MAP

സുഡാനിൽനിന്നുള്ള ഒരു ദൃശ്യം സുഡാനിൽനിന്നുള്ള ഒരു ദൃശ്യം 

സുഡാനിൽ ദ്രുതകർമ്മസേനയുടെ വെടിയേറ്റ് ഒരു വൈദികൻ കൊല്ലപ്പെട്ടു: ചർച്ച് ഇൻ നീഡ്

ജൂൺ 13-ന് എൽ ഫാഷറിൽ സുഡാൻ ദ്രുതകർമ്മസേന നടത്തിയ ആക്രമണത്തിൽ ലൂക്കാ ജോമോ എന്ന വൈദികൻ കൊല്ലപ്പെട്ടതായി "ചർച്ച് ഇൻ നീഡ്" സംഘടന അറിയിച്ചു. ജൂൺ 16-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് നിലവിലെ രാജ്യാന്തരസംഘർഷത്തിൽ ഒരു വൈദികൻ കൊല്ലപ്പെട്ട വിവരം സംഘടന അറിയിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാനിലെ വടക്കൻ ദാർഫുർ സംസ്ഥാനത്തുള്ള എൽ ഫാഷറിൽ സുഡാൻ ദ്രുതകർമ്മസേന നടത്തിയ ആക്രമണത്തിൽ ലൂക്കാ ജോമോ (Luka Jomo) എന്ന വൈദികൻ കൊല്ലപ്പെട്ടതായി  "ചർച്ച് ഇൻ നീഡ്" (Aid to the Church in Need - ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം) സംഘടന അറിയിച്ചു. നിലവിലെ രാജ്യാന്തരസംഘർഷത്തിൽ കൊല്ലപ്പെട്ട ആദ്യത്തെ വൈദികനാണ് ഫാ. ലൂക്ക. ജൂൺ 16-ന് ചർച്ച് ഇൻ നീഡ് സംഘടനയുടെ ഇറ്റലിയിലെ ഘടകമാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടത്.

എൽ ഒബെയ്‌ഡ്‌ രൂപതാംഗമായ ഫാ. ലൂക്ക, ലക്‌ഷ്യം തെറ്റിവന്ന വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് രൂപതാ വികാരി ജനറാൾ ഫാ. അബ്ദല്ല ഹുസൈൻ അറിയിച്ചു. വെടിവയ്പ്പിൽ മറ്റു രണ്ടു യുവാക്കളും മരണമടഞ്ഞുവെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ഏതാണ്ട് രണ്ടുവർഷങ്ങളോളമായി എൽ ഫാഷർ നഗരം ദ്രുതകർമ്മസേനയുടെ കീഴിലാണ്. ഐക്യരാഷ്ട്രസഭയുടെ അഭ്യർത്ഥനയുണ്ടായിട്ടും, പ്രദേശത്തേക്ക് മാനവികസഹായമെത്തിക്കുന്നത് സൈന്യം തടഞ്ഞിരിക്കുകയാണ്.

എൽ ഫാഷറിലുള്ള ഒരു സ്‌കൂളിനു നേരെ നടന്ന ആക്രമണത്തിൽ 35 പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പ്രദേശത്തുള്ള മുസ്ലിം സ്‌കൂളുകൾ അടച്ചിട്ടതായും, എന്നാൽ, കത്തോലിക്കാസഭ തങ്ങളുടെ നഴ്സറി, പ്രൈമറി, ഹൈ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതായും, എൽ ഒബെയ്‌ഡ്‌ രൂപതാദ്ധ്യക്ഷൻ ബിഷപ് യുനാൻ തോമ്പേ ചർച്ച് ഇൻ നീഡ് സംഘടനയെ അറിയിച്ചിരുന്നു.

2008-ലെ കണക്കുകൾ പ്രകാരം മൂന്നരലക്ഷത്തോളം ആളുകൾ ഉണ്ടായിരുന്ന എൽ ഒബെയ്‌ഡ്‌ നഗരം 2023 ഏപ്രിൽ 15-ന് സുഡാൻ മിലിട്ടറിയുടെ അധികാരത്തിന് കീഴിൽ ആയതിന് ശേഷം പ്രദേശത്തുള്ള നിരവധി ക്രൈസ്തവർ ഈ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയിരുന്നു. എന്നാൽ നിലവിൽ വയോധികരും രോഗികളും ഉള്ള മുന്നൂറോളം കുടുംബങ്ങൾ ഇവിടെ തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എൽ ഫാഷർ പ്രദേശത്തുള്ള അഭയാർത്ഥിക്യാമ്പുകളിൽ ഒന്നരലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടേക്ക് മാനവികസഹായമെത്തിച്ച ലോകഭക്ഷ്യപദ്ധതിയുടെയും യൂണിസെഫിന്റെയും പതിനഞ്ചോളം ട്രക്കുകൾ ജൂൺ രണ്ടാം തീയതി ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.

സുഡാനിൽ, ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ (Abdel Fattah al-Burhan) നേതൃത്വം നൽകുന്ന സുഡാൻ സായുധസേനയെന്ന സാധാരണ പട്ടാളക്കാരും (Sudan Armed Forces), മൊഹമ്മദ് ഹംദാൻ "ഹെമെത്തി" ദാഗാലോ (Mohamed Hamdan "Hemeti" Dagalo) നേതൃത്വം നൽകുന്ന സുഡാൻ ധ്രുതകർമ്മസേനയും (Rapid Support Forces RSF) തമ്മിൽ 2023 ഏപ്രിൽ 15-ന് ആരംഭിച്ച സായുധസംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂൺ 2025, 17:19