിക്കും.

നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട്‌ നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. (ഏശയ്യാ 43 : 4)

മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. (ഏശയ്യാ 49 : 15)

ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്‌. (ഏശയ്യാ 49 : 16)

നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. (ഏശയ്യാ 54 : 10)

വിദൂരത്തില്‍ നിന്നു കര്‍ത്താവ്‌ അവനു പ്രത്യക്‌ഷനായി അരുളിച്ചെയ്‌തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്‌; നിന്നോടുള്ള വിശ്വസ്‌തത അചഞ്ചലവും. (ജറെമിയാ 31 : 3)

അതിനാൽ യേശുവിന്റെ തിരുവിലാവ് സ്‌നേഹത്തിന്റെ ഉറവിടവും, മനുഷ്യന്റെ ദാഹം ശമിപ്പിക്കുന്ന ആശ്വാസത്തിന്റെ ഇടവുമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളോടെയാണ് ഈ ഖണ്ഡികകൾ ഉപസംഹരിക്കുന്നത്. " സഭ തുടക്കം മുതൽ കുരിശിൽ മുറിവേറ്റ  ക്രിസ്തുവിന്റെ ഹൃദയത്തിലേക്കാണ്  അവളുടെ ദൃഷ്ടി തിരിച്ചിരിക്കുന്നത്."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2025, 11:51