ആധുനികയുഗത്തിൽ സഭയുടെ ആദ്ധ്യാത്മിക, സാമൂഹിക പ്രതിബന്ധതകളും ലിയോ പതിമൂന്നും പതിനാലും പാപ്പാമാരും
റവ. ഫാ. M.K. ജോർജ്, SJ, റോം
കർദ്ദിനാൾ റോബർട്ട് പ്രേവോസ്റ്, കത്തോലിക്കാസഭയുടെ 267-മത്തെ മാർപാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ ഔദ്യോഗികപേര് ലിയോ പതിനാലാമൻ എന്നാണെന്ന് പ്രഖ്യാപിച്ചു. കാരണമെന്താണെന്ന് ആരാഞ്ഞപ്പോൾ പുതിയ പാപ്പായുടെ പ്രതികരണങ്ങൾ സൂചിപ്പിച്ചത് ലിയോ പതിമൂന്നാമൻ പാപ്പായുടെ മാതൃകയും, പ്രത്യേകിച്ചും "റേരും നൊവാരും" എന്ന ചാക്രികലേഖനവുമാണെന്ന് സൂചന ലഭിച്ചു. സാമൂഹ്യനീതിയോടും തിരസ്കരിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ജനങ്ങളോടും ഉള്ള താത്പര്യം പുതിയ പേപ്പസിയിൽ മുന്നിട്ടുനിൽക്കും എന്നതിന്റെ സൂചനയാണല്ലോ ഇത്.
കൂടെ ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യം ലിയോ എന്ന പേരിന്റെ ധന്യമായ പാരമ്പര്യമാണ്. നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു, മഹാനായ ലിയോ പാപ്പാ (440-461 AD) തന്റെ നേതൃത്വപാടവം കൊണ്ടും, നയതന്ത്രശൈലികൊണ്ടും സഭയിൽ നിർണ്ണായകസ്വാധീനം വഹിച്ച ഒരു വ്യക്തിത്വമാണ്. അങ്ങനെ കൂടി നോക്കുമ്പോൾ രണ്ടു ശക്തമായ സ്വാധീനങ്ങൾ പുതിയ പാപ്പാ സ്വപ്നം കാണുന്നുണ്ട് എന്ന് അനുമാനിക്കാം. ഒന്ന് ഫലപ്രദമായ നേതൃത്വം; രണ്ട്, തെളിഞ്ഞ സാമൂഹിക നീതിബോധം. രണ്ടും അങ്ങേയറ്റം ശുഭോദർക്കം തന്നെ.
സമകാലീനലോകം വല്ലാതെ ഭയപ്പെടുത്തുന്ന ഒരു ലോകമല്ലേ? ഇനിയും തുടരുന്ന യുദ്ധങ്ങൾ, അനിയന്ത്രിതമായ കാലാവസ്ഥാമാറ്റങ്ങൾ, വർദ്ധിതമാകുന്ന മയക്കുമരുന്നുപയോഗങ്ങൾ, ഇനിയും അടങ്ങാത്ത ഭീകരവാദപ്രസ്ഥാനങ്ങളും ഭീകരവാദികളും, ഭരണകൂടങ്ങൾ തന്നെ "rauge state" അഥവാ, തെമ്മാടിരാജ്യങ്ങളായി മാറുന്ന സാഹചര്യവും. സ്വന്തം ജനങ്ങളോടുതന്നെ വല്ലാതെ ക്രൂരത കാണിക്കുന്ന സാഹചര്യങ്ങൾ ദിനം പ്രതി എന്നോണം വളരുകയാണ്. എന്നാൽ ദീർഘകാലഫലങ്ങൾ വച്ചു നോക്കുമ്പോൾ മനുഷ്യകുലത്തിന്റെ ഭാവിയെത്തന്നെ തകർക്കാവുന്ന രണ്ടു കാര്യങ്ങൾ എടുത്തുകാണിക്കട്ടെ. ഒന്ന്, മാനവികതയുടെയും കാരുണ്യത്തിന്റെയും ദ്രുതഗതിയിലുള്ള പിന്നോക്കം പോക്ക്; രണ്ട്, വിശ്വാസ്യത കുറയുന്ന ഒരു ലോകം. ഈ രണ്ടു പ്രതിഭാസങ്ങളെക്കുറിച്ചും അല്പം കൂടി വിശദീകരിക്കട്ടെ.
കുറയുന്ന മാനവികതയും കരുണയും
ഈ ലോകത്ത് മനുഷ്യത്വവും കരുണയും വല്ലാതെ കുറഞ്ഞുവരികയാണ്. കുറച്ചു തെളിവുകൾ നിരത്താം. ഏറ്റവും ഹീനകരവും വല്ലാതെ വേദനിപ്പിക്കുന്നതുമായ ഒന്നാണ്, ആവശ്യത്തിലധികം ഭക്ഷണം ഉത്പാദിപ്പിക്കപ്പെടുമ്പോഴും ലോകത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെമ്പാടുമായി 733 ദശലക്ഷം ആളുകൾ, അതായത് 11-ൽ ഒരാൾ വീതം ദിവസവും വിശന്ന് ഉറങ്ങുന്നു. അവർക്ക് അടിസ്ഥാന ദൈനംദിനജീവിതത്തിനുവേണ്ട കലോറി ലഭിക്കുന്നില്ല. എല്ലാവർക്കും നൽകാൻ ആവശ്യകമായ ഭക്ഷണം ലഭ്യമായിരിക്കെ, സംഘർഷങ്ങൾ, കാലാവസ്ഥാവ്യതിയാനം, രാഷ്ട്രീയപരിഗണനകൾ തുടങ്ങിയ കാരണങ്ങൾ, ഭക്ഷണം നീതിപൂർവ്വമായി വിതരണം ചെയ്യുന്നതിന് തടസ്സമാകുന്നു. കഠിനമായ വിശപ്പ് അനുവദിക്കുന്ന 733 ദശലക്ഷത്തിനു പുറമെ, 2.33 ബില്യൺ ജനങ്ങളും, അതായത് ലോകജനതയുടെ 28 ശതമാനം ആളുകളും മിതമായതോ കഠിനമായതോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. അവർക്ക് സുരക്ഷിതവും, പോഷകസമൃദ്ധവും, ആവശ്യത്തിനുള്ളതുമായ ഭക്ഷണം പതിവായി ലഭിക്കാത്ത അവസ്ഥയിലാണ്.
പട്ടിണി കിടക്കുന്നവന് അന്നം കൊടുക്കുക എന്ന മാനുഷിക പരിഗണനപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകം നമ്മെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. ക്രിസ്തീയവിശ്വാസത്തിന്റെ സ്വാധീനം ഇനിയും വിട്ടുപോകാത്ത യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിൽ പോലും ഈ പട്ടിണിക്കാരന്റെ ആവസ്ഥ മറന്നു പോകുന്നു. മത്തായിയുടെ സുവിശേഷം 25-ആം അദ്ധ്യായം പറയുന്നു: "എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക് ദാഹിച്ചു, നിങ്ങൾ കുടിക്കാൻ തന്നു; ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു". ഈ വചനങ്ങൾ കൂടുതൽ പേരും മറന്നുപോകുന്ന ഒരു ലോകം.
ഇത്തരുണത്തിൽ ഒരാശ്വാസവർത്ത ഇറ്റലിയിൽ ജീവിക്കുന്നവർ, പ്രത്യേകിച്ചും റോം, മിലാൻ, നേപ്പിൾസ്, ടൂറിൻ നഗരങ്ങളിൽ കാണാറുണ്ട്. ആർക്കാ പ്രോജക്ട് എന്ന പേരിൽ ഇറ്റലിയിലുടനീളം ഭക്ഷണം നൽകുന്ന ഈ സംഘടന ഭക്ഷ്യ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണവും പലചരക്കുസാധനങ്ങളും വിതരണം ചെയ്യുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് വെളിയിൽ എന്നും വൈകുന്നേരങ്ങളിൽ കാണുന്ന അവരുടെ വാഹനം കണ്ണിന് എന്ത് കുളിരാണ്. പക്ഷെ നിർഭാഗ്യവശാൽ ലോകമെമ്പാടും ഈ നല്ല പ്രവണതയ്ക്ക് പകരം, ഭക്ഷണത്തിനുവേണ്ടി കൈനീട്ടി നിൽക്കുന്ന അഭയാർത്ഥികളെ ബോംബ് വർഷിച്ച് കൊല്ലുന്ന ഒരു ഭീകരലോകമാണിത്. രാഷ്ട്രനേതാക്കൾ, കാരുണ്യപ്രവർത്തകർക്കുള്ള തുക ഭീമമായി വെട്ടിക്കുറച്ചുകൊണ്ട് ദശലക്ഷക്കണക്കിനാൾക്കാരെ തീവ്രദാരിദ്ര്യത്തിലേക്ക്, മരണത്തിലേക്ക് വരെ തള്ളിവിടുന്നു. ലാൻസെറ്റ് മെഡിക്കൽ ജേർണലിന്റെ പഠനപ്രകാരം 2030-കളിൽ 14 ദശലക്ഷം പേര്, അതിൽ മൂന്നിലൊന്നും കുഞ്ഞുങ്ങൾ, മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
സ്വാർത്ഥതയും സ്വന്തം കാര്യം മാത്രം നോക്കലും കൊടിവാഴുന്ന ഒരു ലോകത്തിലേക്കാണ് നാം വളർന്നുകൊണ്ടിരിക്കുന്നത്.
വിശ്വാസ്യത കുറഞ്ഞ ഒരു ലോകം
രണ്ടാമതായി നമ്മെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്, വിശ്വാസ്യത കുറയുന്നു എന്നുള്ളത്. കുടുംബങ്ങളിലും കൂട്ടായ്മകളിലും, പ്രത്യേകിച്ച് നേത്യത്വത്തിലും ഒരു വിശ്വാസ്യതയുമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. "സത്യാനന്തര സമൂഹം" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്രതിഭാസത്തെ കള്ളം പറയാനുള്ള, സമൃദ്ധമായി കള്ളം പറയാനുള്ള കഴിവായി അല്പം ലളിതവത്കരിച്ചാണെങ്കിലും പറയാം.
ലോകം ഒരു വിശ്വാസക്കമ്മി (trust deficit) നേരിടുന്നതായി വ്യാപകമായി കണക്കാക്കപ്പെടുന്നു. സ്ഥാപനങ്ങളിലും രാഷ്ട്രങ്ങൾക്കിടയിലും വിശ്വാസ്യത കുറഞ്ഞുവെന്നതാണ് ഇതിന്റെ സവിശേഷത. ഭയപ്പെടുത്തുന്ന കാര്യം ഈ വിശ്വാസ്യത നഷ്ടപ്പെടുത്തലിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്. മനുഷ്യന്റെ സുസ്ഥിതിക്കും സുരക്ഷിതത്വത്തിനും നിദാനമായ സ്ഥാപനങ്ങളിൽ വിശ്വാസം അടിക്കടി കുറഞ്ഞുവരുന്നു. അത് സർക്കാരിലാണ്, രാഷ്ട്രീയ സ്ഥാപനങ്ങളിലാണ്, അന്താരാഷ്ട്ര സംഘടനകളിലാണ്. ഒരൊറ്റ ഉദാഹരണം മതി ഇത് തെളിയിക്കാൻ. ലോകമഹായുദ്ധങ്ങളുടെ അവസാനം എത്ര പ്രത്യാശയോടെ സൃഷ്ടിക്കപ്പെട്ട ഐക്യരാഷ്ട്രസഭ സമാധാനപാലനത്തിലാകട്ടെ, നീതി നടപ്പാക്കുന്നതിലാകട്ടെ, മാദ്ധ്യസ്ഥ്യം വഹിക്കുന്നതിലാകട്ടെ, ഭീമമായി പരാജയപ്പെടുകയാണ്. കാരണങ്ങൾ ഏവർക്കും അറിയാം: വളർന്നുവരുന്ന സാമ്പത്തിക അസമത്വമാണ്; ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ്; തെറ്റായ വിവരങ്ങളുടെ വ്യാപനവും സമൂഹത്തിലുണ്ടാകുന്ന ഹൈപ്പർ പോളറൈസേഷനുമാണ്. കൂടെ, വിവര സ്രോതസുകളിലുള്ള വിശ്വാസത്തെ ഇല്ലാതാകുകയാണ്. അവ ഭിന്നതകൾ സൃഷ്ടിക്കുകയാണ്. നിർമ്മിതബുദ്ധി ഓരോ ദിവസവും ഇത്തരം നിഷേധപ്രവണതകൾക്ക് ആക്കം കൂട്ടുകയാണ്.
ലിയോ പതിമൂന്നാമൻ പാപ്പായെന്ന പ്രകാശം
ഇരുട്ടുതിങ്ങിയ മുറിയിൽ ഒരു മെഴുകുതിരിവെട്ടം പോലെ നിരാശാജനകമായ ഈ ലോകത്ത് ലിയോ പതിമൂന്നാമന്റെ ഓർമ്മ വെളിച്ചം തരികയാണ്.
ലിയോ പതിമൂന്നാമൻ പാപ്പാ ആധുനികയുഗത്തിൽ ഏറ്റവും സ്വാധീനമുള്ള പോപ്പുമാരിൽ ഒരാളായിരുന്നു (1878-1903). ആധുനിക സാമൂഹിക, രാഷ്ട്രീയ ബൗദ്ധിക വിഷയങ്ങളോടുള്ള കത്തോലിക്കാസഭയുടെ സമീപനത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം വലിയൊരു മാറ്റത്തിന് വഴിയൊരുക്കി. സമകാലീനസാഹചര്യങ്ങളോട്, കാലത്തിന്റെ അടയാളങ്ങളോട് ക്രിസ്തീയമായി, പ്രവാചകസ്വരത്തിൽ പ്രതികരിച്ചു എന്നതാണ് ഒരുപക്ഷെ ഏറ്റവും ആകർഷണീയവും അനുകരണീയവുമായ വസ്തുത.
1891-ലെ റേരും നൊവാരും സാമൂഹ്യവിഷയങ്ങളെക്കുറിച്ചുള്ള ആദ്യത്തെ പ്രധാന ചാക്രികലേഖനമായിരുന്നു. വ്യവസായികവിപ്ലവം സൃഷ്‌ടിച്ച അനീതിയെ, പ്രത്യേകിച്ച് തൊഴിലാളിവർഗ്ഗം നേരിട്ട അവകാശനിഷേധങ്ങളെ തിരിച്ചറിഞ്ഞ് അദ്ദേഹം, ന്യായമായ വേതനം, സുരക്ഷിതമായ ജോലിസാഹചര്യങ്ങൾ, തൊഴിലാളിയൂണിയനുകൾ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾ, സ്വാഭാവികവും ആവശ്യവുമായ സ്വകാര്യസ്വത്തിനുള്ള അവകാശം, സോഷ്യലിസത്തെയും അനിയന്ത്രിതമായ മുതലാളിത്തത്തെയും നിരാകരിക്കൽ തുടങ്ങിയ പരാമർശങ്ങൾ അക്കാലത്ത് വിപ്ലവാത്മകമായിരുന്നു എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.
സാമൂഹികനീതി പ്രോത്സാഹിപ്പിക്കുന്നതിലും ദുർബലരെ സംരക്ഷിക്കുന്നതിലും ഭരണകൂടത്തിന്റെ പങ്കിന് ഊന്നൽ നൽകി റേരും നൊവാരും അങ്ങനെ ഒരർത്ഥത്തിൽ കത്തോലിക്കാസഭയുടെ സാമൂഹ്യപഠനങ്ങളുടെ (Catholic Social Teaching) അടിത്തറ പാകി. ലിയോ പതിമൂന്നാമൻ, അദ്ദേഹത്തെ ഒരു "Bridge MAP" - പാലം പോലെ കരുതുന്നവരുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ പഴയതും പ്രതിരോധാത്മകവുമായ സഭയും ഇരുപതാം നൂറ്റാണ്ടിലെ കൂടുതൽ സജീവമായ ആധുനികസഭയും തമ്മിലുള്ള ഒരു പാലമായി അദ്ദേഹം മാറി. സാമൂഹികനീതി, യുക്തി, വിശ്വാസം, ആധുനികസമൂഹം എന്നിവയെക്കുറിച്ചുള്ള പഠിപ്പിക്കലുകൾ ആധുനിക ലോകത്ത് കത്തോലിക്കാസമൂഹത്തിന്റെ, കത്തോലിക്കാ മതത്തിന്റെ പങ്കിനെ രൂപപ്പെടുത്തുകയും ആഗോള തലത്തിൽ നിലനിൽക്കുന്ന സ്വാധീനം ചെലുത്തുകയും ചെയ്തു.
ലിയോ പതിമൂന്നാമൻ പാപ്പാ നൽകുന്ന സന്ദേശങ്ങൾ
മൂന്ന് പ്രധാന കാര്യങ്ങളാണ് ലിയോ പതിമൂന്നാമൻ പാപ്പാ ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒന്ന്, സഭയുടെ സാമൂഹിക പ്രബോധനങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടേണ്ടവയല്ല. പകരം, നിരന്തരമായ പഠനങ്ങൾക്കും പ്രാർത്ഥനയ്ക്കും സുചിന്തിതമായ പ്രവർത്തനങ്ങൾക്കും പ്രചോദനമാവണം. രണ്ട്, കാലത്തിന്റെ അടയാളങ്ങളെ വായിക്കാനും, ദൈവവചനത്തിന്റെയും, സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെയും വെളിച്ചത്തിലും പ്രവാചകസ്വരത്തിൽ പ്രതികരിക്കേണ്ടതുണ്ട്. മൂന്ന്, നമ്മുടെ ഓരോരുത്തരുടെയും ദൈവസ്നേഹവും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും പ്രകടമാക്കേണ്ടത് വെറും വാക്കുകളിലല്ല, പ്രതീകാത്മകമായ പ്രവൃത്തികളിലല്ല, മറിച്ച് ലിയോ പതിമൂന്നാമൻ മാർപാപ്പാ ചെയ്തതുപോലെ ഏറ്റവും വേദനയനുഭവിക്കുന്ന, തിരസ്കരിക്കപ്പെടുന്നവർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ്. ലിയോ പതിമൂന്നാമൻ പാപ്പയുടെ കാലത്ത് അത് വ്യാവസായികവിപ്ലവത്തിന്റെ ഇരകളായിരുന്നു, ചൂഷണത്തിന്റെ അടിമകളായിരുന്ന തൊഴിലാളികളായിരുന്നു. ഇന്നാവട്ടെ, അത് പട്ടിണി കിടക്കുന്ന ജനതയാണ്, പ്രത്യേകിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്, യുദ്ധക്കൊതിയന്മാരുടെയും, സ്വന്തം താത്പര്യം മാത്രം നോക്കുന്ന, അഴിമതിക്ക് അടിമയാകുന്ന ലോകനേതാക്കളുടെ ഇരകളാണ്. അപ്പോൾ, വേദനിക്കുന്നവരുടെ ജീവിതത്തിൽ ഇടപെടാനും, അവരോടൊപ്പം അവരുടെ വേദനകളിൽ യേശുവിന്റെ അരൂപിയിൽ അനുഗമിക്കുവാനുള്ള ക്ഷണമാണ്. ലിയോ പതിമൂന്നാമന്റെ ഓർമ്മ നമുക്ക് തരുന്നത്.
ലിയോ പതിനാലാമൻ പാപ്പാ
ലിയോ പതിനാലാമൻ നമുക്ക് നൽകുന്ന മാതൃകയും ക്ഷണവും ഇതുതന്നെയല്ലേ?. ലിയോ എന്ന പേര് സ്വീകരിച്ചതുവഴി, സാമൂഹ്യനീതിയുടെയും, ഏറ്റവും ഉദാത്തമായ നേതൃത്വരൂപങ്ങൾക്കുവേണ്ടി പ്രതിബദ്ധത പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ലിയോ പതിനാലാമൻ പാപ്പായുടെ കരങ്ങൾക്ക് ശക്തിപകരാനും കൂടെ നടക്കാനുമുള്ള ക്ഷണം നാം ശ്രവിക്കേണ്ടിയിരിക്കുന്നു.
പ്രായോഗികമായി ചില കാര്യങ്ങൾ നിർദ്ദേശിക്കട്ടെ. ലിയോ പതിമൂന്നാമന്റെ ഓർമ്മയും, ലിയോ പതിനാലാമന്റെ നേതൃത്വവും കാട്ടിത്തരുന്ന വഴികളിലെ ചില പ്രധാന പ്രായോഗിക പരിപാടികളാണ് ഇനി ഞാൻ പങ്കുവയ്ക്കാൻ പോകുന്നത്. ഏറ്റവും പ്രാധാന്യമേറിയതും പ്രാഥമികമായതും, നമ്മുടെ ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളെ, പ്രത്യേകിച്ചും പട്ടിണി കിടക്കുന്നവരുടെയും തിരസ്കൃതരായവരുടെയും, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥയെ കണ്ണ് തുറന്നു കാണുക, ഹൃദയം കൊണ്ട് കാണുക. ഒരായിരം കാരുണ്യത്തിന്റെ അരുവികൾ ഒഴുകാനും ഒഴുക്കാനും ആകട്ടെ. തെരുവോരത്തു നിരന്തരം കാണുന്ന ധർമ്മക്കാരെ, കുടിയേറ്റക്കാരെ, ഭവനരഹിതരെ, മനസ്സിന്റെ സമനില തെറ്റി നടക്കുന്നവരെ കാണുമ്പോൾ തല തിരിച്ചു നടക്കാതെ, അവരുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കാം. അവരുടെ വേദനകൾ, ആശങ്കകൾ, ഭയപ്പാടുകൾ ഒക്കെ മനസ്സിലാക്കാൻ ശ്രദ്ധിക്കുക. ഇതൊക്കെയല്ലേ ഏറ്റവും പ്രധാനമായത്?. യേശുതന്നെ ഇതിന് നമ്മുടെ മാതൃക. ലൂക്കയുടെ സുവിശേഷം 4, 40 പറയുന്നു: "വൈകുന്നേരമായപ്പോൾ വിവിധ രോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവർ അവന്റെ അടുത്ത് കൊണ്ടുവന്നു. ഓരോരുത്തരുടേയും മേൽ കൈവച്ച് അവൻ അവരെ സുഖപ്പെടുത്തി". ഓരോരുത്തരുടെയും മേൽ കൈവച്ചു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. യേശുവിന് വേണമെങ്കിൽ ഒരു magic band പോലെ കൈകൾ വീശി എല്ലാവരെയും സുഖപ്പെടുത്തമായിരുന്നു. യേശു അതിന് പകരം ഓരോരുത്തരുടെയും കണ്ണുകളിൽ നോക്കി, തലയിൽ കൈവച്ച് സുഖപ്പെടുത്തിയെന്ന് സുവിശേഷങ്ങൾ സാക്ഷ്യം വഹിക്കുന്നു.
സമാപന ചിന്തകൾ
ഈ പ്രഭാഷണത്തിൽ മുൻപേ സൂചിപ്പിച്ചതുപോലെ ഭക്ഷണം പങ്കുവയ്ക്കുന്ന ഒരു സംസ്കാരം തുടങ്ങാം. ഇറ്റലിയിലെ ആർക്കാ പ്രോജക്ട് പോലെ, കേരളത്തിൽ കോട്ടയംകാരൻ P.U. തോമസ്, വെറുമൊരു അറ്റൻഡറായി മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ആയിരങ്ങൾക്ക് അന്നം പങ്കുവയ്ക്കുന്നു. ബോബി ജോസ് കപ്പുച്ചിനച്ചനും കൂട്ടരും "അഞ്ചപ്പം" ഒരുക്കുന്നു. പട്ടിണി കിടക്കുന്നവന് ഭക്ഷണം എത്തിക്കുന്നതിലേറെ പുണ്യമായൊന്നുമില്ലെന്നറിയാം. കൂടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഫീസായും, മരുന്ന് വാങ്ങാനില്ലാത്ത ഒരാൾക്ക് മരുന്നുവാങ്ങിയും, കരുതലിന്റെ ഒരു സംസ്കാരം നമുക്ക് സൃഷ്ടിക്കാം. അന്യം വരുന്ന കാരുണ്യ വഴികളെ അങ്ങനെ പുനഃസ്ഥാപിക്കാം.
വിശ്വാസ്യത വളർത്തുക, അതിലുമേറെ വലിയൊരു വെല്ലുവിളിയാണ്. ആർക്കും ആരെയും എന്തിനെയും വിശ്വാസമില്ലാത്ത ഇക്കാലത്ത് മൂല്യാധിഷ്ടിതമായ ജീവിതത്തിലൂടെ നമ്മുടെ കുടുംബത്തിലും ജോലിയിടങ്ങളിലും സുതാര്യതയുടെയും ധാർമ്മികതയുടെയും ഒരു സംസ്കാരം വളർത്താം. ഈ കാര്യത്തിൽ തിരുസഭാനേതൃത്തത്തിനും വലിയൊരു ഉത്തരവാദിത്വമുണ്ട്. സമീപകാലത്തുണ്ടായ അപവാദങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികവും ലൈംഗികവുമായ അപവാദങ്ങൾ ഭീമമായ നിഷേധഫലങ്ങളാണ് സഭാഗാത്രത്തിനും പൊതുസമൂഹത്തിനും ഉണ്ടാക്കിരിക്കുന്നത്. തിരിച്ചെടുക്കണം നമ്മുടെ വിശ്വാസ്യതകൾ: സുതാര്യതയിലൂടെ, ധാർമ്മികതയിലൂടെ, പങ്കാളിത്തത്തിലൂടെ.
പിന്നെയുമുണ്ട് ഒരു വലിയ വെല്ലുവിളി: "സത്യം വിളിച്ചുപറയുന്നവരാവുക". സത്യാനന്തരസമൂഹത്തിൽ സ്വന്തം സത്യങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന നേതാക്കൾക്ക് ബദലായി നമ്മുടെ ഇടങ്ങളിൽ തുടങ്ങി, സത്യം, ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട സത്യം തിരിച്ചറിഞ്ഞ് പ്രഘോഷിക്കാനുള്ള ധൈര്യം. ജൂലൈ 5-ന് ഫാദർ സ്റ്റാൻസ്വാമിയെന്ന ജെസ്യൂട്ട് പാതിരിയുടെ ഓർമ്മദിവസമാണ്. ഭരണകൂടം പറഞ്ഞ കള്ളങ്ങൾ പൊളിച്ചുകാണിച്ചതിന് ജയിലിലടയ്ക്കപ്പെട്ട് ക്രൂരമായി മരണത്തിന് ഇടയാക്കിയ ഓർമ്മ. എന്നിട്ടും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു: "കൂട്ടിലടച്ച കിളിക്കുപോലും പാടാൻ കഴിയും". രക്തസാക്ഷിത്വത്തിന്റെ പിൻബലമുള്ള തിരുസഭയ്ക്ക് കൂടുതൽ രക്തസാക്ഷികൾ വേണ്ടിവരുമോ? ലിയോ പപ്പയുടെ പേരും പാരമ്പര്യവും പ്രത്യാശയുണർത്തുന്നു. പിന്തുടരാം നമുക്ക്!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: