MAP

റേരും  നൊവാരും  ചാക്രികലേഖനം റേരും നൊവാരും ചാക്രികലേഖനം  

റേരും നൊവാരും ഒരു പുനർവായന - സഭയും രാഷ്ട്രവും തൊഴിലാളികളുടെ സംരക്ഷകരാകണം

ലിയോ പതിമൂന്നാമൻ പാപ്പാ രചിച്ച റേരും നൊവാരും എന്ന ചാക്രിക ലേഖനത്തെ അധികരിച്ചുള്ള ചിന്തകളുടെ നാലാം ഭാഗം. ഈ ചാക്രികലേഖനത്തിലെ ആശയങ്ങൾ തന്നെ ഏറെ സ്വാധീനിച്ചുവെന്നാണ്, ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞിട്ടുള്ളത്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

1891-ൽ പ്രസിദ്ധീകരിച്ച, ലിയോ പതിമൂന്നാമൻ പാപ്പായുടെ റേരും നൊവാരും  എന്ന സാമൂഹിക ചാക്രികലേഖനത്തിന്റെ പ്രാധാന്യം, ലിയോ പതിനാലാമൻ പാപ്പായുടെ തിരഞ്ഞെടുപ്പോടുകൂടി ഒരിക്കൽ കൂടി പൊതുചർച്ചയ്ക്ക് വിഷയമാവുകയാണ്. വ്യാവസായിക വിപ്ലവം സൃഷ്ടിച്ച, സാമൂഹികമായ പ്രതിസന്ധിയോടുള്ള ധീരവും, നൂതനവുമായ ഒരു പ്രതികരണമായിരുന്നു റേരും നൊവാരും  ചാക്രികലേഖനം. തൊഴിലാളികളുടെ പ്രശ്നത്തിൽ കത്തോലിക്കാ സഭ ഇടപെട്ടുകൊണ്ട്, അവരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയപ്പോഴാണ്, സഭയുടെ സാമൂഹികമാനം ലോകം മുഴുവൻ ചർച്ചയാക്കിയത്.

തൊഴിലാളികളുടെ ചൂഷണം, അസമത്വം, ഭൗതികവാദം എന്നിവയാൽ അടയാളപ്പെടുത്തിയ,  അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെ അഭിമുഖീകരിച്ച ലിയോ പതിമൂന്നാമൻ പാപ്പാ, വ്യത്യസ്ത മാനങ്ങളെ ഒരുമിച്ച് നിർത്താനുള്ള ഏതാനും നിർദ്ദേശങ്ങൾ സഭയുടെ ആത്മീയത ഒട്ടും കുറയാത്തവണ്ണം, മുൻപോട്ടുവച്ചു. സ്വകാര്യ സ്വത്തിന്റെ സംരക്ഷണം, സാമൂഹിക നീതി, ന്യായമായ വേതനം, ഏറ്റവും ദുർബലരുടെ സംരക്ഷണം എന്നിവ അടിവരയിട്ടുകൊണ്ടാണ് പാപ്പാ, തന്റെ ചാക്രികലേഖനം ചിട്ടപ്പെടുത്തിയത്.  ആധുനികതയുടെ വെല്ലുവിളികൾ വിശ്വാസത്തിന് അന്യമല്ല, പകരം കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചൂണ്ടുപലകയായി ലേഖനത്തിൽ പാപ്പാ എടുത്തുകാണിക്കുന്നു.

ഈ ചാക്രികലേഖനം ഒരു പുതിയ തുടക്കവും അടിസ്ഥാനവുമായിരുന്നു. തുടർന്നുള്ള  സഭയുടെ പ്രവർത്തനങ്ങളിൽ, സാമൂഹികമായ ഒരു അജപാലനമാനം നിലനിർത്തുന്നതിന് ഈ ചാക്രികലേഖനം സഹായകരമായി എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ പരിവർത്തനങ്ങളെ അഭിമുഖീകരിക്കുവാൻ സഭയ്ക്ക് കടമയുണ്ടെന്നു ഈ ചാക്രികലേഖനം ഏവരെയും ബോധ്യപ്പെടുത്തിയെന്നതിനു, രണ്ടാം വത്തിക്കാൻ സൂനഹദോസിലെ ചർച്ചാവിഷയങ്ങൾ സാക്ഷ്യം വഹിക്കുന്നു. 

ആഗോള അസമത്വങ്ങളുടെയും, ആഗോളവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തികളെ യഥാർത്ഥ സമഗ്ര മനുഷ്യവികസനത്തിനായി ഉപയോഗിക്കുവാൻ ഈ ചാക്രികലേഖനം നൽകിയ ആഹ്വാനം ഇന്നും ഏറെ പ്രസക്തമാണ്.

വ്യാവസായിക വിപ്ലവം പോലെ ഇന്ന് ഏറെ ഉയർന്നുനിൽക്കുന്ന ഒന്നാണ് നിർമ്മിതബുദ്ധിയുടെ ആവിർഭാവം.  മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അവസരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ ഇത്  സംബന്ധിച്ചു പരാമർശം നടത്തിയിരുന്നു. "ഉത്തവാദിത്വവും, വിവേചനശക്തിയും" നിർമ്മിതബുദ്ധിയുടെ ഉപയോഗം ആവശ്യപ്പെടുന്ന രണ്ടു ധാർമ്മികമൂല്യങ്ങൾ  ആണെന്ന് പാപ്പാ എടുത്തു പറഞ്ഞിരുന്നു. ധൈര്യപൂർവം ഈ നിർമ്മിതബുദ്ധി മുൻപോട്ടുവയ്ക്കുന്ന വിപ്ലവാത്മകമായ ജീവിതശൈലിയെ നേരിടുവാൻ റേരും നൊവാരും എന്ന ചാക്രികലേഖനത്തിലെ ആശയങ്ങൾ സഹായിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. സാങ്കേതികവിദ്യയുടെ ധാർമ്മികത, വ്യക്തിയുടെ കേന്ദ്രസ്ഥാനം, ഡിജിറ്റൽ സഹാനുഭാവം എന്നിങ്ങനെ മൂന്നു തലത്തിലാണ് ലിയോ പതിനാലാമൻ പാപ്പാ തന്റെ സാമൂഹികമായ അജപാലനശുശ്രൂഷ മുൻപോട്ടു കൊണ്ടുപോകുന്നതെന്നു, അദ്ദേഹത്തിന്റെ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ സഭാദർശനം ലക്കത്തിൽ, സഭയും സമൂഹവും , മാനവികതയുടെ പ്രത്യേകമായ സാഹചര്യങ്ങളിൽ ഇടപെടേണ്ടതിനെ കുറിച്ച് ചാക്രികലേഖനം മുൻപോട്ടു വയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.  ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെ സംരക്ഷിക്കുവാൻ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ കടമയെ ചാക്രികലേഖനം ഓർമ്മപ്പെടുത്തുന്നു. പിന്തുണയില്ലാത്ത ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് ഭരണകൂടം രക്ഷാകർത്താവാകണം എന്നതാണ്, ലേഖനം മുൻപോട്ടുവയ്ക്കുന്ന ആശയം.

സ്വകാര്യ സ്വത്തിന്റെ സംരക്ഷണം

സർക്കാരിന്റെ ഇടപെടലിൽ ഏറ്റവും മുഖ്യമായി ലേഖനം മുൻപോട്ടു വയ്ക്കുന്ന ആവശ്യം, സ്വകാര്യസ്വത്ത് സംരക്ഷിക്കുക എന്നതാണ്.  സ്വകാര്യസ്വത്ത് തൊഴിലാളികളുടെ അവകാശങ്ങളെ കവർന്നെടുക്കും എന്ന തെറ്റായ ചിന്തകൾ പൊതുസമൂഹത്തിൽ നൽകിയ സോഷ്യലിസ്റ്റ് ആശയങ്ങളെ തിരിച്ചറിയണം എന്നുള്ളതാണ്. ഈ ചിന്തകൾ പലപ്പോഴും കലാപങ്ങൾ ഉണർത്താനും മറ്റുള്ളവരെ അക്രമത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ടെന്നും ചാക്രികലേഖനം മുന്നറിയിപ്പ് നൽകുന്നു. ഈ ഒരു സാഹചര്യത്തിൽ, ഭരണകൂടത്തിന്റെ ഇടപെടലിനെ ലേഖനം സ്വാഗതം ചെയ്യുന്നു. അപ്രകാരം തൊഴിലാളികളെ വശീകരണ അപകടത്തിൽ നിന്നും രക്ഷപെടുത്തി, സ്വകാര്യ തൊഴിൽദാതാക്കളുടെ കീഴിൽ നിയമാനുസൃതവും, നീതിപരവുമായ രീതിയിൽ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങൾ രൂപപ്പെടുത്തുവാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും ലേഖനം അടിവരയിടുന്നു.

രണ്ടു കാര്യങ്ങളാണ് പ്രധാനമായും ലേഖനം മുൻപോട്ടു വയ്ക്കുന്നത്

1. തൊഴിലിന്റെ സംരക്ഷണം

2. നീതിരഹിതമായ പണിമുടക്കുകൾ ഒഴിവാക്കുക

അപര്യാപ്തമായ വേതനവും, നീണ്ട മണിക്കൂർ തൊഴിലും ചില അവസരങ്ങളിലെങ്കിലും പണിമുടക്കിലേക്ക് നയിക്കുന്നുവെന്നു ലേഖനം എടുത്തു പറയുന്നുണ്ട്. ഇത്തരത്തിലുള്ള ക്രമക്കേടുകൾ ഭരണകൂടം പരിഹരിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. പണിമുടക്കുകൾ തൊഴിലുടമകളെയും തൊഴിലാളികളെയും മാത്രമല്ല, വാണിജ്യത്തെയും പൊതുതാൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നു, കൂടാതെ അവ സാധാരണയായി സൃഷ്ടിക്കുന്ന അക്രമവും കലാപവും പൊതുസമാധാനത്തെപോലും ദോഷകരമായി ബാധിക്കുന്നുവെന്ന വളരെ ആഴത്തിലുള്ള ചിന്തകളാണ് ലേഖനം അടിവരയിടുന്നത്.

തൊഴിലാളിയുടെ അന്തരാത്മാവിനെ ബഹുമാനിക്കുക

ഓരോ തൊഴിലാളിയുടെയും അന്തരാത്മാവിനെ സംരക്ഷിക്കുവാനുള്ള കടമ, ഭരണകൂടത്തിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നു ലിയോ പതിമൂന്നാമൻ പാപ്പാ എടുത്തുപറയുന്നു. എല്ലാവരുടെയും സ്രഷ്ടാവ്, ദൈവം ഒരാൾ മാത്രമാണെന്നതിനാൽ, വ്യത്യസ്ത നിലകളിൽ എല്ലാ മനുഷ്യരും തുല്യരാണെന്നത് ലേഖനം അടിവരയിടുന്നു.  ദൈവം തന്നെ വലിയ ആദരവോടെ നൽകുന്ന മനുഷ്യന്റെ അന്തസ്സിനെ കാത്തുസൂക്ഷിക്കുവാനുള്ള മനുഷ്യന്റെ അവകാശവും, അതിനു അവരെ സഹായിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും ലേഖനം അടിവരയിടുന്നു. ഇവിടെ തൊഴിലാളികളുടെ സ്വാതന്ത്ര്യവും, തിരഞ്ഞെടുപ്പുകളും, വിശ്രമത്തിനുള്ള അവകാശങ്ങളും പാപ്പാ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇവിടെ മതപരമായി എടുത്തു പറയുന്ന വിശ്രമ ദിനങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ പ്രത്യേകം സൂചിപ്പിക്കുന്നു. വിശ്രമദിനങ്ങൾ അലസതയുടെ ദിവസങ്ങളല്ല, മറിച്ച് അത് സ്വർഗീയമായ കാര്യങ്ങളെ പറ്റി ചിന്തിക്കുവാനും, അവയിൽ നമ്മുടെ ശ്രദ്ധ ചെലുത്തുവാനുമുള്ള അവസരമാണെന്നു പാപ്പാ പ്രത്യേകം പറയുന്നു. ഒരു പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ, ഈ ചാക്രികലേഖനത്തിലെ ആശയങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു.  ഒരു പക്ഷെ ഞായറാഴ്ച്ച ദിനങ്ങൾ വെറും വിശ്രമത്തിനുള്ള അവസരമായി മാത്രം കണക്കാക്കിക്കൊണ്ട്, അലസമായി ചിലവഴിക്കുന്ന ഒരു സമൂഹത്തിൽ, ആത്മീയതയ്ക്കുള്ള ഒരു ആഹ്വാനം കൂടിയാണ്  ഈ ചാക്രികലേഖനം.

അതിനാൽ ചാക്രികലേഖനം മുമ്പോട്ടുവയ്ക്കുന്ന തൊഴിലാളികളുടെ സംരക്ഷണം ഇന്ന് ഏറെ അർത്ഥവത്താണ്. ഊഹക്കച്ചവടക്കാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളിൽ നിന്ന് ദരിദ്രരായ തൊഴിലാളികളെ സംരക്ഷിച്ചെങ്കിൽ മാത്രമേ, യഥാർത്ഥമായ ഒരു പുരോഗതി സാധ്യമാവുകയുള്ളുവെന്നു പാപ്പാ പറയുന്നു. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ, സാങ്കേതികവിദ്യകളുടെ അതിപ്രസരം, ഇത്തരത്തിൽ ഒരു സാമൂഹിക അസമത്വം കൊണ്ടുവരുന്ന അപകടം ഈ ചാക്രികലേഖനം വ്യക്തമാക്കുന്നുണ്ട്. ചിലപ്പോൾ ഓൺലൈനായി ജോലികൾ ചെയ്യുന്ന അവസരത്തിൽ തൊഴിലാളിയെ കൂടുതൽ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതേസമയം ബാലവേലയ്‌ക്കെതിരെ നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ശാരീരികവും ബൗദ്ധികവും ധാർമ്മികവുമായ ശക്തി വേണ്ടത്ര വികസിപ്പിക്കുന്നതിന്, കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും റേരും നൊവാരും എന്ന ചാക്രികലേഖനം അടിവരയിടുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂൺ 2025, 13:30