തിരുഹൃദയഭക്തി പിതൃ-പുത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പിതാവായ ദൈവത്തിനു മനുഷ്യകുലത്തോട് തോന്നിയ അനുകമ്പയുടെ പ്രകടനമാണ് യേശുക്രിസ്തുവെന്നാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞിട്ടുള്ളത്. അപ്പോൾ യേശുവിന്റെ തിരുഹൃദയമോ, ഈ അനുകമ്പയുടെ തുടർച്ചയായ വെളിപ്പെടുത്തലായി ഇന്നും നമ്മോടൊപ്പം വസിക്കുന്ന ദൈവീക സാന്നിധ്യമാണ്. ഇക്കഴിഞ്ഞയിടയ്ക്ക്, മനുഷ്യമനഃസാക്ഷിയെ ഏറെ ചിന്തിപ്പിച്ച ഒന്നായിരുന്നു പ്യാത്‌സ സാൻ പിയെത്രോ (Piazza san pietro ) മാസികയിൽ സമാധാനത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള സൈറ എന്ന ഒരു അമ്മയുടെ ചോദ്യം. ചോദ്യമുന്നയിച്ചത് ലിയോ പതിനാലാമൻ പാപ്പായോടായിരുന്നു. ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ കുട്ടികളുടെ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും? എന്ന ചോദ്യം ഒരു പക്ഷെ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ മാതാപിതാക്കൾ ഉയർത്തുന്ന ഒന്നാണ്. ഹൃദയരഹിതമായ, മനുഷ്യത്വം മരവിച്ച, പരസ്പര ബന്ധങ്ങളില്ലാത്ത ഈ ലോകത്ത്, പരസ്പര മാത്സര്യങ്ങളും, കലഹങ്ങളും അരങ്ങുതകർക്കുമ്പോൾ, നാം അറിയാതെയെങ്കിലും ചോദിക്കും, എന്ത് സ്വപ്നമാണ് നമ്മുടെ കുട്ടികൾ കാണേണ്ടത്?
ഇതിനു പാപ്പാ നൽകുന്ന മറുപടി ഏറെ ഹൃദ്യമാണ്. ദൈവത്തിന്റെ ഹൃദയത്തിലേക്ക് എത്തുന്ന ഒരു നിലവിളിയാണ് സൈറയുടെ ചിന്തകൾ എന്ന ആമുഖത്തോടെയാണ് പാപ്പാ തന്റെ മറുപടി ആരംഭിക്കുന്നത്. തുടർന്ന് പാപ്പാ പറയുന്നത്: നാം നമ്മെത്തന്നെ കണ്ടെത്തുന്ന ഏറ്റവും ദുഷ്‌കരവും ദാരുണവുമായ സ്ഥലങ്ങളിൽ പോലും ദൈവം തന്റെ സാന്നിധ്യം കൊണ്ട് കൂട്ടിരിക്കുന്നുവെന്നും, ഇതാണ് നമ്മുടെ വിശ്വാസവും പ്രത്യാശയുമെന്നുമാണ്. എത്ര തന്നെ നാടകീയമായ യാഥാർഥ്യങ്ങളിലൂടെ നാം കടന്നുപോകേണ്ടിവന്നാലും, ആശയക്കുഴപ്പത്തിന്റെയും വഴിതെറ്റലിന്റെയും നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായാലും ഈ സാന്നിധ്യം ഒരിക്കലും നമ്മെ കൈവിടുകയില്ലെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ദൈവം എല്ലാം ചെയ്തോളും എന്ന് കരുതിക്കൊണ്ട് നാം നിഷ്ക്രിയരായി ഇരിക്കരുതെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകുന്നുണ്ട്. അതിനു പാപ്പാ നിർദേശിക്കുന്ന ഒരു മാർഗം ദൈവവുമായി ഒരു പുത്രസഹജമായ ബന്ധം സ്ഥാപിക്കുക എന്നതാണ്. ഈ ഒരു ബന്ധമാണ് ഫ്രാൻസിസ് പാപ്പായും ദിലെക്സിത് നോസ് എന്ന ചാക്രികലേഖനത്തിലൂടെ മുൻപോട്ടു വയ്ക്കുന്നത്.
ലേഖനത്തിന്റെ 82 മുതലുള്ള ഖണ്ഡികകളിൽ, എന്തുകൊണ്ടാണ് ഈ തിരുഹൃദയ ഭക്തി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നു പാപ്പാ പറഞ്ഞുതരുന്നുണ്ട്. വെറുതെ തിരുഹൃദയത്തിന്റെ ഛായാചിത്രം വീടുകളിൽ സൂക്ഷിച്ചാൽ മാത്രം പോരാ, മറിച്ച് ധ്യാനം, സുവിശേഷ വായന, ആത്മീയ വളർച്ച എന്നിവയിലൂടെ ഈ തിരുഹൃദയഭക്തി എല്ലായ്പ്പോഴും സമ്പന്നമാക്കുകയും, പുതുക്കുകയും, അനുഭവവേദ്യമാക്കുകയും വേണം എന്നാണ് പാപ്പാ പറയുന്നത്. ചിലപ്പോഴെങ്കിലും ഇത്തരം ഭക്താനുഷ്ഠാനങ്ങൾ ഉപരിപ്ലവമായി പോയേക്കാം എന്നതിനെയാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്.
യേശുവിന്റെ അഗാധമായ സ്നേഹത്തെ ഒരു ചിത്രത്തിനും പൂർണ്ണമായി പ്രതിനിധീകരിക്കുവാൻ സാധിക്കുകയില്ല. മറിച്ച് ഈ ചിത്രങ്ങളെയെല്ലാം നമ്മുടെ ജീവിതത്തിൽ യേശുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന മാർഗ്ഗങ്ങളായി നാം സ്വീകരിക്കുമ്പോഴാണ് , ഈ ഭക്തികൾക്ക് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുവാൻ സാധിക്കുന്നത്. ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ഭക്തി നമ്മുടെ ക്രിസ്തീയ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്, കാരണം അത് വിശ്വാസം നിറഞ്ഞ തുറന്ന മനസ്സിനെയും കർത്താവിന്റെ ദൈവീകവും മാനുഷികവുമായ സ്നേഹത്തോടുള്ള നമ്മുടെ ആരാധനയെയും പ്രകടമാക്കുന്നു. ആയതിനാൽ തിരുഹൃദയഭക്തി ആരുടെ മേലും അടിച്ചേൽപ്പിക്കുന്ന ഒരു ഭക്താനുഷ്ടാനമല്ല. മറിച്ച് നമ്മുടെ ആത്മീയതയെ സഹായിക്കുവാനും, യേശുവിന്റെ നിത്യസ്നേഹത്തെ ജീവിതത്തിൽ സ്വാംശീകരിക്കുവാനും നമ്മുടെ ജീവിതത്തിൽ നൽകപ്പെട്ട മാർഗ്ഗങ്ങളാണ്.
യേശുവിന്റെ തിരുഹൃദയ ഭക്തിയെ അതിന്റെ സജീവമായ അനുഭവത്തിൽ ജീവിതത്തിൽ ഉൾക്കൊള്ളുന്നതിനുള്ള മാർഗമാണ് വിശുദ്ധ കുർബാന. കർത്താവുമായുള്ള നമ്മുടെ ഐക്യത്തിനു നമ്മെ ക്ഷണിക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാന. എന്നാൽ ജീവിതത്തിന്റെ വിവിധ തിരക്കുകളിൽ വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ മറന്നു പോകുന്ന അപകടവും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. പലവിധങ്ങളായ ഭക്താനുഷ്ഠാനങ്ങൾ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള സാധ്യതകൾ ഉണ്ടെങ്കിലും, മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിക്കൊണ്ട്, ഇവയെ പിഞ്ചെല്ലുന്നതിൽ അർത്ഥമില്ലെന്നും പാപ്പാ പറയുന്നു. അതിനാൽ യഥാർത്ഥ ബന്ധം സ്ഥാപിക്കണമെങ്കിൽ, അത് സ്വതന്ത്രമായ ഹൃദയത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടത്. ദൈവത്തെ വളരെ ഉയർന്നതും വേറിട്ടതും വിദൂരവുമായി കാണുന്ന ചില സമൂഹങ്ങളുടെ വരേണ്യ മനോഭാവം, ജീവിതത്തിൽ ഉയർത്തുന്ന അപകടങ്ങളെയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ വ്യക്തിപരമായ ഒരു ബന്ധം കർത്താവുമായി സ്ഥാപിക്കണമെങ്കിൽ, നമ്മുടെ ജീവിതത്തിൽ വ്യക്തിപരമായ അനുഭവങ്ങൾ കൂടിയേ തീരൂ.
