സ്നേഹിക്കുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
1673-ൽ വിശുദ്ധ മാർഗരീത്ത മരിയ അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ മുന്നൂറ്റിയൻപതാം വാർഷികം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്, യേശുവിന്റെ തിരുഹൃദയസ്‌നേഹത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഏവരുടെയും ശ്രദ്ധയും ഭക്തിയും ക്ഷണിച്ചുകൊണ്ട് ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനം രചിക്കുന്നത്. യേശുവിന്റെ സ്നേഹഹൃദയത്തോടുള്ള ആത്മാർത്ഥമായ വണക്കത്തിലൂടെ വിശ്വാസത്തിന്റെ ആർദ്രതയും, മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിലെ ആനന്ദവും, യേശുവിന്റെ സ്നേഹം മറ്റുള്ളവരോട് പ്രഘോഷിക്കുവാനുള്ള വിളി തിരിച്ചറിയുവാനും ജീവിക്കുവാനും പാപ്പാ ഏവരെയും ക്ഷണിക്കുന്നു. ഫ്രാൻസിസ് പാപ്പായുടെ ഈ ക്ഷണം, തുടർന്ന് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശങ്ങളിലും ഉൾച്ചേർക്കപ്പെട്ടു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.
യേശുവിന്റെ തിരുഹൃദയത്തെ പറ്റി വിചിന്തനം ചെയ്യുമ്പോൾ സ്നേഹത്തിൽ നിന്നും മാറ്റിനിർത്തിക്കൊണ്ട് ചർച്ച ചെയ്യുക അസാധ്യം. അമൂർത്തമായ ആശയങ്ങളിൽ സ്നേഹം ഒതുക്കിനിർത്തിയല്ല യേശുവിന്റെ ജീവിതമാതൃക നമുക്ക് കാട്ടിയത്. മറിച്ച് അനാദിമുതൽ ദൈവത്തിന്റെ ഓരോ പദ്ധതികളിലും, സ്നേഹത്തിന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മനുഷ്യന്റെ സൃഷ്ടിയിലും ഈ സ്നേഹത്തിന്റെ അംശം ചേർത്തതിനാലാണ് വചനം പറയുന്നത്. ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നു. തുടർന്ന് ഈ സ്നേഹത്തിൽ നിന്നും അകന്നു പോയ മനുഷ്യനെ തിരികെ തന്റെ ഹൃദയത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ കാലാകാലങ്ങളിൽ വിവിധ നേതാക്കന്മാരെ അയക്കുന്ന ദൈവം അവസാനം സ്നേഹത്തിന്റെ മൂർത്തീമത്ഭാവമായ തന്റെ മകനെ അയക്കുന്നു. ഇവിടെ ഒരു പുതിയ യുഗം ജന്മമെടുക്കുന്നു. ഈ യുഗത്തെ തിരുഹൃദയത്തിന്റെ യുഗമെന്നു നമുക്ക് വിശേഷിപ്പിക്കാം. കാരണം യേശുവിന്റെ വ്യക്തിത്വത്തിന്റെ മുഴുവൻ ഭാവവും ഹൃദയത്തിൽ ഉൾക്കൊണ്ടിരുന്ന സ്‌നേഹത്തിലാണ് നമുക്ക് വിശേഷിപ്പിക്കുവാൻ സാധിക്കുക.
സ്നേഹത്തിന്റെ ഈ സമഗ്രതയാണ് ദിലെക്സിത്ത് നോസ് എന്ന ചാക്രികലേഖനത്തിന്റെ അൻപത്തിയൊൻപതുമുതൽ അറുപത്തിയൊൻപതു വരെയുള്ള ഖണ്ഡികകളിൽ വിവരിച്ചിരിക്കുന്നത്. സംവേദനക്ഷമതയുള്ള സ്നേഹം എന്ന തലക്കെട്ടിലാണ് ഈ ആശയങ്ങൾ പാപ്പാ പങ്കുവയ്ക്കുന്നത്. യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും വ്യത്യസ്തമായി മനുഷ്യഹൃദയത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് ആദ്യഭാഗം ചർച്ച ചെയ്യുന്നു. ക്രൈസ്തവരെന്ന നിലയിൽ, ക്രിസ്തുവിന്റെ ജീവിതത്തിൽ മാതൃകയാക്കി പിഞ്ചെല്ലുമ്പോൾ, ഹൃദയത്തിൽ ഉത്ഭവിക്കുന്ന തിന്മയുടെ അംശങ്ങളെ വിസ്മരിക്കുക സാധ്യമല്ല. വെറുപ്പ്, നിസ്സംഗത, സ്വാർത്ഥത എന്നെ തിന്മകളെയാണ് പാപ്പാ പ്രത്യേകം എടുത്തുപറയുന്നത്. ഈ മൂന്നു തിന്മകളും സ്നേഹത്തിനു എതിരായി നിൽക്കുന്നതും, ദൈവത്തിൽ നിന്നും സഹോദരങ്ങളിൽ നിന്നും നമ്മെ അകറ്റുന്നതുമാണ്. അതിനാൽ നാം നമ്മുടെ അഹത്തിൽ നിന്നും പുറത്തുവന്നുകൊണ്ട് പൂർണ്ണ മനുഷ്യത്വത്തിലേക്ക് എത്തുന്നതിനു സ്നേഹത്തിലേക്ക് പാപ്പാ ഏവരെയും ക്ഷണിക്കുന്നു. സ്നേഹിക്കാത്ത ഒരു വ്യക്തിക്കു തന്റെ ജീവിതത്തിന്റെ അർത്ഥം പോലും കണ്ടെത്തുക സാധ്യമല്ലെന്ന സത്യവും പാപ്പാ അടിവരയിട്ടു പറയുന്നു.
അതുപോലെ തന്നെ ദൈവത്തിനു നമ്മുടെ മേലുള്ള പദ്ധതികൾ പൂർത്തീകരിക്കണമെങ്കിലും സ്നേഹം ജീവിതത്തിൽ നാം പ്രാവർത്തികമാക്കണം. ഇപ്രകാരം ഹൃദയം കൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുവാനും അവരെ ചേർത്തുനിർത്തുവാനും യേശുവിന്റെ മാനുഷികമായ സ്നേഹം ഒരു കൂദാശയായി നമ്മുടെ ജീവിതത്തിൽ മാറുന്നു. യേശുവിന്റെ തിരുഹൃദയം ഭൗതീകമായ ഒരു പ്രതീകം മാത്രമല്ല, മറിച്ച് യേശുവിന്റ മനുഷ്യപ്രകൃതിയെ കുറിച്ച് ധ്യാനിക്കുവാനും, യേശുവിന്റെ സ്നേഹത്താൽ നമ്മുടെ സ്നേഹത്തെ രൂപാന്തരപ്പെടുത്തുവാനും നമ്മെ സഹായിക്കുന്നു. യേശുവിന്റെ ദൈവീകത അവന്റെ മാനുഷികതയിൽ നിന്നും വേർപെടുത്താനാവാത്തവിധം സ്നേഹത്താൽ ബന്ധപ്പെട്ടതായിരുന്നു എന്നതാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്ന വലിയ സത്യം. ഹൃദയം, ഓരോ മനുഷ്യന്റെയും വികാരപരമായ കേന്ദ്രമായി ചരിത്രം വിവരിക്കുന്നു. എന്നാൽ യേശുവിന്റെ ഹൃദയം ദൈവസ്നേഹത്തോടൊപ്പം മാനുഷിക വികാരങ്ങളും ഉൾക്കൊള്ളുന്നുവെന്നതാണ് ഏറെ പ്രാധാന്യം.
പാപ്പാ യേശുവിന്റെ ഹൃദയത്തിന്റെ മാനുഷിക ഭാവം വിവരിക്കുന്നതിനു വിവിധ സഭാപിതാക്കന്മാരുടെ വാക്കുകളും എടുത്തുകാണിക്കുന്നുണ്ട്. യേശുവിന്റെ മനുഷ്യാവതാരം സങ്കല്പ്പികമായ ഒന്നല്ല, മറിച്ച് യേശുവിൽ സ്വാഭാവികമായ വാത്സല്യങ്ങൾ എപ്പോഴും തിളങ്ങിന്നിരുന്നുവെന്ന വിശുദ്ധ ബേസിലിന്റെ വാക്കുകളും, യേശുവിനു നമ്മുടെ പ്രകൃതം ലഭിച്ചില്ലായിരുന്നുവെങ്കിൽ, അവൻ പലപ്പോഴും ദുഃഖം അനുഭവിക്കുമായിരുന്നില്ല" എന്ന വിശുദ്ധ ജോൺ ക്രിസോസ്റ്റമിന്റെ വാക്കുകളും, "അവൻ ആത്മാവിനെ സ്വീകരിച്ചതിനാൽ, അവൻ ആത്മാവിന്റെ അഭിനിവേശങ്ങൾ സ്വീകരിച്ചു" എന്ന വിശുദ്ധ അംബ്രോസിന്റെ വാക്കുകളും, "ക്രിസ്തു ഒരിക്കൽ സ്വീകരിച്ച മനുഷ്യ വികാരങ്ങൾ ഇനി കൃപയുടെ ജീവിതത്തിനു അന്യമല്ലാത്ത ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നു" എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും, മേൽപ്പറഞ്ഞ വസ്തുതയ്ക്ക് ബലം നൽകുന്നവയാണ്.
ദൈവശാസ്ത്രം എന്നാൽ ഇക്കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ പരിമിതവും, വിവരിക്കുവാൻ ആകാത്തതുമായി മാറുന്നുവെന്നും, എന്നാൽ ആത്മീയത നമ്മെ ലളിതമായി ഇക്കാര്യങ്ങൾ മനസിലാക്കുവാൻ സഹായിക്കുന്നുവെന്നും പാപ്പാ തുടർന്ന് കുറിക്കുന്നു. കുരിശിന്റെ വഴി പ്രാർത്ഥനകളും, യേശുവിന്റെ തിരുഹൃദയ പ്രതിഷ്ഠാപ്രാർത്ഥനയും, യേശുവിന്റെ തിരുമുറിവുകളോടുള്ള ഭക്തിയും, തിരുരക്ത ഭക്തിയുമെല്ലാം ഈ ലളിതമായ ആത്മീയതയുടെ ഉദാഹരണങ്ങളാണ്.
മൂന്നു തലങ്ങളിലുള്ള സ്നേഹമാണ് യേശുവിന്റെ തിരുഹൃദയം നമുക്ക് കാട്ടിത്തരുന്നത്. ഒന്നാമത് യേശുവിൽ നാം ദർശിക്കുന്ന അനന്തമായ ദിവ്യസ്നേഹമാണ്. ഈ സ്നേഹം നമ്മെ അമ്പരപ്പിക്കുകയും ഭക്തിയുടെ പാരമ്യത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ തലം മാനുഷികമായ ആത്മീയതയുടെയാണ്. ഇത് ഉപവിയുടെ മൂല്യം ഉൾക്കൊള്ളുന്നതും, നമ്മുടെ ആത്മാവിൽ സന്നിവേശിച്ചിരിക്കുന്നതുമായ സ്നേഹമാണ്. അവസാനമായി യേശുവിന്റെ ഹൃദയം സംവേദനക്ഷമയുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. ഈ മൂന്നു തലങ്ങളും എന്നാൽ യോജിച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.
അതിനാൽ, ക്രിസ്തുവിന്റെ ഹൃദയത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ, നമ്മുടേതുപോലെ സ്നേഹങ്ങളും വികാരങ്ങളും നിറഞ്ഞ ഒരു മനുഷ്യ ഹൃദയം നമ്മെ സ്നേഹിക്കുന്നതായി അനുഭവപ്പെടുന്നു. അത് സ്വാതന്ത്ര്യം നിറഞ്ഞതും, നമ്മെ ദൈവത്തിന്റെ സ്വന്തമാക്കി മാറ്റുന്നതുമാണ്. അതുകൊണ്ട് യേശുവിന്റെ സ്നേഹാർദ്രമായ ഹൃദയത്തോട് നാം ചേർന്നുനിൽക്കണം. കുരിശിന്റെ വിശുദ്ധ യോഹന്നാൻ ഉത്ഥിതനായ യേശുവിന്റെ ദിവ്യസ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്നതും പാപ്പാ ലേഖനത്തിൽ അടിവരയിടുന്നുണ്ട്. "ക്രിസ്തുവിന്റെ മുറിവേറ്റ വശം, തന്നിലേയ്ക്കുള്ള മനുഷ്യന്റെ പൂർണ്ണമായ ഐക്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന്" യോഹന്നാൻ പറയുമ്പോൾ, നമ്മെ സംബന്ധിച്ചിടത്തോളം അതൊരു ആഹ്വാനമാണ്.
ഈ 2025 ജൂബിലി വർഷത്തിൽ യേശുവിനെ കുറിച്ചുള്ള സജീവവും ഹൃദയാത്മകവുമായ സ്മരണയാണ് പ്രത്യാശയിലേക്കുള്ള തീത്ഥാടനത്തിൽ നമ്മെ സഹായിക്കുന്നത്. പരിശുദ്ധ അമ്മ, എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചുകൊണ്ട് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതുപോലെ, ഹൃദയത്തിൽ ദൈവത്തിനു സ്ഥാനം നൽകിക്കൊണ്ടും, ദൈവത്തിന്റെ തിരുഹൃദയത്തിൽ ഇടം നേടിക്കൊണ്ടും ക്രിസ്തുവിന്റെ ദൈവീകവും മാനുഷികവുമായ ഭാവങ്ങളിൽ ജീവിക്കുന്നതിനു ഈ ചാക്രികലേഖനം നമ്മെ ക്ഷണിക്കുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: