നിരപരാധികളുടെ ജീവനുകളെടുത്തും നാശനഷ്ടങ്ങൾ വിതച്ചും റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജൂൺ 10 ചൊവ്വാഴ്ചയുണ്ടായ കടുത്ത റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഉക്രൈനിലെ കിയെവ്, ഒഡേസ നഗരങ്ങളിൽ ഏഴ് പേരെങ്കിലും മരണമടഞ്ഞതായും, പതിമൂന്ന് പേർക്ക് പരിക്കേറ്റതായും, കിയെവിലെ പുരാതന ഹോളി വിസ്‌ഡം കത്തീഡ്രലിന് നാശനഷ്ടങ്ങൾ ഉണ്ടായതായും ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയെ ഉദ്ധരിച്ച് കാത്തലിക് നിയർ ഈസ്റ്റ് വെൽഫയർ അസോസിയേഷൻ (CNEWA) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ 315 റഷ്യൻ ഡ്രോണുകൾ ഉണ്ടായിരുന്നുവെന്ന് മാധ്യമം വിശദീകരിച്ചു.
യുനെസ്‌കോയുടെ സാംസ്‌കാരികപൈതൃകപട്ടികയിൽപ്പെട്ടതും സെന്റ് സോഫിയ എന്ന പേരിൽക്കൂടി അറിയപ്പെടുന്നതുമായ കത്തീഡ്രലിന് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഉക്രൈനിലെ സാംസ്കാരികമന്ത്രി മിക്കൊല തോച്ചിസ്‌കി അറിയിച്ചു. ഉക്രിയനിലും പുറത്തുമുള്ള ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു കത്തീഡ്രൽ ദേവാലയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രൈനുനേരെയുള്ള റഷ്യൻ ആക്രമണം സാധാരണക്കാരുൾപ്പെടെയുള്ളവരെ ഇരകളാക്കുന്നുവെന്നും, ഇതുവരെ നാലായിരത്തോളം സ്‌കൂളുകളും ആയിരത്തിഅറുന്നൂറോളം ചികിത്സാകേന്ദ്രങ്ങളും രണ്ടുലക്ഷത്തിമുപ്പത്തിയാറായിരത്തോളം താമസയിടങ്ങളും റഷ്യയുടെ ആക്രമണത്തിൽ തകർക്കപ്പെടുകയോ, ഭാഗികമായി തകരുകയോ ചെയ്തിട്ടുണ്ടെന്നും ഫിലാഡാൽഫിയയിയിലുള്ള ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്ത ബോറിസ് ഗുദ്സിയാക് പ്രസ്താവിച്ചു.
റഷ്യൻ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്ത് ദേവാലയങ്ങളുൾപ്പെടെ 670 ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ഉക്രൈനിലെ വിവിധസഭകളുടെ പൊതുകൗൺസിൽ പ്രസ്താവന പുറത്തുവിട്ടിരുന്നു. വിവിധ സഭകളിൽനിന്നുള്ള അറുപതോളം സമർപ്പിതർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, നിരവധി വൈദികർ അനധികൃതമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.
ജൂൺ 1-ന് റഷ്യയ്ക്ക് നേരെയുണ്ടായ ഉക്രൈൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് കഴിഞ്ഞ ദിവസം അഞ്ഞൂറ് ഡ്രോണുകളും ഇരുപതോളം മിസൈലുകളും ഉപയോഗിച്ച് ആക്രമണമുണ്ടായതെന്ന് റഷ്യ അവകാശപ്പെട്ടുവെന്ന് CNEWA റിപ്പോർട്ട് ചെയ്തു.
യുനെസ്കോയുടെ ലോക സാംസ്‌കാരികപൈതൃകപട്ടികയിൽ പറയുന്നതനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടിലെ ചിത്രപ്പണികൾ കാത്തുസൂക്ഷിക്കുന്ന കത്തീഡ്രലിനാണ് കഴിഞ്ഞ ദിവസത്തെ റഷ്യൻ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: