MAP

റേരും നൊവാരും ചാക്രികലേഖനം റേരും നൊവാരും ചാക്രികലേഖനം   (© Archivio Apostolico Vaticano)

കത്തോലിക്കകോൺഗ്രസ് സേവനങ്ങൾ ഊർജ്ജിതമാക്കണം: റേരും നൊവാരും ഒരു പുനർവായന

ലിയോ പതിമൂന്നാമൻ പാപ്പാ രചിച്ച റേരും നൊവാരും എന്ന ചാക്രിക ലേഖനത്തെ അധികരിച്ചുള്ള ചിന്തകളുടെ അവസാന ഭാഗം. ഈ ചാക്രികലേഖനത്തിലെ ആശയങ്ങൾ തന്നെ ഏറെ സ്വാധീനിച്ചുവെന്നാണ്, ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞിട്ടുള്ളത്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കൂട്ടായ്മയുടെ ശക്തിയെ എടുത്തുകാണിക്കുന്ന പഠനങ്ങളാണ് കത്തോലിക്കാ സഭ എക്കാലത്തും നൽകിയിരിക്കുന്നത്. അതിനു പ്രധാനപ്പട്ട കാരണം വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനങ്ങളാണ്. പഴയനിയമത്തിലും  പുതിയ നിയമത്തിലും ഒരു പോലെ ഈ കൂട്ടായ ശക്തി മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് എടുത്തുകാണിക്കുന്നു. സഭയെ വിശദീകരിക്കുന്ന എക്ലേസിയ (Ecclesia) എന്ന വാക്കും ഇപ്രകാരം കൂട്ടായ്മ ഭാവത്തെ അടിവരയിടുന്നു. എക്ലേസിയ എന്ന വാക്കിന്റെ പദോൽപ്പത്തി പുരാതനഗ്രീക്ക് ഭാഷയിൽ നിന്നാണ്. "സമ്മേളനം" അല്ലെങ്കിൽ "ഒത്തുചേരൽ" എന്നർത്ഥം വരുന്ന "എക്" (ἐκ): പുറത്ത്, "കാലെയോ" (καλέω): വിളിക്കുക , എന്നീ രണ്ടുപദങ്ങളുടെ സംയോജനത്തിൽ നിന്നുമാണ്  എക്ലേസിയ എന്ന പദം രൂപപ്പെട്ടത്. തുടക്കത്തിൽ, "എക്ലേസിയ" എന്നത് പുരാതന ഗ്രീക്ക് നഗര-സംസ്ഥാനങ്ങളിലെ പൗരന്മാരുടെ രാഷ്ട്രീയ സമ്മേളനത്തെയാണ് സൂചിപ്പിച്ചതെങ്കിൽ, പുതിയനിയമ ഗ്രന്ഥകർത്താക്കൾ  സ്വീകരിച്ച ഈ പദം ക്രിസ്തീയ സഭയെ സൂചിപ്പിക്കാൻ തുടങ്ങി, ദൈവവുമായി കൂട്ടായ്മയിലായിരിക്കാൻ "വിളിക്കപ്പെട്ട" വിശ്വാസികളുടെ സമൂഹത്തെ സൂചിപ്പിക്കുന്നു. ഇപ്രകാരം സഭയുടെ തനിമ തന്നെ ഈ കൂട്ടായ്മയിൽ ഉൾച്ചേർന്നിരിക്കുന്നതുകൊണ്ടാണ്, സഭ  എപ്പോഴും, ജനങ്ങളോട്, ചേർന്ന് നിൽക്കുവാനുള്ള ക്ഷണം നൽകുന്നത്. ഇത് ദൈവവുമായും, സഹജരുമായുമുള്ള കൂട്ടായ്മ അർത്ഥം വയ്ക്കുന്നു.

സഭയുടെ ഈ കൂട്ടായ്മ ദർശനത്തിനു മാതൃകയാണ്, ലിയോ പതിമൂന്നാമൻ പാപ്പാ രചിച്ച, റേരും നൊവാരും ചാക്രികലേഖനത്തിലെ വാക്കുകളും, ആശയങ്ങളും, ആത്മീയദർശനങ്ങളും. തൊഴിലാളി സമൂഹത്തിന്റെ പ്രശ്നങ്ങളെയും, ആശങ്കകളെയും അഭിസംബോധന ചെയ്യുന്ന ഒരു ചാക്രികലേഖനം എന്ന നിലയിൽ, ലിയോ പതിമൂന്നാമൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നത്, ഒരുമിച്ചു നീങ്ങുന്നതിനും, കൂട്ടായ്മയിൽ വളരുന്നതിനുമാണ്. ക്രിസ്തീയ സാമൂഹിക സിദ്ധാന്തത്തിലെ ഒരു നാഴികക്കല്ലാണ് റേരും നൊവാരും ചാക്രികലേഖനത്തിന്റെ പ്രസിദ്ധീകരണം. അതുവരെ നിരവധി ലോക സംഘടനകൾ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തപ്പോൾ ലഭിക്കാത്ത ഒരു പ്രത്യേക ശ്രദ്ധ കത്തോലിക്കാ സഭയുടെ ഈ പ്രസിദ്ധീകരണത്തിനു ലഭിച്ചുവെന്നതിനു ചരിത്രം സാക്ഷി.

ലിയോ പതിമൂന്നാമൻ പാപ്പായുടെ  സാമൂഹിക ചിന്തയുടെപ്രധാന ലക്‌ഷ്യം  മനുഷ്യനും,  അവന്റെ അന്തസ്സിനോടുമുള്ള ബഹുമാനമായിരുന്നു. ഈ അടിസ്ഥാന തത്വത്തിന് ഹാനികരമായേക്കാവുന്ന എല്ലാറ്റിനെയും ലേഖനം ചൂണ്ടിക്കാട്ടി. പണം,  പുരോഗതി, സാങ്കേതികവിദ്യ, പ്രകൃതിയെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമുള്ള കഴിവ് എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെ പാപ്പാ ചൂണ്ടിക്കാണിച്ചപ്പോൾ, ഈ ചാക്രികലേഖനം സഭയ്ക്കുളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, പുറത്തുള്ള സാമൂഹിക സംഘടനകൾക്കും,ആഗോള നേതൃത്വങ്ങൾക്കും വലിയ വഴികാട്ടിയായി മാറി.

തൊഴിലാളികളും, മുതലാളിമാരും തമ്മിലുള്ള യോജിച്ച പ്രവർത്തനം, എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും അവകാശങ്ങളുടെയും കടമകളുടെയും പുനർവിചിന്തനം, ന്യായമായ വേതനവും, നീതിയുക്തമായ തൊഴിലവസ്ഥകളും, സ്വകാര്യ വ്യക്തികളുടെ അവകാശങ്ങളുടെ സംരക്ഷണം, ദുർബലർക്കും ദരിദ്രർക്കുമുളള  പ്രത്യേക പരിഗണന എന്നിങ്ങനെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട്, സാമൂഹികമായ ഒരു പരിഷ്കരണത്തിന് ആഹ്വാനം നൽകുന്ന ഈ ചാക്രികലേഖനം, അതിന്റെ അവസാന  താളുകളിൽ, ഈ എല്ലാ കാര്യങ്ങളും നടപ്പിൽ വരുത്തുവാൻ ഏറെ ആവശ്യമായ കൂട്ടായ്മയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. കത്തോലിക്കാ പ്രചോദനത്തിൽ നിന്നുള്ള തൊഴിലാളി പ്രസ്ഥാനങ്ങൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയും,  തൊഴിൽ ബന്ധങ്ങളുടെ മൂലക്കല്ലായി ക്രിസ്ത്യൻ ഐക്യദാർഢ്യത്തെ പ്രോത്സാഹിപ്പിക്കുകയും, സംഘർഷ സന്ദർഭങ്ങളിൽ സംസ്ഥാനങ്ങളുടെ  ഇടപെടൽ ക്ഷണിക്കുകയും ചെയ്യുന്ന ചാക്രികലേഖനം.

ഇന്നത്തെ സഭാ ദർശനം പരമ്പരയിൽ, പ്രത്യേകമായി റേരും നൊവാരും ചാക്രികലേഖനത്തിന്റെ അവസാന ഭാഗത്ത്, ലിയോ പതിമൂന്നാമൻ പാപ്പാ നൽകുന്ന ഏതാനും പ്രായോഗിക നിർദേശങ്ങളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. 

സഹകരണം സമൂഹത്തിന്റെ അടിസ്ഥാനം

തൊഴിലാളികളെയും, തൊഴിൽ ദാതാക്കളെയും ഇരു ചേരിയിൽ നിർത്തിക്കൊണ്ട്, പരസ്പരമുള്ള വിദ്വെഷത്തിലേക്കും, മാത്സര്യത്തിലേക്കും നയിക്കുന്ന ഒരു സാഹചര്യത്തിലാണ്, വിപ്ലവാത്മകമായ ഒരു ആഹ്വാനവുമായി ലിയോ പതിമൂന്നാമൻ പാപ്പാ മുൻപോട്ടു വരുന്നത്. മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതിനും, പരസ്പരം കേൾക്കുന്നതിനും കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് പറയുന്ന പാപ്പാ, മുതലാളിമാർക്കും തൊഴിലാളികൾക്കും നൽകുവാൻ കഴിയുന്ന നിരവധിയായ  സംഭാവനകളെ കൂടുതൽ മൂല്യവത്ക്കരിക്കണമെന്നും ആവശ്യപ്പെടുന്നു. തൊഴിലിടങ്ങളിൽ ഉണ്ടാകാവുന്ന അപകടങ്ങൾ, വിധവകളെയും, അനാഥരായ കുട്ടികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും നൽകേണ്ടുന്ന സംരക്ഷണം എന്നിങ്ങനെ വിവിധങ്ങളായ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നതോടൊപ്പം, കാലഘട്ടത്തിന്റെ യാഥാർഥ്യവും ഉൾക്കൊള്ളണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. സംസ്കാരങ്ങളുടെ പുരോഗതിയും, ജീവിതത്തിന്റെ വർധിച്ച ആവശ്യങ്ങളും, കണക്കിലെടുത്തുകൊണ്ട്, എപ്രകാരമുള്ള മാറ്റങ്ങളാണ് തൊഴിലാളികളും, തൊഴിൽദാതാക്കളും തമ്മിലുള്ള ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതെന്നു പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

സഹകരണം സഹവാസത്തിന്റെ നന്മയെ ഊട്ടിയുറപ്പിക്കുന്നു

സ്വന്തം ബലഹീനതയെക്കുറിച്ചുള്ള ബോധം മനുഷ്യനെ തന്റെ പ്രവൃത്തിയെ മറ്റുള്ളവരുടെ പ്രവൃത്തികളുമായി സംയോജിപ്പിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ്,  വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട്, ലിയോ പതിമൂന്നാമൻ പാപ്പാ പറയുന്നത്. സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ പൊതുനന്മ കൈവരിക്കുവാൻ സാധിക്കുകയുള്ളൂ. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾക്കു നടുവിലും, അവർ വിളിക്കപ്പെട്ടിരിക്കുന്നത് പൊതുജനമായി മാറുന്നതിനാണ്. ആയതിനാൽ,  പരസ്പരം ആശയവിനിമയം നടത്തി ഒരു രാഷ്ട്രം രൂപീകരിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്യുന്നു. ഇപ്രകാരം മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന കൂട്ടായ്മയെ ത്വരിതപ്പെടുത്തുന്ന  അസോസിയേഷനുകൾ വളർത്തുവാൻ ഭരണാധികാരികൾക്കുള്ള കടമയെയും പാപ്പാ ഓർമ്മപ്പെടുത്തുന്നു. പൗരന്മാരുടെ അവകാശങ്ങളിൽ കൈയേറ്റം നടത്താതിരിക്കാനും പൊതുനന്മയുടെ മറവിൽ തിന്മ ചെയ്യാതിരിക്കാനും ഏറ്റവും ജാഗ്രതയോടെ ഇത്തരം അസോസിയേഷനുകളുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ മാത്രമാണ് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.

ഇപ്രകാരമുള്ള കൂട്ടായ്മകൾ, സഭയിലും ഉണ്ടെന്നുള്ള വസ്തുതയും പാപ്പാ അടിവരയിടുന്നു. സഭയുടെ നേതൃത്വത്തിൽ ഉള്ള കൂട്ടായ്മകൾ, എന്നാൽ നിരോധിക്കപ്പെടുന്നതും, വിലക്കുകൾ ഏർപ്പെടുത്തുന്നതും അന്നത്തെപോലെ തന്നെ ഇന്നും യാഥാർഥ്യമാണെന്നുള്ള സത്യം നാം മറന്നുപോകരുത്. എന്നാൽ ഇത്തരം നിരോധനങ്ങൾ ഏർപ്പെടുത്തുമ്പോൾ, മതത്തിനും രാഷ്ട്രത്തിനുമെതിരെ പരസ്യമായി ഗൂഢാലോചന നടത്തുന്ന ആളുകളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു മറന്നുപോകരുതെന്നും പാപ്പാ എടുത്തു പറയുന്നു. തൊഴിലാളി സംഘടനകൾ ഇന്ന് പലതുണ്ടെങ്കിലും, അവയെ  ശരിയേത്, തെറ്റേത് എന്ന് വിവേചനത്തോടുകൂടി സമീപിക്കുന്നതിനുള്ള കടമയും പാപ്പാ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

കത്തോലിക്കാ സംഘടനകൾ ഇന്നിന്റെ ആവശ്യം

കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് തൊഴിലാളികളുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിൽ കത്തോലിക്കാ സഭയ്ക്കുള്ള കടമകളും പാപ്പാ ഓർമ്മപ്പെടുത്തുന്നു. കത്തോലിക്കാ കോൺഗ്രസ് പോലെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ  തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധങ്ങളെ ഊഷ്മളമാക്കിക്കൊണ്ട്,  പൊതുജനങ്ങളുടെ നന്മയ്ക്ക് കൊണ്ടുവന്ന നേട്ടങ്ങൾ വളരെ പ്രസിദ്ധമാണ്. എന്നാൽ ഈ സംഘടനകൾ ബാഹ്യപ്രേരണകളുടെ ദുരാത്മക ശക്തികൾക്ക് ഒരിക്കലും കീഴടങ്ങരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. പൗരന്മാർക്ക് സമൂഹത്തിൽ ഒന്നിച്ചുചേരാനുള്ള സ്വതന്ത്ര അവകാശമുണ്ടെങ്കിൽ, അവരുടെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമെന്ന് അവർ കരുതുന്ന സംഘടനയെ തിരഞ്ഞെടുക്കുവാനുള്ള അവകാശവും ഉണ്ടായിരിക്കണമെന്ന ചരിത്രപ്രസിദ്ധമായ ആഹ്വാനം, ലിയോ പതിമൂന്നാമന്റെതാണ്. ശാരീരികവും സാമ്പത്തികവും ധാർമ്മികവുമായ ക്ഷേമത്തിൽ വ്യക്തികളെ ഊട്ടിയുറപ്പിക്കുന്നതിൽ ഇത്തരം സംഘടനകൾക്കുള്ള കടമകളും പാപ്പാ ഓർമ്മപ്പെടുത്തുന്നു. താഴ്ന്ന വിഭാഗങ്ങളുടെ ഭൗതികവും ധാർമ്മികവുമായ ക്ഷേമത്തിന് ആവശ്യമായ വ്യവസ്ഥകൾ കത്തോലിക്കാ സംഘടനകൾ ഉയർത്തിപ്പിടിക്കുന്നതിനാൽ, ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ, ദൈവീകമായ ഇടപെടലുകൾ ഉൾക്കൊള്ളുന്നുവെന്നും പാപ്പാ പറയുന്നു.

സംഘടനകൾ തൊഴിലാളികളെ കൂട്ടിയോജിപ്പിക്കണം

കൂട്ടായ്മയിൽ ഐക്യപ്പെടുകയും വിവേകപൂർവ്വം നയിക്കപ്പെടുകയും ചെയ്താൽ,തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സംഘടനകൾക്ക് സാധിക്കുമെന്ന് ലിയോ പതിമൂന്നാമൻ പാപ്പാ വിലയിരുത്തുന്നു. തെറ്റായ പ്രതീക്ഷകളാലും വ്യർത്ഥമായ മിഥ്യാധാരണകളാലും വഞ്ചിക്കപ്പെടുന്ന ദരിദ്രരായ തൊഴിലാളികളെ ശരിയായ ദിശയിൽ നടത്തുന്നതിനും, അവർക്ക് നീതിയുക്തമായതും, അന്തസ്സാർന്നതുമായ ജീവിതം ഉറപ്പുവരുത്തുന്നതിനും, കത്തോലിക്കാ സംഘടനകൾക്ക് സാധിക്കണമെന്ന്  പാപ്പാ ആഹ്വാനം ചെയ്യുന്നു. ലിയോ പതിമൂന്നാമൻ പാപ്പായുടെ ഈ ക്ഷണം, ഈ കാലഘട്ടത്തിൽ കത്തോലിക്കാ സംഘടനകൾക്ക് ഏറെ ഊർജ്ജം പകർന്നുവെന്നതിനു കാലം സാക്ഷി.

ലിയോ പതിമൂന്നാമൻ പാപ്പായെപോലെ, ലിയോ പതിനാലാമൻ പാപ്പായും സാധാരണക്കാരുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോൾ, റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്റെ പ്രസക്തിയും ഏറെ വർധിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ജൂൺ 2025, 13:07