MAP

ദിലെക്സിത്ത് നോസ് ചാക്രികലേഖനം ദിലെക്സിത്ത് നോസ് ചാക്രികലേഖനം  

സ്നേഹം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നു

കാലം ചെയ്ത ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ദിലെക്സിത്ത് നോസിന്റെ 43 മുതൽ 47 വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം വളരെ ഭക്തിപൂർവ്വം സൂക്ഷിക്കാറുണ്ട്. വൈകുന്നേരങ്ങളിൽ പ്രാർത്ഥന ചൊല്ലുമ്പോഴും, കാലത്ത് മക്കളെ വിദ്യാലയത്തിൽ വിടുന്നതിനു മുൻപും, മറ്റു വിശേഷാവസരങ്ങളിലും, എന്തിനേറെ വേദനകളുടെ നിമിഷങ്ങളിലും നമ്മൾ കടന്നുചെല്ലാറുള്ളത്, ഈ തിരുഹൃദയത്തിന്റെ ചിത്രത്തിനു മുൻപിലേക്കാണ്. നിസാരം ഒരു വികാരത്തിനുമപ്പുറം ഈ ചിത്രം നമ്മെ ക്ഷണിക്കുന്നത്, യേശുവിന്റെ തിരുഹൃദയത്തിന്റെ വലിയ സ്നേഹത്തിലേക്കാണ്. കുരിശിൽ തന്റെ പ്രാണനെ സമർപ്പിച്ചു, ഉത്ഥാനത്തിന്റെ മഹോന്നതിയിലേക്ക് മനുഷ്യകുലത്തെ കൈപിടിച്ചുയർത്തിയ യേശുക്രിസ്തു, കൗദാശികമായി തന്റെ ശരീരവും, രക്തവും പകുത്തുനൽകുന്ന വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട്, മനുഷ്യകുലത്തോടുള്ള തന്റെ വലിയ സ്നേഹം വെളിപ്പെടുത്തുന്നു. എന്നാൽ ഏതൊരു സാധാരണക്കാരനും, തന്റെ വിശ്വാസക്കുറവിലും, യേശുവിന്റെ സ്നേഹംതിരിച്ചറിയുവാൻ സാധിക്കുന്ന വലിയ അടയാളമാണ് യേശുവിന്റെ തിരുഹൃദയം പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യവംശത്തോടുള്ള ക്രിസ്തുവിന്റെ അതിരറ്റ സ്നേഹത്തിന്റെ സാരാംശം, ഈ തിരുഹൃദയത്തിലാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.

പ്രതീകാത്മകമായി, ശാരീരികവും ആലങ്കാരികവുമായ അർത്ഥത്തിൽ, ഹൃദയത്തെ സ്നേഹത്തിന്റെ കേന്ദ്രമായി പാരമ്പര്യങ്ങൾ വിശേഷിപ്പിച്ചിട്ടുണ്ട്.  യേശുവിന്റെ ഹൃദയം സ്നേഹത്തിന്റെ ദിവ്യ ഉറവയെ പ്രതിനിധീകരിക്കുന്നു, അവിടെ നിന്നാണ് സമൃദ്ധമായ കാരുണ്യം, കരുണ, കൃപ എന്നിവ ഒഴുകുന്നത്. ദൈവത്തെ എല്ലാറ്റിനുമുപരി സ്നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ സന്ദേശത്തിന്റെ കാതലിനെ പ്രതീകപ്പെടുത്തുന്നത് ഹൃദയമാണ്. ദിവ്യസ്നേഹത്തിന്റെ കത്തുന്ന അഗ്നിയെ പ്രതിനിധീകരിക്കുന്ന ഒരു ജ്വാലയാണ് പലപ്പോഴും തിരുഹൃദയത്തിന്റെ പ്രതിച്ഛായയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ ജ്വാല ദൈവസ്നേഹത്തിന്റെ തീവ്രതയെയും പരിവർത്തന ശക്തിയെയും സൂചിപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ജ്വലിപ്പിക്കാനും അതിന് കഴിയും.

ഹൃദയം ആർദ്രതയുടെയും സാമീപ്യത്തിന്റെയും അടയാളമാണ്. എന്നാൽ യേശുവിന്റെ തിരുഹൃദയം ആത്മത്യാഗത്തിന്റെയും മഹനീയത ഉൾക്കൊള്ളുന്നു. കുരിശിൽ കിടന്നു വേദന കൊണ്ട് പുളയുമ്പോഴും യേശുവിന്റെ അധരത്തിൽ നിന്ന് പുറപ്പെട്ട ക്ഷമയുടെയും ആർദ്രതയുടെയും വാക്കുകൾ ചരിത്രത്തിൽ ആർക്കും മായ്ക്കുവാൻ സാധിക്കുകയില്ല. ക്രിസ്തുവിന്റെ കഷ്ടപ്പാടുകളെയും അവന്റെ ത്യാഗപരമായ സ്നേഹത്തിന്റെയും പ്രപഞ്ചത്തിന്റെ രാജത്വത്തിന്റെയും ആഴത്തെ സൂചിപ്പിക്കുന്നതാണ് യേശുവിന്റെ തിരുഹൃദയത്തിനു ചുറ്റും അടയാളപ്പെടുത്തിയിരിക്കുന്ന മുൾമുടി. മനുഷ്യരാശിയുടെ പാപങ്ങളുടെ ഭാരം തന്റെ ചുമലിൽ വഹിച്ച യേശു സഹിച്ച വേദനയെയും തിരസ്കരണത്തെയും ഈ കിരീടം പ്രതിനിധീകരിക്കുന്നു. എന്നാൽ ഈ വേദനയെയും, സങ്കടങ്ങളെയും ഹൃദയത്തിൽ പേറിയവൻ തുടർന്ന് കാരുണ്യത്തിന്റെ പ്രതിഫലനമായി മനുഷ്യജീവിതത്തിൽ തന്നെത്തന്നെ സമർപ്പിക്കുന്നു.

തിരുഹൃദയത്തിന്റെ പ്രതിച്ഛായയിൽ, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴമേറിയ സത്ത മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ ആ സ്നേഹം ഉൾക്കൊള്ളാനുള്ള നമ്മുടെ ക്ഷണവും ഉൾക്കൊള്ളുന്നു. 2013 ൽ ഫ്രാൻസിസ് പാപ്പായും യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, " യേശുവിന്റെ ഹൃദയം ദൈവത്തിന്റെ കാരുണ്യത്തിന്റെ ആത്യന്തിക പ്രതീകമാണ്,". യേശുവിന്റെ ഹൃദയത്തിന്റെ കരുണാർദ്രഭാവം നമ്മെ വീക്ഷിക്കുക മാത്രമല്ല, കാത്തിരിക്കുക കൂടി ചെയ്യുന്നു. അതായത് മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നതാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ പ്രത്യേകത.

ഇത് ഒരു അനുരഞ്ജനത്തിന്റെ അനുഭവവും നമുക്ക് പ്രദാനം ചെയ്യുന്നു. നമുക്കുവേണ്ടി മുറിവേറ്റ ക്രിസ്തുവിന്റെ ഹൃദയത്തിലൂടെയാണ് ദൈവവുമായും പരസ്പരം അനുരഞ്ജനത്തിന്റെ ദാനം നമുക്ക് നൽകുന്നത്. ഭിന്നതകളും വിയോജിപ്പുകളും കൊണ്ട് പലപ്പോഴും അടയാളപ്പെടുത്തപ്പെടുന്ന ഒരു ലോകത്ത്, തകർന്നതിനെ സുഖപ്പെടുത്താനും, മുറിവേറ്റതിനെ സുഖപ്പെടുത്താനും, നഷ്ടപ്പെട്ടതിനെ പുനഃസ്ഥാപിക്കാനും കഴിയുമെന്ന് തിരുഹൃദയം നമ്മെ ഓർമ്മിപ്പിക്കുന്നു.

"വചനങ്ങൾ" എന്ന തലക്കെട്ടിലാണ് ദിലെക്സിത്ത് നോസിന്റെ 43 മുതൽ 47 വരെയുള്ളഖണ്ഡികകൾ ചുവടുചേർക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ യേശുവിന്റെ ഹൃദയാർദ്രമായ സ്നേഹത്തെ എടുത്തു പറയുന്ന വചനങ്ങളെ ആധാരമാക്കിക്കൊണ്ട്, ഫ്രാൻസിസ് പാപ്പാ ഇന്നത്ത സമൂഹത്തെ പ്രബോധിപ്പിക്കുന്നത്,യേശുവിന്റെ സ്നേഹത്തിൽ ഒന്നും അവസാനിക്കുന്നില്ല എന്ന വലിയ സന്ദേശമാണ്. യേശുവിന്റെ പരസ്യജീവിതകാലത്ത്, അവനിൽ വിലങ്ങിയിരുന്ന സ്നേഹത്തിന്റെ ചില പ്രത്യേക ഭാവങ്ങളെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.

അവയിൽ ഏറ്റവും ആദ്യത്തേത്, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിയെട്ടാം തിരുവചനമാണ്. "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ,  ഞാൻ ഇങ്ങളെ ആശ്വസിപ്പിക്കാം". തുടർന്ന് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം നാലാം തിരുവചനവും പാപ്പാ ഉദ്ധരിക്കുന്നു: " നിങ്ങൾ എന്നിൽ നിലനിൽക്കുവിൻ". ഈ രണ്ടുവചനകളെയും ചേർത്തുവായിക്കുമ്പോൾ, യേശുവിന്റെ സ്നേഹം എത്രമാത്രം മനുഷ്യോന്മുഖമായിരുന്നുവെന്നു നമുക്ക് മനസിലാകും. വികാരങ്ങൾക്കടിമപെട്ട ഒരു താത്ക്കാലിക സ്നേഹമല്ല അത്. മറിച്ച് എന്നേക്കും നിലനിൽക്കുന്നതും, ചേർത്തുനിർത്തുന്നതുമായ സ്നേഹം. ക്ഷീണം, വിശപ്പ് തുടങ്ങിയ ആളുകളുടെ പൊതുവായ വേവലാതികളോടും ഉത്കണ്ഠകളോടും ഉദാസീനത കാണിക്കാതെ, അവയിലും ദൈവീകത ആവശ്യമുണ്ടെന്നു യേശു ബോധ്യപ്പെടുത്തുന്നു. ഇത് ഹൃദയാത്മകമായ ഒരു ജീവിത ശൈലി  തന്നെയാണ്.

യേശുവിന്റെ ഈ ഹൃദയത്തിന്റെ കാരുണ്യഭാവമാണ്, തുടർന്ന് പലയിടങ്ങളിലും, മനുഷ്യരോടുള്ള അനുകമ്പയായി വിശദീകരിക്കപ്പെടുന്നത്. "എനിക്ക് ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്നു; [...] അവർക്ക് കഴിക്കാൻ ഒന്നുമില്ല. [...] എന്നിങ്ങനെയുള്ള യേശുവിന്റെ വചനങ്ങൾ, മനുഷ്യനോടുള്ള ദൈവത്തിന്റെ കരുതലിനെ എടുത്തുകാണിക്കുന്നു. ഇത് മനുഷ്യന്റെ കഷ്ടപ്പാടുകളിലേക്ക് മാത്രമല്ല, അവന്റെ നിസ്സഹായതയിലേക്കും, അസമാധാനത്തിലേക്കും, എന്തിനേറെ അവന്റെ പാപകരമായ അവസ്ഥയിലേക്കു പോലും യേശു തന്റെ കണ്ണുനീർ പൊഴിക്കുന്നു. ഒരു അപ്പനോ, അമ്മയോ  തന്റെ കുഞ്ഞിന്റെ ജീവിതത്തിൽ  അരുതാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ കണ്ണുനീർ വാർത്തു കരയുന്നതുപോലെ, ജറുസലേം പട്ടണത്തെ ഓർത്തു കരയുന്ന യേശുവിനെ സുവിശേഷം അവതരിപ്പിക്കുന്നുണ്ട്.

സുവിശേഷകർ ചിലപ്പോൾ യേശുവിനെ  ശക്തനോ മഹത്വമുള്ളവനോ ആയി അവതരിപ്പിക്കുമ്പോൾ, ചില അവസരങ്ങളിൽ യേശുവിന്റെ ലളിതമായ ജീവിത ഭാവങ്ങളെയും  എടുത്തുകാണിക്കുന്നുണ്ട്. ലാസറിന്റെ ശവകുടീരത്തിന് മുൻപിൽ "യേശു പൊട്ടിക്കരഞ്ഞു" എന്ന് വചനം പറയുമ്പോൾ, ഒരു പക്ഷെ നാം ചിന്തിച്ചേക്കാം, എന്തുകൊണ്ടാണ് മരണത്തിൽ, യേശു സങ്കടപ്പെടുന്നതെന്നു?  എന്നാൽ ഈ കണ്ണുനീർ പ്രത്യാശയിലേക്ക് അനേകരെ നയിക്കുന്നതായിരുന്നു. സ്‌നേഹത്തിന്റെ പ്രകടനമാണ് കണ്ണുനീർ.  അത് ഹൃദയങ്ങൾക്കിടയിലുള്ള ബന്ധത്തിന്റെ ഭാവവുമാണ്.

യേശുവിന്റെ ഇഹലോകവാസത്തിന്റെ അവസാനം യേശുവിന്റെ വിലാപങ്ങൾ പലയിടങ്ങളിൽ വിവരിക്കപ്പെടുന്നുണ്ട്. ഗദ്സമേൻ തോട്ടത്തിലും, കുരിശിലും,  പിതാവിനോട് വിലപിക്കുന്ന യേശുവിന്റെ വാക്കുകൾ, പിതാവും പുത്രനും തമ്മിലുള്ള ഹൃദയങ്ങളുടെ ബ്വന്ധത്തെയാണ് എടുത്തു കാണിക്കുന്നത്.

ഉപരിപ്ലവമായ ഒറ്റനോട്ടത്തിൽ ഇതെല്ലാം കേവലം മതപരമായ കാല്പനികതയായി തോന്നാം എന്നുള്ള വാചകവും പാപ്പാ കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന ഭാവം കണ്ടെത്തേണ്ടത് ക്ഷണികമായ വികാരങ്ങളിലല്ല, മറിച്ച് കുരിശിൽ, യേശു ദാനമായി നൽകിയ  പ്രജാപതിയാഗത്തിലാണ്. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ഇപ്രകാരം പറഞ്ഞത്; "അവൻ എന്നെ സ്നേഹിക്കുകയും എനിക്കായി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തു" (ഗലാത്തിയർ 2, 20). ഹൃദയത്തിന്റെ സ്നേഹത്തിനു സമയത്തിന്റെയോ, ദേശത്തിന്റെയോ പരിധികളില്ല എന്ന് വെളിപ്പെടുത്തുന്നതാണ് പൗലോസ് ശ്ലീഹായുടെ ഈ വാക്കുകൾ. ഒരിക്കൽ സഭയെ ദ്രോഹിച്ചവൻ പിന്നീട് മനസാന്തരപ്പെട്ട്  തിരികെ ദൈവ സ്നേഹത്തിലേക്ക് കടന്നുവന്നതിനു ഒരേ ഒരു കാരണം, അവൻ എന്നെ സ്നേഹിച്ചു എന്നത്, ഹൃദയം കൊണ്ട് അവൻ ഉൾക്കൊണ്ടു എന്നതാണ്. ഇത് ഹൃദയവും ഹൃദയവും തമ്മിലുള്ള ഒരു ബന്ധമാണ്.

ഹൃദയരഹിതമായ ഇന്നത്തെ ലോകത്തിൽ, മറ്റുള്ളവരെ ജീവിതത്തിൽ ചേർത്തുപിടിക്കുവാൻ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ വളരുവാൻ നാം പരിശ്രമിക്കണം എന്നുള്ള ഒരു ആഹ്വാനത്തോടെയാണ് ഈ ഖണ്ഡികകൾ ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജൂൺ 2025, 00:09