"മാംസമില്ലാത്ത ആത്മീയതയുടെ" പ്രകടനങ്ങളായി ദൈവവുമായുള്ള വ്യക്തിപരമായ സ്നേഹബന്ധത്തെ പരാമർശിക്കാതെ സമൂഹത്തിൽ വിവിധ രൂപത്തിലുള്ള മതവിശ്വാസങ്ങൾ പെരുകുന്നതും, ദൈവമുക്തമായ ഒരു ലോകത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളും, ക്രൈസ്തവരെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ സ്വാംശീകരിക്കേണ്ടുന്ന വ്യക്തിബന്ധത്തിന്റെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നു. സഭയ്ക്കുള്ളിൽ തന്നെ, ദോഷകരമായ ജാൻസെനിസ്റ്റ് ദ്വൈതവാദം പുതിയ മുഖങ്ങളുമായി പുനർജനിച്ചിട്ടുണ്ടെന്നും പാപ്പാ ചൂണ്ടികാണിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ ആത്മീയതയെ നശിപ്പിച്ച ഇത്തരം ആശയങ്ങളെ തിരിച്ചറിയണമെന്നും, അതോടൊപ്പം നമ്മുടെ ദൃഷ്ടികൾ ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് തിരിക്കുവാനും, തിരുഹൃദയ ഭക്തിയിൽ സ്വാതന്ത്ര്യത്തോടെ ആയിരിക്കുവാനും പാപ്പാ ക്ഷണിക്കുന്നു.
ബാഹ്യ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമൂഹങ്ങൾ, സുവിശേഷമില്ലാത്ത ഘടനാപരമായ പരിഷ്കാരങ്ങൾ, ആസക്തി നിറഞ്ഞ സംഘടനകൾ, ലൗകിക പദ്ധതികൾ, മതേതര ചിന്തകൾ, ചിലപ്പോൾ എല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആവശ്യകതകളായി അവതരിപ്പിക്കപ്പെടുന്ന വിവിധ നിർദ്ദേശങ്ങൾ എന്നിവയല്ല യഥാർത്ഥ ഭക്തിമാർഗമെന്നും, മറിച്ച് യാഥാർത്ഥഭക്തി വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണെന്നും പാപ്പാ പഠിപ്പിക്കുന്നു. എങ്കിൽ മാത്രമേ, ക്രൈസ്തവജീവിതത്തിനു ഒരു അർത്ഥം കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ഇത്തരം ഭക്തികൾ നൈമിഷികമായതും, വൈകാരികവുമായ അനുഭവങ്ങൾ മാത്രം സമ്മാനിക്കുന്നതും, ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ നിരാശയിലേക്ക് പോലും നാം തള്ളിവിടപ്പെടുന്ന അവസ്ഥകളും ഉരുവാകും.
ക്രിസ്തുവിന്റെ തിരുഹൃദയത്തിൽ പ്രതിനിധാനം ചെയ്യുന്ന സ്നേഹത്തെക്കുറിച്ച് ഒരു പുതിയ ചിന്ത നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറണം. നമ്മൾ വിശ്വസിക്കുന്ന സത്യം തിരിച്ചറിയുവാനും, ആ സത്യത്തെ ജീവിതത്തിൽ പ്രഘോഷിക്കുവാനും, വ്യക്തിപരമായ ഒരു ബന്ധം കാത്തുസൂക്ഷിച്ചേ തീരൂ. പരിധികളില്ലാതെ സ്നേഹിക്കുകയും കുരിശിലൂടെ അനന്തമായ കരുണയെ നമ്മിൽ വർഷിക്കുകയും ചെയുന്ന കർത്താവിനെ നമ്മുടെ ജീവിതത്തിന്റെ നായകനായി സ്വീകരിക്കുമ്പോഴാണ്, അവന്റെ ഹൃദയത്തിൽ നമ്മുടെ സ്ഥാനം തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നത്. ഇവിടെ നീണ്ട വാചികമായ പ്രാർത്ഥനകൾ ആവശ്യമില്ല, മറിച്ച് ലളിതമായ ആംഗ്യങ്ങളും, നമ്മുടെ കണ്ണുനീരും, വിലാപങ്ങളുമൊക്കെ പ്രാർത്ഥനകളായി രൂപാന്തരപ്പെടും. "ഞാൻ നിന്നിൽ ആശ്രയിക്കുന്നു." എന്ന ലളിതമായ പ്രാർത്ഥനയ്ക്ക് നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ടെന്നതിൽ തെല്ലും സംശയമില്ല. അതിനാൽ യേശുവിന്റെ തിരുഹൃദയത്തിന്റെ ആഴം നമുക്ക് മനസിലാക്കാം, ഒപ്പം ആ ആഴത്തിൽ നമ്മെയും ഉൾച്ചേർക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: