ദിവ്യകാരുണ്യ സാക്ഷ്യത്തിനായി ജീവിതം സമർപ്പിച്ചവനാണ് വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്
വത്തിക്കാൻ ന്യൂസ്
2025 സെപ്റ്റംബർ 7 ന് പിയർ ജോർജോ ഫ്രസാതിയോടൊപ്പം, വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് ആധുനികാലഘട്ടത്തിൽ യുവജനങ്ങൾക്ക് വിശ്വാസസാക്ഷ്യത്തിനു മാതൃകയായ, ആത്മീയ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണെന്നു വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ ദൈവശാസ്ത്ര ഉപദേഷ്ടാവായ ഫാദർ അർതുറോ എൽബെർട്ടി എസ്‌ജെ തന്റെ ലേഖനത്തിൽ എടുത്തു പറഞ്ഞു. തന്റെ ആർദ്രതയാർന്ന സൗഹൃദം നിരവധിയാളുകളെ ആകർഷിക്കുന്നതിനും, തുടർന്ന് അവർക്ക് ദൈവസ്നേഹത്തെ കുറിച്ച് വിവരിക്കുന്നതിനും കാർലോയ്ക്ക് ജീവിതകാലത്ത് ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർലോയെ അവന്റെ സമപ്രായക്കാരിൽ പലരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്താണ്? എന്നുള്ള ചോദ്യം ലേഖനത്തിൽ ഉന്നയിക്കുമ്പോൾ, യേശുക്രിസ്തുവുമായുള്ള അവന്റെ വ്യക്തിപരമായ ബന്ധം തന്നെയാണിതെന്നു അടിവരയിടുന്നു. ചെറുപ്പം മുതലേ, കർത്താവുമായുള്ള കണ്ടുമുട്ടൽ അവന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും, കർത്താവിന്റെ സാന്നിധ്യമില്ലാതെ അവന്റെ ജീവിതത്തെ മനസിലാക്കുക അസാധ്യമെന്നും ലേഖനത്തിൽ വിവരിച്ചു. അതിനാൽ വാഴ്ത്തപ്പെട്ട. കാർലോയുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയിരുന്നത്, വിശുദ്ധ കുർബാനയും, പരിശുദ്ധ അമ്മയും എന്നീ രണ്ടു നെടുംതൂണുകളിൽ മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു.
യേശുവിന്റെ ശരീരത്തെയും രക്തത്തെയും അദ്ദേഹം സ്നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുക മാത്രമല്ല, തന്റെ ജീവിതത്തിലുണ്ടായ ത്യാഗങ്ങൾ അവൻ സന്തോഷത്തോടെ സ്വാഗതം ചെയ്തുവെന്നതും അവനെ വ്യത്യസ്തനാക്കുന്നുവെന്നു ലേഖനം പറയുന്നു. "ദിവ്യകാരുണ്യ രഹസ്യത്തിൽ നിന്നുമാണ്, ഓരോ മനുഷ്യനോടും കർത്താവിന്റെ അനന്തമായ സ് നേഹം മനസ്സിലാക്കാൻ ഞാൻ പഠിക്കുന്നതെന്നും" കാർലോ തന്റെ ആത്മീയ പിതാവിനോട് പറഞ്ഞിട്ടുണ്ട്. ദൈനംദിനം ജപമാലപ്രാർത്ഥന മുടക്കാതെ ചൊല്ലിയിരുന്നുവെന്നു മാത്രമല്ല, ജപമാലഭക്തി മറ്റുള്ളവരുടെയിടയിൽ പ്രാചാരത്തിലാക്കുന്നതിനും കാർലോ ഏറെ പരിശ്രമിച്ചു.
ഇന്നും യുവക്രിസ്ത്യാനികൾക്ക് സുവിശേഷ വിശ്വാസത്തെ യുക്തിസഹവും സർവ്വവ്യാപിതവുമായ രീതിയിൽ ജീവിക്കാനും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യം ആഘോഷിക്കാനും നമ്മുടെ ഇടയിൽ അവനുമായി ജീവനുള്ള ബന്ധം പുലർത്താനും വിശുദ്ധ കുർബാന ജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കുവാൻ സാധിക്കുമെന്ന് വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്നും ലേഖനം എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: