സമാധാനം ഒരു മരീചികയാണെന്ന പ്രതീതിയ്ക്ക് മുന്നിലാണ് നാം, കർദ്ദിനാൾ സെമെറാറൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൻറെ പലഭാഗങ്ങളിലും അരങ്ങേറുന്ന സായുധാക്രമങ്ങണങ്ങൾ സമാധാനം സദാ ഉപരിവിദൂരതയിലുള്ള ഒരു മരീചികയാണെന്ന പ്രതീതിയുളവാക്കുന്നുവെന്നും നുറുങ്ങിയ ഒരു ലോകക്രമത്തിൻറെ മുന്നിലാണ് നാമെന്നും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ.
1909 ജൂലൈ 26 മുതൽ ആഗസ്റ്റ് 2 വരെ സ്പെയിനിൽ പലനഗരങ്ങളിലും സായുധാക്രമണങ്ങൾ ഉണ്ടായ “ദുരന്ത വാരം” എന്നറിയപ്പെടുന്ന ഘട്ടത്തിൽ വധിക്കപ്പെട്ട മാരിസ്റ്റ് സന്ന്യസ്ത സഹോദരൻ ലികാരിയോൺ മെയ്യെ ജൂലൈ 12-ന് ശനിയാഴ്ച (12/07/28) ബർസെലോണയിലെ വിശുദ്ധ ഫ്രാൻസിസ് ഡി സാലെസിൻറെ നാമത്തിലുള്ള ഇടവകയിൽ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
അക്രമം അക്രമത്തെ ക്ഷണിച്ചുവരുത്തുന്നു എന്നും ഇന്ന് നുറുങ്ങുയുദ്ധങ്ങളാണ് നടക്കുന്നതെന്നുമുള്ള ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ കർദ്ദിനാൾ സെമെറാറൊ അനുസ്മരിച്ചു. ഒരു ആഗോളയുദ്ധാന്തരീക്ഷത്തിലല്ല നാമെങ്കിലും പലയിടങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഒന്നു ചേർന്ന് അക്രമത്തിൻറെയും അസ്ഥിരതയുടെയും കഷ്ടപ്പാടിൻറെയും വിനാശകരമായ ചിത്രം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു പശ്ചാത്തലത്തിലാണ് നവവാഴ്ത്തപ്പെട്ട ലികാരിയോൺ അവതരിപ്പിക്കപ്പെടുന്നതെന്നും കർദ്ദിനാൾ സെമെറാറൊ കൂട്ടിച്ചേർത്തു.
ദിവ്യബലിമദ്ധ്യേ വായിച്ചുകേട്ട “തൻറെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻറെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തു സൂക്ഷിക്കും@ എന്ന യോഹന്നാൻറെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിലെ ഇരുപത്തിയഞ്ചാമത്തെതായ വാക്യം അദ്ദേഹം അനുസ്മരിക്കുകയും ഈ വാക്കുകളുടെ അർത്ഥം ജീവനെ നിന്ദിക്കുകയെന്നല്ലെന്നും മറിച്ച്, സ്വർത്ഥപരമായി അവനവനുവേണ്ടി കാത്തുസൂക്ഷിക്കരുതെന്നാണെന്നും വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: